Kerala
കൊച്ചി: ചോറ്റാനിക്കരയിൽ വാടകവീട്ടിൽ ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിനിയായ കാർത്തിക (25) ആണ് മരിച്ചത്.
ചോറ്റാനിക്കര ആശുപത്രിപ്പടിക്ക് സമീപമുള്ള കെട്ടിടത്തിലെ മുറിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് കാർത്തികയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ കെട്ടഴിച്ച് സമീപത്തെ ടാറ്റാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുഹൃത്തിനൊപ്പമായിരുന്നു കാർത്തികയുടെ താമസം. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ചോറ്റാനിക്കര പൊലിസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ച് ഇരുവരെയും പറഞ്ഞയച്ചതായും പൊലിസ് പറഞ്ഞു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള് 'ദിശ' ഹെല്പ് ലൈനില് വിളിക്കുക. ടോള് ഫ്രീ നമ്പര്: Toll free helpline number: 1056, 0471-2552056)
International
റിയാദ്: സൗദി അറേബ്യയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങൾക്ക് നേരേ ഹൂത്തികൾ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ആക്രമണമുണ്ടായത്. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അബഹ വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തിൽ മൊറോക്കോ, അൾജീരിയ സ്വദേശികളായ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. കൂടാതെ സൗദി പൗരന്മാരും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പൗരന്മാരുൾപ്പെടെ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു സുഡാൻ പൗരനാണ് കൊല്ലപ്പെട്ടത്. ഇവിടെ സൗദി, ഈജിപ്ത്, പാക്കിസ്ഥാൻ സ്വദേശികളായ എട്ടുപേർക്കാണ് പരിക്കേറ്റത്.
Kerala
ആലപ്പുഴ: യുവാവ് ഷാപ്പിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. കായംകുളം എരുവ സ്വദേശി വിശാഖ് ആണ് മരിച്ചത്.
എരുവ - ഭഗവതിപ്പടി റോഡിൽ പ്രവർത്തിക്കുന്ന ശ്യാമിന്റെ ലൈസൻസിയിലുള്ള ഷാപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാപ്പിന്റെ വാതിൽ തകർത്ത നിലയിലായിരുന്നു. കായംകുളം പൊലിസ് കേസെടുത്തു.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നാല് വയസുകാരിയായ മകളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. മെമ്മോറിയൽ ഏരിയയിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്.
നാല് വയസുള്ള വിവിയൻ സവെല്ല എന്ന കുട്ടിയെ അമ്മ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ ജീവനൊടുക്കാൻ ശ്രമിക്കുകയും പിന്നീട് ബുധനാഴ്ച ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു.
കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ കസ്റ്റഡി കേസ് നിലവിലുണ്ടായിരുന്നു. സംഭവത്തിന് തൊട്ടുമുമ്പ്, കുട്ടിയുടെ വിദ്യാഭ്യാസവും ആരോഗ്യകാര്യങ്ങളും തീരുമാനിക്കാനുള്ള താത്കാലിക പ്രത്യേക അവകാശം കോടതി പിതാവായ ആരോൺ സവെല്ലയ്ക്ക് അനുവദിച്ചിരുന്നു.
അമ്മയ്ക്ക് കോടതിയുടെ മേൽനോട്ടത്തിൽ മാത്രമേ കുട്ടിയെ കാണാൻ അനുവാദമുണ്ടായിരുന്നുള്ളൂ. വെടിവയ്പ് നടക്കുന്ന സമയത്ത് കുട്ടിയുടെ രണ്ടാനച്ഛനും ബേബി സിറ്ററും വീട്ടിലുണ്ടായിരുന്നു. വൈകുന്നേരം ആറിന് തൊട്ടുമുമ്പ് വെടിയൊച്ച കേട്ടാണ് സംഭവം പുറത്തറിയുന്നത്.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലിലും പൊന്മുടിയിലുമുണ്ടായ ഇടിമിന്നലിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുന്നത്തുകാൽ സ്വദേശി വിൻസെന്റാണ് മരിച്ചത്.
വീട്ടുപണിയിൽ ഏർപ്പെട്ടിരുന്നതിനിടയിലാണ് വിൻസെന്റിനും മറ്റ് രണ്ട് പേർക്കും മിന്നലേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊന്മുടിയിലെ പാർക്കിംഗ് സ്ഥലത്തുണ്ടായിരുന്ന വനം വകുപ്പ് താൽക്കാലിക ജീവനക്കാരനായ കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർക്കും (മണിയൻ - 67) ഇടിമിന്നലേറ്റു. അദ്ദേഹത്തെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
പത്തനംതിട്ട: കോന്നി പോത്തുപ്പാറയിൽ ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കി. പോത്തുപ്പാറ സ്വദേശികളായ തങ്കപ്പൻ (65), ഭാര്യ ഓമന (60) എന്നിവരാണ് മരിച്ചത്. ഇരുവരും വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. വർഷങ്ങൾക്ക് മുൻപ് ഇവരുടെ ഏക മകൻ മരണപ്പെട്ടിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. വിഷം കഴിച്ച് അവശനിലയിൽ കണ്ട ഇവരെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർനടടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ട്രാൻസ്പോർട്ട് നഗറിൽ സ്വകാര്യ കമ്പനിയുടെ ജനറേറ്റർ റൂമിൽ ഉറങ്ങിക്കിടന്ന രണ്ട് എൻജിനിയർമാരെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിദ്വാർ സ്വദേശി രോഹിത്ത് സിംഗ് (29), ഫൈസാബാദ് സ്വദേശി ലവ്കുഷ് (26) എന്നിവരാണ് മരിച്ചത്.
ജനറേറ്ററിൽ നിന്നുള്ള പുക കാരണം ശ്വാസതടസം നേരിട്ടാണ് മരണം സംഭവിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മരണകാരണം സ്ഥിരീകരിക്കും.
ഇഷാൻ നെറ്റ് സോൾ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ജനറേറ്റർ റൂമിലാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. കമ്പനിയിലെ ഇന്റർനെറ്റ് മെയിന്റനൻസ് വിഭാഗം ചുമതലയുള്ള എൻജിനിയർമാരായിരുന്നു ഇവർ. ബുധനാഴ്ച പുലർച്ചെ 12:30 ന് സാങ്കേതിക തകരാർ പരിശോധിക്കാനാണ് ഇവർ ജനറേറ്റർ റൂമിലെത്തിയത്. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഇരുവരും ജനറേറ്റർ പ്രവർത്തിപ്പിക്കുകയും പിന്നീട് അതേ മുറിയിൽ ഉറങ്ങിപ്പോവുകയുമായിരുന്നു.
രാവിലെ സെക്യൂരിറ്റി ജീവനക്കാരൻ എത്തിയപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് പറഞ്ഞു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ എസ്.ആർ. നഗറിലുള്ള ഹോട്ടൽ മുറിയിൽ ബാങ്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വികാരാബാദ് ജില്ലയിലെ നാഗസമുദ്രം സ്വദേശി ബി. ശിരിഷയാണ് (34) കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന എ. ശ്രീനിവാസ് (38) എന്നയാൾക്കായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സെപ്റ്റംബർ 24-നാണ് ശിരിഷ എസ്.ആർ. നഗറിലെ ഗോകോൾ പ്രൈഡ് ഹോട്ടലിൽ ശ്രീനിവാസിനൊപ്പം എത്തിയത്. ഹോട്ടലിൽ മുറിയെടുക്കാൻ ഇവർ വ്യാജ തിരിച്ചറിയൽ രേഖകളാണ് ഉപയോഗിച്ചത്. ശ്രീനിവാസ് 'ഗണേഷ്' എന്നും ശിരിഷ 'ദുർഗ' എന്നുമാണ് രജിസ്റ്റർ ചെയ്തിരുന്നത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നരയ്ക്ക് ശ്രീനിവാസ് ഹോട്ടലിൽ നിന്ന് പുറത്തുപോയി. ശിരിഷ പിന്നീട് പ്രഭാതഭക്ഷണം കഴിച്ച് ചെക്ക് ഔട്ട് ചെയ്യുമെന്നാണ് ഇയാൾ റിസപ്ഷൻ ജീവനക്കാരോട് പറഞ്ഞത്.
ഏറെ നേരം കഴിഞ്ഞിട്ടും മുറിയിൽ നിന്ന് പ്രതികരണമൊന്നും ഇല്ലാതായതോടെ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പൊലിസിന്റെ സാന്നിധ്യത്തിൽ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് കട്ടിലിൽ ശിരിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രിയിൽ ഇരുവരും തമ്മിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് ശ്രീനിവാസ് ശിരിഷയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ജനാലയിൽ കർട്ടൻ ഇടുന്ന ഇരുമ്പ് വടികൊണ്ട് ആക്രമിച്ചതെന്നാണ് സൂചനയെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ. ശിരിഷയുടെ ശരീരത്തിൽ നിരവധി പരിക്കുകളുണ്ടായിരുന്നു.
