പ്രതീകാത്മക ചിത്രം
ലക്നോ: ഉത്തർപ്രദേശിലെ ഭദോഹിയിൽ സ്കൂളിലേക്ക് പോയ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. കാണാതായവരിൽ 14, 15 വയസുള്ള രണ്ട് പെൺകുട്ടികളെ പൊലിസ് കണ്ടെത്തി. 16 വയസുള്ള മറ്റൊരു പെൺകുട്ടിക്കായും ഒളിവിൽ പോയ ഒരു പ്രതിക്കായും പൊലിസ് തിരച്ചിൽ ഊർജിതമാക്കി.
ഒക്ടോബർ 21-ന് രാവിലെയാണ് വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള 14, 15, 16 വയസുള്ള പെൺകുട്ടികൾ സൈക്കിളുകളിൽ സ്കൂളിലേക്ക് പുറപ്പെട്ടത്. വൈകിട്ടായിട്ടും ഇവർ വീട്ടിൽ തിരിച്ചെത്താതായതോടെ ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് സ്കൂൾ പരിസരത്തുനിന്ന് കുട്ടികളുടെ സൈക്കിളുകൾ കണ്ടെത്തുകയായിരുന്നു.
പ്രദേശവാസികളായ മൂന്ന് യുവാക്കൾക്കൊപ്പം പെൺകുട്ടികളെ കണ്ടതായി നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചു. തുടർന്ന് 14-കാരിയുടെ മാതാവ് നൽകിയ പരാതിയിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് പെൺകുട്ടികളെ കണ്ടെത്തുകയും കൂടെയുണ്ടായിരുന്ന രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കണ്ടെത്തിയ പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് ഇവർ പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചത്. കുട്ടികളുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. കാണാതായ പെൺകുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഒളിവിലുള്ള പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലിസ് വ്യക്തമാക്കി.
Tags : Kidnap SexuallyAssault Girl