പ്രതീകാത്മക ചിത്രം
കോൽക്കത്ത: പശ്ചിമ ബംഗാളിലെ സോണാർപൂരിൽ അമ്മയുടെ കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ മകളെ അമ്മവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാർഥി സയാനി ശികാരിയാണ് ജീവനൊടുക്കിയത്. കൊലക്കേസിലെ മുഖ്യപ്രതിയും പെൺകുട്ടിയുടെ പിതാവുമായ സമീർ ശികാരി അടുത്തിടെ ജാമ്യത്തിലിറങ്ങി കുട്ടിയെ നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായും ഇതിന് പിന്നാലെയാണ് മരണമെന്നും ബന്ധുക്കൾ ആരോപിച്ചു.
2023 ഒക്ടോബറിലായിരുന്നു സയാനിയുടെ അമ്മ മാലാ ശികാരി കൊല്ലപ്പെട്ടത്. കേസിൽ അറസ്റ്റിലായ ഭർത്താവ് സമീർ ശികാരി മൂന്ന് വർഷത്തോളം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. അമ്മയുടെ മരണശേഷം അമ്മയുടെ മാതാപിതാക്കൾക്കൊപ്പമായിരുന്നു സയാനിയുടെ താമസം.
സമീർ അടുത്തിടെ ജാമ്യത്തിലിറങ്ങിയത് മുതൽ സയാനിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് പൊലിസിനെ സമീപിച്ചപ്പോൾ പെൺകുട്ടിയുടെ ഫോൺ നമ്പറും സിം കാർഡും മാറ്റാൻ നിർദേശിച്ചു. എന്നാൽ പുതിയ നമ്പറും സമീർ എങ്ങനെയോ സംഘടിപ്പിച്ചതായാണ് കുടുംബത്തിന്റെ ആരോപണം.
സംഭവദിവസം സയാനി വീട്ടിൽ തനിച്ചായിരുന്നു. വൈകിട്ട് കുടുംബാംഗങ്ങൾ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ മുത്തച്ഛൻ നിതൻ ബോസും കുട്ടിയെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലിസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
സയാനിയുടെ മരണത്തിൽ പിതാവ് സമീറിന് നേരിട്ടോ അല്ലാതെയോ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് നിതൻ ബോസും ബന്ധു സുഭാഷ് ബാരിക്കും ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പൊലിസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പിതാവുമായി സംസാരിച്ചിട്ടുണ്ടോ എന്നും അവസാനമായി ആരെയെല്ലാമാണ് ബന്ധപ്പെട്ടതെന്നും കണ്ടെത്താൻ ഫോൺ രേഖകൾ പരിശോധിച്ചുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും സൈബർ പരിശോധനാ ഫലവും ലഭിച്ച ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത വരൂ എന്നും എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Tags : Murder Daughter Witness Dead