തിരുവനന്തപുരം: സർക്കാർ ഓണച്ചന്തകളിലും സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴിയും ഈ വർഷം റിക്കാർഡ് വിൽപന നടന്നുവെന്നു മന്ത്രി അനൂപ് ജേക്കബ് നിയമസഭയിൽ പറഞ്ഞു.
ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 ഉത്രാട ദിനംവരെയുള്ള 35 ദിവസത്തിനിടെ 433.81 കോടി രൂപയുടെ വിൽപന നടന്നു. ഉത്രാടദിനത്തിൽ മാത്രം 27.85 കോടി രൂപയുടെ വിൽപ്പന നടന്നു.
ആകെ വിറ്റുവരവിൽ 155.39 കോടി രൂപ സബ്സിഡി ഇനത്തിലും 278.42 കോടി രൂപ സബ്സിഡി ഇതര ഇനത്തിലുമാണു നടന്നത്. സബ്സിഡി വെളിച്ചെണ്ണ കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനവും തുവരപ്പരിപ്പ് ഉൾപ്പടെ വിവിധ ഉത്പന്നങ്ങൾക്കു 37 ശതമാനം വരെയും പൊതുവിപണി നിരക്കിൽ നിന്നു വിലകുറച്ചാണ് ഇത്തവണ നൽകിയത്.
ഏകദേശം 53.86 ലക്ഷത്തോളം പേരാണ് സപ്ലൈകോയിൽ നിന്ന് ഈ 35 ദിവസത്തിനിടയിൽ സാധനങ്ങൾ വാങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.
നെല്ല് സംഭരിച്ച ഉടൻ കർഷകർക്കു തുക അനുവദിക്കുന്ന കാര്യം പരിഗണനയിൽ
തിരുവനന്തപുരം: സംസ്ഥാനത്തു നെല്ല് സംഭരിച്ച ഉടൻ കർഷകർക്കു തുക അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിച്ചുവരികയാണെന്നു മന്ത്രി അനൂപ് ജേക്കബ്.
2017 മുതൽ നെല്ലിന്റെ വില പിആർഎസ് വായ്പാപദ്ധതിയിലൂടെയാണു നൽകിവരുന്നത്. എന്നാൽ ചികിത്സാ സഹായം ഉൾപ്പടെയുള്ള അടിയന്തര സാഹചര്യങ്ങളിലും 70 വയസിനു മുകളിലുള്ള കർകഷകർക്ക് അത്യാവശ്യഘട്ടങ്ങളിലും നെല്ലിന്റെ വില നേരിട്ടു നൽകാറുണ്ട്.
സംഭരിച്ച ഉടൻ നെല്ലിന്റെ വില നൽകുന്നതിനായി നബാർഡ് ഫണ്ട് ഉപയോഗിക്കുന്നതിന്റെ സാധ്യത സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews Sales worth 433.81 crore uring the Onam season