പ്രതീകാത്മക ചിത്രം
22ന് ആലപ്പുഴ പുന്നമടക്കായലിൽ 72-ാമത് നെഹ്റുട്രോഫി ജലമേളനടക്കുകയാണ്. നാട്ടുരാജാക്കൻമാർ യുദ്ധത്തിനുപയോഗിച്ചിരുന്ന വള്ളങ്ങൾ പിന്നീട് മത്സരവള്ളംകളിയിലെ ജലരാജാക്കന്മാരായതിനു പിന്നിലെ രസകരമായ പരിണാമത്തെയും വള്ളംകളിക്കായുള്ള കുട്ടനാടൻ ഗ്രാമങ്ങളുടെ ഒരുക്കത്തെയും കുറിച്ച്...
ജലാശയങ്ങളിലൂടെയുള്ള യുദ്ധത്തിന് അതിവേഗത്തിൽ പടക്കോപ്പുകളുമായി എതിർപാളയത്തിലേക്ക് പോകുന്നതിനായി നാട്ടുരാജ്യങ്ങൾ ഉപയോഗിച്ചിരുന്നതാണ് ഇന്ന് ജലമേളകളിലെ നിറസാന്നിധ്യമായ കളിവള്ളങ്ങൾ.
ശില്പികളുടെ കരവിരുതിൽ ജന്മമെടുത്ത ഇവ, കായികമേഖലയിൽ ജലാശയങ്ങളിലെ ജലരാജാക്കന്മാരായി. ചരിത്രരേഖകളിൽ ഇടംപിടിച്ച ചുണ്ടൻവള്ളങ്ങൾക്കൊപ്പം ആയുധശേഖരങ്ങളുമായി മറ്റ് കളിവള്ളങ്ങൾ ഒപ്പംനിന്നു.
ഈ കളിവള്ളങ്ങളെ ജലരാജാക്കന്മാരാക്കിയത് നാട്ടിൻപുറങ്ങളിലെ ബോട്ട്ക്ലബ്ബുകളാണ്. ടീം അംഗങ്ങളുടെ കായിക പ്രകടനത്തിൽ കേരളജനത ഒന്നായാണ് ആവേശം കൊള്ളുന്നത്. റേഡിയോയിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും ശ്രോതാക്കളുടെ ഹൃദയങ്ങളിൽ നെഹ്റു ട്രോഫി അടക്കമുള്ള മത്സര വള്ളംകളികൾ ഇടം പിടിച്ചുകഴിഞ്ഞു.
ജലാശയങ്ങളോടു ചേർന്നുള്ള ഗ്രാമങ്ങളിൽ ബോട്ട് ക്ലബ്ബുകൾ രൂപം കൊള്ളുന്നത് കരകൾ തമ്മിലുള്ള മത്സരത്തിൽ നിന്നാണ്. നൂറ്റാണ്ടുകളായി കുട്ടനാടിന്റെ വികാരമാണ് വള്ളംകളി. കാറ്റിനെയും മഴയെയും വെള്ളപ്പൊക്കത്തെയും അതിജീവിച്ച് കൃഷി ചെയ്യുന്ന കർഷകരും കർഷകത്തൊഴിലാളികളും വിളവെടുപ്പിനുശേഷം ഉല്ലാസത്തിനായാണ് മത്സര വള്ളംകളികൾ നടത്തിത്തുടങ്ങിയത്. ഒരു പഞ്ചായത്തിൽതന്നെ പല ക്ലബ്ബുകളുണ്ടാകും.
സ്വാഭാവികമായി ആ കരയിൽ വാശിയേറിയ തുഴച്ചിൽ മത്സരവുമുണ്ടാകും. ക്ലബുകളുടെ പ്രദേശത്തെ കായികപ്രേമികളുടെ പൊതുയോഗം വിളിച്ചുചേർത്ത് മത്സര വള്ളംകളിക്കാവശ്യമായ പൊതു തീരുമാനങ്ങൾക്ക് രൂപം നൽകുകയാണ് ആദ്യപടി. തുടർന്ന് ഇതിലേക്കാവശ്യമായ സാമ്പത്തിക സമാഹരണത്തിനും ആരോഗ്യവാന്മാരായ യുവാക്കന്മാരെ ടീമിലേക്ക് കണ്ടെത്താനും സബ് കമ്മിറ്റികൾക്ക് രൂപം നൽകും.
