കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
ബംഗളൂരു: പൊതുമേഖലയിൽ രാജ്യത്തെ ആദ്യത്തെ എഐ സർവകലാശാല ബംഗളൂരുവിൽ സ്ഥാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സ്വാതന്ത്ര്യദിനത്തിൽ ബംഗളൂരു ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
2027 ജനുവരിയോടെ എഐ സർവകലാശാലയിലെ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കും. "എഐ അക്ഷര അഭിയാന', "കോഡിംഗ് ഗുരുകുലം' എന്നീ പദ്ധതികളിലൂടെ സംസ്ഥാനത്തെ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ എഐ കോഡിംഗ് പഠനം നിർബന്ധമാക്കും.
വിവിധ സർക്കാർ വകുപ്പുകളിലായുള്ള 72,000 ഒഴിവുകളിലേക്ക് അടുത്ത ആറു മാസത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കും. പിന്നാക്ക ജില്ലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്പനികൾക്ക് ഒരു തൊഴിലിന് പ്രതിമാസം 2,500 രൂപ വീതം രണ്ടു വർഷത്തേക്ക് ധനസഹായം നൽകുന്ന "ഉദ്യോഗ നിധി' പദ്ധതിയും തൊഴിലന്വേഷകരെ സഹായിക്കാൻ "യുവ ഉദ്യോഗ സേതു' പോർട്ടലും ആരംഭിക്കും.
വികസനം ബംഗളൂരുവിൽ മാത്രം ഒതുങ്ങാതെ മംഗളൂരു, മൈസൂരു, ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി, കലബുറഗി എന്നിവിടങ്ങളിൽ ഗ്ലോബൽ ടെക്നോളജി സെന്ററുകൾ സ്ഥാപിക്കും.
ഡ്രോണുകളും ഉപഗ്രഹങ്ങളും ഉപയോഗിച്ച് വിള നിരീക്ഷണം നടത്തുന്നതിന് "സിഎം റൈത ചൈതന്യ യോജന' പദ്ധതിയും കാർഷികോപകരണങ്ങളുടെ വാടകയിൽ 50 % സബ്സിഡി നൽകുന്ന "റൈത മിത്ര' പദ്ധതിയും നടപ്പിലാക്കും.
കൂടാതെ, ഗ്രാമീണമേഖലയിലെ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പ്രൊഫഷണൽ കോഴ്സുകളിൽ 7.5 % അധിക സംവരണം, നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ 117 കിലോമീറ്റർ ബിസിനസ് കോറിഡോർ, തുടങ്ങിയ പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നടത്തി.
Tags : AIUniversity Bengaluru DKSivakumar SetUp Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash