സെലൻസ്കി
കീവ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഊർജ വെടിനിർത്തൽ പ്രഖ്യാപനം റഷ്യ അട്ടിമറിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. ട്രപിന്റെ നിർദേശത്തെ മറികടന്ന് യുക്രെയ്ന്റെ ഊർജകേന്ദ്രങ്ങൾക്കുനേരേ റഷ്യ ആക്രമണം തുടരുകയാണെന്ന് സെലൻസ്കി പറഞ്ഞു.
പോളണ്ടിൽ വാഴ്സോ സെക്യൂരിറ്റി ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊർജ കേന്ദ്രങ്ങൾക്കുനേരേയുള്ള ആക്രമണങ്ങൾ പരസ്പരം നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് ട്രംപ് റഷ്യയുമായി കരാർ ഉണ്ടാക്കിയതായി മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് തങ്ങൾ അറിഞ്ഞതെന്ന് സെലെൻസ്കി പറഞ്ഞു. അത്തരമൊരു കരാർ പാലിക്കാൻ റഷ്യ തയാറായാൽ തങ്ങളും അംഗീകരിക്കും. എന്നാൽ റഷ്യയുടെ ഭാഗത്തുനിന്നും ഈ നിർദേശത്തിന് അംഗീകാരം ലഭിച്ചതായി അറിയില്ലെന്നും സെലൻസ്കി പറഞ്ഞു.
റഷ്യയും യുക്രെയ്നും തമ്മിൽ ഊർജ മേഖലയിൽ വെടിനിർത്തൽ നിലവിൽവന്നതായി സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. വെടിനിർത്തൽ ലംഘിക്കരുതെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ട്രംപിന്റെ പ്രഖ്യാപനം വന്നതിനു ശേഷവും യുക്രെയ്ൻ ഊർജകേന്ദ്രങ്ങൾക്കു നേരേ റഷ്യ ആക്രമണം തുടർന്നു. പുടിൻ ‘ട്രൂത്ത് സോഷ്യൽ’ വായിക്കുന്നില്ലെന്നത് വ്യക്തമാണെന്ന് സെലെൻസ്കി പരിഹസിച്ചു. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിനു മുമ്പ് ഇന്ധനവില കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായി റഷ്യൻ ഡീസൽ ഇറക്കുമതി ചെയ്യാൻ ട്രംപ് വെള്ളിയാഴ്ച പുടിനുമായി കരാർ ഉണ്ടാക്കിയിരുന്നു.
റഷ്യൻ ഡ്രോൺ ആക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു
കീവ്: യുക്രെയ്നിലെ ഖാർകീവിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. കുട്ടികളുൾപ്പടെ ഒമ്പതു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ഖാർകീവിലെ പിസോച്ചിൻ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്.
ഇന്നലെ പകൽ കീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഡാർനിറ്റ്സ്കി ജില്ലയിലെ സ്വകാര്യ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തമുണ്ടായി. ഡാർനിറ്റ്സ്കി ജില്ലയിലെ വെയർഹൗസ് കെട്ടിടത്തിലും ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു. ക്രിമിയ, കരിങ്കടൽ മേഖല എന്നിവിടങ്ങൾക്കു മുകളിലൂടെ പറന്ന 151 യുക്രെയ്ൻ ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം നശിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Tags : Deepika DeepikaNewspaper BreakingNews Energy Ceasefire Zelenskyy