പൊലിസ് തെളിവെടുപ്പ് നടത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതിയായ ശ്രീനിവാസിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലിസ് അന്വേഷണം നടത്തിവരികയാണ്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ മഞ്ചേറിയൽ ജില്ലയിൽ ഓട്ടോ മറിഞ്ഞ് രണ്ട് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു.
മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് എതിർദിശയിലേക്ക് പാഞ്ഞ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. ഓട്ടോ മറിഞ്ഞതിനെ തുടർന്ന് യാത്രക്കാർ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ മരച്ചു. പരിക്കേറ്റ മറ്റ് അഞ്ച് പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലിസ് മേൽനടപടി സ്വീകരിച്ചിട്ടുണ്ട്.
Kerala
കൊച്ചി: വാഴക്കുളത്തെ ബാർ ഹോട്ടലിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മധ്യവയസ്കൻ മരിച്ച നിലയിൽ. കളമശേരി സ്വദേശി റിനീഷ് കെ. ബഷീർ (51) ആണ് മരിച്ചത്. പെരുമ്പാവൂർ വാഴക്കുളത്തെ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ ബാറിലെത്തിയ ഇയാൾ മദ്യപിച്ചിരുന്നു. വൈകിട്ടോടെ സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ അനക്കമില്ലാത്ത നിലയിൽ ഇയാളെ കണ്ടത്. പുറത്തുനിന്ന് പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ ഉടൻതന്നെ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ തടിയിട്ടപറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
മൃതദേഹം തുടർനടപടികൾക്കായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. എങ്കിലും മരണത്തിന്റെ യഥാർഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലിസ് അറിയിച്ചു.
National
മൊകോക്ചുംഗ്: നാഗാലാൻഡിൽ വിഷമദ്യം കഴിച്ച് 19 പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൊകോക്ചുംഗ്, ടുൻസാംഗ് ജില്ലകളിലാണ് ഈ ദുരന്തം റിപ്പോർട്ട് ചെയ്തത്. മൊകോക്ചുംഗിൽ എട്ടുപേരും ടുൻസാംഗ് ജില്ലയിൽ പതിനൊന്നുപേരുമാണ് വ്യാജമദ്യം കഴിച്ച് മരണപ്പെട്ടത്.
സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുന്നതിനും വ്യാജമദ്യത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനുമായി അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലിസ് ഐ. ബംഗ്ലാംഗ് ചാംഗ് നയിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി സീനിയർ സൂപ്രണ്ട് ഓഫ് പൊലിസ് വെസുപ്ര കെസോ അറിയിച്ചു.
ദുരന്തത്തെ തുടർന്ന് പൊലിസ് നടത്തിയ പരിശോധനകളിൽ 19 പേരെ അറസ്റ്റ് ചെയ്യുകയും ഏകദേശം 3,000 കുപ്പി മദ്യം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. 1990 മുതൽ നാഗാലാൻഡിൽ മദ്യനിരോധനം നിലവിലുണ്ട്.
International
കിൻഷാസ: കോംഗോയിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ മരിച്ചു. കോംഗോ സൈന്യമാണ് വിവരം പുറത്തുവിട്ടത്. സൈനിക കോടതി മേധാവി ലഫ്റ്റനന്റ് ജനറൽ മുട്ടോംബോ കറ്റലായി ടിയെൻഡെ, സായുധ സേനയുടെ ഓഡിറ്റർ ജനറൽ ലഫ്റ്റനന്റ് ജനറൽ ബക്കുമി ലികുലിയ എന്നിവരാണ് കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥർ.
കോംഗോയിലെ തെക്കുപടിഞ്ഞാറൻ നഗരമായ കിക്വിറ്റിൽ നിന്ന് തലസ്ഥാനമായ കിൻഷാസയിലേക്ക് മടങ്ങിവരികയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിക്കുകയും കെങ്കിൽ വച്ച് തകർന്നു വീഴുകയുമായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന രണ്ട് ജനറൽ ഉദ്യോഗസ്ഥർക്കു പുറമെ പ്രതിനിധി സംഘത്തിലെ അംഗങ്ങളും വിമാനത്തിലെ ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചുവെന്ന് അധികൃതർ അറിയിച്ചു.
District News
മുണ്ടക്കയം: യുവാവിനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ടൗണിന് സമീപമുള്ള ആറ്റിൽ ഇന്നലെ രാവിലെ ഏഴിന് മുണ്ടക്കയം കീച്ചൻപാറ പുതുപറമ്പിൽ വിജേഷി(35)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 35-ാംമൈൽ വണ്ടൻപതാൽ പാലത്തിന് അടിയിൽ ആറ്റിലെ വെള്ളത്തിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
National
ദിസ്പൂർ: ആസാമിലെ നാഗോൺ ജില്ലയിൽ കാർ പോസ്റ്റിലിടിച്ച് മൂന്ന് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അരുണാചൽ പ്രദേശിൽ നിന്ന് ഗുവാഹട്ടിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
നാഗോണിലെ പുരാണി ഗുഡാമിന് സമീപമുള്ള കെനാപട്ടിയിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിലെ ഡിവൈഡറിലും തുടർന്ന് പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ മറിഞ്ഞ തീപിടിത്തമുണ്ടായി.
വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ മൂന്ന് പേർ പൊള്ളലേറ്റ് സംഭവസ്ഥലത്തുവച്ച് തന്നെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ഭദ്രാദ്രി കൊത്തഗുഡെം ജില്ലയിൽ നഴ്സിംഗ് വിദ്യാർഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സ്വകാര്യ നഴ്സിംഗ് കോളജിലെ ഒന്നാം വർഷ വിദ്യാർഥി ഹരിണിയാണ് (18) കൊല്ലപ്പെട്ടത്. പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തിയിരുന്ന പവൻ കുമാർ എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് അമ്മ രാജേശ്വവരി പരാതി നൽകി. ഇയാൾ ഒളിവിലാണ്.
രാജേശ്വവരി ജോലിക്കായി പുറത്തുപോയ സമയത്താണ് സംഭവം. രാജേശ്വവരി തിരിച്ചെത്തി നോക്കിയപ്പോൾ ഹരിണിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് പുറത്തുള്ള ശുചിമുറിക്ക് പിന്നിലായി ഗുരുതര പരിക്കുകളോടെ രക്തം വാർന്ന നിലയിൽ ഹരിണിയുടെ മൃതദേഹം കണ്ടെത്തിയത്.
വിവരം അറിഞ്ഞ ഉടൻ തന്നെ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം പരിശോധനയിൽ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായിട്ടുണ്ട്. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ഓടുന്ന സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് യുവതി മരിച്ചു. വടക്കൻ പറവൂർ കുഞ്ഞിത്തൈ സ്വദേശി വിന്റുമോൾ (31) ആണ് അപകടത്തിൽ മരിച്ചത്. തുരുത്തിപ്പുറം ആർകെ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ വിന്റുമോൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്.
തുരുത്തിപ്പുറം ചെറിയ പാലത്തിനു സമീപം എത്തിയപ്പോൾ, ഓടിക്കൊണ്ടിരുന്ന ബസിന്റെ തുറന്നുകിടന്ന വാതിലിലൂടെ റോഡിലേക്ക് അവർ തെറിച്ചുവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് സോണിയും ഒരു കുട്ടിയുമടങ്ങുന്നതാണ് ഇവരുടെ കുടുംബം.
അപകടത്തിന് കാരണമായ സ്വകാര്യ ബസ് പൊലിസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ബസിന്റെ വാതിൽ അടയ്ക്കാതെ സർവീസ് നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ട നടപടികൾക്കായി മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
National
ഇംഫാൽ: മണിപ്പുരിൽ നാഗ വിഭാഗത്തിലെ 15 വയസുകാരൻ വെടിയേറ്റ് മരിച്ചു. തമേയി സബ്ഡിവിഷനിലെ ടാക്കോ നാഗാ ഗ്രാമവാസിയായ എൻ.കെ. മഹിൽലാക്ബൗവിന്റെ മകൻ എൻ.കെ. വിഫെൻബൗ ആണ് മരിച്ചത്.
