പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറന്റെ രാജി, എസ്ഐആർ പിൻവലിക്കൽ, തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം സംബന്ധിച്ച നിയമം റദ്ദാക്കൽ എന്നിവ ആവശ്യപ്പെട്ടുകൊണ്ട് എല്ലാ ജനാധിപത്യ ശക്തികളുമായും ചേർന്ന് ഒറ്റക്കെട്ടായി പോരാടാൻ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.
ഒരു ദേശീയ ദിനപത്രത്തിൽ അടുത്തിടെ വന്ന റിപ്പോർട്ട് എസ്ഐആർ ആര് അംഗീകരിച്ചു, ഏതു രീതിയിലാണ് നടപ്പിലാക്കുന്നത് എന്നീ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല, കമ്മീഷന്റെ പ്രവർത്തനത്തെയും സ്വതന്ത്ര സ്വഭാവത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ ചോദ്യങ്ങളും ഉയർത്തുന്നുവെന്നു സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി.
ഫോം 6ലെ അനധികൃതമായ ഭേദഗതിയും യഥാർഥ വോട്ടർമാരെ കൂട്ടത്തോടെ നീക്കംചെയ്യാൻ ബിജെപി പ്രവർത്തർ ഫോം 7 ദുരുപയോഗം ചെയ്യുന്നുവെന്ന റിപ്പോർട്ടുകളും പുനഃപരിശോധനാ നടപടിക്രമങ്ങളുടെ ദുരുപയോഗം, കേന്ദ്രീകരണത്തിലേക്ക് നയിക്കുന്ന ഐടി ഘടനയിലെ മാറ്റങ്ങൾ, തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർമാരുടെ ചുമതലകളെ സംബന്ധിച്ച നിയമപരമായ വ്യവസ്ഥകളുടെ സമ്പൂർണ ലംഘനം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ വർധിപ്പിക്കുന്നുവെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം സിപിഎം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഡൽഹിയിലും മറ്റ് സ്ഥലങ്ങളിലും പ്രതിഷേധക്കാർക്കെതിരെ അഴിച്ചുവിട്ട പൊലിസ് അടിച്ചമർത്തലിനെ കേന്ദ്ര കമ്മിറ്റി ശക്തമായി അപലപിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഡൽഹി പൊലിസ് സ്വീകരിച്ച നടപടികൾ സമീപകാലത്തെ ഏറ്റവും ക്രൂരമായവയാണെന്നും പ്രതിഷേധിക്കാനുള്ള മൗലികാവകാശം ഈ സർക്കാർ കവർന്നെടുത്തിരിക്കുകയാണെന്നും സിപിഎം വ്യക്തമാക്കി.
Tags : Deepika DeepikaNewspaper BreakingNews NewsUpdate CPM says it it will fight unitedly alongside