കേരള നിയമസഭ
തിരുവനന്തപുരം: സംസ്ഥാന നിയമസഭ 2025 മാർച്ചിൽ പാസാക്കുകയും ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്ത കേരള സ്വകാര്യ സർവകലാശാല (സ്ഥാപനവും സംരക്ഷണവും) ബിൽ തിരിച്ചുവിളിക്കാൻ നിയമസഭ പ്രമേയം പാസാക്കി.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ ഭേദഗതികൾ തള്ളിയാണ് സഭ പാസാക്കിയത്. സ്വകാര്യ, വിദേശ, കൽപ്പിത സർവകലാശാലകൾ സ്ഥാപിക്കുന്നതിന് നിയമനിർമാണത്തിലേക്കു കടക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി സഭയിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം മാർച്ച് 25ന് കേരള നിയമസഭ പാസാക്കി ഏപ്രിൽ 21ന് ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ച ബിൽ ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി നൽകുകയായിരുന്നു.
രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബില്ലിൽ ഭൂമിയുടെ നിർബന്ധിത ഉടമസ്ഥത, കൈവശാവകാശം, നിർബന്ധിത സുരക്ഷാ നിക്ഷേപം എന്നിവ സംബന്ധിച്ച വ്യവസ്ഥകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലവിലെ നിയമനിർമാണവുമായി മുന്നോട്ടു പോകാൻ സർക്കാർ താത്പര്യപ്പെടാത്തതിനാൽ ബിൽ മടക്കി നൽകാൻ അഭ്യർഥിക്കുന്ന പ്രമേയം നിയമസഭ മുൻപാകെ അവതരിപ്പിക്കാൻ സെപ്റ്റംബർ 16ലെ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചേർന്ന നിയമസഭ പ്രമേയം പാസാക്കിയത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Legislative Assembly passes resolution