തമെംഗ്ലോംഗ് ജില്ലയിലെ തമേയിയിലേക്ക് പോകുന്നതിനിടെയാണ് വിഫെൻബൗവിന് വെടിയേറ്റത്. അജ്ഞാത സായുധ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. ഏകദേശം 20 തവണ വെടിയുതിർത്തതായി പ്രാദേശിക വൃത്തങ്ങൾ ആരോപിക്കുന്നു.
International
ഖാർതൂം: സുഡാനിൽ സ്വർണഖനി തകർന്ന് വീണ് 11 പേർ മരിച്ചു. വടക്കുകിഴക്കൻ സുഡാനിലെ റെഡ് സീ സംസ്ഥാനത്തെ ഓണിയിലാണ് സ്വർണഖനി തകർന്ന് വീണത്. 30-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് ഖനി തകർന്നു വീണത്.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. ഇതുവരെ 11 മൃതദേഹങ്ങൾ കണ്ടെടുക്കുകയും 30 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി സുഡാനീസ് മിനറൽ റിസോഴ്സസ് കമ്പനി ഉദ്യോഗസ്ഥൻ അറിയിച്ചു.
സുഡാനിൽ ഒരു ആഴ്ചയ്ക്കിടെ രണ്ടാമത്തെ ഖനി ദുരന്തമാണിത്. കഴിഞ്ഞ ഞായറാഴ്ച പടിഞ്ഞാറൻ സുഡാനിലെ മറ്റൊരു സ്വർണഖനി തകർന്ന് 82 പേർ കൊല്ലപ്പെട്ടിരുന്നു. സുഡാനിൽ സുരക്ഷാ മുൻകരുതലുകളോ കർശന നിയമങ്ങളോ ഇല്ലാതെ പ്രവർത്തിക്കുന്ന നിരവധി ഖനികളാണുള്ളത്.
National
ബംഗളൂരു: കര്ണാടകയിലെ കോരമംഗലയില് നിര്ത്തിയിട്ടിരുന്ന കാറിനുള്ളില് യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. കൊടകു സ്വദേശി സലിം അക്ബറാണ് മരിച്ചത്.
കാറിനുള്ളില് ഒരാളെ അനക്കമില്ലാത്ത നിലയില് കണ്ടെത്തിയതിയതായി ഞായറാഴ്ച രാവിലെ പൊലിസിന് വിവരം ലഭിച്ചു. പൊലിസ് ഉടന് തന്നെ സ്ഥലത്തെത്തി അടുത്തുള്ള ആശുപത്രിയില് എത്തിച്ചെങ്കിലും ഡോക്ടര്മാര് മരണം സ്ഥിരീക്കരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി അയച്ചു.
പുലര്ച്ചെ രണ്ടരയ്ക്ക് ഇദ്ദേത്തിന്്റെ കാര് ഒരു ഹോട്ടലിന് മുന്നില് നിര്ത്തിയിട്ടിരിക്കുന്നതായി പൊലിസ് സിസിടിവി ദൃശ്യങ്ങളില് നിന്ന് കണ്ടെത്തി. ആരോഗ്യപ്രശ്നങ്ങളാകാം മരണകാരണമെന്നാണ് പൊലിസിന്്റെ പ്രാഥമിക നിഗമനം.
ഫോറന്സിക് സംഘം കാര് പരിശോധിച്ച് തെളിവുകള് ശേഖരിച്ചു. സംഭവത്തില് കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതിവീണ് യുവാവ് മരിച്ചു. പാലക്കാട് പിരായിരി പള്ളിക്കുളം പൂച്ചങ്ങൽ പി.കെ. ഉമ്മറിന്റെ മകൻ ഷുഹൈബ്(32) ആണു മരിച്ചത്.
ഇന്ന് രാവിലെ ഒമ്പതോടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു അപകടം. പാലക്കാട് ജംഗ്ഷനിൽനിന്ന് എറണാകുളം ജംഗ്ഷനിലേക്കു പോവുകയായിരുന്ന മെമു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
ട്രെയിനിൽനിന്നു പ്ലാറ്റ്ഫോമിലേക്കു തെറിച്ചുവീണ ഇയാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വിവരമറിഞ്ഞ് തൃശൂർ റെയിൽവേ പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മരിച്ച ഷുഹൈബിന്റെ ബന്ധു മുഹമ്മദ് ജാബിർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തൃശൂർ റെയിൽവേ പൊലിസ് കേസെടുത്തു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
Kerala
മലപ്പുറം: പൂക്കോട്ടുംപാടം ടികെ കോളനിയില് മലവെള്ളപ്പാച്ചിലില് ഒഴുക്കില്പ്പെട്ട് ഒരാള് മരിച്ചു. നാല് പേരാണ് ഒഴുക്കില് പെട്ടത്. രണ്ട് പേരെ രക്ഷപെടുത്തി. ഒരു സ്ത്രീയ്ക്കായി തെരച്ചിൽ ഊർജിതമാക്കി.
നിലമ്പൂരില് നിന്നുള്ള അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില് രക്ഷാപ്രവര്ത്തനം തുടരുകയാണ്. ശക്തമായ മഴയെ തുടര്ന്ന് പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
ഇന്ന് വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. നാട്ടുകാര് നടത്തിയ തെരച്ചിലില് മൃതദേഹം പുഴയില് നിന്ന് കണ്ടെത്തുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
Kerala
ആലപ്പുഴ: കരുവാറ്റയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് കണ്ടുമടങ്ങിയ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. തീരദേശ റെയിൽവേ പാതയിൽ കരുവാറ്റ കുറിച്ചിക്കലിന് സമീപമുണ്ടായ അപകടത്തിൽ തൃക്കുന്നപ്പുഴ പല്ലന സ്വദേശികളായ സുരേഷ് (45), പ്രകാശൻ (65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45നായിരുന്നു സംഭവം.
വള്ളംകളി സമാപിച്ചതിന് പിന്നാലെ പ്രധാന റോഡിലുണ്ടായ ഗതാഗതക്കുരുക്കിൽ പെടാതിരിക്കാനാണ് ഇവർ റെയിൽവേ ട്രാക്കിലൂടെ നടന്നത്. കുറിച്ചിക്കൽ ഭാഗത്തേക്ക് നടന്നുപോകുന്നതിനിടെ എത്തിയ ട്രെയിൻ ഇരുവരെയും ഇടിക്കുകയായിരുന്നു. ഇവർക്കൊപ്പം ട്രാക്കിലുണ്ടായിരുന്ന മറ്റ് ചിലർ ട്രെയിൻ വരുന്നത് കണ്ട് ഓടിമാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.
അപകട വിവരമറിഞ്ഞ് ഹരിപ്പാട് പൊലിസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തുടർനടപടികൾക്കായി ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്നറിയാൻ റെയിൽവേ ട്രാക്കിന് സമീപം തെരച്ചിൽ നടത്തുകയാണ്.
Kerala
പുതുശേരി: കുന്നംകുളത്തെ പഴുന്നാന പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പുതുശേരി പാടത്ത് ആണ് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഛത്തീസ്ഗഡ് സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാടത്തിന് സമീപത്ത് അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ക്വാർട്ടേഴ്സുണ്ട്. ക്വാർട്ടേഴ്സിന് സമീപത്തെ പഴുന്നാന പാടത്തെ കുഴിയിൽ മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലിസിനെ അറിയിച്ചത്. കുന്നംകുളം പൊലിസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന ആരംഭിച്ചു. സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
National
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്രപ്രദേശ് സ്വദേശികൾ മരിച്ചു. വിശാഖപട്ടണം സ്വദേശികളായ നേഹ ബൊമ്മലി(33) ഇവരുടെ ഭർതൃമാതാവ് രമാദേവി(67) എന്നിവരാണ് മരിച്ചത്.
സെപ്റ്റംബർ 16-ന് രാത്രി 9.40-ഓടെ മെൽബണിന് സമീപമായിരുന്നു അപകടം. നേഹയും ഭർതൃമാതാവും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരെയും അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലെ ഡ്രൈവറെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു.
എന്നാൽ, നേഹയും രമാദേവിയും ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലെ ഡ്രൈവർ ചികിത്സയിൽ തുടരുകയാണ്.
ഭർത്താവ് വരുൺ ചന്ദ്രയ്ക്കൊപ്പം നേഹ ഏറെക്കാലമായി ഓസ്ട്രേലിയയിലാണ് താമസം. ദമ്പതിമാർക്ക് മൂന്നരവയസുള്ള മകനും ഒരു വയസുള്ള മകളുമുണ്ട്.
Kerala
ആലുവ: ദേശീയപാതയിൽ തായിക്കാട്ടുകര ഐശ്വര്യനഗറിലെ അപ്പാർട്ട്മെന്റിന്റെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെന്ന് സ്ഥിരീകരിച്ചു.
