International
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) സ്ഥാപക നേതാവ് ആമിർ ഹംസയ്ക്ക് അജ്ഞാതന്റെ വെടിയേറ്റു. ആമിർ ഹംസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. ലാഹോറിൽ വച്ചാണ് സംഭവം.
ലാഹോറിലെ ഒരു വാർത്താ ചാനലിന്റെ ഓഫീസിന് പുറത്ത് വച്ച് അജ്ഞാതരായ ആളുകൾ ആമിർ ഹംസയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഒരു വർഷത്തിനുള്ളിൽ ആമിർ ഹംസയ്ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ വർഷം മേയിൽ വസതിക്ക് മുന്നിൽവച്ച് അജ്ഞാതരായ ആളുകൾ ആമിർ ഹംസയെ വെടിവച്ചിരുന്നു. ഗുരുതര പരിക്കേറ്റ ആമിർ ഹംസ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഇതിനു പിന്നാലെ ഇയാളുടെ സുരക്ഷ വർധിപ്പിച്ചിരുന്നു.
1959 മേയ് 10 ന് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്രൻവാലയിൽ ജനിച്ച ആമിർ ഹംസ, 1985-86 കാലത്താണ് ഹാഫിസ് സയീദിനൊപ്പം ലഷ്കർ-ഇ-തൊയ്ബ സ്ഥാപിച്ചത്. ലഷ്കറിന്റെ വക്താവ് കൂടിയായ ഹംസ അറിയപ്പെടുന്ന പ്രഭാഷകനും എഴുത്തുകാരനുമാണ്. ‘ഖാഫില ദഅ്വത് ഔർ ഷഹാദത്ത്’ ഉൾപ്പെടെ നിരവധി പുസ്തകങ്ങളും ഹംസ എഴുതിയിട്ടുണ്ട്. അമേരിക്ക ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തി കൂടിയാണ് ഹംസ.
National
ലക്നോ: ഉത്തർപ്രദേശിലെ മിർസാപൂരിൽ പ്രഭാതസവാരിക്കിറങ്ങിയ അഭിഭാഷകനെ ബൈക്കിലെത്തിയ അക്രമികൾ വെടിവച്ചു കൊന്നു. മുൻ ഗ്രാമത്തലവനായ അഭിഭാഷകൻ രാജീവ് സിംഗ് (45) ആണ് മരിച്ചത്. ബൈക്കിൽ എത്തിയ രണ്ടു പേരാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ട് പേരിലൊരാൾ താഴെയിറങ്ങി രാജിവിനെ വെടിവയ്ക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും വാഹനം സ്റ്റാർട്ടായില്ല. ഈ സമയം നാട്ടുകാരിൽ ചിലർ അടുത്തേയ്ക്ക് വരാൻ ശ്രമിച്ചുവെങ്കിലും അക്രമി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതോടെ അവർ പിന്മാറി. കുറച്ച് നേരത്തെ പരിശ്രമത്തിനൊടുവിൽ ബൈക്ക് സ്റ്റാർട്ടാവുകയും അക്രമികൾ അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
രാജീവിന് ഇതിന് മുന്‍പ് രണ്ട് തവണ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
National
മുംബൈ: താനെയിൽ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു എന്ന് ആരോപിച്ച് യുവാക്കളെ വെടിവച്ച ജയൻ ശിവാനന്ദൻ നായർക്കു തോക്ക് ലഭിച്ചത് ഗുജറാത്തിൽനിന്നെന്ന് മൊഴി. ഗുജറാത്തിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്തു വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നാണ് തോക്ക് ലഭിച്ചതെന്നു ജയൻ മൊഴി നൽകിയതായി സീനിയർ പോലീസ് ഇൻസ്പെക്ടർ അനിൽ ഷിൻഡെ പറഞ്ഞു.
യുവതി സഹായം അഭ്യർഥിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ ജയൻ യുവാക്കളുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്നു വെടിവയ്ക്കുകയുമായിരുന്നു. വെടിയേറ്റ മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചു.
