Kerala
കാസർഗോഡ്: കാലിക്കടവ് എംഡിഎംഎ കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി കോടതി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന മുഹമ്മദ് ഹുസൈൻ ഉൾപ്പടെ ആറ് പ്രതികളുടെ അപേക്ഷയാണ് തള്ളിയത്.
ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച വാഹനം വിട്ടുനൽകി. ആർസി ഓണറുടെ അപേക്ഷ പരിഗണിച്ചാണ് കോടതി വാഹനം വിട്ടുനൽകിയത്.
കാറിൽ 139 ഗ്രാം എംഡിഎംഎയുമായി കാലിക്കടവിൽ നിന്ന് പിടിയിലായത് പെരുമ്പാവൂർ സ്വദേശികളായ കെ.എച്ച്. മുഹമ്മദ് ഹുസൈൻ, പി.എ. അബ്ദുൽ സലാം, പി.എ. അബ്ബാസ്, ഇവർക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയ സൈനുൽ ആബിദ് എന്നിവരാണ്. പിന്നാലെ രണ്ട് പ്രതികൾ കൂടി പിടിയിലായി.
കേസിന് പിന്നാലെ പ്രതികളായവരെ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ കോൺഗ്രസിന്റെ കാസർഗോഡ് മണ്ഡലം പ്രസിഡന്റാണ് പ്രതികൾക്ക് വേണ്ടി നേരത്തെ കോടതിയിൽ ഹാജരായത്. പ്രതികളുമായി ഒരു ബന്ധവും ഇല്ലെന്നും വക്കാലത്തെടുത്ത അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരു ദിവസം മാത്രം ഹാജരായതാണെന്നുമാണ് അഡ്വ ഷാജിദ് കമ്മാടത്ത് വിശദീകരിച്ചത്.
Kerala
കൊച്ചി: എറണാകുളം മാര്ക്കറ്റിലെ കടവുംഭാഗം സിനഗോഗ് ആക്രമിച്ച പ്രതി എബിൻ പോൾ മാർച്ചിൽ മൂവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂമിന് തീയിടാൻ ശ്രമിച്ചിരുന്നു. സിനഗോഗിലെ ആക്രമണത്തിന് പിന്നാലെ പൊലിസിന്റെ പിടിയിലായപ്പോഴാണ് മൂവാറ്റുപുഴയിൽ നടത്തിയ ആക്രമണത്തെ കുറിച്ച് പ്രതി മൊഴി നൽകിയത്.
മാർച്ച് 18ന് പുലർച്ചെ ആയിരുന്നു കാറിലെത്തി മേക്കടന്പിലെ ഷോറൂമിന് നേരെ പെട്രോൾ ബോംബ് ആക്രമണം നടത്തിയത്. ബിയർ കുപ്പികളിലും പ്ലാസ്റ്റിക് കുപ്പികളിലും പെട്രോൾ നിറച്ച് എറിയുകയായിരുന്നു. അതേസമയം, പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കൊച്ചി പൊലിസിനൊപ്പം കേന്ദ്ര രഹസ്യാന്വേഷണ ഏജന്സികളും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
എന്ഐഎ, ഇന്റലിജന്സ് ബ്യൂറോ ഉദ്യോഗസ്ഥര് പ്രതിയെ നേരിട്ടെത്തി കസ്റ്റഡിയില് ചോദ്യം ചെയ്തു. തിങ്കളാഴ്ച പുലര്ച്ചെ രണ്ടരയോടെയായിരുന്നു എറണാകുളം സെന്ട്രല് പൊലിസ് സ്റ്റേഷന് പരിധിയിലെ കടവുഭാഗം സിനഗോഗിന് മുന്വശത്തുള്ള ബ്ലോസം നഴ്സറിയില് തീപിടിത്തം ഉണ്ടായത്.
നീല നിറത്തിലുള്ള ഇഗ്നിസ് കാറിലെത്തിയ പ്രതി, വാഹനത്തില് നിന്ന് ഇറങ്ങി കൈവശമുണ്ടായിരുന്ന പെട്രോള് ഒഴിച്ച് തീയിടുകയും സംഭവത്തിന്റെ ദൃശ്യങ്ങള് സ്വന്തം മൊബൈല് ഫോണില് പകര്ത്തിയ ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
യഹൂദ ആരാധനാലയങ്ങള് ഉള്പ്പെടെയുള്ള രാജ്യത്തെ വിവിധ നഗരങ്ങളില് ആക്രമണങ്ങള് നടത്തുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും പൊലിസ് പ്രതിയുടെ ഫോണില് നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീവ്രവാദ ബന്ധത്തെ കുറിച്ച് അന്വേഷണം നടക്കുന്നത്.
ബോസ് എന്ന് പ്രതി വിശേഷിപ്പിക്കുന്ന ഒരാളുടെ നിര്ദേശപ്രകാരമാണ് കുറ്റകൃത്യങ്ങള് നടത്തിയത്. നിര്ദേശിക്കപ്പെട്ട ലക്ഷ്യങ്ങളില് ആക്രമണം നടത്തുക, അതിന്റെ ദൃശ്യങ്ങള് പകര്ത്തി അയച്ചു കൊടുക്കുക, ഇതിന് പ്രതിഫലം കൈപ്പറ്റുക എന്ന രീതിയിലാണ് പ്രതി പ്രവര്ത്തിച്ചിരുന്നത്.
Kerala
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര് വാഹനാപകടത്തില് പ്രതികളെ പൊലിസ് കസ്റ്റഡിയില് വിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു വരെയാണ് കസ്റ്റഡി കാലാവധി. നരഹത്യയ്ക്കാണ് സുഹൈലിനെതിരെ പൊലിസ് കേസ് എടുത്തത്.
അപകടം നടന്ന സ്ഥലത്തും മദ്യപിച്ച ബാറുകളിലും തെളിവെടുപ്പ് നടത്തും. മദ്യപിച്ച് വണ്ടിയോടിച്ചത് തടയാതിരുന്നതിനാണ് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന നിനവ്, അമീന്, ജോയല് എന്നിവരുടെ പേരിലുള്ള കേസ്.
പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്ക്കുമെന്ന് മരിച്ച ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകന് മാധ്യമങ്ങളോട് പ്രതികരിച്ചു. ആവശ്യമെങ്കില് ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന് വ്യക്തമാക്കി.
ഞായറാഴ്ച പുലര്ച്ചെ രണ്ടോടെയാണ് നെടുമ്പാശേരിയില് അപകടമുണ്ടായത്. ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കല്പ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാര്ക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.
Kerala
കൊച്ചി: എറണാകുളം മാര്ക്കറ്റിലെ കടവുംഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില് കൂടുതല് അന്വേഷണം നടക്കുകയാണെന്ന് കൊച്ചി ഡിസിപി അരുണ് കെ. പവിത്രന്. പ്രതി എബിന് പോളിന്റെ ഫോണ് പരിശോധിച്ചപ്പോള് ദുരൂഹ സന്ദേശങ്ങള് കണ്ടെത്തിയതായും ഫോറന്സിക് പരിശോധനങ്ങള് നടക്കുന്നതായും ഡിസിപി മാധ്യമങ്ങളോട് പ്രതികരിച്ചു.
സിസിടിവി ഫൂട്ടേജുകള് പരിശോധിച്ചപ്പോഴാണ് തീകൊളുത്തി വീഡിയോ ചിത്രീകരിക്കുന്നത് കണ്ടെത്തിയത്. ഉച്ചയോടെ തന്നെ പ്രതിയെ കണ്ടെത്തുകയും പിടികൂടുകയും ചെയ്തു. ഫോണ് പരിശോധിച്ചപ്പോള്, പ്രതി ഒരുപാട് ടെലിഗ്രാം ഗ്രൂപ്പുകളില് അംഗമാണ്. ചില ഗ്രൂപ്പുകളില് തീയിട്ട സംഭവുമായി ബന്ധപ്പെട്ട മെസേജുകള് കണ്ടു.
അത് സംശയകരമായ കാര്യമാണ് അതില് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. സെന്ട്രല് ഏജന്സികളും അന്വേഷിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരാളുമായി ആശയവിനിമയം നടത്തിയത് കണ്ടെത്തിയിട്ടുണ്ട്. ഫോറന്സിക് പരിശോധനകളടക്കം നടത്തിയ ശേഷമേ കൂടുതല് വിവരങ്ങള് അറിയാന് പറ്റുകയുള്ളു.
ബോസ് എന്ന വ്യക്തിയെ കുറിച്ച് പ്രതി ചോദ്യം ചെയ്യലില് സൂചിപ്പിച്ച കാര്യമാണ്. ഏത് സ്ഥലത്തുള്ള വ്യക്തിയാണെന്ന് മനസിലായിട്ടില്ല. നിലവില് കൂടുതല് അന്വേഷണം നടക്കുകയാണെന്നും ഡിസിപി വ്യക്തമാക്കി. പ്രതിയുടെ വീട് പരിശോധിച്ചപ്പോള് ലഹരി മരുന്നുകള് കിട്ടിയതായും എന്ഡിപിഎസ് കേസ് രജിസ്റ്റര് ചെയ്തതായും പൊലിസ് പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച പുലര്ച്ചെ 2.30 ഓടെയായിരുന്നു കടവുഭാഗം സിനഗോഗിന് മുന്വശത്തുള്ള ബ്ലോസം നഴ്സറിയില് തീപിടിത്തം ഉണ്ടായത്. നീല നിറത്തിലുള്ള ഇഗ്നിസ് കാറിലെത്തിയ പ്രതി, വാഹനത്തില് നിന്ന് ഇറങ്ങി കൈവശമുണ്ടായിരുന്ന പെട്രോള് ഒഴിച്ച് തീയിടുകയും സംഭവത്തിന്റെ ദൃശ്യങ്ങള് സ്വന്തം മൊബൈല് ഫോണില് പകര്ത്തിയ ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
Kerala
തിരുവനന്തപുരം: നിരവധി ക്രമിനൽകേസുകളിലെ എംഡിഎംഎയുമായി അറസ്റ്റിൽ. 1.27 ഗ്രാം എംഡിഎംഎയുമായി തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി ജോയൽ തോമസ് (28) ആണ് അറസ്റ്റിലായത്.
ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ഡാൻസാഫ് ടീം നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കീഴായിക്കോണത്തുള്ള ഭാര്യവീടിന് സമീപത്തുനിന്നാണ് ഡാൻസാഫ് ടീം ഇയാളെ പിടികൂടിയതെന്ന് പൊലിസ് പറഞ്ഞു.
തുടർനടപടികൾക്കായി പ്രതിയെ വെഞ്ഞാറമൂട് പൊലിസിന് കൈമാറി. വെഞ്ഞാറമൂട് പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയത്.
തൃശൂർ ജില്ലയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ രാസലഹരിയുമായി ബന്ധപ്പെട്ട കേസുകളും, മറ്റ് വിവിധ സ്റ്റേഷനുകളിലായി അക്രമ സംഭവങ്ങൾ ഉൾപ്പെടെ നാലോളം കേസുകളും ഇയാളുടെ പേരിലുണ്ടെന്ന് പൊലിസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: നെടുമ്പാശേരിയില് മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ മിനി കൂപ്പര് വാഹനാപകടത്തിന് പിന്നാലെ രജിസ്റ്റര് ചെയ്ത എഫ്ഐആറിനെച്ചൊല്ലി ആക്ഷേപം. എഫ്ഐആറില് പ്രതി സുഹൈല് സജീവിന്റെ പേരില്ലെന്ന ആരോപണവുമായി ബന്ധുക്കൾ അടക്കം ചിലർ രംഗത്തുവന്നു. പ്രതിയുടെ പേരിന് സമീപം 'KL 07 CR1001 കാറിന്റെ ഡ്രൈവര്' എന്നാണ് എഫ്ഐആറില് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
അപകടത്തില് മരിച്ച ഇയാസ്, ഗോപിക, ദേവിക എന്നിവരുടെ പേരും മറ്റു വിവരങ്ങളും ഉണ്ടെങ്കിലും സുഹൈലിന്റെ പേരോ വിവരങ്ങളോ ഇല്ല. വിലാസം അജ്ഞാതം എന്നാണ് നല്കിയിരിക്കുന്നത്. അപകടത്തിന്റെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മദ്യപിച്ച് വാഹനം ഓടിച്ചതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല.
19കാരനായ പ്രതി എറണാകുളത്തെ മൂന്നു ബാറുകളില്നിന്നു മദ്യപിച്ച ശേഷമാണ് അപകടമുണ്ടാക്കിയതെന്നാണ് പോലീസ് പറയുന്നത്. അതിനാല് എക്സൈസ് സുഹൈലിനെതിരെയും മദ്യം നല്കിയ ബാറുകള്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
അതേസമയം, പ്രതിയെ ആലുവ മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കിയതിനു ശേഷം സബ് ജയിലിലേക്ക് അയക്കാതെ കാക്കനാട് ബോസ്റ്റര് ഹോമിലേക്ക് അയച്ചതും വിമര്ശനങ്ങള്ക്ക് ഇടയാക്കിയിട്ടുണ്ട്. ജയില്ചട്ടം 324 പ്രകാരം, മുമ്പ് കേസുകളിൽ അകപ്പെട്ട ആൾ അല്ലെങ്കിൽ 21 വയസു വരെ ഇത്തരം കുറ്റങ്ങള് ചെയ്യുന്ന പ്രതികള ബോസ്റ്റര് ഹോമില് അയയ്ക്കാമെന്നാണ് പൊലിസിന്റെ വിശദീകരണം.