തെരഞ്ഞെടുക്കുന്ന ടീം അംഗങ്ങൾക്ക് പട്ടാള ചിട്ടയോടെയുള്ള പരിശീലനമാണ് നൽകുക. തുടർന്ന് മത്സരത്തിനായി കളിവള്ളം നാട്ടിലെത്തിക്കുന്നതിനുവേണ്ടി നാട്ടിൽ അറിയപ്പെടുന്ന ജ്യോതിഷിയെ കണ്ട് സമയം കുറിക്കും. അങ്ങനെ നിശ്ചയിക്കുന്ന മുഹൂർത്തത്തിൽ വള്ളപ്പുരയിൽനിന്ന് വള്ളമിറക്കി കൊണ്ടുവരുന്നതോടെ മത്സരത്തിന്റെ ട്രയൽസ് ആരംഭിക്കും.
ട്രയലുകളിൽ പങ്കെടുക്കുന്ന ടീമംഗങ്ങൾ എല്ലാ അർഥത്തിലും ശുദ്ധമായ ജീവിതശൈലിയിലൂടെ വേണം നീങ്ങുവാൻ. ഒപ്പം മറ്റു ക്ലബ്ബുകളിൽനിന്ന് ടീം അംഗങ്ങൾക്കിടയിൽ ചാര പ്രവർത്തനങ്ങൾ നടത്തി, ക്ലബ്ബിനെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കും. ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കാൻ സംഘാടകരിൽനിന്ന് ഒരു വിദഗ്ധ ടീമിനെ കണ്ടെത്തും.
അങ്ങനെ ട്രയൽ ആരംഭിച്ചു കഴിഞ്ഞാൽ കരയുടെ വള്ളം ഇപ്രാവശ്യം വിജയിക്കണമെന്ന പ്രാർഥനയിലായിരിക്കും അവിടത്തെ ആബാലവൃദ്ധം ജനങ്ങളും. ദിവസവും അതത് മതാചാരങ്ങളോടെയുള്ള പ്രാർഥനകളിലേക്ക് കരക്കാർ നീങ്ങും. മത്സരവേദിയിലേക്കു പോകുന്ന വഴി നാട്ടിൻപുറത്തെ എല്ലാ ദേവാലയങ്ങളിലും വള്ളത്തിൽ ടീമംഗങ്ങളെത്തി പ്രാർഥന നടത്തും.
മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് ക്ലബ്ബുകളുടെ പ്രകടനം നാലാൾ കൂടുന്നയിടത്തെല്ലാം വലിയ ചർച്ചകളിലേക്കും വാതുവയ്പുകളിലേക്കും നീങ്ങും. നാടിന്റെ യശസു നിലനിർത്താൻ വേണ്ടിയുള്ള പോരാട്ടത്തിൽ കഴിഞ്ഞകാലങ്ങളിൽ ശത്രുക്കളായിരുന്നവർ വള്ളത്തിന്റെ ഇരുവശങ്ങളിലും തൊട്ടുരുമ്മിയിരുന്നുള്ള പരിശീലനത്തിലൂടെ സ്നേഹിതരായി മാറും.
മത്സരത്തിൽ പരാജയം സംഭവിച്ചാൽ തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റോടെ അടുത്തവർഷം ഇതിന് പ്രതികാരം വീട്ടാം എന്ന പ്രതിജ്ഞയോടെ തുടർകൃഷിക്കായി കർഷകരും കർഷകത്തൊഴിലാളികളും കൃഷിയിടങ്ങളിലേക്കു നീങ്ങും.
എന്നാൽ, നാട്ടിൻപുറങ്ങളിലെ ഇത്തരം ജല കായിക മേളകളിലെ കൂട്ടായ്മകൾക്ക് പകരം സമർഥരായ തുഴച്ചിൽക്കാരെ പുറത്തുനിന്നെത്തിച്ച് ക്ലബ്ബുകളുണ്ടാക്കുന്ന രീതി വള്ളംകളിയുടെ അന്തഃസത്തയ്ക്കും അതുവഴി കുട്ടനാട്ടിലെ ജനജീവിതത്തിലുണ്ടായിക്കൊണ്ടിരുന്ന ആവേശത്തിനും മങ്ങലേൽപ്പിക്കുന്നുണ്ടോ എന്ന സംശയം ബാക്കി.
(1978 മുതൽ നെഹ്റുട്രോഫി സൊസൈറ്റിയുടെ എക്സിക്യൂട്ടീവ്
കമ്മിറ്റിയംഗവും 1986ൽ രൂപം കൊണ്ട വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ
മുൻ സെക്രട്ടറിയും, നിലവിൽ രക്ഷാധികാരിയുമാണ് ലേഖകൻ)
Tags : WaterBattles Competitive BoatRacing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash