ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4.80 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. ബാങ്കോക്കിൽനിന്നെത്തിയ ഇന്ത്യൻ പൗരനിൽനിന്നാണു ഹൈഡ്രോപോണിക് വീഡ് എന്നറിയപ്പെടുന്ന കഞ്ചാവ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. ഇയാളെ മയക്കുമരുന്ന് നിരോധന നിയമമായ എൻഡിപിഎസ് നിയമത്തിനു കീഴിൽ അറസ്റ്റ് ചെയ്തു.
മണ്ണിൽ വളർത്തുന്നതിനു പകരം പ്രത്യേക ജലാധിഷ്ഠിത പോഷക മിശ്രിതത്തിൽ വളർത്തുന്ന ഹൈഡ്രോപോണിക് കഞ്ചാവിന് കരിഞ്ചന്തയിൽ ഉയർന്ന വിലയാണ്. ഏകദേശം 13.84 കിലോ തൂക്കം വരുന്ന കഞ്ചാവാണ് ഇയാൾ ബാങ്കോക്കിൽനിന്ന് ഇന്ത്യയിലേക്കു കടത്തിയത്.
വിമാനത്താവളത്തിന്റെ ഗ്രീൻ ചാനൽ വഴി കടന്ന ഇയാളെ അധികൃതർ പരിശോധനയ്ക്കായി തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് ബാഗുകൾ എക്സ്റേ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ സംശയം തോന്നിപ്പിക്കുന്ന ചില വസ്തുക്കൾ ശ്രദ്ധയിൽപ്പെടുകയും വിശദമായ പരിശോധനയിൽ ലഹരിമരുന്ന് പിടികൂടുകയുമായിരുന്നു.