ഒമ്പതാം വയസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ജയനെ വളർത്തിയത് അതിക്രമത്തിന് ഇരയായ യുവതിയുടെ കുടുംബമാണ്. സ്കൂളിലെ താത്കാലിക ജീവനക്കാരിയാണ് യുവതി. സ്കൂൾ വളപ്പിൽനിന്നു വാഴപ്പഴം പറിക്കുന്നതു യുവതി ചോദ്യം ചെയ്തതാണ് യുവാക്കളുമായി തർക്കത്തിനു കാരണമായത്.
യുവതിയെ പലതവണ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. താനെ മുംബ്രയിലെ ബിസ്മില്ലാ ചാളിൽ തടഞ്ഞു നിർത്തി ശല്യം ചെയ്തപ്പോൾ യുവതി ജയനെ വിളിച്ചുവരുത്തുകയായിരുന്നു. തോക്കുമായി സ്ഥലത്തെത്തിയ ജയൻ വെടിവയ്ക്കുകയും ഇരുവരും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് നാലു കിലോമീറ്റർ അകലെനിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ജയനെ റിമാൻഡ് ചെയ്തു. യുവതിക്കെതിരെയും കേസെടുത്തു.
കൊല്ലത്താണ് കുടുംബവീടെന്നും ഏറെക്കാലം കോല്‍ക്കത്തയിൽ താമസിച്ചിരുന്നതായും ജയൻ പോലീസിനു മൊഴി നൽകി. ജയൻ മുൻ സൈനികനാണെന്നും പരിശീലനം ലഭിച്ചവർക്കു മാത്രമേ ഇത്ര കൃത്യതയോടെ വെടിവയ്ക്കാൻ കഴിയൂ എന്നും പോലീസ് പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ യുവാവിനെ മൂന്ന് പേർ ചേർന്ന് വെടിവച്ച് കൊന്നു. അക്ഷയ് (26) എന്ന യുവാവിനെയാണ് മനോജ് കുമാർ, യുവക്, ഭാരത് എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം അക്ഷയ് വയലിൽ നിന്ന് മടങ്ങുമ്പോഴാണ് അക്രമിക്കപ്പെട്ടത്. അക്ഷയും പ്രതികളിൽ ഒരാളും തമ്മിലുള്ള പഴയ ശത്രുതയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അക്ഷയ് വയലിൽ നിന്ന് മടങ്ങുന്പോൾ പ്രതികൾ തടഞ്ഞുനിർത്തി വെടിവയ്ക്കുകയായിരുന്നു. ഇദ്ദേഹം സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികൾ ഒളിവിലാണ്.
മൃതദേഹം പോസ്റ്റ്മോട്ടത്തിനായി അയച്ചു. ഒളിവിൽ കഴിയുന്ന പ്രതികൾക്കായിയുള്ള തിരച്ചിൽ നടന്നുവരികയാണ്.
National
ഗ്രേറ്റർ നോയിഡ: ജയിൽ മോചിതനായതിന് പിന്നാലെ യുവാവിനെ വീടിന് മുന്നിൽവച്ച് വെടിവച്ചു കൊന്നു. നിഖിൽ(25) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലക്കേസിലെ പ്രതിയായ നിഖിൽ അടുത്തിടെയാണ് ജയിൽ മോചിതനായത്.
രണ്ടുപേർ നിഖിലിനെ ഓടിക്കുന്നതും നിഖിലിന് നേരെ തോക്ക് ചൂണ്ടുന്നതും സംഭവത്തിൽ ഇടപെട്ട ഒരു സ്ത്രീയെ ആക്രമികൾ ഭയപ്പെടുത്തി ഓടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
വെടിയേറ്റ നിഖിലിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. ആക്രമികളായ മൂന്നുപേരുടെയും കുടുംബാംഗത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു നിഖിൽ.
നിഖിലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ആശുപത്രിയിലേയ്ക്ക് അയച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: നന്ദ് നഗരിയിലെ സ്കൂൾ പരിസരത്ത് യുവാവ് വെടിയേറ്റ് മരിച്ചു. ബെയ്ഡ് സ്കൂൾ പരിസരത്താണ് സംഭവം.
