നേപ്പാളിൽ പ്രളയക്കെടുതി
കാഠ്മണ്ഡു: നേപ്പാളിലെ ഗൂർഖ ജില്ലയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായ അഞ്ചുപേർക്കായി തെരച്ചിൽ തുടരുന്നു. പ്രളയബാധിത മേഖലകളിൽനിന്ന് 13 പേരെക്കൂടി ഇന്നലെ രക്ഷപ്പെടുത്തി. ഇതോടെ രക്ഷപ്പെടുത്തിയവരുടെ എണ്ണം 95 ആയി. നേപ്പാൾ സൈന്യമാണ് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. കാണാതായ അഞ്ചുപേരിൽ രണ്ടുപേർ വനിതകളാണെന്ന് ദേശീയ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
ചുംനുബ്രി ഗ്രാമസഭാ മേഖലയിലാണു വ്യാപക നാശനഷ്ടമുണ്ടായത്. പ്രളയത്തിൽ വീടുകളും പാലങ്ങളും ഒലിച്ചുപോയി.ഞായറാഴ്ച രാവിലെ ഉംഗിലുംഗ് നദിക്കരയിലെ ധൗലിഭീർ മേഖലയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് കുടുങ്ങിയ മൂന്നുപേരെ സൈനിക ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി.
171 സൈനികർ ഉൾപ്പടെ 700-ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26ന് ഭോട്ടെകോശി മേഖലയിലുണ്ടായ ദുരന്തത്തിനു പിന്നാലെ വീണ്ടും പ്രളയമുണ്ടായത് ഹിമാലയൻ നദീതീരങ്ങളിലെ ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Flood havoc in Nepal