മഞ്ചേരി: നഗരസഭയിലെ സ്റ്റേഡിയം പരിസരത്ത് ജനവാസമേഖലയിലും കൃഷിയിടങ്ങളിലും നിരന്തരം ഭീതി വിതച്ച കാട്ടുപന്നികളെ വെടിവച്ചുകൊന്നു.
പ്രദേശത്തെ മനുഷ്യജീവനും വ്യാപകമായ കൃഷിനാശത്തിനും ഭീഷണിയായി മാറിയ നാല് കാട്ടുപന്നികളെയാണ് കര്‍ഷകരുടെയും നാട്ടുകാരുടെയും നിരന്തരമായ പരാതികളെ തുടര്‍ന്ന് വനംവകുപ്പിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ വെടിവെച്ചുകൊന്നത്. രൂക്ഷമായ കാട്ടുപന്നി ശല്യത്തെ തുടര്‍ന്ന് സ്റ്റേഡിയം വാര്‍ഡിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലായിരുന്നു.
രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടുപന്നികള്‍ തെങ്ങ്, വാഴ, കപ്പ തുടങ്ങിയ ഒട്ടുമിക്ക കൃഷികളും വ്യാപകമായി നശിപ്പിക്കുന്നത് പതിവായിരുന്നു. കൃഷിനാശത്തിന് പുറമെ, വഴി യാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും നേരെ പന്നികള്‍ തിരിയുന്നതും അപകടത്തിന് വഴിയൊരുക്കി.
വാര്‍ഡ് കൗണ്‍സിലര്‍ സുലൈഖ ജലീലിന്റെ ആവശ്യപ്രകാരം നഗരസഭയുടെ അംഗീകൃത ഷൂട്ടര്‍മാരായ കെ.വി. നൗഷാദ്, കെ.വി. ഇല്യാസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക വേട്ടനായ്ക്കളുടെ സഹായത്തോടെയാണ് പന്നികളെ കണ്ടെത്തിയത്. തുടര്‍ന്ന് പന്നികളെ ഭക്ഷ്യയോഗ്യമല്ലാത്ത വിധത്തില്‍ സംസ്കരിക്കുകയും ചെയ്തു.
Tags : nattu vishesham Crop damage: Wild boars dead