പ്രതീകാത്മക ചിത്രം.
കുഞ്ഞിന്റെ വളർച്ചാഘട്ടത്തിൽ മാതാപിതാക്കളുടെ 'ഗന്ധ'ത്തിനു വലിയ പങ്കുണ്ടത്രെ! അതേസമയം, അമ്മയുടെയും അച്ഛന്റെയും ഗന്ധം രണ്ടു രീതിയിലാണു കുഞ്ഞിൽ പ്രവർത്തിക്കുന്നതെന്നും ഗവേഷകർ. കുഞ്ഞുമായുള്ള മാതാപിതാക്കളുടെ ബന്ധത്തിൽ സുപ്രധാന കണ്ടെത്തൽ നടത്തിയിരിക്കുകയാണു ശാസ്ത്രലോകം. അമ്മയുടെ ഗന്ധം കുഞ്ഞുങ്ങളെ ശാന്തമാക്കാനും, ഉറങ്ങാനും സഹായിക്കും. ഗർഭകാലത്ത് അമ്മയുടെ ഗന്ധവുമായി പൊരുത്തപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ആ ഗന്ധം നൽകുന്ന സുരക്ഷിതത്വം ചെറുതല്ല. എന്നാൽ ഗർഭകാലത്തെ ജൈവികമായ ഈ മുൻതൂക്കം അച്ഛനില്ലെങ്കിലും, അച്ഛന്റെ ശരീരഗന്ധം കുഞ്ഞിന്റെ വളർച്ചയിൽ മറ്റു ചില പങ്കുകൾ വഹിക്കുന്നുണ്ട്. കുഞ്ഞിന്റെ മസ്തിഷ്ക വളർച്ചയിലും സാമൂഹിക ബന്ധങ്ങൾ രൂപപ്പെടുന്നതിലും അച്ഛന്റെ ഗന്ധം വലിയ പങ്കുവഹിക്കുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു.
നവജാത ശിശുക്കളിൽ കാഴ്ചയും കേൾവിയും വികസിക്കുന്നതിനു വളരെ മുമ്പേ തന്നെ ഘ്രാണശേഷി വികസിക്കുന്നു. കുഞ്ഞുങ്ങളുടെ വൈകാരിക വികാസത്തെയും സാമൂഹിക പ്രതികരണങ്ങളെയും അമ്മയുടെ ശരീരഗന്ധം സ്വാധീനിക്കുന്നുണ്ടെന്നു നേരത്തെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അച്ഛന്റെ ശരീരഗന്ധത്തോടുള്ള കുഞ്ഞിന്റെ പ്രതികരണം ഇതുവരെ വിശദമായി പഠിച്ചിരുന്നില്ല. കുഞ്ഞിന്റെ വളർച്ചയിൽ, അച്ഛന്റെ ഇടപെടലുകളെക്കുറിച്ചു സുവ്യക്തമായ ധാരണയേകുന്നതാണു പുതിയ കണ്ടെത്തലുകളെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.
നാൽപതോളം അച്ഛൻ-ശിശു ജോഡികളെയാണു ഗവേഷകർ പഠനവിധേയമാക്കിയത്. അച്ഛൻ തുടർച്ചയായി രണ്ടു രാത്രികൾ ധരിച്ച ടി-ഷർട്ടുകൾ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു. അതിനുശേഷം കുഞ്ഞിനെ വിവിധ സാഹചര്യങ്ങളിൽ ഗവേഷകർ നിരീക്ഷിച്ചു. സ്വന്തം അച്ഛനുമായി നേരിട്ട് ഇടപെടുന്ന സാഹചര്യം; അപരിചിതനായ ഒരാളുമായി ഇടപെടുമ്പോൾ അച്ഛൻ ധരിച്ച ടി-ഷർട്ട് കണ്ടെയ്നർ തുറന്നു സമീപത്തുവച്ച സാഹചര്യം, ഗന്ധമില്ലാത്ത പുതിയ ടി-ഷർട്ട് കുഞ്ഞിന്റെ സമീപത്തു വച്ചത് എന്നിങ്ങനെ മൂന്നു രീതിയാണു ഗവേഷകർ അവലംബിച്ചത്.