മണ്ണാർക്കാട് കക്കാട് അടാട്ട് വീട്ടിൽ അനില തോമസ് (46) ആണു മരിച്ചത്. ഹൃദയത്തിൽ ഒന്നിലധികം ബ്ലോക്കുകളും കരൾ സംബന്ധമായ അസുഖങ്ങളും ഇവർക്ക് ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മൂന്നു മാസത്തിലേറെയായി അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. സിസി ടിവി പരിശോധിച്ചപ്പോൾ കഴിഞ്ഞ 16ന് രാവിലെ 6.30ന് ഇവർ ഫ്ലാറ്റിൽനിന്ന് ഇറങ്ങി ഫ്ലാറ്റ് കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കയറുന്നതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ഐടി മേഖലയിൽ ഇവർ ജോലി ചെയ്തിരുന്നു. അപ്പാർട്ട്മെന്റ് കോന്പൗട്ടിൽ ഉപയോഗിക്കാതെ കിടക്കുന്ന ഈ കാറിൽ പലപ്പോഴും ഇവർ കയറിയിരിക്കാറുണ്ടെന്ന് പറയുന്നു.
കഴിഞ്ഞദിവസം വൈകുന്നേരം കുട്ടികളാണു മൃതദേഹം കണ്ടത്. ഫ്ലാറ്റിൽനിന്ന് ബിഹാർ വിലാസത്തിലുള്ള മറ്റൊരു സ്ത്രീയുടെ ആധാർ കാർഡ് ലഭിച്ചിരുന്നു. ഇവരാകാം മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം.
Kerala
കോഴഞ്ചേരി: ആറന്മുളയിൽ ടോറസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഓർത്തഡോക്സ് സഭയിലെ ശെമ്മാശൻ മരിച്ചു. പന്തളം മങ്ങാരം വട്ടമൺ പുത്തൻവീട്ടിൽ ഫാ.ഡോ. ഷാജി പി. ജോണിന്റെ മകൻ ഡീക്കൻ അഷർ ജോൺ (26) ആണ് മരിച്ചത്.
ആറന്മുള - പന്തളം റോഡിൽ നാൽക്കാലിക്കലായിരുന്നു അപകടം. പന്തളത്തു നിന്ന് ആറന്മുള ഭാഗത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്നു ശെമ്മാശൻ. എതിർദിശയിൽ മണ്ണു കയറ്റി അമിതവേഗത്തിൽ വന്ന ടോറസ് മറ്റൊരു ടോറസിനെ മറികടന്നെത്തിയപ്പോഴാണ് സ്കൂട്ടറിൽ ഇടിച്ചത്.
കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി അധ്യാപകനാണ് ഫാ.ഡോ.ഷാജി പി. ജോൺ.
മാതാവ്: പരേതയായ മറിയം ഷാജി (ഷൈനി) തിരുവല്ല പരിയാരത്ത് കുടുംബാംഗം. സംസ്കാരം പിന്നീട്. മേൽനടപടികൾ സ്വീകരിച്ച ആറന്മുള പൊലിസ് ടോറസ് ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു.
Kerala
കൊച്ചി: എറണാകുളത്ത് സുഹൃത്ത് പെട്രോളിഴിച്ച് തീകൊളുത്തിയതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കക്കാട് പൊതുകുന്നത് അരുൺ പ്രകാശ് (31) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹഭവൻ റോഡിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ജിഷ്ണു, ചന്ദ്രൻ എന്നീ സുഹൃത്തുക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജിഷ്ണുവിന്റെ അമ്മയോട് അരുൺ ഫോണിലൂടെ സംസാരിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് പറയുന്നു. ബുധനാഴ്ച രാത്രി വൈകി പിറവത്തെ ബാറിലിരുന്നാണ് ജിഷ്ണു അരുണിനെ ഫോണിൽ വിളിച്ചത്. ആ സമയത്ത് അരുണും മറ്റ് രണ്ട് സുഹൃത്തുക്കളും പിറവം ടൗണിൽ പള്ളിക്കവല ഭാഗത്തുണ്ടായിരുന്നു. ബാറിൽ നിന്ന് പള്ളിക്കവലയിലേക്ക് വരുന്ന വഴിയാണ് ജിഷ്ണു പെട്രോൾ വാങ്ങിയിരുന്നതെന്ന് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് പള്ളിക്കവലയിലെത്തിയ സംഘം സ്നേഹഭവൻ റോഡിലേക്ക് നീങ്ങുകയും, അവിടെവച്ച് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. അമ്മയെ വിളിച്ച് അനാവശ്യമായി സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു ജിഷ്ണു അരുണിനെ ചോദ്യം ചെയ്തത്.
ഇതിനിടയിൽ 'കത്തിക്കെടാ' എന്ന് ആക്രോഷിച്ചുകൊണ്ട് ജിഷ്ണു കുപ്പി തുറന്ന് അരുണിന്റെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു എന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗീവർഗീസ് പൊലിസിന് മൊഴി നൽകി.
അരുണിന്റെ ഷർട്ട് നനഞ്ഞ് പെട്രോൾ താഴേക്ക് ഒഴുകി. ഇതിനിടയിൽ ജിഷ്ണു പലപ്രാവശ്യം ലൈറ്റർ കത്തിക്കുകയും ഓഫാക്കുകയും ചെയ്തുവെങ്കിലും ദേഹത്തേക്ക് ഇടുമെന്ന് ആരും കരുതിയില്ല. പെട്ടെന്ന് തീ ആളിക്കത്തിയതോടെ ചുറ്റുമുണ്ടായിരുന്നവർ ചേർന്ന് അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഗീവർഗീസും പ്രഫുല്ലും ചേർന്നാണ് ഉടൻതന്നെ ആംബുലൻസ് വിളിച്ച് അരുണിനെയും ജിഷ്ണുവിനെയും ആശുപത്രിയിലെത്തിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.
Kerala
കോഴിക്കോട്: തെങ്ങുകയറ്റ തൊഴിലാളി ജോലിക്കിടയിൽ കടന്നൽക്കുത്തേറ്റ് മരിച്ചു. മുതുകാട് അന്നച്ചാംകണ്ടി മധു (49) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ചക്കിട്ടപാറ പന്തിരിക്കരയിൽ കൃഷിയിടത്തിൽ തെങ്ങിൽ കയറുന്നതിനിടയിൽ കടന്നലിന്റെ കുത്തേൽക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.
Kerala
തൃശൂർ: വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ മധ്യവയസ്കനെ കത്തിക്കരിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തി. കിള്ളിമംഗലം സ്വദേശി ബാബു (52) വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
മുണ്ടൂർ ഭാഗത്ത് റോഡ് പണിയുമായി ബന്ധപ്പെട്ട് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബാബു. കഴിഞ്ഞദിവസം ഉച്ചയോടെ ബാബുവിനെ ജോലിസ്ഥലത്തു നിന്നും കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ പേരാമംഗലം പൊലിസിൽ പരാതി നൽകിയിരുന്നു.
പൊലിസ് അന്വേഷണത്തിൽ ബാബു ഉപയോഗിച്ചിരുന്ന വാഹനം വട്ടായി മേഖലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് പൊലിസിന്റെ നേതൃത്വത്തിൽ നാട്ടുകാരും ബന്ധുക്കളും സഹപ്രവർത്തകരും നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലിസ് അന്വേഷണം തുടങ്ങി.
National
ചണ്ഡിഗഡ്: ഹരിയാനയിലെ സോണിപറ്റിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം ജോലി ചെയ്തിരുന്ന സുമിത് എന്ന യുവാവിനെ പൊലിസ് കസ്റ്റഡിയിൽ എടുത്തു.
രാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ സുമിത് തട്ടിക്കൊണ്ടുപോയതാണെന്ന് കുടുംബം സംശയിക്കുന്നു. സംഭവസമയത്ത് ജനറേറ്റർ പ്രവർത്തിച്ചിരുന്നതിനാൽ മറ്റ് ശബ്ദങ്ങളൊന്നും കേൾക്കാൻ കഴിഞ്ഞിരുന്നില്ലെന്നും പെൺകുട്ടിയുടെ കുടുംബം പറയുന്നു.
കുട്ടിയെ വീടിനുള്ളിൽ കാണാത്തതിനെത്തുടർന്ന് നടത്തിയ തെരച്ചിലിനെ തുടർന്നാണ് വാട്ടർ ടാങ്കിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കൈകാലുകൾ കെട്ടിയ നിലയിലായിരുന്നുവെന്നും വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.
സുമിതിനെ കസ്റ്റഡിയിലെടുക്കുമ്പോൾ അയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പൊലിസ് അറിയിച്ചു.
