മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പു നടപ്പിലാക്കിയ സ്ത്രീസുരക്ഷാ പദ്ധതി തുടരണമോയെന്ന കാര്യത്തിൽ പരിശോധന നടത്തിവരികയാണെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഈ പദ്ധതിയെ സംബന്ധിച്ചു ധാരാളം പരാതികൾ സർക്കാരിനു ലഭിച്ചിട്ടുണ്ട്. പരാതികൾ സർക്കാർ പരിശോധിക്കുകയാണ്. തെരഞ്ഞെടുപ്പു മുന്നിൽ കണ്ടു നടപ്പിലാക്കിയ പദ്ധതിയിൽ ധാരാളം അപാകതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ക്ഷേമപദ്ധതികളോടു സർക്കാരിനു നല്ല മനസാണുള്ളത്. അതുകൊണ്ടാണ് ഈ സർക്കാർ അധികാരത്തിൽ വന്നയുടൻ സ്ത്രീകൾക്കായി കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര നടപ്പിലാക്കിയത്.
ആശവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും പാചകത്തൊഴിലാളികൾക്കും കുടിശിക ഉൾപ്പടെ ഈ സർക്കാർ നൽകിയെന്നും സ്ത്രീകൾക്കായി കൂടുതൽ പദ്ധതികൾ കൊണ്ടുവരാൻ ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശന്പളക്കമ്മീഷന്റെ കാലാവധി ദീർഘിപ്പിച്ചുനൽകുന്ന കാര്യം സർക്കാർ പരിഗണിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുതിർന്ന പൗരന്മാർക്കായി സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്ന കാര്യം പരിഗണനയിൽ
തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കായി സ്റ്റാർട്ടപ്പുകളോ സംരംഭങ്ങളോ ആരംഭിക്കുന്നതിനു സാന്പത്തികസഹായമോ ബാങ്ക് വായ്പകളോ ലഭ്യമാകുന്നതിനുള്ള പദ്ധതികളെ സംബന്ധിച്ചു സർക്കാർ പ്രാരംഭ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇക്കാര്യത്തിൽ വിശദമായി പരിശോധിച്ച് അതിന്റെ പ്രായോഗികതയും സാന്പത്തിക സാധ്യതകളും വിലയിരുത്തിയ ശേഷം കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളും. പരിചരണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി വയോജന സംരക്ഷണ മേഖലയുമായി ബന്ധപ്പെട്ടു പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്ന വിഷയവും പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Tags : Deepika DeepikaNewspaper BreakingNews NewsUpdate government is examining continue the women's safety