മുംബൈ: മഹാരാഷ്ടയിലെ ബുൽദാനയിൽ പോലീസ് ഔദ്യോഗികമായി മരിച്ചതായി പ്രഖ്യാപിച്ച് കൊലപാതകക്കുറ്റം ചുമത്തി പിതാവിനെയും സഹോദരനെയും ജയിലിലടച്ച യുവതി ഒരു മാസത്തിന് ശേഷം ജീവനോടെ സ്റ്റേഷനിലെത്തി. ശിവാനി കൽമേക്കർ എന്ന യുവതിയാണ് മധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെ ജീവനോടെ മഹാരാഷ്ട്ര പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്.
കഴിഞ്ഞ ഏപ്രിലിലാണ് ബുർഹാൻപൂർ ജില്ലയിൽ നിന്നും ശിവാനിയെയും സുഹൃത്തായ അരുൺ ദാദു കൽമേക്കറിനെയും കാണാതാവുന്നത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ, മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിൽ ജൽഗാവ് ജാമോദ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രജുര അണക്കെട്ടിന് സമീപം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ശാസ്ത്രീയമായ പരിശോധനയോ, ഡിഎൻഎ ടെസ്റ്റോ നടത്താതെ ഈ മൃതദേഹം ശിവാനിയുടേതാണെന്ന് മഹാരാഷ്ട്ര പോലീസ് പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടർന്ന് ശിവാനിയുടെ പിതാവ് ബാപുരം കൽമേക്കർ, സഹോദരൻ അജയ് കൽമേക്കർ എന്നിവരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ശിവാനിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ ഖക്നാർ പോലീസ് നടത്തിയ സമാന്തര അന്വേഷണത്തിലാണ് നാസിക്കിന് സമീപം അരുണും ശിവാനിയും ഒന്നിച്ച് താമസിക്കുന്നതായി കണ്ടെത്തിയത്. പിന്നീട് ഇരുവരെയും മഹാരാഷ്ട്ര പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
നിരപരാധികളായ ബാപുരനെയും അജയെയും ജയിലിലടച്ച മഹാരാഷ്ട്ര പോലീസിന്റെ നടപടിക്കെതിരെ ബുർഹാൻപൂരിലും പരിസര പ്രദേശങ്ങളിലും ജനരോഷം ശക്തമാവുകയാണ്.
Tags : dead arrest murder alive