District News
ആലുവ: ദേശീയപാതയില് ഐശ്വര്യനഗറിലെ അപ്പാര്ട്ട്മെന്റിൽ താമസിക്കുന്ന യുവതിയെ കോമ്പൗണ്ടില് പാര്ക്ക് ചെയ്തിരുന്ന കാറില് മരിച്ചനിലയില് കണ്ടെത്തി. ഗ്രൗണ്ടില് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്.
കാറിന്റെ പിന്സീറ്റില് ചരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരിച്ച യുവതിയുടെ പേര് പോലീസിന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇവർ ഫ്ളാറ്റില് താമസം തുടങ്ങിയിട്ട് മൂന്നു മാസമേ ആയുള്ളൂ. ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
ഫ്ളാറ്റില് നടത്തിയ പരിശോധനയില് ബീഹാര് പാട്ന പാട്ലിപുര ഗാലക്സി അപ്പാര്ട്ടുമെന്റ് വിലാസത്തിലുള്ള ആധാര് കാര്ഡ് ലഭിച്ചിട്ടുണ്ട്. ഫോട്ടോ വ്യക്തമല്ലാത്തതിനാല് മരിച്ച യുവതിയുടെ തന്നെയാണോ ആധാര് കാര്ഡ് എന്നത് സ്ഥിരീകരിക്കാനായിട്ടില്ല. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം തോന്നിക്കും. സംഭവത്തില് ദുരൂഹതയില്ലെന്നാണ് പൊലിസിന്റെ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്. അപ്പാർട്ട്മെന്റ് കോമ്പൗണ്ടില് ഉപയോഗിക്കാതെ കിടന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
International
വാഷിംഗ്ടൺ ഡിസി: വിവാഹം കഴിഞ്ഞ് 17 ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ യുഎസിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് ജാബിർ ഹുസൈൻ (28) ആണ് മസാചുസെറ്റ്സിലെ ലോവലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ആഗസ്റ്റ് 28-ന് ടെക്സാസിൽ വച്ചായിരുന്നു മുഹമ്മദ് ജാബിർ ഹുസൈനിന്റെ വിവാഹം. വിവാഹശേഷം മസാചുസെറ്റ്സിലേക്ക് പോയ അദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നാട്ടിലുള്ള അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. ആ സമയത്ത് അദ്ദേഹത്തിന് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ഉറക്കത്തിനിടെ മുഹമ്മദ് ജാബിർ ഹുസൈൻ മരിച്ചതായി വീട്ടിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു.
യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഹെവനിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ പിജി പഠിക്കാനായാണ് ഹുസൈന് 2021-ൽ യുഎസിലേക്ക് പോയത്. പഠനത്തിന് ശേഷം യുഎസിൽ തന്നെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനായി കുടുംബം കേന്ദ്രസർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. ഇക്കാര്യം അഭ്യർഥിച്ച് മുഹമ്മദ് ജാബിർ ഹുസൈൻ പിതാവ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.
Kerala
കുറവിലങ്ങാട്: എംസി റോഡില് കാറും കണ്ടെയ്നര് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് കാര് ഡ്രൈവർ മരിച്ചു. വെമ്പള്ളി വടക്കേ കവലയ്ക്ക് സമീപം ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനായിരുന്നു അപകടം.
മൂവാറ്റുപുഴ മടവൂര് കൊല്ലമാവുടിയില് തങ്കച്ചന്റെ മകന് എബി (37) യാണ് മരിച്ചത്. മാറാടി കെഎസ്ഇബി സബ് സ്റ്റേഷന് ഓപ്പറേറ്ററാണ്എബി.
ഭാര്യ: നീതു നാടുകാണി (അസിസ്റ്റന്റ് എന്ജിനിയര് ലോവര് പെരിയാര്). മകന്: അല്വാനോ. സംസ്കാരം ഇന്ന് മുടവൂര് സെന്റ് ജോര്ജ് യാക്കോബായ പള്ളിയില് . കാര് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തില് കാര് പൂര്ണമായും തകര്ന്നു.
National
ചണ്ഡീഗഡ്: ഡൽഹി-ജയ്പൂർ ഹൈവേയിൽ ഖേർക്കി ദൗല ടോൾ പ്ലാസയ്ക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മുഹമ്മദ് അർമാൻ (14), പ്രിൻസ് കുമാർ (14), നവ്നീത് കുമാർ (19) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച നവ്നീതാണ് ബൈക്ക് ഓടിച്ചിരുന്നത്.
ടോൾ പ്ലാസയ്ക്ക് സമീപം യു-ടേൺ എടുക്കുകയായിരുന്ന ലോറിയുടെ പിന്നിലേക്ക് ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. ബൈക്ക് ഓടിച്ച നവ്നീതിന് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് അപകടസമയത്ത് ആരും ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും പൊലിസ് പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ബിജ്നോറിൽ കാണാതായ ദമ്പതികളെ രണ്ട് വ്യത്യസ്തയിടങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊട്ടു എന്ന യുവാവിനെ കാട്ടിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യ സുഷമയുടെ മൃതദേഹം ഗംഗാ നദിക്കരയിലുമാണ് കണ്ടെത്തിയത്.
ദമ്പതികളെ കാണാനില്ലെന്ന് കാണിച്ച് സെപ്റ്റംബർ 14-നാണ് കുടുംബം പരാതി നൽകിയിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പൊലിസ് തെരച്ചിൽ നടത്തിയെങ്കിലും കനത്ത മഴയെ തുടർന്ന് രാത്രിയോടെ തെരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഗംഗാ തീരത്ത് ഒരു സ്ത്രീയുടെ മൃതദേഹം ഉണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സുഷമയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് നടത്തിയ തെരച്ചിലാണ് സമീപത്തെ കാട്ടിൽ ചോട്ടുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്ന വിവരങ്ങളാണ് പ്രാഥമിക അന്വേഷണത്തിൽ പുറത്തുവന്നത്. ഭാര്യയുടെ ചുരിദാർ ധരിച്ച നിലയിലാണ് ചോട്ടൂവിന്റെ മൃതദേഹം കാണ്ടെത്തിയത്.
മൃതദേഹങ്ങൾ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളും കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. വ്യക്തിപരമായ കുടുംബവഴക്കാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘമെത്തി തെളിവെടുപ്പ് നടത്തി. മരണ കാരണം വ്യക്തമാകുന്നതിനായി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കുടുംബത്തിന്റെ പരാതിയുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: യുഎസിലെ ലോസ് ഏഞ്ചൽസിൽ ഹെലികോപ്റ്റർ തകർന്ന് വീണ് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി സാൻ ഫെർണാണ്ടോ വാലിയിലെ ചാറ്റ്സ്വർത്തിലാണ് സംഭവം.
രണ്ട് കെട്ടിടങ്ങൾക്കും സമീപത്തുണ്ടായിരുന്ന വാഹനങ്ങൾക്കും ഇടയിലേക്കാണ് ഹെലികോപ്റ്റർ പതിച്ചത്. തുടർന്ന് പ്രദേശത്ത് തീപിടുത്തവുമുണ്ടായി. ഹെലികോപ്റ്റർ തകർന്നതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവം നടക്കുന്നതിന് മുമ്പ് ലോസ് ഏഞ്ചൽസിൽ കാർ ബസിലേക്ക് ഇടിച്ച് കയറി രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ അപകടം റിപ്പോർട്ട് ചെയ്യാനും ചിത്രീകരിക്കാനുമെത്തിയ മാധ്യമ ഹെലികോപ്റ്ററാണ് തകർന്നു വീണത്.
Kerala
കൊച്ചി: കാലടി-പെരുമ്പാവൂര് റോഡിലെ കിംഗ്സ് ലോഡ്ജില് വയോധികന് തീപ്പൊള്ളലേറ്റ് മരിച്ചനിലയില്. ലോഡ്ജിലെ ജീവനക്കാരനായ കാഞ്ഞൂര് വടക്കുംഭാഗം സ്വദേശി കെ.കെ. മോഹനന് (73) ആണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് ലോഡ്ജിലെ അടച്ചിട്ട മുറിയില് നിന്നും പുക ഉയരുന്നത് കണ്ടത്.
പിന്നാലെ പൊലിസിലും ഫയര്ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. തീയണച്ചതിന് ശേഷം മോഹനനെ ഗുരുതരമായി പൊളളലേറ്റ നിലയില് കണ്ടെത്തുകയായിരുന്നു. ഉടന് തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
സംഭവസ്ഥലത്ത് നടത്തിയ പരിശോധനയില് നിന്നും മണ്ണെണ്ണ കാന് ലഭിച്ചു. മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മോഹനന് നാലു വര്ഷമായി കാലടിയിലെ ലോഡ്ജില് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.