35 വയസുകാരനായ മുഹമ്മദ് ഉമർ ദിൻ ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് മുഹമ്മദ് ഉമറിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്തതായും മുഹമ്മദ് ഉമറിനെ വെടിവച്ചവരെ ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
International
മോസ്കോ: അജ്ഞാതരുടെ ആക്രമണത്തിൽ റഷ്യയിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥന് പരിക്ക്. മിലിട്ടറി ഇന്റലിജൻസ് വിഭാഗമായ ജിആർയുവിന്റെ ഉപമേധാവിയായ ലെഫ്. ജനറൽ വ്ലാദിമിർ അലക്സിയേഫിനാണ് വെടിയേറ്റത്.
വെള്ളിയാഴ്ച മോസ്കോയിലെ വീടിന് മുന്നിൽവെച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഷ്യൻ പ്രതിരോധ മന്ത്രാലയവും സ്വകാര്യ സൈനിക സംഘമായ വാഗ്നർ ഗ്രൂപ്പും തമ്മിലുള്ള ബന്ധം ഏകോപിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് അലക്സേയേവ്.
റഷ്യയുടെ പല സൈനിക നീക്കങ്ങൾക്ക് ഇന്റലിജൻസ് തലപ്പത്തുനിന്ന് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു. അതേസമയം യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം റഷ്യയിൽ സൈനിക ഉദ്യോഗസ്ഥർക്ക് നേരേ പലതവണ ആക്രമണങ്ങളുണ്ടായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് കാർ ബോംബ് സ്ഫോടനത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ ലെഫ്. ജനറൽ ഫനിൽ സർവാറോവ് കൊല്ലപ്പെട്ടത്.
International
ഒട്ടാവ: കാനഡയിലെ സറേയിൽ പഞ്ചാബി വ്യാവസായി വെടിയേറ്റു കൊല്ലപ്പെട്ടു. ബൈൻഡർ ഗാർച്ച (48) ആണ് മരിച്ചത്.
പഞ്ചാബിലെ നവാൻഷഹറിനടുത്തുള്ള മല്ലൻ ബേഡിയൻ സ്വദേശിയാണ് ഇയാൾ. സ്റ്റുഡിയോയും ബാങ്ക്വറ്റ് ഹാളും സ്വന്തമായുണ്ടായിരുന്ന ബൈൻഡർ പ്രശസ്തനായ ഫോട്ടോഗ്രാഫറാണ്. സറേയിലെ ഗുമാൻ ഫാമുകൾക്ക് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു വാഹനം കത്തി നശിച്ച നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കാനഡയിൽ പഞ്ചാബി വ്യവസായികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമം വർധിക്കുകയാണ്. അടുത്തിടെയുണ്ടായ സംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തു.
National
ദിസ്പുർ: പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച പീഡനക്കേസിലെ പ്രതിയെ പോലീസ് വെടിവച്ചു കീഴ്പെടുത്തി. ആസാമിലെ കൊക്രഝർ ജില്ലയിലാണ് സംഭവം.
ഏറ്റുമുട്ടലിനിടെ രണ്ടു പോലീസുകാർക്കും പരിക്കേറ്റു. പ്രതി റഫീക്കുൽ ഇസ്ലാമിന്റെ കാലിനാണ് വെടിയേറ്റത്. പോലീസുകാരുടെ കൈകൾക്കും കാലുകൾക്കും പരിക്കേറ്റു.
റഫീക്കുലിനെ കൊക്രജാറിലേക്ക് കൊണ്ടുവരുന്നതിനിടെ ഇയാൾ ശുചിമുറിയിൽ പോകണമെന്ന് പോലീസുകാരോട് ആവശ്യപ്പെട്ടു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന പോലീസുകാരിൽ നിന്നും ആയുധം തട്ടിപ്പറിച്ച് ഇയാൾ രക്ഷപെടാൻ ശ്രമിച്ചു.