എന്നാല്, കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെടുന്ന 16നും 21നും പ്രായത്തില് ഇടയിലുള്ളവരെയാണ് ബോസ്റ്റല് സ്കൂളിലേക്ക് അയക്കണ്ടതെന്നു ചൂണ്ടിക്കാട്ടി ഇതിനെതിരെ മരിച്ച വയനാട് സ്വദേശി ദേവികയുടെയും പാലക്കാട് സ്വദേശി ഗോപികയുടെയും കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, എഫ്ഐആറിൽ പേരില്ലെന്ന വാദത്തിൽ കഴമ്പില്ലെന്നും ഇതു പ്രാഥമിക എഫ്ഐആർ മാത്രമാണെന്നും പോലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇത്തരം കൂടുതൽ വിവരങ്ങൾ വരികയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മാധ്യമങ്ങളോടു പറഞ്ഞു. ഇതിനു പിന്നാലെ പ്രതിക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തിയ വിവരവും പോലീസ് പുറത്തുവിട്ടു.
Kerala
കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസില് മറ്റു രണ്ടു പ്രതികളെ കൂടി പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. രണ്ടാം പ്രതി ശരണ്യ, നാലാം പ്രതി സഞ്ജു സഞ്ജയ് എന്നിവര്ക്കായുള്ള കസ്റ്റഡി അപേക്ഷ പൊലിസ് കോടതിയില് ഇന്ന് സമര്പ്പിക്കും. ഒന്നാം പ്രതി ശ്രീരാജിന്റെ മൊബൈല് പൊലിസ് ഫൊറന്സിക് പരിശോധനയ്ക്ക് അയച്ചു.
ഒക്ടോബര് രണ്ടിനാണ് വിവാഹിതയായ യുവതിയെ പ്രതികള് സ്പായില് ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജിലേക്ക് വിളിപ്പിച്ച് ലഹരി നല്കി ബലാത്സംഗത്തിനിരയാക്കിയത്. എംഡിഎംഎ ഉള്പ്പെടെയുള്ള ലഹരിവസ്തുക്കള് വായിലൂടെ നിര്ബന്ധിച്ച് കഴിപ്പിക്കുകയും വെള്ളത്തില് കലക്കി കുടിപ്പിക്കുകയുമായിരുന്നു.
യുവതി ഇപ്പോഴും കളമശേരി മെഡിക്കല് കോളജില് ചികിത്സയില് തുടരുകയാണ്. യുവതിയുടെ വിശദമായ മൊഴി പൊലിസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയില് പറഞ്ഞ മറ്റു രണ്ടു പ്രതികള്ക്കായുള്ള അന്വേഷണവും പൊലിസ് നടത്തുന്നുണ്ട്.
Kerala
കൊച്ചി: നെടുമ്പാശേരിയില് മൂന്നു പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പറില് പ്രതി സുഹൈലിനെ കൂടാതെ മറ്റു മൂന്നു പേര് കൂടി ഉണ്ടായിരുന്നതായി പൊലിസ്. അപകടമുണ്ടായതിനു പിന്നാലെ മറ്റൊരു കാറില് രക്ഷപ്പെട്ട അമീര്, ജോയല് എന്നിവര് പിടിയിലായി. മറ്റൊരു സുഹൃത്ത് നിനവിനെ പ്രേരണ കുറ്റം ചുമത്തി ഞായറാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുഹൈലിനൊപ്പം മറ്റു മൂന്നു പേര് കൂടി ഉണ്ടായിരുന്നുവെന്ന് പൊലിസ് കണ്ടെത്തിയത്. മദ്യപിച്ച് അമിതവേഗതയില് കാര് ഓടിച്ചത് തടയാത്തതിന് ഇവര്ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും.
കാര് ഓടിച്ചത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന് സുഹൈല് പൊലിസിന് മൊഴി നല്കി. അപകട സമയത്തെ വാഹനത്തിന്റെ വേഗം നിര്ണയിക്കാനായി ശാസ്ത്രീയ പരിശോധന നടത്തും. പ്രതിയുടെ ഡ്രൈവിംഗ് ലൈസന്സ് റദ്ദാക്കാന് മോട്ടോര് വാഹന വകുപ്പ് നടപടി തുടങ്ങി.
കഴിഞ്ഞ പിറന്നാളിന് മാതാപിതാക്കള് സമ്മാനിച്ച മിനി കൂപ്പര് കാറാണ് അമിത വേഗത്തില് ഓടിച്ച് മൂന്നു ജീവനുകള് എടുത്തത്. ഞായറാഴ്ച പുലര്ച്ചെ രണ്ടോടെയായിരുന്നു അപകടം. കര്ണാടക സ്വദേശി ഇയ്യാസ് (21), പാലക്കാട് സ്വദേശി ഗോപിക (21), വയനാട് സ്വദേശി ദേവിക (21) എന്നിവരാണ് മരിച്ചത്. മൂവരും തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു. പാര്ട് ടൈം ജോലിക്കൊപ്പം കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളില് ഉപരിപഠനം നടത്തിവരികയായിരുന്നു മൂവരും.
Kerala
തിരുവനന്തപുരം∙ സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മരുമകൻ മുഹമ്മദ് റിയാസ് രണ്ടാംപ്രതിയും മകൾ വീണ വിജയൻ മൂന്നാം പ്രതിയുമാണ്.
ഹൈക്കോടതി നിർദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നത്. പ്രത്യേക സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക. ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹൈക്കോടതി സിംഗിള് ബെഞ്ചിന്റെ ഉത്തരവ്.
ക്രൈംബ്രാഞ്ച് രേഖകളെല്ലാം വിജിലൻസിന് കൈമാറി. വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്യുന്ന പ്രത്യേക സംഘത്തിന് സർക്കാർ അനുമതി നൽകി ഉത്തരവിറക്കും.
Kerala
മലപ്പുറം: വിവാഹവാഗ്ദാനം നല്കി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഗര്ഭം അലസിപ്പിക്കാന് മരുന്ന് നല്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കണ്ണൂര് കാരകുണ്ട് സ്വദേശി അലി അക്ബര് (36) ആണ് പിടിയിലായത്.
വിവാഹബന്ധം വേര്പെടുത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച പ്രതി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കിയിരുന്നതായാണ് പൊലിസ് പറയുന്നത്. യുവതിയുടെ ആദ്യ വിവാഹത്തിലെ മകളെ സംരക്ഷിക്കുമെന്നും ഇയാള് ഉറപ്പ് നല്കിയിരുന്നു. ഈ വിശ്വാസം മുതലെടുത്താണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് കേസ്.
പീഡനത്തെ തുടര്ന്ന് യുവതി ഗര്ഭിണിയായതായും പിന്നീട് പ്രതി നല്കിയ മരുന്ന് കഴിച്ചതിനെ തുടര്ന്ന് ഗര്ഭം അലസിപ്പോയതായും പരാതിയില് പറയുന്നു. സംഭവത്തില് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തിയത്.
തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് അലി അക്ബറിനെ പൊലീസ് പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്ത ശേഷം കോടതിയില് ഹാജരാക്കി. പരപ്പനങ്ങാടി ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് കോടതി പ്രതിയെ തിരൂര് സബ് ജയിലില് റിമാന്ഡ് ചെയ്തു.
Kerala
കൊച്ചി: കളമശേരി കൂട്ടബലാത്സംഗത്തില് യുവതിയുടെ മൊഴിയില് സൂചിപ്പിച്ച മറ്റു രണ്ടു പ്രതികള്ക്കായി അന്വേഷണം ഊര്ജിതമാക്കി പൊലിസ്. കേസില് അറസ്റ്റിലായ ഒന്നാം പ്രതി ശ്രീരാജ്, രണ്ടാം പ്രതി ശരണ്യ, മൂന്നാം പ്രതി സഞ്ജു സഞ്ജയ്, നാലാം പ്രതി ജിത്ത് മാര്ട്ടിന് എന്നിവരെ അതിജീവിത തിരിച്ചറിഞ്ഞിരുന്നു.
വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് യുവതി മറ്റ് രണ്ടു പേരുകള് കൂടി പൊലിസിനോട് വെളിപ്പെടുത്തിയത്. കൂടാതെ പ്രതികള്ക്ക് ലഹരി ലഭിച്ചത് എവിടെ നിന്നാണെന്നും പ്രതികള് ഇരയോട് വാഗ്ദാനം ചെയ്ത ഉന്നത ബന്ധങ്ങള് ഏതൊക്കെയാണെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.
പ്രതി ശ്രീരാജ് സ്പായില് ജോലി വാഗ്ദാനം ചെയ്ത് കൂടുതല് പെണ്കുട്ടികളെ അഭിമുഖത്തിനായി വിളിച്ചു വരുത്തിയതായും വിവരങ്ങളുണ്ട്. പ്രതിയുടെ ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിര്ണായക വിവരം.
അതേസമയം, വയനാട് നിന്നും പിടികൂടിയ രണ്ടും നാലും പ്രതികള്ക്കായി പൊലിസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്കും. ആദ്യം പിടിയിലായ ശ്രീരാജ്, ജിത്ത് മാര്ട്ടിന് എന്നിവരെ പൊലിസ് കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇവരെ സംഭവം നടന്ന വട്ടേക്കുന്നത്തെ ലോഡ്ജിലും കൂനംതൈയില് പ്രവര്ത്തിക്കുന്ന ഡിലൈറ്റ് സ്പായിലുമെത്തിച്ച് പൊലിസ് തെളിവെടുപ്പും നടത്തിയിരുന്നു.
Kerala
കൊച്ചി: അഭിമന്യു വധക്കേസില് രഹസ്യ വിചാരണയില്ല. രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതിയും തള്ളി. ഇതേ ആവശ്യം എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി സെപ്റ്റംബറില് തള്ളിയിരുന്നു. കേസിന്റെ വിചാരണ ഒക്ടോബര് 15നാണ് ആരംഭിക്കുന്നത്.
മാധ്യമപ്രവര്ത്തകര് ചിത്രങ്ങള് പകര്ത്തി പ്രചരിപ്പിക്കുന്നത് തടയണം. പരസ്യ വിചാരണ ഭാവി ജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികള് സ്വാധീനിക്കപ്പെടാന് സാധ്യതയുണ്ടെന്നും മഹാരാജാസ് കോളജ് വിദ്യാര്ഥികളെ കോടതി പരിസരത്ത് കൂട്ടം കൂടാന് അനുവദിക്കരുത് എന്നതടക്കമായിരുന്നു പ്രതികളുടെ ആവശ്യം.
എന്നാല് മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും രഹസ്യ വിചാരണയുടെ ആവശ്യമില്ലെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഇതോടെയാണ് വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി ശരിവച്ചത്.
അതേസമയം, അഭിമന്യു കൊല്ലപ്പെട്ട് എട്ടു വര്ഷം കഴിഞ്ഞിട്ടും വിചാരണ പൂര്ത്തിയാക്കാത്തതില് ഹൈക്കോടതി നേരത്തെ വിമര്ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ വിചാരണ നാലു മാസത്തിനുള്ളില് തന്നെ പൂര്ത്തിയാക്കണമെന്ന് ഹൈക്കോടതി കീഴ്ക്കോടതിക്ക് നിര്ദേശം നല്കിയിരുന്നു.
Kerala
കൊല്ലം: ചവറയിൽ യുവാവിനെ കുത്തിക്കൊന്നു. ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് മരിച്ചത്. സംഭവത്തിൽ പ്രതി ശിവരാജിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് പറയുന്നു. സംഭവത്തിൽ പൊലിസ് സ വിശദമായ അന്വേഷണം നടത്തിവരികയാണ്.
National
ന്യൂഡൽഹി: ആവശ്യമായ രേഖകളില്ലെന്ന കാരണത്താൽ മാത്രം കന്നുകാലികളെ കശാപ്പിനായി കൊണ്ടുപോകുന്നുവെന്ന് അനുമാനിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി.
ഛത്തീസ്ഗഡിലെ കാർഷിക കന്നുകാലി സംരക്ഷണ നിയമപ്രകാരം 32 കാളകളെ കശാപ്പിനായി കൊണ്ടുപോയെന്ന കേസിൽ പ്രതിയുടെ ശിക്ഷ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
ഛത്തീസ്ഗഡിൽനിന്ന് ഒഡീഷയിലേക്കു ലോറിയിൽ കന്നുകാലികളെ കടത്തുന്നതിനിടെയാണ് സംഘം പൊലിസ് പിടിയിലാകുന്നത്.
കന്നുകാലികളെ കൊണ്ടുപോകുന്നത് കശാപ്പ് ചെയ്യാനാണെന്ന് അധികൃതർക്കു വ്യക്തമായ അറിവും തെളിവുമുണ്ടെങ്കിൽ മാത്രമേ സംസ്ഥാനത്തെ നിയമപ്രകാരം കുറ്റം ചുമത്താൻ സാധിക്കൂവെന്ന് കോടതി വ്യക്തമാക്കി.
രേഖകളുടെ അഭാവം കൊണ്ടുമാത്രം അത് കശാപ്പിനാണെന്ന് ഉറപ്പിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Kerala
കല്പ്പറ്റ: പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് ഒളിവിലായിരുന്ന പ്രതി പിടിയില്. മലപ്പുറം വേങ്ങാട് മൂര്ഖനാട് മമ്മാറന് ജലീലിനെയാണ്(35)കഴിഞ്ഞ ദിവസം ഒലവക്കോടുനിന്ന് വയനാട് സ്പെഷ്യല് മൊബൈല് സ്ക്വാഡ് അറസ്റ്റുചെയത്ത്.
വൈത്തിരി പൊലിസ് സ്റ്റേഷന് പരിധിയിലെ ഊരിലുള്ള പെണ്കുട്ടിയെ കുറച്ചുകാലം മുമ്പ് പ്രലോഭിപ്പിച്ച് പടിഞ്ഞാറത്തറയിലെ റിസോര്ട്ടിലും മൈസൂരുവിലെ ഹോട്ടലിലും എത്തിച്ചാണ് പീഡിപ്പിച്ചത്. ഇതുസംബന്ധിച്ച പരാതിയില് പൊലിസ് കേസെടുത്തത് അറിഞ്ഞ പ്രതി ഒഡിഷയിലേക്ക് കടന്നു. പിന്നീട് കൊച്ചിയില് എത്തിയ പ്രതി തിരികേ പോകുന്നതിനിടെയാണ് പിടിയിലായത്.
85 കിലോഗ്രാം കഞ്ചാവ് കേരളത്തിലേക്ക് കടത്തിയതിന് കര്ണാടകയില് ജലീലിനെതിരേ കേസുണ്ട്. സംസ്ഥാനത്ത് മാത്രം അഞ്ച് ലഹരിക്കേസുകളില് ഇയാള് പ്രതിയാണ്. ഡിവൈഎസ്പി ഷജു ജോസഫ്, എസ്ഐ ആന്റണി, എഎസ്ഐമാരായ ബിജു വര്ഗീസ്, ബിന്ദു, ബൈജു എസ്സിപിഒമാരായ ഷാലു ഫ്രാന്സിസ്, ജിയോ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പീഡനക്കേസ് അന്വേഷിച്ചത്.
Kerala
കോഴിക്കോട്: പൊലിസ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിലെ അഞ്ചാം പ്രതിക്ക് ജാമ്യം. എംഡിഎംഎ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാം പ്രതിയും ഇരിട്ടി സ്വദേശിയുമായ ജിജിൻ കുര്യാക്കോസിനാണ് വടകര എൻഡിപിഎസ് കോടതി ജാമ്യം അനുവദിച്ചത്.
60 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ സാഹചര്യത്തിലാണ് എൻഡിപിഎസ് കോടതി ജഡ്ജി അന്യാസ് തയ്യിൽ ജാമ്യം അനുവദിച്ചത്. കേസിന്റെ അന്വേഷണം പൂർത്തിയാകാത്തതിനാൽ പൊലിസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കേസിലെ മുഖ്യപ്രതിയെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
അതേസമയം ഈ കേസിൽ ജാമ്യം ലഭിച്ചെങ്കിലും പയ്യോളി പൊലിസ് രജിസ്റ്റർ ചെയ്ത മറ്റൊരു മയക്കുമരുന്ന് സാമ്പത്തിക ഇടപാട് കേസിൽ ജിജിൻ കുര്യാക്കോസ് ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ആ കേസിലും ജാമ്യം ലഭിച്ചാൽ മാത്രമേ ഇയാൾക്ക് ജയിൽമോചിതനാകാൻ കഴിയൂ. ഇതോടെ വടകരയിലെ എംഡിഎംഎ കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു.
Kerala
ന്യൂഡൽഹി: കരിവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യഹർജി തള്ളി സുപ്രീംകോടതി. ജിത ഭാസ്കർ, ശ്രീലത എന്നിവരുടെ മുൻകൂർ ജാമ്യഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
കേസിലെ ഒന്നാം പ്രതിയുടേയുടെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവർ. നേരത്തെ മറ്റൊരു കേസിൽ ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു.
ബാങ്ക് സെക്രട്ടറിയായിരുന്ന ടി.ആര്. സുനില് കുമാറാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കല് കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു ടി.ആര്. സുനില് കുമാര്.
Kerala
പത്തനംതിട്ട: കാൽനട യാത്രക്കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്ന പ്രതിയെ പൊലിസ് പിന്തുടർന്ന് പിടികൂടി. കടപ്ര വളഞ്ഞവട്ടം ചന്ദ്രപുരത്തിൽ വീട്ടിൽ 83 വയസുകാരിയായ രാജമ്മയുടെ മാല പൊട്ടിച്ച് കടന്ന തിരുവല്ല നെടുമ്പ്രം പുത്തൻകാവ് സ്വദേശി അഭിഷേക് ഗോപിയെയാണ് പുളിക്കീഴ് പൊലിസ് പിടികൂടിയത്.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെയാണ് സ്കൂട്ടറിലെത്തി പ്രതി മാല പൊട്ടിച്ചത്. പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് റോഡിൽ നിന്നും കീച്ചേരി വാൽക്കടവ് റോഡിലേക്ക് നടന്നു പോവുകയായിരുന്നു രാജമ്മ. സ്കൂട്ടറിൽ എതിരെ വന്ന പ്രതി മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാർ പ്രതിയെ പിന്തുടർന്നെങ്കിലും രക്ഷപ്പെട്ടു.
തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയുടെ സ്കൂട്ടറിന്റെ വിവരങ്ങൾ ലഭിച്ചത്. സ്കൂട്ടറിന്റെ നമ്പരും മൊബൈൽ നമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി കുടുങ്ങിയത്. ശനിയാഴ്ച രാത്രി 12:30 യോടെയാണ് പിടികൂടിയത്.
സുഹൃത്തുക്കളുമൊത്ത് കാറിൽ നെടുമ്പാശേരിൽ പോയി മടങ്ങി വരും വഴി പൊടിയാടി ജംഗ്ഷന് സമീപം വച്ചാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് ബൈക്കുകളിലായി പിന്തുടർന്ന് പോലീസ് പിടികൂടുകയായിരുന്നു.
ഓൺലൈൻ വായ്പകൾ മുഖേന ഉണ്ടായ സാമ്പത്തിക ബാധ്യത തീർക്കുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പ്രതി പൊലിസിൽ മൊഴി നൽകിയത്. തൊണ്ടിമുതൽ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: വടകര എംഡിഎംഎ കേസ് പ്രതിക്ക് പൊലിസ് സ്റ്റേഷന് മുന്നിൽവച്ച് കുത്തേറ്റു. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം സ്റ്റേഷനിൽ ഒപ്പിടാനെത്തിയ കീർത്തനയ്ക്കാണ് പങ്കാളി വിനീഷിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഹൈക്കോടതി നിർദ്ദേശപ്രകാരം വടകര പൊലിസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയതായിരുന്നു കീർത്തന. സ്റ്റേഷന് തൊട്ടുമുന്നിൽവച്ച് ഇവർക്ക് നേരെ വിനീഷ് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
സംഭവസ്ഥലത്തുവച്ചുതന്നെ പ്രതി വിനീഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
National
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമക്കേസിൽ (പോക്സോ) വിചാരണ നേരിടുന്ന അച്ഛന് കുട്ടികളുടെ കസ്റ്റഡി അവകാശം നൽകാനാകില്ലെന്നു സുപ്രീംകോടതി.
ഇത്തരം കേസുകളിൽ പ്രതിയായ അച്ഛനു സംരക്ഷണം നൽകുന്നത് കേസിന്റെ അന്വേഷണത്തെയും കുട്ടിയുടെ മൊഴിയെയും ദോഷകരമായി ബാധിക്കുമെന്ന് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
നേരത്തേ കുടുംബക്കോടതിയും തുടർന്ന് ഹൈക്കോടതിയും അച്ഛന് കുട്ടിയുടെ കസ്റ്റഡി അവകാശം അനുവദിച്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനുശേഷമാണ് കുട്ടി അച്ഛന്റെ പീഡനത്തിനിരയായി എന്ന വിവരം പുറത്തുവരുന്നത്. തുടർന്ന് കുട്ടിയുടെ അമ്മ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അമ്മയുടെ ഹർജി പരിഗണിച്ചാണ് കുട്ടിയെ അമ്മയ്ക്കു വിട്ടുനൽകാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
പോക്സോ നിയമ ദുരുപയോഗ മുന്നറിയിപ്പ്
അതേസമയം മാതാപിതാക്കളുടെ വിവാഹമോചന തർക്കങ്ങളിലും കസ്റ്റഡി കേസുകളിലും പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരേ സുപ്രീംകോടതിയിലെ മറ്റൊരു ബെഞ്ച് രംഗത്തുവന്നു. ജസ്റ്റീസുമാരായ ജെ.ബി പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വേറൊരു കേസിൽ ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
വിവാഹമോചന കേസുകളിലും കസ്റ്റഡി തർക്കങ്ങളിലും മാതാപിതാക്കൾ പരസ്പരം പോക്സോ ഉൾപ്പടെ കള്ളക്കേസുകൾ നൽകുന്ന പ്രവണത വർധിച്ചുവരുന്നതായി നിരീക്ഷിച്ച കോടതി, പോക്സോ പരാതി ലഭിച്ചാൽ ഉടൻതന്നെ പൊലിസ് അറസ്റ്റിലേക്ക് കടക്കരുതെന്നും, കേസിൽ കുട്ടികളുടെ മനഃശാസ്ത്ര വിദഗ്ധരുടെ ഉൾപ്പടെ സഹായം തേടണമെന്നും വ്യക്തമാക്കി.
Kerala
കൊല്ലം: റെയിൽവേ പൊലിസ് സ്റ്റേഷനിലെ ലോക്കപ്പിന്റെ കുറ്റിതകർത്ത് രക്ഷപ്പെട്ട പ്രതി പിടിയിൽ. വടക്കേക്കര കൽപ്പടിക്കൽ പുത്തൻവീട്ടിൽ അബ്ദുൽ സലാം (38) ആണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി കേരളപുരത്തിനു സമീപം മാമൂട്ടിലുള്ള സഹോദരന്റെ വീട്ടിൽ നിന്ന് അബ്ദുൽ സലാമിനെ റെയിൽവേ പൊലിസ് പിടികൂടുകയായിരുന്നു. തമിഴ്നാട് ഉൾപ്പെടെയുള്ള ഇടങ്ങളിൽ മോഷണക്കേസുകളിൽ പ്രതിയായ അബ്ദുൾ സലാം ഞായറാഴ്ച രാത്രി സ്റ്റേഷൻ പരിസരത്തുനിന്നു കഞ്ചാവുമായാണ് പിടിയിലായത്. ഇയാൾക്കെതിരേ പോലീസിനെ ആക്രമിച്ച കേസുമുണ്ട്.
കോടതിയിൽ ഹാജരാക്കാനായി ലോക്കപ്പിൽ പാർപ്പിച്ചുവരുന്നതിനിടെ തിങ്കളാഴ്ച ഉച്ചയോടെ കൊല്ലം റെയിൽവേ സ്റ്റേഷൻ ലോക്കപ്പിൽനിന്ന് ചാടിപ്പോകുകയായിരുന്നു. ചൊവ്വാഴ്ച ഇയാൾ വീട്ടിലെത്തി മടങ്ങിയതായി പൊലിസിന് വിവരം ലഭിച്ചിരുന്നു. ഉച്ചമുതൽ പലപ്പോഴായി പൊലിസിന്റെ സാന്നിധ്യംകണ്ട് ഇയാൾ വിവിധ സ്ഥലങ്ങളിൽനിന്നു കടന്നു.
ജില്ല വിട്ടുപോയിട്ടില്ലെന്ന കണക്കുകൂട്ടലിൽ നിരീക്ഷണം ശക്തമാക്കിയിരിക്കെയാണ് രാത്രി എട്ടോടെ സാഹസികമായി പൊലിസ് പിടികൂടിയത്. തുടർന്ന് ഇയാളെ റെയിൽവേ പൊലിസ് സ്റ്റേഷനിലെത്തിച്ചു.
Kerala
മുവാറ്റുപുഴ: ജാതിപത്രി മോഷണക്കേസിലെ പ്രതിയെ പിടികൂടി പൊലിസ്. തൃക്കാരിയൂർ രാമല്ലൂർ തേർത്താനക്കുടി വീട്ടിൽ രമേശൻ (55) ആണ് പിടിയിലായത്.
മുവാറ്റുപുഴ - വാളകം മനക്കപീടിക ഭാഗത്തുള്ള വീട്ടിൽ ഉണക്കി സൂക്ഷിച്ചിരുന്ന 50 കിലോയാളം വരുന്ന ജാതിപത്രിയാണ് പ്രതി മോഷ്ടിച്ചത്. ഈ മാസം പതിനാറിനാണ് കേസിനാസ്പദമായ സംഭവം.
നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട് കാപ്പ പ്രകാരം നാടുകടത്തപ്പെട്ടിട്ടുള്ളയാളുമായ പ്രതി സമാന സ്വഭാവമുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും സഹായികളെക്കുറിച്ചും അന്വേഷണം നടത്തി വരികയാണെന്ന് പൊലിസ് അറിയിച്ചു.
National
ചണ്ഡിഗഢ്: അസിസ്റ്റന്റെ സബ് ഇൻസ്പെക്ടറെ(എഎസ്ഐ) വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലിസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അമൃത്സർ മുലേചക് സ്വദേശിയായ ദീപക് സിംഗാണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ ഭഗ്തൻവാല ധാന്യ മാർക്കറ്റിൽ എഎസ്ഐ ഹർജിത് സിംഗിനെ വെടിവച്ചു കൊലപ്പെടുത്തിയ, രണ്ട് മോട്ടോർസൈക്കിളിലായെത്തിയ സംഘത്തിൽ ദീപക് ഉണ്ടായിരുന്നെന്നു പൊലിസ് പറഞ്ഞു.
കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട സംഘത്തെ സിസിടിവി ദൃശ്യങ്ങളിലൂടെ പൊലിസ് പിന്തുടരുകയായിരുന്നു.
അമൃത്സറിലെ ഇസ്ലാമാബാദ് പൊലിസ് സ്റ്റേഷനു സമീപം നടന്ന ഏറ്റുമുട്ടലിലാണ് ദീപികിനു വെടിയേറ്റത്. ദീപകിനൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി മോട്ടോർസൈക്കളുപേക്ഷിച്ചു കടന്നുകളഞ്ഞു.
Kerala
തിരുവനന്തപുരം: കേരള - തമിഴ്നാട് അതിര്ത്തിമേഖലകളിൽ മോഷണം നടത്തിയിരുന്ന പ്രതികൾ പിടിയിൽ. അണ്ടുകോട് ചെമ്പ്രവിള സ്വദേശിയായ രഘു (48), പേയാട് സ്വദേശിയായ ശിവപ്രസാദ് (45)
എന്നിവരാണ് പിടിയിലായത്.
പളുകല് പൊലിസ് ആണ് പ്രതികളെ പിടികൂടിയത്. പാറശാല പളുകല്, കന്നുമാമൂട്, കാരക്കോണം, മേഖലകളില് ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും ആണ് പ്രതികൾ മോഷണം നടത്തിയിരുന്നത്.
തമിഴ്നാട് പൊലിസിന്റെ രാത്രി കാല പട്രോളിംഗിനിടെ റോഡ് വശത്ത് ഇടവഴിയില് സംശയാസ്പദമായ രീതിയില് നില്ക്കുന്നത് കണ്ട് പൊലിസ് പിടികൂടി ചോദ്യം ചെയ്തപ്പോള് പരസ്പര വിരുദ്ധമായി സംസാരിക്കുകയായിരുന്നു. തുടര്ന്ന് സ്റ്റേഷനില് എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷണക്കേസുകളിലെ പ്രതികളാണെന്ന് തിരിച്ചറിഞ്ഞത്.
തമിഴ്നാട് - കേരളാ അതിര്ത്തി പ്രദേശമായ പാറശാല സ്റ്റേഷന് പരിധിയിലും പളുകല് പൊലീസ് സ്റ്റേഷന് പരിധിയിലുമായി 14ലധികം കേസുകളിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ട്. കേരള പൊലിസിനെയും തമിഴ്നാട് പൊലിസിനെയും ഒരുപോലെ വട്ടംചുറ്റിച്ച കേസുകളിലടക്കം ഇവർ പ്രതിപ്പട്ടികയിലുണ്ടായിരുന്നു.
മാസങ്ങള്ക്ക് മുമ്പ് തമിഴ്നാട് ജയില് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികൾ കേരള - തമിഴ്നാട് അതിര്ത്തിയായ പ്രദേശങ്ങളില് മോഷണം നടത്തിവരികയായിരുന്നു. പളുകല് എസ്ഐ വില്സന്റഎ നേതൃത്വത്തിലുള്ള സംഘം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടി സ്വീകരിച്ചു.
NRI
അൽബാമ: 1998-ൽ പണയം വയ്ക്കുന്ന കടയിൽ നടന്ന കൊലപാതക കേസിൽ ജെഫ്രി ലീ (49) എന്നയാൾക്കാണ് അൽബാമയിൽ മാരക വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കി.
1998 ഡിസംബർ 12ന് ഒർവിൽയിലെ ജിമ്മീസ് പാവ്ൻ ഷോപ്പിൽ നടന്ന കവർച്ചയ്ക്കിടെ സ്റ്റോർ ഉടമ ജിമ്മി എല്ലിസ്, ജീവനക്കാരി എലൈൻ തോംപ്സൺ എന്നിവരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കോടതി തടഞ്ഞതിനെത്തുടർന്ന് അൽബാമ സർക്കാർ മാരക വിഷം കുത്തിവെക്കുന്ന രീതിയിലേക്ക് മാറുകയായിരുന്നു.
ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ യുഎസ് സുപ്രീംകോടതി തള്ളി. ജൂറി ജീവപര്യന്തം ശിക്ഷ ശുപാർശ ചെയ്തിരുന്നെങ്കിലും ജഡ്ജി അത് വധശിക്ഷയായി മാറ്റുകയായിരുന്നു എന്നത് കേസിൽ ശ്രദ്ധേയമായ ഒരു ഘട്ടമായിരുന്നു.
District News
പൊൻകുന്നം: എരുമേലി പൊലിസ് 2023ലെടുത്ത പോക്സോ കേസിലെ പ്രതിയെ ചങ്ങനാശേരി ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി വെറുതെ വിട്ടു. ചേനപ്പാടി സ്വദേശി ആദർശ് സുഭാഷിനെയാണ് വെറുതെ വിട്ടത്.
2022ൽ സുഹൃത്തിന്റെ വീട്ടിലെത്തിയ പ്രതി സുഹൃത്തിന്റെ സഹോദരിയെ പീഡിപ്പിച്ചുവെന്നായിരുന്ന കേസ്. എന്നാൽ, പരാതിക്കാരിയുടെ സഹോദരന് പ്രതിയോടുള്ള മുൻ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ കേസാണെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. പ്രതിഭാഗത്തിനു വേണ്ടി രോഹിത് അജയകുമാർ പൊൻകുന്നം ഹാജരായി.
District News
തൊടപുഴ: യുവാവിനെ വടിവാളിനു വെട്ടി ഗുരുതരമായി പരിക്കേല്പ്പിച്ച സംഭവത്തില് അക്രമകാരികള് സഞ്ചരിച്ച വാഹനം കണ്ടെത്തി. കുമാരമംഗലം ഉരിയരിക്കുന്നു കുരിശ് ഭാഗത്ത് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തിനു ശേഷം പ്രതികള് രക്ഷപ്പെടാന് ഉപയോഗിച്ച ആംബുലന്സ് പെരുമ്പാവൂര് കുറുപ്പുംപടി ടൗണിലെ ഒരു വര്ക്ക്ഷോപ്പിനു മുന്പില് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
വര്ക്ക്ഷോപ്പിനു മുന്പില് ആംബുലന്സ് ഉപേക്ഷിച്ച നിലയില് കണ്ട പ്രദേശവാസി വിവരം കുറുപ്പംപടി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില് വാഹനത്തിലെ സ്പോര്ട്സ് ബാഗില്നിന്ന് നാല് വടിവാളും കണ്ടെത്തി. തുടര്ന്ന് തൊടുപുഴ പോലീസ് സ്ഥലത്തെത്തി ആംബുലന്സ് കസ്റ്റഡിയിലെടുത്തു. കേസില് അഞ്ച് പ്രതികളാണുള്ളത്.
ഇതില് രണ്ട് പ്രതികളെ തിരിച്ചറിഞ്ഞെന്നും മുഴുവന് പ്രതികള്ക്കും വേണ്ടിയുള്ള അന്വേഷണം നടന്നുവരികയാണെന്ന് തൊടുപുഴ ഡിവൈഎസ്പി സജി മാര്ക്കോസ് അറിയിച്ചു. രതീഷ്, സജിന് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച രാത്രി 7.30നാണ് സംഭവം.
കുമാരമംഗലം ഉരിയരിക്കുന്ന് കരിക്കുംതോട്ടത്തില് സെനിത്ത് കെ.ശിവന് (34) ആണ് വടിവാളിന് വെട്ടേറ്റത്ത്. കേസില് ഒന്നാം പ്രതിയായ രതീഷിനുണ്ടായ വ്യക്തി വൈരാഗ്യമാണ് ഗുണ്ടാ ആക്രമണത്തില് കലാശിച്ചതെന്നു പോലീസ് പറഞ്ഞു.
സെനിത്തിന്റെ വീട്ടിലേക്ക് പോകുന്ന ഏഴല്ലൂര് ഷാപ്പ് ഭാഗത്തെ റോഡില്വച്ചാണ് ആക്രമണമുണ്ടായത്. സെനിത്തും സുഹൃത്തുകളും സഞ്ചരിച്ചിരുന്ന കാറിനെ പിന്നില്നിന്നൊരു കാറും മുന്വശത്തുനിന്നെത്തിയ പിക്കപ്പും ഉപയോഗിച്ച് ഇടിപ്പിച്ചു. പ്രതികളായ രതീഷും സജിനും മറ്റ് കണ്ടാലറിയാകുന്ന മുന്നുപേരും ചേര്ന്ന് കാറിന്റെ ചില്ല് തകര്ക്കുകയും സെനിത്തിനെ രതീഷ് വെട്ടിപരിക്കേല്പ്പിക്കുകയും കാറിന്റെ ഡോര് തുറന്ന് വയറിന്റെ വലത് ഭാഗത്ത് കുത്തിപരിക്കേല്പ്പിക്കുകയും ചെയ്തു.
ഈ സമയം കാറിലുണ്ടായിരുന്ന യുവതിയെ കാറില്നിന്നു വലിച്ചിറക്കി മര്ദ്ദിച്ചു. ആക്രമണത്തില് പരിക്കേറ്റവര് തൊടുപുഴ ജില്ലാ ആശുപത്രിയില് ചികിത്സ നേടി. കേസില് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.
Kerala
കൊച്ചി: യുവതിയെ റിസോര്ട്ടില് കയറി ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്യാന് ശ്രമിച്ച കേസില് പ്രതി അറസ്റ്റില്. കാപ്പ ചുമത്തിയ പ്രതി ചെറായി വാടേപറമ്പില് തൊരപ്പന് എന്ന് വിളിക്കുന്ന രാജേഷ് (52) ആണ് അറസ്റ്റിലായത്. കാപ്പ നിയമം ലംഘിച്ചാണ് പ്രതി ചെറായില് എത്തിയത്.
കഴിഞ്ഞ ദിവസം ചെറായി ബീച്ചിലുള്ള ബീച്ച് ടവര് റിസോര്ട്ടിലെത്തി ഇവിടെ താമസിച്ചു കൊണ്ടിരുന്ന യുവതിയെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. യുവതി നല്കിയ പരാതിയില് മുനമ്പം പൊലിസ് കേസ് എടുത്ത്, പ്രതിയെ അറസ്റ്റ് ചെയ്ത് മട്ടാഞ്ചേരി സബ് ജയിലില് അടച്ചു.
Kerala
കൊച്ചി: ആലുവ റെയില്വേ സ്റ്റേഷന് സമീപം യുവാവിനെ ആക്രമിച്ച് സ്വര്ണവും പണവും കവര്ന്ന സംഭവത്തില് മുഖ്യപ്രതി പിടിയില്. പെരുമ്പാവൂര് സ്വദേശിയാണ് പിടിയിലായത്. കോടനാട് സ്വദേശിയായ ജോഫിന് ജിജുവില് (27) നിന്നും മൂന്നര പവന് സ്വര്ണം കവര്ന്നു. ശനിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം.
ആലുവ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും റെയില്വെ സ്റ്റേഷനിലേക്ക് ഗൂഗിള് മാപ്പിന്റെ സഹായത്തോടെ നടന്നുപോകവെ ആയിരുന്നു ആക്രമണം. രാത്രി കോഴിക്കോട് പോകാനുള്ള ട്രെയിനില് കയറുന്നതിനായി റെയില്വേയുടെ പിന്നിലുള്ള ഗുഡ്ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്.
അക്രമികള് ആദ്യം കല്ലുകൊണ്ട് ജോഫിന്റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന് ശ്രമിച്ച ജോഫിനെ നാലംഗ സംഘം പിന്തുടര്ന്ന് കഴുത്തില് കിടന്ന മാലയും കൈയിലെ പണവും തട്ടിയെടുക്കുകയായിരുന്നു. തുടര്ന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ വലിച്ചിഴച്ചു.
ക്രൂരമായ ആക്രമണത്തില് ജോഫിന്റെ മൂന്ന് വാരിയെല്ലുകള് പൊട്ടി, വലതുകൈയും ഒടിഞ്ഞു. പൊലിസാണ് ഇയാളെ ആശുപത്രിയില് എത്തിച്ചത്. ആശുപത്രിയില് ചികിത്സയില് കഴിയുന്ന ജോഫിന്റെ നില ഗുരുതരമായി തുടരുകയാണ്.
National
മാപുസ (ഗോവ): ഗോവയിലെ ബിർച്ച് ബൈ റോമിയോ ലെയ്ൻ നിശാക്ലബ് തീപിടിത്തക്കേസിലെ മൂന്ന് പ്രധാന പ്രതികൾ മാപുസ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങി.
നിശാക്ലബ് ഉടമകളായ സൗരഭ്, ഗൗരവ് ലുത്ര സഹോദരന്മാരും ബിസിനസ് പങ്കാളി അജയ് ഗുപ്തയുമാണ് കീഴടങ്ങിയത്.