Kerala
കൊച്ചി: പെരുമ്പാവൂരിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചനിലയിൽ. പൂപ്പാനി സ്വദേശി ഇന്ദിരയാണ് മരിച്ചത്. രാവിലെ ഇന്ദിരയെ വീട്ടിലെ മുറിയിൽ കാണാതായതോടെ, ഭര്ത്താവും മകനും ചേര്ന്ന് തെരഞ്ഞു. അപ്പോഴാണ് വീടിന് പുറത്ത് പൊള്ളലേറ്റ് നിലയിൽ മൃതദേഹം കണ്ടെത്തിയത്.
സമീപത്തു നിന്ന് മണ്ണെണ്ണ കുപ്പിയും ലഭിച്ചിരുന്നു. ഫൊറൻസിക് സംഘമെത്തി വിശദമായി തെളിവെടുപ്പ് നടത്തി. പോസ്റ്റുമോര്ട്ടം നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ. പെരുമ്പാവൂര് പൊലിസ് തുടര്നടപടികൾ സ്വീകരിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിലെ ഫത്തേപൂർ ബെരിയിൽ ജിം ട്രെയിനറെ ബൈക്കിലെത്തിയ രണ്ട് പേർ വെടിവച്ചു കൊന്നു. വിജയ് (28) എന്ന് യുവാവാണ് തിങ്കളാഴ്ച രാവിലെ 10 ന് കൊല്ലപ്പെട്ടത്. അയാ നഗർ ഗ്രാമത്തിൽ വച്ചാണ് സംഭവം.
വിവരമറിഞ്ഞ ഉടൻ തന്നെ പൊലിസ് സ്ഥലത്തെത്തി. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലിസ് സംശയിക്കുന്നത്. ഈ പ്രദേശത്ത് കുറച്ച് മാസങ്ങൾക്ക് മുമ്പും സമാനമായ രീതിയിൽ വെടിവെയ്പ്പ് നടന്നിട്ടുള്ളതാണ്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിയാനും പിടികൂടാനുമുള്ള അന്വേഷണം പൊലിസ് ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: പെരുമ്പാവൂരില് വയോധിക പൊള്ളലേറ്റ് മരിച്ചനിലയില്. പെരുമ്പാവൂര് പൂപ്പാനി സ്വദേശിയായ ഇന്ദിര ഭായിയെ (60) ആണ് മരിച്ചനിലയില് കണ്ടെത്തിയത്. ഇന്ന് രാവിലെ കാണാത്തതിനെ തുടര്ന്ന് ഭര്ത്താവും മകനും അന്വേഷിച്ചപ്പോഴാണ് വീടിനു പിന്നില് കത്തിക്കരിഞ്ഞ നിലയില് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിനടുത്തായി മണ്ണെണ്ണ കുപ്പിയും ഉണ്ടായിരുന്നു. പെരുമ്പാവൂര് പൊലിസും ഫോറന്സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഭര്ത്താവും 40 വസുള്ള മകനും ഇന്ദിരയും മാത്രമാണ് വീട്ടില് താമസിച്ചിരുന്നത്.
നാട്ടുകാരുമായി അധികം ബന്ധം ഇവര് പുലര്ത്തിയിരുന്നില്ല. പെരുമ്പാവൂര് പൊലിസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
National
ശ്രീനഗർ: ജമ്മു കഷ്മീറിലെ റിയാസി ജില്ലയിൽ ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കറ്റു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്. സാരംഗ്ധറിൽ നിന്നു റിയാസിയിലേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വാഹനം ഓടിക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മറിയുകയിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഒരാൾ മരിച്ചു. പരിക്കേറ്റ മറ്റ് ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പൊലിസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ കീസരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. വനസ്തലിപുരം സ്വദേശി അലേതി ശിരീഷ് കുമാറാണ് (38) മരിച്ചത്. ഷാമീർപേട്ടയിൽ നിന്ന് കേസര ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
അമിതവേഗത്തിയിലെത്തിയ കാർ ലോറിയുടെ പുറകിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാറിലുണ്ടായിരുന്ന ഡ്രൈവർ സംഭവസ്ഥലത്തുവച്ചു തന്നെ മരച്ചു.
വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
National
കൊഹിമ: നാഗാലാൻഡിലെ ടുഎൻസാംഗ് ജില്ലയിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് ഒൻപത് പേർ മരിച്ചു. ഇതേതുടർന്നു സംസ്ഥാനത്തുടനീളം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ടുഎൻസാംഗിലെ സിവിൽ ആശുപത്രിയിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് നാഗാലാൻഡ് ഡിജിപി രൂപൻ ശർമയാണ് ഞായറാഴ്ച റെഡ് അലർട്ട് പുറപ്പെടുവിച്ചത്. ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
മോൺ, മൊകോക്ചുംഗ്, ടുഎൻസാംഗ്, കിഫൈർ, ഷമാതോർ, നോക്ലാക് എന്നീ ജില്ലകളിലുള്ളവർ മദ്യം കഴിക്കരുതെന്ന് ഡിജിപി കർശന മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ വ്യക്തമാകുന്നതുവരെ മറ്റ് ജില്ലകളിലുള്ളവരും മദ്യപാനത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പൊലിസ് അഭ്യർഥിച്ചു.
Kerala
പാലക്കാട്: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത വാണിയംപാറയിൽ ബസ് കാത്തുനിന്ന നാല് പേരെ കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാഖ് ആണ് മരിച്ചത്.
റസാക്കിന്റെ ഭാര്യ ഷക്കീല വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ, എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ ആറിനായിരുന്നു അപകടം. ഉടനെ നാട്ടുകാർ ചേർന്ന് ഇവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അബ്ദുൽ റസാഖ് മരിച്ചു.
തൃശൂർ ദിശയിലേയ്ക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇവർക്കുമേൽ ഇടിച്ചു കയറുകയായിരുന്നു. കാറും ഡ്രൈവറെയും വടക്കഞ്ചേരി പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
National
പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറത്ത് മധ്യവയസ്കന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. കുഴിക്കാട്ടിൽ പറമ്പിൽ സതീഷ് കുമാർ (51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.
മീൻപിടിക്കാൻ വച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് കെണി ഒരുക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇലക്ട്രിക് വയറുകൾ കണ്ടെത്തിയിട്ടുണ്ട്. സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ ഘടിപ്പിച്ച വൈദ്യുതി വയറുകളാണ് പൊലിസ് കണ്ടെടുത്തത്.
മീൻ പിടിക്കുന്നതിനിടയിലാകാം ഇയാൾക്ക് ഷോക്കേറ്റത് എന്നാണ് കരുതുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ.
National
മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിൽ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പിക്കപ്പ് വാനിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചതെന്നാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വിവരമറിഞ്ഞ ഉടൻ തന്നെ പൊലിസും നാട്ടുകാരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്തുനിന്ന് പുറത്തെടുത്തു. ശക്തമായ കൂട്ടിയിടിയെ തുടർന്ന് ഈ പാതയിൽ കുറച്ചേറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു. അപകടകാരണത്തെക്കുറിച്ച് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
ജനീവ: കിഴക്കൻ സ്വിറ്റ്സർലൻഡിലുണ്ടായ വാഹനാപകടത്തിൽ ഡച്ച് വിനോദയാത്രക്കാർ സഞ്ചരിച്ച ബസ് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 40 പരിക്കേറ്റിട്ടുണ്ട്. ഗ്രാബ്യൂണ്ടൻ കന്റണിലെ സുഷ് ഗ്രാമത്തിന് സമീപമാണ് അപകടം സംഭവിച്ചത്.
നെതർലൻഡ്സിൽ നിന്നുള്ള 48 യാത്രക്കാരാണ് ഈ ബസിലുണ്ടായിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച നെതർലൻഡ്സിൽ നിന്ന് പുറപ്പെട്ട ബസ്, ഓസ്ട്രിയയിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക് ഒരു ദിവസത്തെ സന്ദർശനത്തിനായി വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
അപകടകാരണത്തെക്കുറിച്ചോ മരിച്ചവരുടെ വിവരങ്ങളെക്കുറിച്ചോ അധികൃതർ പുറത്തുവിട്ടിട്ടില്ല. യാത്രക്കാരുടെ കുടുംബങ്ങളെ വിവരമറിയിക്കുന്നതുവരെ ഔദ്യോഗിക വിവരങ്ങൾ പൂർണമായി പുറത്തുവിടാൻ കഴിയില്ലെന്ന് പൊലിസ് അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിലെ മുൻ ചീഫ് സെക്രട്ടറി രാകേഷ് മെഹ്ത (75) മരിച്ച നിലയിൽ. നോയ്ഡയിലെ വസതിയിലാണ് ഞായറാഴ്ച ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്നു പൊലിസ് അറിയിച്ചു.മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടു കാരണമാണ് കടുത്ത തീരുമാനമെന്ന് കുറിപ്പിലുള്ളതായി പൊലിസ് പറഞ്ഞു.
നോയിഡയിലെ ഒരു ഫ്ലാറ്റിൽ അഞ്ച് വർഷമായി ഒറ്റയ്ക്കു കഴിയുകയായിരുന്നു. വലതുകൈയിലും കാലിലും വിറയൽ അനുഭവപ്പെടുന്നതിനു പുറമെ ഉയർന്ന രക്തസമ്മർദം, പ്രമേഹം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടായിരുന്നു.
1975 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഡൽഹി മുനിസിപ്പൽ കോർപറേഷൻ കമ്മിഷണർ ഉൾപ്പെടെ വിവിധ പദവികൾ വഹിച്ചു. 2007 മുതൽ മൂന്നു വർഷം ഡൽഹി ചീഫ് സെക്രട്ടറിയായിരുന്നു. 2010ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ സംഘാടകരിലൊരാളായിരുന്നു.
District News
ചേർത്തല: കുടുംബവുമായി പിരിഞ്ഞ് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരസഭ 15-ാം വാർഡ് കണ്ണാറവെളി വേണുഗോപാൽ (53) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് മൃതദേഹം കാണപ്പെട്ടത്. അഴുകിയ നിലയിൽ കാണപ്പെട്ട മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ടിഎംഎംസി കമ്പനിയിലെ ജീവനക്കാരനായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: മീനിമോൾ. മകൾ: കൃഷ്ണപ്രിയ.
National
ബംഗളൂരു: ബംഗളൂരുവിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ രാഘവേന്ദ്ര (38), ഭാര്യ ശ്രുതി രാഘവേന്ദ്ര (30) എന്നിവരാണ് മരിച്ചത്.
കുടുംബവഴക്കിനെത്തുടർന്നാണ് മരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് ദമ്പതികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ രണ്ട് കുട്ടികൾ നിലവിൽ ദാവണഗരെയിലുള്ള ശ്രുതിയുടെ മാതാപിതാക്കളുടെ കൂടെയാണ് കഴിയുന്നത്.
മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളും മറ്റ് വിവരങ്ങളും പൊലിസ് പരിശോധിച്ചുവരികയാണ്. സംഭവത്തില് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
റിയാദ്: റിയാദിൽ ആശുപത്രിയിൽ നിന്ന് കാണാതായ മലയാളി യുവാവ് ബത്ഹയിലെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒല്ലൂർ പുത്തൂർ ആവണിശ്ശേരി പാലക്കൽ പരേതനായ തോമസിന്റെ മകൻ ടിൻസെൻ (38) ആണ് മരിച്ചത്. റിയാദ് സെൻട്രൽ കമ്മിറ്റി കെഎംസിസി വെൽഫെയർ വിഗിന്റെ ഇടപെടലിനെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
കഴിഞ്ഞ മെയ് 18-ന് അബോധാവസ്ഥയിലായ ടിൻസനെ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശുമൈസി കിഗ് സഊദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും, ഓർമശക്തി പൂർണമായി വീണ്ടെടുക്കുന്നതിന് മുൻപ് ഇയാൾ ജനറൽ വാർഡിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
സൗദി അറേബ്യയിലെത്തിയിട്ട് അഞ്ചു വർഷമായ ടിൻസൻ, രണ്ടു വർഷം മുമ്പ് വരെ റിയാദ് എക്സിറ്റ് 17-ലെ ഒരു ടയർ കടയിലാണ് ജോലി ചെയ്തിരുന്നത്. താമസരേഖയായ ഇഖാമയുടെ കാലാവധി കഴിഞ്ഞിരുന്ന ഇയാൾ ജോലിയും പണവുമില്ലാതെ കടുത്ത മാനസിക വിഷമത്തിലായിരുന്നു.
ആശുപത്രിയിൽ നിന്ന് കാണാതായ ടിൻസനെ സാമൂഹിക പ്രവർത്തകർ കണ്ടെത്തി നാട്ടിലേക്ക് അയക്കാൻ ശ്രമിച്ചെങ്കിലും സഹകരിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തോളമായി ബത്ഹയിൽ അലഞ്ഞുതിരിഞ്ഞു നടന്ന ഇയാളെ, കഴിഞ്ഞ മാസം 22-നാണ് ഒരു ബഹുനില കെട്ടിടത്തിന്റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശുമൈസി ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വെൽഫെയർ വിഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശ്രമത്തിലാണ് നാട്ടിലെത്തിച്ചത്. മാതാവ്: റീന തോമസ്, ഏക സഹോദരി: ടീന ബിജു. സംസ്കാര ശുശ്രൂഷകൾ ഒല്ലൂർ സെന്റെ ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ നടന്നു.
Kerala
കൊല്ലം: ശാസ്താംകോട്ട കായലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. 19 കാരിയായ അഭിരാമി, 26 കാരൻ രാജീവ് എന്നിവരാണ് മരിച്ചത്. ഇരുവരും പൂയപ്പള്ളി വാളിയോട് സ്വദേശികളാണ്. ആറ് മാസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
ഇന്ന് രാവിലെ കായലിൽ അഭിരാമിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ രാജീവിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. രാജീവിന്റെ പക്കൽ നിന്നും ചില മെഡിക്കൽ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില് പൊലിസ് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
District News
ഇലഞ്ഞി: ഓട്ടോറിക്ഷാ ഡ്രൈവറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇലഞ്ഞി പെരുമ്പടവും ചിറക്കെകുന്നേൽ സി. ജയപ്രകാശിനെ (56) ആണ് ഇന്നലെ ഉച്ചയോടെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ത്യാലിലാണ് ഓട്ടോ ഓടിച്ചിരുന്നത്. രണ്ടു ദിവസമായി കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് ജയപ്രകാശിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കുറച്ചുകാലമായി ജയപ്രകാശ് തനിച്ചായിരുന്നു താമസം. കൂത്താട്ടുകുളം പൊലിസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു. മരണകാരണം വ്യക്തമല്ല. മൃതദേഹം കൂത്താട്ടുകുളം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് ഇന്ന് വിട്ടുനൽകും.
Kerala
പരപ്പ: മലയാളി നഴ്സിനെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ സ്റ്റാഫ് നഴ്സായിരുന്ന ബിരിക്കുളം സ്വദേശി ചിപ്പി (36) ആണ് മരിച്ചത്.
മൂന്നുവർഷമായി ഇവിടെ ജോലിചെയ്തു വരികയായിരുന്നു. പരേതനായ കരിപ്പാടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ്.
ഭർത്താവ്: രതീഷ് (ദക്ഷിണാഫ്രിക്ക). മക്കൾ: അനുനന്ദ, ദിവ്യ. സൗദിയിലെ മലയാളി സംഘടനകളുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. വിവരമറിഞ്ഞ് ഭർത്താവ് രതീഷ് നാട്ടിലെത്തിയിട്ടുണ്ട്.
National
ന്യൂഡല്ഹി: ഡല്ഹിയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ തെക്കുപടിഞ്ഞാറൻ ജില്ല ഒഴികെയുള്ള ഡൽഹിയുടെ മറ്റ് ഭാഗങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളിൽ ഡൽഹിയുടെ വിവിധയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരക്ഷണ കേന്ദ്രം അറിയിച്ചു.
മഴക്കെടുതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ആസാം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി ഇതുവരെ 11 പേർ മരിച്ചു.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡീഷ, ഹിമാചൽപ്രദേശ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ സെപ്റ്റംബർ ഏഴ് വരെ മഴ തുടരാൻ സാധ്യതയുണ്ട്. ഡെറാഡൂൺ, തെഹ്രി, ഉത്തരകാശി, നൈനിറ്റാൾ, ചമ്പാവത്, ഉധം സിംഗ് നഗർ, പിത്തോറഗഡ്, ബാഗേശ്വർ തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പ്രളയസാധ്യത മുൻനിർത്തി ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജമ്മു കാഷ്മീർ എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം നദികളിലെ ജലനിരപ്പ് ഉയരുന്നതും പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യതയും കാരണം ജാര്ഖണ്ഡും ഉത്തര്പ്രദേശും അതീവ ജാഗ്രതയിലാണ്. പലയിടത്തും റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. ട്രെയിൻ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ വീട്ടമ്മയെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി. കശേവ്പുരം സ്വദേശി ഉമാ കുശ്വാഹ (60)യാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്. വീടിനുള്ളിലെ കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ പാടുണ്ടായിരുന്നതിനാൽ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലിസിന്റെ സംശയം. വീട്ടുസാധനങ്ങളും അലമാരകളും വാരിവലിച്ചിട്ട നിലയിലായിരുന്നു.