തടയാൻ ശ്രമിച്ച പോലീസുകാരെ ഇയാൾ ആക്രമിച്ചു. ഇതിനിടെയാണ് പോലീസ് ഇയാളെ കാലിന് വെടിവച്ച് കീഴ്പ്പെടുത്തിയത്.
പരിക്കേറ്റ പ്രതിയെ ആദ്യം കൊക്രഝർ ആർഎൻബി സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊക്രഝർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
കൊക്രജാർ പോലീസ് സ്റ്റേഷൻ പരിധിയിലെ പത്തരുഘട്ടിനടുത്തുള്ള ഒരു ലേബർ ക്യാമ്പിൽ അനാഥയും മാനസിക പ്രശ്നവുമുള്ള ഒരു സ്ത്രീയെ പീഡിപ്പിച്ച കേസിലാണ് റഫീകുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
National
ബംഗളൂരു: വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസയച്ചതിന് ഭർത്താവ് ഭാര്യയെ വെടിവച്ചുകൊന്നു. ബംഗളൂരുവിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ ബാലമുരുഗനാണ് (40) ഭാര്യ ഭുവനേശ്വരിയെ കൊലപ്പെടുത്തിയത്.
കുടുംബജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷമായി അകന്നുകഴിയുകയായിരുന്നു ഇരുവരും. ഒരാഴ്ച മുമ്പാണ് ഭുവനേശ്വരി ബാലമുരുഗന് വിവാഹമോചനമാവശ്യപ്പെട്ട് നോട്ടിസ് അയച്ചത്.
തുടർന്ന് ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന ഭുവനേശ്വരിയെ ബാലമുരുഗൻ നാല് തവണ നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം, ഇയാൾ പോലീസിൽ കീഴടങ്ങി.
സോഫ്റ്റ്വെയർ എൻജിനീയറായ ബാലമുരുഗൻ കഴിഞ്ഞ നാലു വർഷമായി തൊഴിൽരഹിതനായിരുന്നു. യൂണിയൻ ബാങ്കിൽ അസിസ്റ്റന്റ് മാനേജരാണ് മരിച്ച ഭുവനേശ്വരി.
തമിഴ്നാട്ടിലെ സേലം സ്വദേശികളായ ഇരുവരും 2011ലാണ് വിവാഹിതരായത്. 2018ൽ ഇവർ ബംഗളൂരുവിലേക്ക് പോയി. ഇവർക്ക് രണ്ടു മക്കളുമുണ്ട്.
എന്നാൽ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളെത്തുടർന്ന് ഭുവനേശ്വരി മക്കളുമായി രാജാജി നഗറിലേക്ക് താമസം മാറി. ഭുവനേശ്വരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ബാലമുരുഗൻ സംശയിച്ചിരുന്നെന്നും ഇത് നിരന്തരം തർക്കങ്ങളിലേക്ക് നയിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.
National
മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ കബഡി താരം വെടിയേറ്റ് മരിച്ചു. കൻവർ ദിഗ്വിജയ് സിംഗ് (30) ആണ് മരിച്ചത്.
ഇന്ന് വൈകുന്നരേമാണ് ദാരുണമായ സംഭവമുണ്ടായത്. മൊഹാലിയിലെ സൊഹാനയിലുള്ള ബെട്വാൻ സ്പോർട്സ് ക്ലബിൽ കബഡി മത്സരം നടക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
ബൈക്കിലെത്തിയ അക്രമി കൻവർ സിംഗിനെ നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൻവറിനെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിവച്ചതിന് ശേഷം അക്രമി കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമിക്കായുള്ള അന്വേഷണം നടക്കുന്നതായും ഉടനെ തന്നെ അയാളെ പിടികൂടാൻ സാധിക്കുമെന്നും പോലീസ് അറിയിച്ചു.