ഈ സമയങ്ങളിൽ, കുഞ്ഞിന്റെയും മുതിർന്നവരുടെയും മസ്തിഷ്കതരംഗങ്ങൾ ഇഇജി ഉപയോഗിച്ച് ഒരേസമയം രേഖപ്പെടുത്തി. നൃത്തത്തിലേർപ്പെടുന്പോൾ, രണ്ടു വ്യക്തികൾ ഒരേ താളത്തിനൊത്തു ചലിക്കുന്നതുപോലെ, കുഞ്ഞും മുതിർന്നയാളും തമ്മിലുള്ള മസ്തിഷ്ക പ്രവർത്തനങ്ങൾ എത്രത്തോളം പൊരുത്തപ്പെടുന്നുണ്ടെന്നാണു ഗവേഷകർ ഇതിലൂടെ പഠിച്ചത്.
നേരിട്ട് ഇടപെട്ട സാഹചര്യത്തിൽ, അപരിചിതരായ പുരുഷന്മാരേക്കാൾ സ്വന്തം അച്ഛനുമായി കുഞ്ഞുങ്ങളുടെ മസ്തിഷ്കം വേഗത്തിലും ആഴത്തിലും പൊരുത്തപ്പെടുന്നതായി കണ്ടെത്തി. അപൂർവമായ മറ്റൊരു കാര്യം കൂടി ഗവേഷകർക്ക് ഇതിലൂടെ കണ്ടെത്താനും കഴിഞ്ഞു. അപരിചിതനായ ഒരാളുമായി ഇടപെടുന്പോൾ, അച്ഛന്റെ ഗന്ധമുള്ള ടി-ഷർട്ട് സമീപത്തുണ്ടെങ്കിൽ, യഥാർഥ അച്ഛനോടൊപ്പമുള്ളപ്പോൾ ലഭിക്കുന്നതിനു സമാനമായ രീതിയിൽ കുഞ്ഞിന്റെ അപരിചിതന്റെയും മസ്തിഷ്ക തരംഗങ്ങൾ തമ്മിൽ സമന്വയം ഉണ്ടാകുന്നതായി ഗവേഷകർക്കു നിരീക്ഷിക്കാൻ കഴിഞ്ഞു. അച്ഛന്റെ ഗന്ധം അനുഭവപ്പെടുമ്പോൾ കുഞ്ഞുങ്ങൾ അപരിചിതരോടു കൂടുതൽ സന്തോഷം പ്രകടിപ്പിക്കുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു.
കുട്ടിയുടെ ദൈനംദിന പരിചരണത്തിൽ അച്ഛൻ എത്രത്തോളം സജീവമാകുന്നുണ്ട് എന്നതും ഈ ബന്ധത്തെ സ്വാധീനിക്കുന്നു. കൂടുതൽ സമയം കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കുന്ന അച്ഛന്റെ ഗന്ധത്തോടു കുഞ്ഞിൽനിന്നു ശക്തമായ പ്രതികരണമാണുണ്ടായത്. അതായത്, കുഞ്ഞിന്റെ ദൈനംദിന ജീവിതത്തിലുള്ള അച്ഛന്റെ ഇടപെടലിന്റെ ആഴമനുസരിച്ച് കുഞ്ഞിന്റെ പ്രതികരണവും ശക്തമാകുന്നതായി പഠനത്തിൽ വ്യക്തമാക്കുന്നു.
അമ്മ-കുഞ്ഞ് ബന്ധം, അച്ഛൻ-കുഞ്ഞ് ബന്ധം വ്യത്യസ്ത വഴികളിലൂടെയാണു പ്രവർത്തിക്കുന്നത്. വൈകാരികതയുമായി ബന്ധപ്പെട്ട 'തീറ്റ റിഥം' (Theta rhythm) വഴിയാണ് അമ്മ-കുഞ്ഞ് ബന്ധം പ്രവർത്തിക്കുന്നത്. അതേസമയം, ശ്രദ്ധ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട 'ആൽഫ റിഥം' (Alpha rhythm) വഴിയാണ് അച്ഛൻ-കുഞ്ഞ് ബന്ധം പ്രവർത്തിക്കുന്നത്. കുഞ്ഞിന്റെ വളർച്ചയിലും സാമൂഹിക ഇടപെടലുകളിലും മാതാപിതാക്കൾ വ്യത്യസ്തമായതും എന്നാൽ തുല്യ പ്രാധാന്യമുള്ളതുമായ റോളുകളാണു നിർവഹിക്കുന്നതെന്നു ഗവേഷകർ പറയുന്നു.