രാത്രി പത്തിന് വീട്ടിലെ വാട്ടർ പമ്പ് ഓണാക്കാൻ എത്തിയ വാടകക്കാരിയാണ് ഉമായെ കസേരയിൽ അനക്കമില്ലാതെ ഇരിക്കുന്നതായി ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉമയുടെ ഭർത്താവ് ശിവ്മംഗൽ കുശ്വാഹയെ വിവരമറിയിക്കുകയായിരുന്നു. ആദ്യം ഹൃദയാഘാതമാണെന്നാണ് കരുതിയതെങ്കിലും, കഴുത്തിലെ പാടും വീടിനുള്ളിലെ അലങ്കോലപ്പെട്ട അവസ്ഥയും കണ്ടതോടെയാണ് കൊലപാതകമാണെന്ന് സംശയിച്ചത്.
വിവരം അറിഞ്ഞ ഉടൻ തന്നെ പൊലിസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങൾ വ്യക്തമല്ലെന്ന് പൊലിസ് പറഞ്ഞു. മോഷണമാണോ അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും നഷ്ടപ്പെട്ട പണത്തെയും വിലപിടിപ്പുള്ള വസ്തുക്കളെയും കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലിസ് അറിയിച്ചു.
ഉമയുടെ മൂത്ത മകൻ അമ്രേഷിന്റെ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാര മാത്രമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇളയ മകൻ ആശിഷിന്റെ അലമാര മോഷ്ടാക്കൾ തുറന്നിട്ടില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
International
ദുബായി: കാണാതായ കസാഖിസ്ഥാൻ സ്വദേശിനികളായ സഹോദരിമാരെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓഗസ്റ്റ് 17 മുതൽ ഇരുവരെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ ദുബായിലെ കസാഖിസ്ഥാൻ കോൺസുലേറ്റിൽ പരാതിപ്പെടുകയായിരുന്നു. കോൺസുലേറ്റ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ് നടത്തിയ പരിശോധനയിലാണ് ഫ്ലാറ്റിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്.
കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും ബ്യൂട്ടി സലൂൺ ജോലിക്കായി ദുബായിലെത്തിയത്. സെപ്റ്റംബർ ആദ്യം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയത് റഷ്യൻ സംസാരിക്കുന്ന മറ്റൊരു കസാഖ് സ്വദേശിയാണ്.
മരണകാരണം സംബന്ധിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിശദമായ റിപ്പോർട്ട് പുറത്തുവിടുമെന്ന് പൊലിസ് അറിയിച്ചു.
Kerala
ചാവക്കാട്: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഇന്നു ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് ചാക്കോ വധക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് മാപ്പുസാക്ഷിയായി ഒടുവിൽ നിരപരാധിയെന്നുകണ്ട് വിട്ടയയ്ക്കപ്പെടുകയും ചെയ്ത ചാവക്കാട് സ്വദേശി ഷാഹു. കുറുപ്പിന് ഇപ്പോൾ 88നു മുകളിൽ പ്രായമുണ്ടാകും. അയാൾ മരിച്ചിരിക്കാനാണു സാധ്യതയെന്നും ചാവക്കാട് കടപ്പുറം തൊട്ടാപ്പ് സ്വദേശിയും ഇപ്പോൾ എടക്കഴിയൂരിൽ താമസക്കാരനുമായ ഷാഹു പറയുന്നു.
ആദ്യകാലത്ത് കേസുമായി ബന്ധപ്പെട്ട് മാവേലിക്കരയിൽ പോകുന്പോൾ സുകുമാരക്കുറുപ്പ് വടക്കേ ഇന്ത്യയിൽ എവിടെയോ ഉണ്ടെന്നു തന്നോടു പറഞ്ഞിരുന്ന ബന്ധുക്കൾ പിന്നീടു പറഞ്ഞത് ഒരു വിവരവുമില്ലെന്നാണ്. തന്റെ ജീവിതം തകർത്ത കുറുപ്പിനെ നേരിൽക്കണ്ടാൽ മുഖത്ത് കാറിത്തുപ്പുമെന്നും ഷാഹു പറയുന്നു. കോടതി നിരപരാധിയെന്നു കണ്ടെത്തി വിട്ടയച്ചെങ്കിലും കുടുംബക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ താൻ ഇപ്പോഴും എൻഎച്ച് (കൊലപാതകം നടന്ന ദേശീയപാത) ഷാഹുവാണ്.
അന്നത്തെ സംഭവം ഷാഹു പറയുന്നു:
അബുദാബിയിൽ സുകുമാരക്കുറുപ്പ് ജോലി ചെയ്തിരുന്ന ഓഫീസിലെ പ്യൂണായിരുന്നു ഞാൻ. കുടുംബമായി താമസിച്ചിരുന്ന കുറുപ്പിന്റെ വീട്ടിൽ ഇടയ്ക്കു പോയിരുന്നതുകൊണ്ട് വലിയ അടുപ്പമായിരുന്നു. അന്ന് കുറുപ്പ് നാട്ടിൽ പോയപ്പോൾ ആവശ്യപ്പെടാതെതന്നെ ലീവ് അനുവദിപ്പിച്ച് എന്നെയും ഒപ്പം കൂട്ടി. തിരുവനന്തപുരത്തു വിമാനമിറങ്ങി കുറുപ്പിന്റെ വീട്ടിലേക്കു കൊണ്ടുപോയി.
ചാക്കോയെ കാറിലിട്ട് കൊലപ്പെടുത്തിയശേഷം കുളിമുറിയിൽവച്ച് പെട്രോൾ ഒഴിച്ച് കത്തിക്കുന്പോൾ ഞാൻ അറിയാതെ നിലവിളിച്ചുപോയി. ഇയാളെ കിട്ടിയതു നിന്റെ ഭാഗ്യം, ആരെയും കിട്ടിയില്ലെങ്കിൽ നിന്നെ തട്ടാനാണു കൊണ്ടുവന്നതെന്നു കുറുപ്പ് പറഞ്ഞപ്പോൾ ശരിക്കും ഞെട്ടി. എന്നെ ആശ്വസിപ്പിച്ച കുറുപ്പ്, ചാക്കോയുടെ വിരലിലെ സ്വർണമോതിരം എനിക്ക് ഊരിത്തന്നു. എന്നെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ഞാൻ വിറ്റ മോതിരം ചാവക്കാട്ടെ പഴയ പാലത്തിനു സമീപത്തെ സ്വർണപ്പണിക്കാരനിൽനിന്ന് പോലീസ് കണ്ടെടുത്തു.
സുകുമാരക്കുറുപ്പ് 42 വർഷംമുന്പ് സമ്മാനിച്ച ചീത്തപ്പേരുമായി പോലീസ് സ്റ്റേഷൻ, ജയിൽ, കോടതി കയറിയിറങ്ങി ജീവിതം തുലഞ്ഞു. ഉപജീവനത്തിനു മത്സ്യബന്ധനവും ഇടയ്ക്ക് മത്സ്യക്കച്ചവടവുമായി കഴിയുകയാണ് ഷാഹു ഇപ്പോൾ.
Kerala
ആലപ്പുഴ: നഗരത്തിൽ നിർമാണം നടക്കുന്ന കാനയിൽ വീണ് വയോധികൻ മരിച്ചു. കാഞ്ഞിരംചിറ സ്വദേശി മഹേഷ് മാനുവൽ (66) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് മഹേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമാണം നടക്കുന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാതിരുന്നതാണ് വയോധികന്റെ മരണത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിലെ മധുരാന്തകത്തിന് സമീപം കാറിന്റെ ടയർ പൊട്ടിത്തെറിച്ച് മൂന്ന് കോളജ് വിദ്യാർഥികൾ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. രാജ് പ്രസാദ്, ദുതേരൻ, ദീപക് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം.
പുതുച്ചേരിയിൽ നിന്ന് ചെന്നൈയിലെ കോളജിലേക്ക് പോവുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറിന്റെ പിൻവശത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലേക്ക് മറിയുകയുമായിരുന്നു.
ഉടൻ തന്നെ പോലീസും രക്ഷപ്രവർത്തകരും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലായിരിക്കെ മൂന്നു പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ റാംപ്രസാദ്, ലോകേശ്വവർ, ഹരികൃഷ്ണൻ, അനീശ്വർ എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.