പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ നടത്തിയ നൈറ്റ് മാർച്ചിനിടെ എസ്എഫ്ഐ പ്രവർത്തകരും യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടിയ സംഭവത്തെ ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്കേറ്റവും പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കും.
യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലിസും യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും അതിക്രമിച്ചു കയറിയ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി. ജോയ് നല്കിയ അടിയന്തരപ്രമേയ നോട്ടീസിനെക്കുറിച്ച് ആഭ്യന്തര മന്ത്രിയുടെ മറുപടിക്കിടെയാണ് ഭരണ-പ്രതിപക്ഷ വാക്കുതർക്കമുണ്ടായത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാറിനെതിരേ യൂത്ത് കോണ്ഗ്രസ് നടത്തിയ നൈറ്റ് മാർച്ചിനു നേരേ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്നും കൂക്കുവിളിയും ബിയർ കുപ്പി ഏറുമുണ്ടായതോടെയാണ് സംഘർഷം ആരംഭിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
തുടർന്ന് യൂത്ത് കോണ്ഗ്രസ് -എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സംഘർഷം രൂക്ഷമായതോടെ പൊലിസ് ക്രമസമാധാന നടപടികൾ ആരംഭിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് 75 യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്കെതിരേയും 75 എസ്എഫ്ഐ പ്രവർത്തകർക്കെതിരേയും കേസ് എടുത്തു.
നാലുപേരെ അറസ്റ്റ് ചെയ്തതായും മന്ത്രി അറിയിച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കാലാകാലങ്ങളായി വിദ്യാർഥികൾ അല്ലാത്ത നിരവധി ആളുകൾ താമസിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആളുകളെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷണം നടത്തുന്നുണ്ടെന്നും പറഞ്ഞ ചെന്നിത്തല 10 വർഷം ഇടതുപക്ഷം ഭരിച്ചപ്പോൾ ഉണ്ടായിരുന്ന പൊലിസ് തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും താൻ തമിഴ്നാട്ടിൽ നിന്നും പൊലിസിനെ ഇറക്കിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ക്രമസമാധാനം പാലിക്കാൻ നിയോഗിച്ചിട്ടുള്ള പൊലിസുകാരുടെ വീട്ടിലേക്ക് മാർച്ചു ചെയ്യുന്നതും അവരെ മർദിക്കുന്ന രീതിയും അംഗീകരിക്കാൻ കഴിയില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
=യൂത്ത് കോണ്ഗ്രസിന്റെ നൈറ്റ് മാർച്ചിന്റെ സമയത്ത് വൈദ്യുതി മുടങ്ങിയപ്പോഴാണ് വിദ്യാർഥികൾ ബഹളം വച്ചതെന്നും അല്ലാതെ ഒരു പ്രകോപനവും ഉണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഈ ബഹളത്തിന്റെ പേരിലാണ് ഹോസ്റ്റലിനു നേരേ പൊലിസ് അതിക്രമം നടത്തിയത്.
ലാത്തിച്ചാർജിൽ വേണു എന്ന വിദ്യാർഥിയുടെ തലയ്ക്ക് പരിക്കേറ്റു. വൈഷ്ണ എന്ന വിദ്യാർഥിനിയുടെ കണ്ണിനു പരിക്കേറ്റതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ വേണുവിന്റെ തലയ്ക്ക് പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം പ്രാഥമിക ചികിത്സ നേടിയ ശേഷം ആശുപത്രി വിട്ടതായും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
Tags : Deepika DeepikaNewspaper BreakingNews NewsUpdate War of words walkout in the Assembly