ജാമ്യം റദ്ദാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ പ്രതികളുടെ ഹർജി കഴിഞ്ഞമാസം 31ന് സുപ്രീംകോടതി തള്ളുകയും രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പ്രതികൾ കോടതിയിൽ ഹാജരായത്.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 2025 ഡിസംബർ 6ന് നോർത്ത് ഗോവയിലെ അർപോറയിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Kerala
കൊച്ചി: വില്ലിംഗ്ടൺ ഐലൻഡിലും സമീപ പ്രദേശങ്ങളിലും പാർക്ക് ചെയ്തിട്ടുള്ള കണ്ടെയ്നർ ലോറികളിൽ നിന്നും ട്രെയിലറുകളിൽ നിന്നും ബാറ്ററികൾ മോഷണം നടത്തി വന്നിരുന്ന രണ്ടു പേർ അറസ്റ്റിൽ.
എറണാകുളം നെട്ടൂർ കളത്തിപറമ്പിൽ വീട്ടിൽ ഷൈജു (39), ചോറ്റാനിക്കര കുരീക്കാട് ചാണയിൽ വീട്ടിൽ ഷഹീർ (36) എന്നിവരാണ് ഹാർബർ പൊലിസിന്റെ പിടിയിലായത്.
അഞ്ചിന് പുലർച്ചെ രണ്ടിന് വില്ലിംഗ്ടൺ ഐലൻഡ് - മട്ടാഞ്ചേരി ഹാൾട്ടിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഐസിടി ട്രാൻസ്പോർട്ടിംഗ് കമ്പനിയുടെ കണ്ടെയ്നർ ലോറിയിൽ നിന്നും 11,000 രൂപ വിലവരുന്ന ബാറ്ററികൾ പ്രതികൾ മോഷ്ടിക്കുകയായിരുന്നു.
ഡിസിപി മോഹിത് റാവത്തിന്റെ നേതൃത്വത്തിൽ ഹാർബർ പൊലിസ് സ്റ്റേഷൻ എസ്എച്ച്ഒ എ. അജിത്ത്, ടൗൺ സൗത്ത് എസ്എച്ച്ഒ റിജിൻ എം. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കൊച്ചി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
District News
തിരുവനന്തപുരം: നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിൽ പാർപ്പിച്ച് ഉത്തരവായി. ബാലുശേരി വട്ടോളി ബസാർ സ്വദേശി കോറോത്തുവയൽ വീട്ടിൽ അമർ ജിഹാദ് (29) ആണ് കരുതൽ തടങ്കലിലായത്. തുടർച്ചയായി മയക്കുമരുന്നു കേസുകളിൽ ഉൾപ്പെട്ട അമർ ജിഹാദിനെതിരേ കരുതൽതടങ്കൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബാലുശേരി പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സമർപ്പിച്ച അപേക്ഷ കോഴിക്കോട് റൂറൽ ജില്ലാ പൊലിസ് മേധാവി മെറിൻ ജോസഫ് ആഭ്യന്തരവകുപ്പിന് ശുപാർശ ചെയ്യുകയായിരുന്നു. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
Kerala
കൊച്ചി: മരട് പൊലിസ് സ്റ്റേഷനിൽ എംഡിഎംഎ കേസ് പ്രതിയുടെ അതിക്രമത്തിൽ എസ്ഐ ഉൾപ്പെടെ മൂന്ന് പൊലിസുകാർക്ക് പരിക്കേറ്റു. ചേർത്തല സ്വദേശി രഞ്ജിത്താണ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലിസുകാരെ ആക്രമിക്കുകയും ചെയ്തത്. ബോക്സിംഗ് പരിശീലനം ലഭിച്ചിട്ടുള്ളയാളാണ് പ്രതിയെന്ന് പൊലിസ് വ്യക്തമാക്കി.
ആക്രമണത്തിൽ മരട് സ്റ്റേഷനിലെ എസ്ഐ ജാക്സൺ, എഎസ്ഐ സുമേഷ്, സിപിഒ ഫസൽ എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ സിപിഒ ഫസലിന്റെ വലത് കൈയ്ക്ക് പൊട്ടലും എഎസ്ഐ സുമേഷിന്റെ കഴുത്തിൽ ശക്തമായ ചതവും പറ്റിയിട്ടുണ്ട്. എസ്ഐ ജാക്സണും പരിക്കേറ്റു.
സ്റ്റേഷനുള്ളിൽവച്ച് പൊലിസുകാരെ ആക്രമിച്ച സംഭവത്തെ തുടർന്ന് പ്രതി രഞ്ജിത്തിനെ കനത്ത സുരക്ഷയോടെ മെഡിക്കൽ കോളജ് സെല്ലിലേക്ക് മാറ്റി. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലിസുകാരെ ആക്രമിച്ചതിനും പ്രതിക്കെതിരെ പുതിയ വകുപ്പുകൾ പ്രകാരം പ്രത്യേക കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
District News
ചങ്ങനാശേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. തൃശൂർ കല്ലൂർക്കാട് സ്വദേശി ജെൻസൺ (31) ആണ് പിടിയിലായത്.
ചങ്ങനാശേരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ വിദേശ ജോലിക്കായി പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് വീസ തയാറാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ പണം കൈപ്പറ്റിയത്. 2025 നവംബർ 4 മുതൽ 2026 മാർച്ച് 7 വരെയുള്ള കാലയളവിൽ ഒന്നാം പ്രതി നേരിട്ടും മറ്റു പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും ഏജൻസി അക്കൗണ്ടിലേക്കും വിവിധ ഘട്ടങ്ങളിലായി ആകെ 1,00,73,300 രൂപ കൈപ്പറ്റിയെന്നാണ് പരാതി.
പണം കൈപ്പറ്റിയശേഷം വാഗ്ദാനം ചെയ്ത ജോലി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചെന്നാണ് കേസ്. ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്കെതിരേ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
കേരളത്തിൽ അവധിക്കായെത്തിയ പ്രതി അഹമ്മദാബാദ് വിമാനത്താവളം വഴി അർമേനിയയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ അഹമ്മദാബാദ് വിമാനത്താവളത്തിലാണ് പിടിയിലായത്. തുടർന്ന് ചങ്ങനാശേരി പോലീസ് ഇയാളെ അഹമ്മദാബാദിൽനിന്ന് കസ്റ്റഡിയിൽ ഏറ്റെടുത്ത് നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ചങ്ങനാശേരി ഡിവൈഎസ്പി ആഷാദ് എസ്, എസ്എച്ച്ഒ അനിൽ ജോർജ്, എസ്ഐമാരായ അഖിൽ വിജയകുമാർ, ബിനിൽ വിജയൻ, സീനിയർ സിപിഒ നിതിൻ ജോൺ, എഎസ്ഐ സൈനി സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
District News
ഇരിങ്ങാലക്കുട: അയല്വാസിയെ വീടുകയറി ആക്രമിച്ച് ഗുരുതരമായി പരിക്കേല്പ്പിച്ച കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പൊറത്തിശേരി തേലപ്പിള്ളി കൂടാരം വീട്ടില് സുധീഷ് (45) ആണ് അറസ്റ്റിലായത്.
ഈ മാസം ആറിന് ഉച്ചയ്ക്ക് 1.45ഓടെ അയല്വാസിയായ കൂടാരം വീട്ടില് മണികണ്ഠന്റെ (48) വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതി തന്റെ മെമ്മറികാര്ഡ് എടുത്തോ എന്ന് ചോദിച്ച് തര്ക്കത്തിലാവുകയായിരുന്നു. താന് എടുത്തിട്ടില്ലെന്ന് മണികണ്ഠന് മറുപടി നല്കിയതിലുളള വൈരാഗ്യത്താല് വീടിന്റെ ചുമരില് ചാരിവെച്ചിരുന്ന അടുക്കളയില് ഉപയോഗിച്ചിരുന്ന ഇരുമ്പ് പൈപ്പ് എടുത്ത് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്പ്പിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട എസ്എച്ച്ഒ കെ.ഒ. പ്രദീപ്, എസ്ഐ എബിന്, എസ്ഐ സൗമ്യ, ജിഎസ്സിപിഒ മാരായ ഗിരീഷ്, വിജോഷ്, ജിജില്, ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Kerala
ആലപ്പുഴ: സുഹൃത്തിനെ ഫോണിലൂടെ വിളിച്ചുവരുത്തി വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. മാരാരിക്കുളം പഞ്ചായത്ത് 12-ാം വാർഡിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിജിത്താണ് ആലപ്പുഴ നോർത്ത് പൊലിസിന്റെ പിടിയിലായത്.
ഓഗസ്റ്റ് 29-ന് രാത്രി പതിനൊന്നരയോടെ പാതിരാപ്പള്ളി പടിഞ്ഞാറെ ജംഗ്ഷനു തെക്കുവശമുള്ള ഇറച്ചിക്കടയുടെ പടിഞ്ഞാറുവശത്തെ ഇടവഴിയിൽവച്ചായിരുന്നു അക്രമം ഉണ്ടായത്.
സുഹൃത്തായ അനിലിനെ ഫോണിൽ വിളിച്ച് സ്ഥലത്തെത്തിച്ചശേഷം അസഭ്യം പറയുകയും കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് തലയ്ക്കും ഇടതുതോളിനും വെട്ടി ഗുരുതരമായി പരിക്കേല്പിക്കുകയുമായിരുന്നു.
സംഭവത്തിനുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ മാന്നാർ പൊലിസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് പിടികൂടിയത്. ആലപ്പുഴ നോർത്ത് സബ് ഇൻസ്പെക്ടർ ദേവികയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: മോഷ്ടിച്ച ബൈക്ക് ആലുവ റെയിൽവേ ട്രാക്കിനു സമീപം ആറടി താഴ്ചയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കേസിലെ രണ്ടാം പ്രതി എറണാകുളം പെരുമ്പടപ്പ് വെള്ളിയത്തറ നാരായണൻ റോഡിൽ ചക്കുതറ വീട്ടിൽ ആമോസിനെ (20) ആണ് കുമ്പളങ്ങി പൊലിസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി പെരുമ്പടപ്പ് വി.എൻ. പുരുഷൻ റോഡിൽ വെളിഞ്ഞനാപറമ്പിൽ ആഷിക്ക് (25) ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ മാസം 30 ന് പുലർച്ചെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പെരുമ്പടപ്പ് സ്വദേശി സംഗീതിന്റെ ഉടമസ്ഥയിലുള്ള ഹോണ്ടാ ഷൈൻ ബൈക്കാണ് പ്രതികൾ പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്ര മൈതാനിയിൽ നിന്ന് മോഷ്ടിക്കുകയായിരുന്നു. മോഷ്ടിച്ച ബൈക്കിൽ ദീർഘ ദൂരം യാത്ര ചെയ്യാനായിരുന്നു ഇരുവരുടെയും ഉദ്ദേശ്യം.
എന്നാൽ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ യാത്ര ട്രെയിനിലാക്കാൻ പ്രതികൾ തീരുമാനിച്ചു. ബൈക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചാൽ പൊലിസ് പിടികൂടുമെന്ന് ഭയന്നാണ് പ്രതികൾ ഉയരമുള്ള ട്രാക്കിലേക്ക് ബൈക്ക് തള്ളിക്കയറ്റിയ ശേഷം ആറടി താഴ്ചയിലേക്ക് തള്ളിയിട്ടത്.
ബൈക്ക് ഉപേക്ഷിച്ച ശേഷം പ്രതികൾ റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങിപ്പോയി. പിന്നീട് വീട്ടിലേക്ക് മടങ്ങിയ പ്രതികൾ ഒന്നും സംഭവിക്കാത്ത മട്ടിൽ നാട്ടിൽ കറങ്ങി നടക്കുകയായിരുന്നു. മോഷണ പരാതിയുടെ അടിസ്ഥാനത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലിസ് പ്രതികളെ തിരിച്ചറിഞ്ഞത്.
ലഹരി ഉപയോഗത്തിനുശേഷമാണ് പ്രതികൾ ബൈക്ക് മോഷ്ടിച്ചതെന്ന് പൊലിസ് പറഞ്ഞു. ആമോസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പള്ളുരുത്തി പൊലിസ് ഇൻസ്പെക്ടർ പി.പി. ജസ്റ്റിന്റെ നിർദേശാനുസരണം കുമ്പളങ്ങി പൊലിസ് ഔട്ട് പോസ്റ്റ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, എസ്ഐമാരായ കെ. ജയകുമാർ, സനിൽ, സിവിൽ പൊലിസ് ഓഫിസർ റിയാസ് എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
District News
തൊടുപുഴ: കോലാനി അമരംകാവ് ദേവീ ക്ഷേത്രത്തില് മോഷണം നടത്തിയ കേസില് ഒരാളെക്കൂടി പൊലിസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാനപ്രതികളിലൊരാളായ പശ്ചിമബംഗാള് മൂര്ഷിദാബാദ് സ്വദേശി അയ്നുള് അസദുള് (27) ആണ് അറസ്റ്റിലായത്. ഇതോടെ കേസില് പിടിയിലായവരുടെ എണ്ണം നാലായി.
പെരുമ്പാവൂരില് താമസിക്കുന്ന അസം സ്വദേശി അമീര് ഹംസ (26), ഓണ്ലൈന് ടാക്സി ഡ്രൈവറായ കണ്ണൂര് തളിപ്പറമ്പ് കൂട്ടുമുഖം വലിയവളപ്പില് ഉബൈദ് (38), മോഷണ സാധനങ്ങള് വാങ്ങിയ എറണാകുളം തമ്മനം നന്ദാനത്തുപറമ്പില് റസാഖ് (അനസ് 54) എന്നിവര് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
പെരുമ്പാവൂരില്നിന്ന് ഇന്നലെയാണ് അയ്നുള് അസദുള് പിടികൂടിയത്. നേരത്തേ കേസില് അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണസംഘം എത്തിയപ്പോള് ഇയാള് രക്ഷപ്പെടുകയായിരുന്നു. പെരുമ്പാവൂരിലെ ഒളിത്താവളത്തില് എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്ന്നാണ് പൊലിസ് ഇവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരില്നിന്നു മോഷണ മുതല് വാങ്ങിയ പട്ടാമ്പിസ്വദേശിയെ കഴിഞ്ഞദിവസം പൊലിസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.