National
പാറ്റ്ന: ബിഹാറിൽ ബിജെപി നേതാവിന് നേരെ വെടിവയ്പ്പ്. ഖഗാരിയ ജില്ലയിലെ ഗംഗോർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
ദിലീപ് കുമാർ എന്നയാൾക്കാണ് വെടിയേറ്റത്. നെഞ്ചിൽ വെടിയേറ്റ ദിലീപ് കുമാർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശവാസികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
ബിജെപിയുടെ ഖഗരിയ യൂണിറ്റിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവായ ദിലീപ് കുമാർ പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയും നിലവിൽ മണ്ഡൽ വർക്കിംഗ് കമ്മിറ്റി അംഗവുമാണ്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. തൃണമൂലിന്റെ ഗ്രാമ പഞ്ചായത്ത് മെംബറായ ബാബു മോണ്ടലാണ് മരിച്ചത്. സംപുയ്പര-ബസുകാതി ഗ്രാമ പഞ്ചായത്തിലെ മെംബറാണ് ബാബു മോണ്ടൽ.
ബാബുവിന്റെ അനുയായി അനുപം റാണയ്ക്ക് വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ നോർത്ത് ഹൗറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബാബു മോണ്ടലും അനുപമും ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. നിശ്ചിന്ത-ബുറോ ഷിബ്ടാള പ്രദേശത്ത് വച്ച് രണ്ട് ബൈക്കുകളിലായെത്തിയ അക്രമികൾ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിവയ്പ്പിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. എന്നാൽ ബാബു വൈകാതെ മരിച്ചു. അനുപം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
തൃണമൂൽ നേതാക്കളെ വെയിവച്ചതിന് ശേഷം അക്രമികൾ കടന്നുകളഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി ഹൗറ പോലീസ് കമ്മീഷ്ണർ പ്രവീൺ ത്രിപാദി അറിയിച്ചു. അന്വേഷണം ഊർജിതമായ നടക്കുന്നുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പ്രവീൺ ത്രിപാദി പറഞ്ഞു.
Kerala
കണ്ണൂർ: നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ പെരിങ്ങോം വെള്ളോറയിലുണ്ടായ സംഭവത്തിൽ എടക്കോം സ്വദേശി സിജോയാണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷൈനിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുപന്നിയെ പിടിക്കുന്നതിനിടെ സിജോയ്ക്ക് വെടിയേൽക്കുകയായിരുന്നുവെന്ന് ഷൈൻ മൊഴി നൽകി.
റബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സിജോയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ജയ്പുർ: രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിൽ ബിജെപി നേതാവിന് വെടിയേറ്റു. സംസ്ഥാന ബിജെപിയുടെ മുൻ സെക്രട്ടറി രമേശ് ഇനാനിക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ രമേശിനെ ഉദയ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. കോട്ട്വാലി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ബൈക്കിലെത്തിയ അക്രമി രമേശിന് നേരെ വെടിവയ്ക്കുകയായിരുന്നു. കാലിനും പുറത്തും വെടിയേറ്റ രമേശിനെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റി.
രമേശിനെ വെടിവച്ച ശേഷം അക്രമി കടന്നുകളഞ്ഞു. സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രദേശത്ത് പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എസ്പി മനീഷ് ത്രിപാദി പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വരികയാണെന്നും എസ്പി അറിയിച്ചു.
Sports
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം നസീം ഷായുടെ കുടുംബ വീടിന് നേരെ വെടിവയ്പ്പ്. ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ലോവര്‍ ദിര് ജില്ലയിലെ വീടിന് നേരെയാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും അധികൃതർ പറഞ്ഞു. നിലവില്‍ ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനം കളിച്ചുകൊണ്ടിരിക്കുകയാണ് നസീം. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതിനാല്‍ താരം ആദ്യ ഏകദിനം നടക്കുന്ന റാവല്‍പിണ്ടിയില്‍ തന്നെ തുടരും.
നസീമും കുടുംബാംഗങ്ങളും ഇസ്ലാമാബാദിലാണ് താമസിക്കുന്നത്. പക്ഷേ ലോവര്‍ ദിറില്‍ അദ്ദേഹത്തിന് അടുത്ത ബന്ധുക്കളുണ്ട്. അവര്‍ താമസിച്ചിരുന്ന വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
.