സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ
ചണ്ഡിഗഡ്: പഞ്ചാബിൽ പൊലിസ് ഉദ്യോഗസ്ഥൻ വിനോദ് കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ ചേർന്ന് വിനോദിനെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പൊലിസുകാരനെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ ഉദ്ധരിച്ച് ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജിതിയ ആരോപിച്ചു. സംഭവത്തിന് പിന്നിൽ ഭീകരവാദ ബന്ധമുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന 'തെഹ്രീകെ താലിബാൻ ഹിന്ദുസ്ഥാൻ' എന്ന സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. "തെരുവുകളിലല്ല, വീടുകളിൽ കയറിയാകും ഇനി ഞങ്ങൾ കൂടുതൽ ചോര വീഴ്ത്തുക" എന്ന ഭീഷണി സന്ദേശവും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പോസ്റ്റന്റെ ആധികാരികത പഞ്ചാബ് പൊലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഗുർദാസ്പുരിലെ മാൻകൗർ ബൈപ്പാസിന് സമീപത്തുനിന്നാണ് വിനോദ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സുജൻപുർ പൊലിസ് സ്റ്റേഷനിൽ വയർലെസ് ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ഒരു പരിശീലന പരിപാടിക്കായി സംഗ്രൂരിലേക്ക് പോയിരുന്ന വിനോദ് തിരിച്ചുവരുമ്പോൾ തന്നെ കൂട്ടിക്കൊണ്ടുപോകാൻ ബൈപ്പാസിന് സമീപം എത്തണമെന്ന് ഞായറാഴ്ച രാത്രി സഹോദരനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു.
എന്നാൽ വിനോദ് പറഞ്ഞ സ്ഥലത്ത് സഹോദരൻ എത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. തുടർന്ന് പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഒടുവിൽ ഒരു മണിക്കൂറിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് ബൈപ്പാസിന് സമീപം വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.