നേരത്തേ അറസ്റ്റിലായ തമ്മനം സ്വദേശി റസാഖില്നിന്ന് ഇയാളാണ് സാധനങ്ങള് വാങ്ങിയിരുന്നത്. സംഭവത്തില് പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയതിനെത്തുടര്ന്നാണ് നടപടിയെന്നും ആവശ്യമെങ്കില് വീണ്ടും ചോദ്യംചെയ്യുമെന്നും തൊടുപുഴ സിഐ കെ.പി. മനേഷ് പറഞ്ഞു. ഓണ്ലൈന് ടാക്സിയിലെത്തി ക്ഷേത്രത്തില്നിന്നു രണ്ടു തവണ മോഷണം നടത്തിയാണ് പണവും ക്ഷേത്ര സാമഗ്രികളും കവര്ന്നത്. നേരത്തേ അറസ്റ്റിലായ മൂന്നു പേരും റിമാന്ഡിലാണ്. എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്നിന്ന് മോഷണം പോയ സാധനങ്ങള് തമ്മനത്തുള്ള അനസിന്റെ കടയില്നിന്ന് പൊലിസ് കണ്ടെടുത്തിരുന്നു. പ്രതിയെ കോടതിയില് ഹാജരാക്കും.
Kerala
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം പിടിയിൽ. അഴീക്കോട് മീൻകുന്ന് സ്വദേശി ഫസൽ ആണ് കണ്ണൂർ സിറ്റി പോലീസിന്റെ പിടിയിലായത്. 1997ൽ അഴീക്കോട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസൽ അറസ്റ്റിലായിരുന്നു.
ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന ഫസലിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിദേശത്ത് നിന്നും തിരിച്ചെത്തിയപ്പോഴാണ് ഫസൽ പിടിയിലായത്.
അഴീക്കോട് സ്വദേശിയായ സുനില് കുമാറിനെ മാരകായുധങ്ങള് ഉപയോഗിച്ച് വെട്ടിപ്പരിക്കേല്പ്പിച്ച് വധിക്കാന് ശ്രമിച്ച കേസില് ഫസലിനെ വളപട്ടണം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല് മാസങ്ങള്ക്ക് ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്, കേസിന്റെ വിചാരണ നേരിടാതെ വിദേശത്തേക്ക് കടന്നു. അതിനിടെ അഴീക്കോട്ടെ വീടും സ്ഥലവും വിറ്റ കുടംബം മറ്റൊരു ഇടത്തേക്ക് താമസം മാറി.
2002 ലാണ് കോടതി ഫസലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ദുബായിയിലും അയർലൻഡിലും പോളണ്ടിലുമൊക്കെയാണ് ഫസൽ ഇക്കാലയളവിൽ താമസിച്ചിരുന്നത്. ഇയാൾ നാട്ടിലേക്ക് വരുന്നുണ്ടെന്ന് പൊലിസിന് കഴിഞ്ഞ ദിവസം രഹസ്യ വിവരം ലഭിച്ചു. നാട്ടിലെത്തിയതിന് പിന്നാലെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
Kerala
കൊല്ലം: മാഞ്ഞാലിമുക്ക് ഭാഗത്തെ വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബുള്ളറ്റ് മോട്ടോർസൈക്കിൾ മോഷണം പോയ സംഭവത്തിലെ പ്രതി പിടിയിൽ. തിരുനെൽവേലി സ്വദേശി രമേഷ് എം. എന്ന സുഭാഷ് (24) ആണ് പിടിയിലായത്.
പ്രതിയെ കൊട്ടിയം പൊലിസ് തമിഴ്നാട്ടിലെത്തി പിടികൂടുകയായിരുന്നു. കഴിഞ്ഞ മാസം 23-ന് അർധരാത്രിയിലാണ് പ്രതി മോഷണം നടത്തിയതെന്നാണ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇയാൾ തമിഴ്നാട് സ്വദേശിയാണെന്ന് മനസിലാക്കി അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ചാത്തന്നൂർ എസിപി രാഖേഷിന്റെ മേൽനോട്ടത്തിൽ ചാത്തന്നൂർ ഇൻസ്പെക്ടർ അനീസിന്റെ നിർദേശപ്രകാരം കൊട്ടിയം എസ്എച്ച്ഒ. വിഷ്ണു സജീവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്ഐ അഭിജിത്ത്, സിപിഒമാരായ അരുൺ, അഖിൽ, ഷംനാദ്, പ്രവീൺ എന്നിവർ അടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Kerala
ഹരിപ്പാട് : കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടി ചെട്ടിയാരെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട മൂന്ന് ആൺകുട്ടികളെയും തെളിവെടുപ്പിനായി പൊലിസിനു വിട്ടുനൽകി. ചേർത്തല ജുവനൈൽ ജസ്റ്റിസ് ബോർഡാണ് പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചുകൊണ്ട് അത്യപൂർവ ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളിൽ അന്വേഷണസംഘത്തിനു തെളിവെടുപ്പിനായി പ്രത്യേക അനുമതി നൽകുന്നത് നിയമപരമായി അപൂർവങ്ങളിൽ അപൂർവമായ നടപടിയാണ്.
കേസന്വേഷണത്തിന്റെ ഭാഗമായി കുട്ടികളെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം പലതവണ അപേക്ഷ നൽകിയിരുന്നെങ്കിലും പ്രത്യേക സംരക്ഷണ കേന്ദ്രത്തിൽ ചോദ്യം ചെയ്യാൻ മാത്രമാണ് നേരത്തേ അനുമതി ലഭിച്ചിരുന്നത്. എന്നാൽ ചോദ്യംചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൊണ്ടിമുതലുകൾ കണ്ടെത്താനും സംഭവം പുനരാവിഷ്കരിക്കാനും ഇവരെ നേരിട്ടെത്തിച്ചുള്ള തെളിവെടുപ്പ് അനിവാര്യമാണെന്ന പൊലിസിന്റെ ആവശ്യം ഒടുവിൽ ബോർഡ് അംഗീകരിക്കുകയായിരുന്നു.
കുട്ടികളെ ഒന്നിച്ച് സംഭവസ്ഥലത്ത് എത്തിക്കാതെ, സുരക്ഷയും അതീവ രഹസ്യസ്വഭാവവും മുൻനിർത്തി ഓരോരുത്തരെയായി വെവ്വേറെ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.സംരക്ഷണകേന്ദ്രത്തിൽനിന്ന് ഒരാളെ വീതം കൊണ്ടുപോയി തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി തിരികെ എത്തിച്ച ശേഷമായിരിക്കും അടുത്തയാളെ കൊണ്ടുപോകുകയെന്നാണ് സൂചന.
നടപടികൾ അതീവ രഹസ്യം
കുട്ടികളെ തെളിവെടുപ്പിന് കൊണ്ടുപോകുന്ന തീയതിയോ സമയമോ മുൻകൂട്ടി പുറത്തു വിടരുതെന്ന് ബോർഡ് കർശനമായി നിർദേശിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ കരുവാറ്റയിലെ സംഭവസ്ഥലത്തും പരിസരങ്ങളിലും അതീവ രഹസ്യമായിട്ടായരിക്കും തെളിവെടുപ്പ് പൂർത്തിയാക്കുക.
ആൺകുട്ടികളുടെ തെളിവെടുപ്പും തുടർനടപടികളും പൂർത്തിയായതിനു ശേഷമേ, കേസിൽ പങ്കുണ്ടെന്ന് കരുതുന്ന കോഴിക്കോട്ടെ സംരക്ഷണ കേന്ദ്രത്തിലുള്ള പെൺകുട്ടിയെ ചോദ്യം ചെയ്യുന്ന നടപടികളിലേക്കു അന്വേഷണസംഘം കടക്കൂ.
Kerala
കൊച്ചി: മുട്ടില് മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില് പ്രതികള് ഹാജരാകാത്തതില് അതൃപ്തി അറിയിച്ച് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി. വിചാരണ കോടതിയുടെ നടപടികള് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില് നല്കിയ ഹര്ജിയില് നാളെ വിശദമായ വാദം കേള്ക്കുന്ന സാഹചര്യം ചൂണ്ടിക്കാണിച്ചാണ് ഇന്ന് പ്രതികള് കോടതിയില് ഹാജരാകാതിരുന്നത്.
ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കിയില്ലെങ്കില് നല്കിയ ഇളവുകള് റദ്ദ് ചെയ്യുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. ഒന്നാം പ്രതി റോജി അഗസ്റ്റിനോട് നേരിട്ടും രണ്ടാം പ്രതി ആന്റോ അഗസ്റ്റിനോടും മൂന്നാം പ്രതി ജോസുകുട്ടി അഗസ്റ്റിനോടും വീഡിയോ കോണ്ഫറന്സ് വഴിയും ഹാജരാകാന് കോടതി ഇളവ് നല്കിയിരുന്നു.
സെപ്റ്റംബര് 11ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് സ്റ്റേ ഉത്തരവ് ഹാജരാക്കിയില്ലെങ്കില് വീഡിയോ കോണ്ഫറന്സ് വഴി ഹാജാരാകാനുള്ള അനുമതി റദ്ദ് ചെയ്യുമെന്ന് കോടതി മുന്നറിയിപ്പ് നല്കി. കുറ്റപത്രം വായിച്ചു കേള്പ്പിക്കാനായാണ് ഇന്ന് പ്രതികള് മജിസ്ട്രേറ്റ് കോടതിയില് ഹാജരാകേണ്ടിയിരുന്നത്.
അതേസമയം, സുല്ത്താന് ബത്തേരി ജുഡീഷല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് മരംമുറി കേസിലെ വിചാരണ നടക്കുന്നതിനാല് ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികള് നിര്ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള് ഹൈക്കോടതിയില് ഹര്ജി നല്കിയത്. കേസ് പരിഗണിക്കാന് ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന വാദം കോടതി തള്ളിയിരുന്നു.
വയനാട് മേപ്പാടിയില് നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങള് വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വില്പ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു എറണാകുളം അമ്പലമേട് പൊലിസ് എടുത്ത കേസ്.
കമ്പനി ഉടമ എം.എം. അലിയാര് നല്കിയ പരാതിയിലാണ് 2021ല് റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന് എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്. കേസ് പരിഗണിച്ച മജിസ്ട്രേറ്റ് കോടതിയില് പ്രതികള് നിരന്തരം ഹാജരാകാതിരുന്നത് കടുത്ത വിമര്ശനത്തിന് ഇടയാക്കിയിരുന്നു.
Kerala
തൃശൂര്: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവച്ച് യുവതിക്ക് വിവാഹവാഗ്ദാനം നല്കി പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും പീഡിപ്പിക്കാന് ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ഡേവിഡ് എന്നറിയപ്പെടുന്ന പത്തനംതിട്ടക്കാരനായ ബിനു (48) ആണ് അറസ്റ്റിലായത്.
രണ്ട് വർഷമായി ഒളിവില് കഴിഞ്ഞിരുന്ന പ്രതിയെ മാള പൊലിസാണ് അറസ്റ്റ് ചെയ്തത്. മാള പോലീസ് സബ് ഇന്സ്പെക്ടര് വിശാഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചെങ്ങന്നൂരില് നിന്നാണ് പ്രതിയെ പിടികൂടിയത്.
നടപടിക്രമങ്ങള് പൂര്ത്തിയാക്കിയ ശേഷം കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു. മാള പൊലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലിസ് ഓഫിസർ ഉണ്ണികൃഷ്ണന്, സിവില് പൊലിസ് ഓഫിസർമാരായ രഞ്ജിത്ത്, രാം ഗോപാല് എന്നിവരാണ് അന്വേഷണ സംഘത്തില് ഉണ്ടായിരുന്നത്.
Kerala
കൊല്ലം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പന്തളം-തിരുവനന്തപുരം റൂട്ടിലോടുന്ന ബസിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കാരേറ്റ് ഭാഗത്ത് വച്ചാണ് യുവതിക്കുനേരെ അതിക്രമമുണ്ടായത്.
യുവതിയുടെ സമീപത്തായി സീറ്റിലിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി ഷാനവാസ് ആണ് യുവതിയെ കടന്നുപിടിച്ചത്. ഉപദ്രവം സഹിക്കവയ്യാതെ വന്നതോടെ ദൃശ്യങ്ങൾ തന്ത്രപരമായി യുവതി മൊബൈലിൽ പകർത്തി. വിവരം ബസ് കണ്ടക്ടറെ അറിയികുകയും ചെയ്തു. പൊലിസിൽ പരാതി നൽകണമെന്നും പറഞ്ഞു. ഇതോടെ യുവതിയുടെ ആവശ്യപ്രകാരം ബസ് വട്ടപ്പാറ പൊലിസ് സ്റ്റേഷനിൽ എത്തിച്ചു.
