പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിലെ പശ്ചിമഘട്ട പരിസ്ഥിതി ലോലമേഖല (ഇഎസ്എ) 98 വില്ലേജുകളിലായി പരിമിതപ്പെടുത്തണമെന്ന സംസ്ഥാന സർക്കാർ നിലപാടിന്റെ ഭാഗമായി ജനവാസ മേഖലകള്‍ ഒഴിവാക്കിയുള്ള പുതിയ മാപ്പ് പ്രസദ്ധീകരിച്ചു.
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഇന്നലെ വെബ്സൈറ്റ് വഴി പുറത്തുവിട്ട കെഎംഎല്‍ ഫയലില്‍ വിശദമായ പ്രപ്പോസല്‍ മാപ്പ് ചെയ്തിട്ടുണ്ട്. ഇഎസ്എയുമായി ബന്ധപ്പെട്ട കേന്ദ്രസംഘം 2026 ജൂലൈ 14 മുതല്‍ 16 വരെ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയിരുന്നു.
ജൂലൈ 15നു കേന്ദ്രസംഘം മുഖ്യമന്ത്രി വി.ഡി. സതീശന്, വനം മന്ത്രി ഷിബു ബേബിജോണ്‍, പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. അതില്‍ കേരളത്തിലെ പരിസ്ഥിതി ലോലമേഖല 98 വില്ലേജുകളിലായി 8590.69 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കേന്ദ്രസംഘം റിപ്പോര്‍ട്ട് കൊടുക്കുന്നതിനു മുന്‍പുതന്നെ കഴിഞ്ഞ ജൂലൈ 27ന് കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയാണുണ്ടായത്. പുതിയ മാപ്പ് പ്രസിദ്ധീകരിച്ചതിനാൽ ജനങ്ങൾക്ക് തങ്ങളുടെ പ്രദേശം ഇഎസ്എയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്താം. ആക്ഷേപങ്ങളുണ്ടെങ്കിൽ അറിയിക്കാം.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Map excluding i inhabited area