ബംഗ്ലാദേശ് സർക്കാരും ചൈനയിലെ എക്സ്പോർട്ട്-ഇംപോർട്ട് ബാങ്കും കരാറിൽ ഒപ്പിട്ടു
ധാക്ക: ഇന്ത്യൻ അതിർത്തിയിലുള്ള മോംഗ്ല തുറമുഖത്തിന്റെ ആധുനികീകരണത്തിന് ചൈനയിൽ നിന്ന് 33.58 കോടി ഡോളറിന്റെ വായ്പയ്ക്ക് കരാർ ഒപ്പിട്ട് ചൈന. ഇന്ത്യൻ അതിർത്തിയിൽനിന്ന് 80 കിലോമീറ്റർ മാത്രം അകലെയാണ് മോംഗ്ല തുറമുഖം. മോംഗ്ലയിൽ രണ്ടു കണ്ടെയ്നർ ടെർമിനലുകളും ഡെഡിക്കേറ്റഡ് കാർഗോ ഹാൻഡ്ലിംഗ് യാർഡുകളും നിർമിക്കാനാണു ചൈന വായ്പ നൽകുക.
ബംഗ്ലാദേശ് സർക്കാരും ചൈനയിലെ എക്സ്പോർട്ട്-ഇംപോർട്ട് ബാങ്കും ശനിയാഴ്ചയാണ് വായ്പാ കരാറിൽ ഒപ്പിട്ടത്. 20 വർഷ കാലാവധിയിൽ വെറു രണ്ടു ശതമാനം പലിശയ്ക്കാണ് ചൈനയുടെ വായ്പ. ഛട്ടോഗ്രാം കഴിഞ്ഞാൽ ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ തുറമുഖമാണു മോംഗ്ല. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ചൈനാ സന്ദർശനത്തിനു പിന്നാലെയാണ് വായ്പാ കരാറിനു ധാരണയായത്.
മോംഗ്ല തുറമുഖത്തിനു സമീപം 110 ഏക്കറിൽ നിർമിക്കാനിരുന്ന ഇന്ത്യൻ ഇക്കണോമിക് സോൺ പദ്ധതി ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് സർക്കാർ റദ്ദാക്കിയിരുന്നു.
ഇന്ത്യ നിയോഗിച്ച ഡെവലപ്പർ നിശ്ചിതസമയത്ത് നിർമാണം പൂർത്തിയാക്കിയില്ലെന്ന കാരണത്താലാണ് പദ്ധതി ബംഗ്ലാദേശ് സർക്കാർ റദ്ദാക്കിയത്. 2015ലെ ഉഭയകക്ഷി കരാർ പ്രകാരമായിരുന്നു ഇന്ത്യക്ക് ഭൂമി നൽകിയത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Bangladesh signs agreement with China