അടുക്കള ബജറ്റ്
ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളുടെയും ഇന്ധന വിലവർധന കാരണമുള്ള ഗതാഗത-സേവന നിരക്കുകളുടെയും കുതിച്ചുചാട്ടത്തെ തുടർന്ന് രാജ്യത്തെ ചില്ലറ പണപ്പെരുപ്പം കുത്തനെ ഉയർന്നു. സെപ്റ്റംബർ മാസത്തിലെ ഉപഭോക്തൃ വിലസൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 23 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.54 ശതമാനത്തിലെത്തി.
ഓഗസ്റ്റിലിത് 4.83 ശതമാനമായിരുന്നു. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024 ഒക്ടോബറിന് (6.21%) ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണിത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യമായ നാലു ശതമാനത്തിന് മുകളിലാണ് തുടർച്ചയായ നാലാം മാസവും പണപ്പെരുപ്പം തുടരുന്നത്.
സവാള വിലയിൽ ഇരട്ടി വർധന
ഭക്ഷ്യ പണപ്പെരുപ്പത്തിലുണ്ടായ വൻ കുതിപ്പാണ് പ്രധാനമായും നിരക്കുകൾ ഉയർത്തിയത്. ഓഗസ്റ്റിലെ 5.97 ശതമാനത്തിൽനിന്ന് സെപ്റ്റംബറിലെ ഭക്ഷ്യ പണപ്പെരുപ്പം 7.74 ശതമാനമായി ഉയർന്നു. 2024 ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
പച്ചക്കറി വിപണിയിലെ വിലവർധനവാണ് പ്രധാന തിരിച്ചടിയായത്. സവാളയുടെ വിലക്കയറ്റ നിരക്ക് ഓഗസ്റ്റിലെ 48.78 ശതമാനത്തിൽനിന്ന് ഇരട്ടിയിലധികമായി വർധിച്ച് 108.09 ശതമാനത്തിലെത്തി. വെളുത്തുള്ളി (54.62 %), നാരങ്ങ (36.41%), ഇഞ്ചി (62.85 %) എന്നിവയുടെ വിലയും ഉയർന്ന നിലയിൽ തുടരുന്നു. വെള്ളി ആഭരണങ്ങളുടെ വിലയിലെ വർധനവും (87.80 %) പണപ്പെരുപ്പത്തെ കാര്യമായി സ്വാധീനിച്ചു.
ആഘാതം കൂടുതൽ ഗ്രാമീണ മേഖലയിൽ
ഇന്ധനവില ഉയർന്നതോടെ ഗതാഗത നിരക്കുകൾ 5.01 ശതമാനവും ഹോട്ടൽ-താമസ നിരക്കുകൾ 9.36 ശതമാനവും ഉയർന്നു. നഗരങ്ങളേക്കാൾ ഗ്രാമീണ മേഖലയെയാണ് വിലക്കയറ്റം രൂക്ഷമായി ബാധിച്ചത്. നഗരങ്ങളിൽ പണപ്പെരുപ്പം 4.88 ശതമാനമായിരുന്നപ്പോൾ ഗ്രാമീണ മേഖലയിൽ ഇത് 6.08 ശതമാനമായി കുതിച്ചുയർന്നു. 50 ലക്ഷത്തിലധികം ജനസംഖ്യയുള്ള വലിയ സംസ്ഥാനങ്ങളിൽ 6.81 ശതമാനം പണപ്പെരുപ്പവുമായി തമിഴ്നാടാണ് പട്ടികയിൽ ഒന്നാമത്.
ഒഡീഷ (6.70 %), മധ്യപ്രദേശ് (6.68 %), തെലങ്കാന (6.64 %), ആന്ധ്രാപ്രദേശ് (6.29 %) എന്നിവയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ. പുതിയ ഖാരിഫ് വിളവെടുപ്പ് വിപണിയിലെത്തുന്നതോടെ ഭക്ഷ്യവിലയിൽ കുറവുണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ പ്രതീക്ഷയെങ്കിലും ഒക്ടോബറിലും പണപ്പെരുപ്പം ആറു ശതമാനത്തിനടുത്ത് നിൽക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Tags :