ശസ്ത്രക്രിയയ്ക്കു പിന്നാലെ മരിച്ച തങ്കമണി
കോഴിക്കോട്: കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിയ വീട്ടമ്മയുടെ ജീവന്‍ നഷ്ടമായി. ചികിത്സാപിഴവാണ് മരണകാരണമെന്ന് ആക്ഷേപം. ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണി (49)യാണ് തിങ്കളാഴ്ച രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്.
അഞ്ചാം തീയതി തങ്കമണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടിനായിരുന്നു ശസ്ത്രക്രിയ. തുടര്‍ന്ന് ഒമ്പതിന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഒമ്പതിന് രാത്രി തന്നെ രക്തസ്രാവം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടായിതിനെ തുടര്‍ന്ന് തങ്കമണിയെ 10ന് ഐസിയുവിലേക്ക് വീണ്ടും മാറ്റി.
നില വഷളായതിനെ തുടര്‍ന്ന് 10ന് വീണ്ടും ശസ്ത്രക്രിയ നടത്തി. തുടര്‍ന്ന് തിങ്കളാഴ്ച മരണമടയുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു. ഒട്ടേറെ ചികിത്സാ പിഴവുകള്‍ സംഭവിച്ച മെഡിക്കല്‍ കോളജിനെ വീണ്ടും പ്രതിസ്ഥാനത്ത് നിർത്തുന്നതാണ് വീട്ടമ്മയുടെ മരണം.
മുമ്പ്, മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കു വിധേയയായ പന്തീരാങ്കാവ് സ്വദേശിനി കെ.കെ. ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക മറന്നുവച്ചത് ഏറെ വിവാദമായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ വീട്ടമ്മയെ ഐസിയുവില്‍ വച്ച് മാനഭംഗപ്പെടുത്തിയതും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
Tags : Housewife Surgery Allegations MedicalNegligence Kozhikode MedicalCollege