സുപ്രീംകോടതിക്കു മുന്നിലെ പ്രതിപക്ഷ പാർട്ടികളുടെ മാർച്ച്
ന്യൂഡൽഹി: ഇനി നീതിപീഠം കണ്ണു തുറക്കട്ടെ. എസ്ഐആർ ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം തെരുവിൽനിന്ന് സുപ്രീംകോടതിക്കു മുന്നിലെത്തിച്ച് പ്രതിപക്ഷ പാർട്ടികൾ. ഡൽഹിയുടെ ചരിത്രത്തിലെതന്നെ വൻ ജനസാഗരം തെരുവിൽ ഇരമ്പിയപ്പോൾ സുരക്ഷയുടെ കോട്ടകെട്ടിയും ഉരുക്കുമുഷ്ടി ഉപയോഗിച്ചും ഗ്യാനേഷിനെ സംരക്ഷിക്കാൻ പാടുപെടുന്ന സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി.
പാർലമെന്റിന് സമീപമുള്ള കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽനിന്ന് ആരംഭിച്ച മാർച്ച് കൊണാട്ട് പ്ലേസ് വഴി നാല് മണിക്കൂറോളം സഞ്ചരിച്ചാണ് സുപ്രീംകോടതി പരിസരത്ത് എത്തിയത്. സുപ്രീംകോടതിക്ക് 200 മീറ്റർ അകലെ പ്രവർത്തകരെ പൊലിസ് തടഞ്ഞെങ്കിലും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഇന്ത്യ സഖ്യത്തിലെ മറ്റ് പ്രധാന നേതാക്കൾ ഉൾപ്പെടുന്ന സംഘം സുപ്രീംകോടതി രജിസ്ട്രിക്ക് മുന്നിൽ നേരിട്ടെത്തി ചീഫ് ജസ്റ്റീസിനുള്ള നിവേദനം കൈമാറി.
ഹർജി ഫയൽ ചെയ്യണ്ട സമയമായ 4.30നു മുമ്പ് എത്താൻ കഴിയാത്തതിനാൽ അഭിഷേക് മനു സിംഗ്വിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ നിയമ സംഘം ഇതിനോടകം സുപ്രീംകോടതിയിൽ എത്തി ഹർജി സമർപ്പിച്ചിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ്, സമാജ്വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ജാർഖണ്ഡ് മുക്തി മോർച്ചയുടെ മഹുവ മാജി, എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെ, മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങി ഇന്ത്യ മുന്നണിയിലെ പ്രധാനികളെല്ലാം ഹർജിയിൽ കക്ഷികളാണ്.
പ്രതിഷേധക്കടലായി ഡൽഹി
ഗ്യാനേഷിനെതിരായ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം നാലാം ദിനത്തിൽ സുപ്രീംകോടതി മാർച്ചായിരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ചീഫ് ജസ്റ്റീസിനെ നേരിൽ കണ്ട് നിവേദനം കൈമാറാനുള്ള അനുമതി നിഷേധിച്ചതോടെ മാർച്ച് ചെയ്ത് ഹർജി ഫയൽ ചെയ്യാമെന്ന് പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഡൽഹിയിലെ നിരത്തിലിറങ്ങിയത് കാൽ ലക്ഷത്തോളം പ്രവർത്തകരാണ്.
ദില്ലി ചലോ മാർച്ച് പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനം കൂടെയായി. കേരളമുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവർത്തകരെക്കൊണ്ട് ഡൽഹി നിറഞ്ഞു. ഗ്യാനേഷിനെതിരേ തെരുവിലിറങ്ങിയ വിദ്യാർഥി സംഘടനകളും നേതാക്കളും ഒപ്പം ചേർന്നതോടെ പ്രതിഷേധം അലയടിച്ചു.
ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച പ്രതിഷേധത്തിൽ നിരവധി തവണ പൊലിസ് നടപടികൾ ഉണ്ടായെങ്കിലും ഇന്നലത്തെ മാർച്ച് സമാധാനപൂർണമായിരുന്നു. അവസാനനിമിഷം പ്രവർത്തകരും പൊലിസും തമ്മിൽ ഉന്തും തള്ളുമുണ്ടായെങ്കിലും നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
ആകാശവാണിയിലെ പ്രതിഷേധത്തിനുശേഷം വിട്ടുനിന്ന സമാജ്വാദി പാർട്ടി അംഗങ്ങളും അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ദില്ലി ചലോ മാർച്ചിനെത്തി. കൂടാതെ സഖ്യത്തിലെ മറ്റ് പ്രധാന കക്ഷികളും പങ്കെടുത്തു. കോൺഗ്രസ് മുഖ്യമന്ത്രിമാരായ ഡി.കെ. ശിവകുമാർ, സുഖ്വീന്ദർ സിംഗ് സുഖു, രേവന്ത് റെഡ്ഢി തുടങ്ങിയ നേതാക്കളും അണിനിരന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കാതിരുന്നത്. എങ്കിലും മന്ത്രി ഒ.ജെ. ജെനീഷ്, അബിൻ വർക്കി തുടങ്ങിയ നേതാക്കളും എംപിമാരും മാർച്ചിൽ പങ്കെടുത്തു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Indian leaders file petition against Gyanesh