മിനി കൂപ്പര്‍ കാറപകടം
കാക്കനാട്: നെടുമ്പാശിരിയിലെ വിഐ പി റോഡിൽ മൂന്ന്പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ കാറപകടത്തില്‍ ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമാണു കാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ(എംവിഡി) പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ഐസക് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് കൈമാറി.
സിയാല്‍-അത്താണി എക്സ്പ്രസ് വേയില്‍ മണിക്കൂറില്‍ 60 കിലോമീറ്ററാണ് വേഗപരിധി. ഇത് ലംഘിച്ച് അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നും റോഡിന്റെ ഘടനയിലോ വെളിച്ചത്തിലോ അപാകമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ 1.30ഓടെ വിമാനത്താവള റോഡിലെ ഇറാനി കഫേയില്‍നിന്ന് ചായ കുടിച്ചു മടങ്ങുകയായിരുന്ന സ്കൂട്ടർ യാത്രികർക്കുമേൽ മിനി കൂപ്പര്‍ ഇടിച്ചുകയറുകയായിരുന്നു.
കര്‍ണാടക കുടക് സ്വദേശി ഇയാസ്, വയനാട് സ്വദേശി ദേവിക, പാലക്കാട് കല്ലടിക്കോട് സ്വദേശി ഗോപിക എന്നിവരാണ് അപകടത്തിൽ മരിച്ചത്.
കാർ ഓടിച്ചിരുന്ന സുഹൈല്‍ സജീവിന്റെ രക്തത്തിന്റെയും മൂത്രത്തിന്റെയും സാംപിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വരുന്നതോടെ കൂടുതല്‍ കര്‍ശന വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണിക്കും. കൂടാതെ, വാഹനത്തിന്റെ സാങ്കേതിക തകരാറുകള്‍, അനധികൃത രൂപമാറ്റങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനായി വിദഗ്ധരുടെ സഹായത്തോടെ സൂപ്പര്‍ ഇന്സ്പെക്ഷനും നടപ്പിലാക്കുന്നുണ്ട്.
വിമാനാപകടങ്ങളിലെ ബ്ലാക്ക് ബോക്സ് പരിശോധനയ്ക്ക് സമാനമായി വാഹനത്തിലെ ഇലക്ട്രോണിക് കണ്ട്രോള് മൊഡ്യൂള്‍(ഇസിഎം) പരിശോധിച്ചാകും വേഗതയും മറ്റ് വിവരങ്ങളും ശേഖരിക്കുക. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ വിമാനത്താവള റോഡുകളില്‍ പകലും രാത്രിയും പരിശോധന ശക്തമാക്കുമെന്ന് എംവിഡി അറിയിച്ചു.
മിനി കൂപ്പറിന് സമീപമെത്തിച്ച് തെളിവെടുത്തു
പൊലിസ് കസ്റ്റഡിയിലുള്ള മിനി കൂപ്പറിനു സമീപം ഇന്നലെ പിടികൂടിയ പ്രതികളെ എത്തിച്ച് തെളിവെടുത്തു. സിസിടിവി തെളിവുകൾ, ബാറിൽ പണം അടച്ചതിന്റെ ബില്ലുകൾ, ഫോണിൽനിന്നു ലഭിച്ച ദൃശ്യങ്ങൾ ഉൾപ്പടെ പ്രതികൾക്കെതിരേ തെളിവുകളായി ശേഖരിച്ചിട്ടുണ്ട്.
വാഹനം അമിതവേഗത്തിലായിരുന്നുവെന്നു തെളിവെടുപ്പിനിടെ ഇവരും പൊലിസിനോടു പറഞ്ഞു. അപകടത്തിനു മുമ്പായി മൂന്നു ബാറുകളിൽ കയറി മദ്യപിച്ചു. ആദ്യ രണ്ടു ബാറുകളിൽ കയറുമ്പോൾ സുഹൃത്ത് നിനവുണ്ടായിരുന്നു. നെടുമ്പാശേരിയിലെ ബാറിൽ ഇരുവർക്കുമൊപ്പം അമീറും ജോയലുമുണ്ടായിരുന്നെങ്കിലും അമീർ മദ്യം കഴിച്ചിരുന്നില്ല.
ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി
അതേസമയം, സുഹൈലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ തുടങ്ങി. അമിതവേഗത്തില്‍ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കും. അപകടത്തിന്റെ പൊലിസ് റിപ്പോര്‍ട്ട് കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കാനാണു നീക്കം. വാഹനത്തിന്റെ ഇവന്റ് ഡാറ്റാ റിക്കാര്‍ഡര്‍ (ഇഡിആര്‍) പൊലിസ് പരിശോധിക്കും.
കൂടുതൽ വകുപ്പുകൾ ചുമത്തുന്നതടക്കം പരിശോധിക്കും:എസ്പി
ആലുവ: നെടുമ്പാശേരി വാഹനാപകടത്തിൽ പരിശോധനാ ഫലങ്ങൾ ലഭിച്ചശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് എസ്പി കെ.എസ്. സുദർശൻ പറഞ്ഞു. പ്രതികളിൽ രണ്ടു പേരെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു രണ്ടു പേരെ ഇന്നു കോടതിയിൽ ഹാജരാക്കും.
പ്രതിയുടെ മെഡിക്കൽ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാഹനങ്ങളുടെ ഫോറൻസിക് പരിശോധനയും പൂർത്തിയാക്കി. ആലുവ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണു കേസിന്റെ അന്വേഷണം.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Mini Cooper car accident: