പ്രതി സുഹൈൽ, എഫ്ഐആറിന്‍റെ പകർപ്പ്
കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ മിനി കൂപ്പര്‍ വാഹനാപകടത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ദുരൂഹത. എഫ്‌ഐആറില്‍ പ്രതി സുഹൈല്‍ സജീവിന്‍റെ പേരില്ല. പ്രതിയുടെ പേരിന് സമീപം 'KL 07 CR1001 കാറിന്‍റെ ഡ്രൈവര്‍' എന്നാണ് എഫ്‌ഐആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അപകടത്തില്‍ മരിച്ച ഇയാസ്, ഗോപിക, ദേവിക എന്നിവരുടെ പേരും മറ്റു വിവരങ്ങളും ഉണ്ടെങ്കിലും സുഹൈലിന്‍റെ പേരോ വിവരങ്ങളോ ഇല്ല. വിലാസം അജ്ഞാതം എന്നാണ് നല്‍കിയിരിക്കുന്നത്. അപകടത്തിന്‍റെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മദ്യപിച്ച് വാഹനം ഓടിച്ചതിനെ കുറിച്ച് സൂചിപ്പിച്ചിട്ടില്ല.
19കാരനായ പ്രതി എറണാകുളത്തെ മൂന്ന് ബാറുകളില്‍ നിന്നും മദ്യപിച്ച ശേഷമാണ് അപകടമുണ്ടാക്കിയത്. അതിനാല്‍ എക്‌സൈസ് സുഹൈലിനെതിരെയും മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
അതേസമയം, പ്രതിയെ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം സബ് ജയിലിലേക്ക് അയക്കാതെ കാക്കനാട് ബോസ്റ്റര്‍ ഹോമിലേക്ക് അയച്ചതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ജയില്‍ ചട്ടം 324 പ്രകാരം, 21 വയസുവരെ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്ന പ്രതികള ബോസ്റ്റര്‍ ഹോമില്‍ അയക്കാമെന്നാണ് പൊലിസിന്‍റെ വിശദീകരണം.
എന്നാല്‍ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുന്ന 16നും 21നും പ്രായത്തില്‍ ഇടയിലുള്ളവരെയാണ് ബോസ്റ്റല്‍ സ്‌കൂളിലേക്ക് അയക്കണ്ടത്. ഇതിനെതിരെ മരിച്ച വയനാട് സ്വദേശി ദേവികയുടെയും പാലക്കാട് സ്വദേശി ഗോപികയുടെയും കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
Tags : Nedumbassery Accident FIR Suhail Accused Report Police Crime