കണ്ടക്ടറും മറ്റു യാത്രക്കാരും ചേർന്ന് ഷാനവാസിനെ പൊലിസിന് കൈമാറുകയായിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങളും യുവതി പൊലിസിന് നൽകി. മദ്യലഹരിയിലായിരുന്നു യുവാവ്. തന്നെ ഉടൻ തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇയാൾ സ്റ്റേഷനിൽ പരാക്രമം കാട്ടി.
കേസെടുത്ത വട്ടപ്പാറ പൊലിസ് പ്രതിയെ വെഞ്ഞാറമൂട് പൊലിസിന് കൈമാറി. സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. തിരുവനന്തപുരത്തുള്ള റസ്റ്റോറന്റില് പാചകക്കാരനാണ് ഷാനവാസ്.
Kerala
തിരുവനന്തപുരം: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. കല്ലിയൂർ ഊക്കോട് ചാനൽക്കര ബിന്ദു ഭവനിൽ ‘ബൾബ് കണ്ണൻ’ പ്രദീപ് എന്ന പ്രദീപിനെയാണ് പനയറക്കുന്നിലെ ബന്ധുവീട്ടിൽ നിന്ന് പൊലിസ് പിടികൂടിയത്.
നേമം പൊലിസാണ് പ്രദീപിനെ പിടികൂടിയത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മൂന്നാറിൽ മേസ്തിരിപ്പണിക്കിടെ മതിലിടിഞ്ഞുവീണ് ഇടതുകാലിന് പൊട്ടലേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി ബന്ധുവീട്ടിലെത്തിയതായിരുന്നു. ഈ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലിസ് ഇയാളെ പിടികൂടിയത്.
കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രദീപ് ഒളിവിൽ പോയത്. 2022 മുതൽ ഇയാളെ കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം നടത്തിവരികയായിരുന്നു.ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ വേറെയും ഉണ്ടെന്ന് പൊലിസ് പറയുന്നു.
Kerala
ഒറ്റപ്പാലം: കൊലപാതകക്കേസിലെ പ്രതിയെ ഒറ്റപ്പാലത്തുനിന്ന് അറസ്റ്റ് ചെയ്ത് ഡൽഹി പൊലിസ്.
19-ാം മൈലിലെ ടി ആൻഡ് ടി ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്ന ഡൽഹി സീമാപുരി സ്വദേശി ജാഹിർഖാൻ (23) ആണു പിടിയിലായത്.
ബന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളിൽ ഒരാളാണ് ജാഹിർ. പൊലിസിന്റെ കണ്ണുവെട്ടിച്ച് നാടുകടന്ന ഇയാൾ ഒറ്റപ്പാലം 19ാം മൈലിലെ ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു.
ഡൽഹിയിൽ പിടിയിലായ മറ്റൊരു പ്രതിയും ജാഹിർ ഖാന്റെ സഹോദരനുമായ യുവാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലിസ് കേരളത്തിലെത്തിയത്. ഒറ്റപ്പാലം പൊലിസിന്റെ സഹായത്തോ ടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
District News
കുണ്ടറ : ഇറങ്ങിപ്പോയ ലോക്കപ്പ് പ്രതിയെ സാഹസികമായി പൊലിസ് പിടികൂടി. എഴുകോണ് പുത്തന്നട വൈജിത്ത് ഭവനില് വൈജേഷ് (23) നെ ആണ് കുണ്ടറ പൊലിസ് സാരഥി ജംഗ്ഷന് സമീപത്തു നിന്ന് പിടികൂടിയത്.
കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിലിട്ടശേഷം ലോക്കപ്പ് പൂട്ടാന് മറന്നുപോയതിനെ തുടര്ന്നാണ് പ്രതി ഇറങ്ങിപ്പോയത്. മോഷണക്കേസില് കരുതല് കസ്റ്റഡിയിലെടുത്ത പ്രതി കുണ്ടറ പൊലിസ് സ്റ്റേഷനില് നിന്ന് ചൊവ്വാഴ്ച രാത്രി 1.30 നാണ് ചാടിപ്പോയത്.
ശാസ്താംകോട്ട ഡിവൈഎസ്പി അലക്സാണ്ടര് തങ്കച്ചന്റെ നേതൃത്വത്തില് കുണ്ടറ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ സുനുകുമാര്, എസ്ഐ രാഹുല്, എസ്സിപിഒമാരായ ശ്രീജിത്ത്, അന്വര്, റിയാസ്, സജിത്ത്, നിക്സണ്, ഹരീഷ്, എന്നിവര് അടങ്ങുന്ന സംഘമാണ് പിടികൂടിയത്.
Kerala
കണ്ണൂർ: ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി 16 വർഷത്തിനുശേഷം അറസ്റ്റിൽ. പറശിനിക്കടവ് മാങ്കടവിലെ ജലാലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളി വാഴയിൽ മുഹമ്മദ് അലി (55) ആണ് അറസ്റ്റിലായത്.
കണ്ണൂർ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കാസർഗോഡ് ഉപ്പളയിൽനിന്നാണ് മുഹമ്മദ് അലിയെ അറസ്റ്റ് ചെയ്തത്. 2010 സെപ്റ്റംബർ 17-നായിരുന്നു സംഭവം. സ്വത്തുതർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യം കാരണം ഭാര്യാസഹോദരങ്ങളായ ജലാലിനെയും ഷംസീറിനെയും മുഹമ്മദ് അലി കുത്തിപ്പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ ജലാൽ പിന്നീട് മരിച്ചു. ഷംസീറിന് ഗുരുതരപരിക്കേറ്റിരുന്നു.
സംഭവത്തിൽ വളപട്ടണം പൊലിസ് കേസെടുത്ത് മുഹമ്മദ് അലിയെ അറസ്റ്റ്ചെയ്തിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങിയശേഷം ഒളിവിൽ പോകുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ പൊലിസ് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിയാത്തതിനാൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ഓപ്പറേഷൻ ഗ്രിപ്പ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ റെയ്ഞ്ച് ഡി.ജി. കെ. കാർത്തികിന്റെ മേൽനോട്ടത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ബി.വി. വിജയ് ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം നാർക്കോട്ടിക് സെൽ എസിപി. വി.വി. മനോജിന്റെയും കണ്ണൂർ എ.സി.പി. ആസാദിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടിച്ചത്. എസ്ഐമാരായ വിനോദ്, ഷാജി, എഎസ്ഐമാരായ രാജീവൻ, സ്നേഹേഷ്, സജിത്ത്, ലെവൻ, സിവിൽ പൊലിസ് ഓഫീസർമാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Kerala
കൊച്ചി: കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതിക്കേസില് പ്രതികള്ക്കെതിരായ പ്രോസിക്യൂഷന് അനുമതി ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള് ബെഞ്ചിന്റെ വിധിക്കെതിരെ പ്രതികളായ ഐഎന്ടിയുസി സംസ്ഥാന അധ്യക്ഷന് ആര്. ചന്ദ്രശേഖരന്, കശുവണ്ടി വികസന കോര്പ്പറേഷന് മുന് എംഡി കെ. രതീഷ് എന്നിവര് നല്കിയ അപ്പീല് കോടതി ഫയലില് സ്വീകരിച്ചു.
ഹൈക്കോടതി നിര്ബന്ധപ്രകാരമാണ് പ്രൊസിക്യൂഷന് അനുമതി എന്നായിരുന്നു പ്രതികളുടെ വാദം. കോടതിയലക്ഷ്യ ഹര്ജി പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷന് അനുമതി നല്കാന് സിംഗിള് ബെഞ്ച് ആവശ്യപ്പെട്ടത് നിയമപരമായി നിലനില്ക്കില്ലെന്ന് പ്രതികള് അപ്പീലില് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികളുടെ വാദം കേള്ക്കാതെയാണ് പ്രോസിക്യൂഷന് അനുമതി നല്കിയതെന്ന വാദവും പ്രതികള് ഉയര്ത്തി. പിന്നാലെയാണ് ഹൈക്കോടതി പ്രതികളുടെ അപ്പീല് ഫയലില് സ്വീകരിച്ചത്. അടുത്ത വിധി വരുന്നത് വരെയാണ് ഹൈക്കോടതി സിംഗിള് ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്.
Kerala
കൊച്ചി: കശുവണ്ടി അഴിമതിക്കേസിലെ പ്രോസിക്യൂഷന് അനുമതി ഉത്തരവ് അന്നു തന്നെ പ്രതികളുടെ പക്കലെത്തിയത് ഏതു മാര്ഗത്തിലൂടെയാണെന്ന് അറിയിക്കണമെന്നു ഹൈക്കോടതി.
കോടതിയെ കുറ്റപ്പെടുത്തി സര്ക്കാര് ആദ്യമിറക്കുകയും പിന്നീട് പിന്വലിക്കുകയും ചെയ്ത ഉത്തരവ് പ്രതികള്ക്കു ലഭിച്ചത് രജിസ്ട്രേഡ് തപാല്, ഇമെയില്, വാട്സാപ്, ഇന്സ്റ്റഗ്രാം തുടങ്ങി ഏതു സേവനത്തിലൂടെയാണെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കാന് ജസ്റ്റീസ് എ. ബദറുദ്ദീന് വിജിലന്സിന് നിര്ദേശം നല്കി. ഹര്ജി വീണ്ടും 11ന് പരിഗണിക്കും.
Kerala
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മട്ടാഞ്ചേരി മുസ്ലിയാത്ത് വീട്ടിൽ ഷാജു (44) അറസ്റ്റിലായത്.
എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ട് ഭാഗത്തുനിന്നാന്റ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആഗസ്റ്റ് 31-ന് വൈകുന്നേരം മൂന്നോടെ ജോസ് ജംഗ്ഷന് സമീപത്തെ ചായക്കടയിൽ നിൽക്കുകയായിരുന്ന ആലപ്പുഴ സ്വദേശി മാത്യൂ ഉമ്മനെയും സുഹൃത്ത് ഷമീമിനെയുമാണ് പ്രതി കുത്തിയത്.
എറണാകുളം പുളിമൂട്ടിൽ ടെക്സ്റ്റൈൽസിന് സമീപം ലോട്ടറി കച്ചവടം നടത്തിയിരുന്നയാളെ മർദ്ദിക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലിസ് പറയുന്നു. കത്രിക ഉപയോഗിച്ച് ഷമീമിന്റെ വയറ്റിൽ രണ്ടുതവണയും തടയാൻ ചെന്ന മാത്യൂവിന്റെ നെഞ്ചിൽ മൂന്നുതവണയുമാണ് പ്രതി കുത്തിയത്.
മാത്യൂ ഉമ്മൻ നൽകിയ പരാതിയിലാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സെൻട്രൽ സബ് ഡിവിഷന്റെ അധിക ചുമതലയുള്ള അസിസ്റ്റന്റ് കമ്മിഷണർ പീറ്റർ ബാബുവിന്റെ നിർദേശപ്രകാരം സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയി, സബ് ഇൻസ്പെക്ടർമാരായ ശ്യാം കുമാർ, മനോജ് കുമാർ, പൊലിസ് ഉദ്യോഗസ്ഥരായ ഹരീഷ് ബാബു, പ്രശാന്ത് ബാബു എന്നിവരടങ്ങിയ സംഘം സിസിടിവി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പൊലിസ് കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ മുൻപും നിരവധി മോഷണ, അടിപിടി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലിസ് വ്യക്തമാക്കി.
District News
തലയോലപ്പറമ്പ്: വീട്ടിൽ ഉറങ്ങിക്കിടന്ന സ്കൂൾ വിദ്യാർഥിനിയെ കടന്നുപിടിച്ച കേസിൽ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. തലയോലപ്പറമ്പ് പ്യാലിക്കുന്നേൽ ഗിരീഷ് കുമാറിനെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ഒൻപതാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി അധ്യാപകരോട് വിവരം പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
തൊടുപുഴ: വില്പ്പനയ്ക്കായി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസില് പ്രതിക്ക് കഠിന തടവും പിഴയും. എരുമേലി ഇരുമ്പൂന്നിക്കര ആലയില് എ.പി. സുഭാഷിനെ (45) ആണ് തൊടുപുഴ എന്ഡിപിഎസ് കോടതി സ്പെഷല് ജഡ്ജി ഡോ. പി.കെ. ജയകൃഷ്ണന് മൂന്നു വര്ഷം കഠിന തടവിനും 25,000 രൂപ പിഴ അടയ്ക്കുന്നതിനും പിഴ അടച്ചില്ലെങ്കില് മൂന്നു മാസംകൂടി കഠിന തടവിനും ശിക്ഷിച്ചത്.
മുണ്ടക്കയം - പൈങ്ങണ ബൈപാസില് 1.100 കിലോ കഞ്ചാവുമായാണ് പ്രതി പിടിയിലായത്. കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇന്സ്പെക്ടറായിരുന്ന ജെ.എസ്. ബിനുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല് പബ്ലിക് പ്രോസിക്യൂട്ടര് ബി. രാജേഷ് ഹാജരായി.
District News
Aതിരുവമ്പാടി :കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ കുന്നമംഗലം ബ്രാഞ്ചിൽനിന്ന് ബിസിനസ് വായ്പയെടുത്ത ശേഷം വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് മാസം തടവും 3,29,021 രൂപ നൽകാനും കോടതി വിധിച്ചു.
അമ്പലപ്പറമ്പിൽ ഷൗക്കത്തലിയാണ് കേസിലെ പ്രതി. സൊസൈറ്റിയിൽനിന്ന് രണ്ട് ലക്ഷം രൂപ ബിസിനസ് വായ്പയെടുത്ത ഷൗക്കത്തലി വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് സംഘം ചട്ടപ്രകാരം നിയമനടപടി സ്വീകരിച്ചിരുന്നു. തുടർന്ന് വായ്പാ ബാധ്യത തീർപ്പാക്കുന്നതിനായി പ്രതി സൊസൈറ്റിക്ക് വണ്ടിച്ചെക്ക് നൽകുകയായിരുന്നു.
ചെക്ക് പണമാകാതെ വന്നതോടെയാണ് സൊസൈറ്റി നിയമനടപടിയുമായി മുന്നോട്ടുപോയത്. കുന്നമംഗലം കോടതിയിൽ പരിഗണിച്ച കേസിൽ പ്രതിക്ക് നേരത്തെ ശിക്ഷ വിധിച്ചിരുന്നു.
ഇതിനെതിരെ കോഴിക്കോട് ജില്ലാ കോടതിയിൽ പ്രതി അപ്പീൽ നൽകിയെങ്കിലും കീഴ്ക്കോടതി വിധി ജില്ലാ കോടതി ശരിവച്ചു. സൊസൈറ്റിക്ക് 3,29,021 രൂപ നൽകുന്നതിനും മൂന്ന് മാസം തടവ് അനുഭവിക്കുന്നതിനുമാണ് ജില്ലാ കോടതി വിധിച്ചത്.ഷൗക്കത്തലി അമ്പലപ്പറമ്പിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർമാനാണ്. സൊസൈറ്റിക്കുവേണ്ടി അഡ്വ. പി.എ. സുരേഷ് ബാബു പയ്യടിയിൽ ഹാജരായി.
Kerala
കൊച്ചി: പാലക്കാട്ടെ ആർഎസ്എസ് നേതാവ് എസ്.കെ. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) മുൻ ദേശീയ നേതാവുകൂടിയായ രണ്ടാം പ്രതി അഷ്റഫ് മൗലവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലും ആയുധപരിശീലനത്തിലും ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചതിലും സജീവ പങ്കാളിയാണ് ഹർജിക്കാരനെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ വാദം പരിഗണിച്ചാണ് ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
Kerala
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിൽ മർദിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിലായി. മുഹമ്മദ് ഹാജ (20), ആസിഫ് (19), അഫ്സൽ (19) എന്നിവരെ കാട്ടാക്കടയിൽ നിന്നാണ് പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ പത്താം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കാട്ടാക്കടയിൽ നിന്ന് വിളപ്പിൽശാലയിലേക്ക് കാറിൽ വരികയായിരുന്ന നൂർമുഹമ്മദിനെ (56) രണ്ട് ബൈക്കുകളിലായി പിന്തുടർന്നെത്തിയ അഞ്ചംഗ സംഘം പുറ്റുമ്മേൽകോണം ജംഗ്ഷനിൽ വച്ച് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.
മലപ്പനംകോട് മാന്തോപ്പിൽ തമ്പുരാൻ കാവിനു സമീപം മദ്യലഹരിയിൽ നിന്ന പ്രതികൾ യാതൊരു പ്രകോപനവുമില്ലാതെയാണ് നൂർമുഹമ്മദിന്റെ കാറിനെ പിന്തുടർന്നത്. പുറ്റുമ്മേൽകോണത്തെ വളവിൽവച്ച് കാർ തടഞ്ഞ ഇവർ, ഡോർ തുറന്ന് അദ്ദേഹത്തെ പുറത്തേക്ക് വലിച്ചിട്ട് ക്രൂരമായി മർദിച്ച ശേഷം ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളിൽ മൂന്നുപേരാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്. ഒന്നാം പ്രതിയും അഞ്ചാം പ്രതിയും ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Kerala
മാനന്തവാടി: തവിഞ്ഞാല് യവനാര്കുളത്തെ മിനി സൂപ്പര്മാര്ക്കറ്റില് മോഷണം നടത്തിയയാള് പിടിയില്. മലപ്പുറം കീഴാറ്റൂര് പട്ടിക്കാട് കാരാടാന് വീട്ടില് മൊയ്തീന് കുട്ടി(49) ആണ് പിടിയിലായത്.
ശനിയാഴ്ച തലപ്പുഴ പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘവും ചേര്ന്ന് പെരിന്തല്മണ്ണയില് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ ജൂലൈ 30 ന് അര്ധരാത്രിയാണ് മോഷണം നടന്നത്.
സൂപ്പര് മാര്ക്കറ്റിന്റെ പിറക് വശത്തെ വാതില് തകര്ത്ത് അകത്ത് കയറി മേശയില് സൂക്ഷിച്ച 18000 രൂപയും, 2000 രൂപയോളം വില വരുന്ന സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. സബ് ഇന്സ്പെക്ടര്മാരായ കെ. ശ്രീതു, തോമസ്, സീനിയര് സിവില് പോലീസ് ഓഫീസര്മാരായ ജില്ജിത്, അനസ്, വിജയന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
National
ജമ്മു: നാൽപതു സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഇൻഷ ജാൻ എന്നറിപ്പെടുന്ന ഇൻഷ താരിഖിന്റെ ജാമ്യാപേക്ഷ എൻഐഎ പ്രത്യേക കോടതി തള്ളി.
പ്രതിക്കെതിരായ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ നിലനിൽക്കുന്നുവെന്നു കാണിച്ചാണ് പ്രത്യേക ജഡ്ജി പ്രേം സാഗർ ജാമ്യാപേക്ഷ തള്ളിയത്. പുൽവാമ സ്വദേശിയായ ഇൻഷയ്ക്കൊപ്പം അച്ഛൻ താരിഖ് അഹമ്മദ് ഷായും പിടിയിലായിരുന്നു.
Kerala
കൊച്ചി: ഭര്ത്താവ് ലഹരി നല്കി നിരന്തരം പീഡിപ്പിക്കുകയും കിടപ്പറ ദൃശ്യങ്ങള് ടെലിഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസില് അന്വേഷണം ഇനി പുത്തന്കുരിശ് ഡിവൈഎസ്പിക്ക്. ഓഗസ്റ്റ് 15ന് തൃശൂര് സ്വദേശിനിയായ അധ്യാപിക നല്കിയ പരാതിയില് കൂത്താട്ടുകുളം പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് കമ്മീഷണര്ക്ക് പരാതി മെയില് ചെയ്തോടെയാണ് അന്വേഷണച്ചുമതല പുത്തന്കുരിശ് ഡിവൈഎസ്പിക്ക് നല്കിയിരിക്കുന്നത്.
ഭര്ത്താവ് പ്രശാന്ത് പരമേശ്വന്, ഭര്തൃമാതാവ് കൗസല്യ എന്നിവര്ക്കെതിരെ നല്കിയ പരാതിയില് പുത്തന്കുരിശ് പോലീസ് അധ്യാപികയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഭര്ത്താവിന്റെ ക്രൂരമര്ദനത്തെ തുടര്ന്ന് അവശനിലയിലായതിനാല് ഫോണില് വിളിച്ചാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.
പ്രശാന്തിന്റെ മൂന്നാം ഭാര്യയാണ് അധ്യാപിക. വാര്ത്ത എത്തിയതോടെ രണ്ടാം ഭാര്യയുടെ അമ്മയടക്കം തന്നെ വിളിച്ച് സംസാരിച്ചതായും കേസ് പിന്വലിക്കരുതെന്നും പിന്നോട്ട് പോകരുതെന്നും പറഞ്ഞതായി അധ്യാപിക ദീപിക ഓണ്ലൈനിനോട് പ്രതികരിച്ചു. താന് നല്കിയ പരാതിയില് പ്രതികളുമായി കൂത്താട്ടുകുളം പോലീസ് ഒത്തുകളിച്ചുവെന്നാണ് അധ്യാപിക പറയുന്നത്.
പ്രശാന്ത് ബൈപോളാര് ഡിസീസിന് മരുന്ന് കഴിക്കുന്നയാളാണ്. വിവാഹത്തിന് മുമ്പ് ഇക്കാര്യം അറിയാമായിരുന്നു. എന്നാല് നല്ല പെരുമാറ്റമായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ശരിയായ സ്വഭാവം മനസിലായത്. എന്നാല് ട്രോമ ബോണ്ടിനുള്ളില് നിന്നും പുറത്തു വരാനായില്ല. പരാതി കൊടുത്തതിന് ശേഷം ഭര്ത്താവ് ഫോണില് വിളിച്ച് കരഞ്ഞു. നിന്റെ കൂടെ ജീവിക്കണമെന്ന് പറഞ്ഞ് കരഞ്ഞിരുന്നു. വാര്ത്തകള് വന്ന ശേഷം വിളിച്ചിട്ടില്ല.
കൂത്താട്ടുകുളം പോലീസ് ആദ്യം തന്നെ ഒത്തു കളിച്ചു. അത് മനസിലായതോടെ എസ്പിക്ക് പരാതി നല്കി. ഓഗസ്റ്റ് 15ന് എഫ്ഐആര് ഇട്ട ശേഷം തൃശൂരിലേക്ക് മടങ്ങിയ തന്നെ 16ന് കൂത്താട്ടുകുളം സ്റ്റേഷനിലേക്ക് മൊഴി എടുക്കാനായി വിളിച്ചു വരുത്തി. ക്രൂര മര്ദനമേറ്റ തന്റെ കൂടെ ആശുപത്രിയിലേക്ക് വരാന് പോലും പോലീസ് തയാറായിരുന്നില്ല. പോലീസ് പേടിക്കേണ്ട എന്തെങ്കിലും ഉണ്ടെങ്കില് വിളിച്ചോളു എന്ന് പറഞ്ഞ്, ഭര്ത്താവിന് താക്കീത് നല്കി പോവുകയാണ് ചെയ്തത്.
മൊഴി എടുക്കാനായി സ്റ്റേഷനിലേക്ക് പോയപ്പോള് ആദ്യം ചോദിച്ചത്. നിങ്ങള്ക്ക് മ്യൂച്ചല് ഡിവോഴ്സ് ചെയ്താല് പോരെ എന്നാണ്. ഒരു പോലീസുകാരന് വന്നിട്ട് തന്നോടും അമ്മയോടും പറഞ്ഞു, നിങ്ങള്ക്ക് മൊഴിയൊക്കെ മാറ്റി പറയേണ്ടി വരും. മ്യൂച്യല് ഡിവോഴ്സ് വാങ്ങുന്നതാണ് നല്ലത് എന്ന്. ലഹരി ഉപയോഗിച്ചു കൊണ്ട് തന്നെ ഉപദ്രവിച്ച കാര്യങ്ങള് മൊഴിയില് രേഖപ്പെടുത്താന് ബിന്ദു എന്ന പോലീസ് ഉദ്യോഗസ്ഥ തയാറായില്ല.
നിങ്ങള്ക്ക് ഇതൊക്കെ മാറ്റി പറയേണ്ടി വരും ഒരു ദിവസം, കെട്ടോ മോളെ എന്ന് അവരും പറഞ്ഞു. ടെലിഗ്രാമിലൂടെ ദൃശ്യങ്ങള് പ്രചരിപ്പിച്ചിരുന്നു. എന്നാല് അത് മൊഴിയില് രേഖപ്പെടുത്തിയിട്ടില്ല. അവര്ക്ക് ഒരുപാട് കോളുകള് വന്നിട്ടുണ്ട്. പാലക്കുഴയിലെ മുന് മെമ്പര് ആയ ജോണി കേസ് പിന്വലിക്കാന് ആവശ്യപ്പെട്ട് തന്നെയും അമ്മയെയും വിളിച്ച് ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
തന്നെയും അമ്മയെയും ലഹരിക്കേസില് പെടുത്തും. പോലീസ് വീട്ടില് വന്ന് എംഡിഎംഎ കണ്ടെടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിനെ കുറിച്ച് പരാതി നല്കിയിട്ടും കൂത്താട്ടുകുളം എസ്എച്ച്ഒ നടപടി എടുത്തിട്ടില്ല. പ്രശാന്തിനോടും അമ്മയോടും ജോണിയോടും ചിരിച്ചു കളിച്ചാണ് എസ്എച്ച്ഒ സംസാരിക്കുന്നത്. ക്രൂര മര്ദനത്തെ തുടര്ന്ന് കഴുത്തിലെ ഡിസ്ക് തെറ്റിയ തന്നെ വൈകിട്ടു വരെ മഹസര് തയാറാക്കണമെന്ന് പറഞ്ഞ് സ്റ്റേഷനില് ഇരുത്തി.
ഇയാള് എംഡിഎംഎഇപ്പോഴും വാങ്ങുന്നുണ്ട്. പനങ്ങാട് സ്റ്റേഷനില് എംഡിഎംഎ കേസിലെ പ്രതിയാണ്. കൂത്താട്ടുകളം സ്റ്റേഷനില് തന്നെ അമ്മയെയും അച്ഛനെയും തല്ലിയത് അടക്കം നിരവധി ക്രിമിനല് കേസുകളുണ്ട്. ശനിയാഴ്ച എഫ്ഐആര് ഇട്ട കേസിലെ അന്വേഷണം എന്തായെന്ന് അറിയാനായി ചൊവ്വാഴാച വിളിച്ചു നോക്കിയപ്പോള് ഞങ്ങള് തെളിവുകള് ശേഖരിക്കാനുണ്ട്, അന്വേഷണം നടത്തുവല്ലേ, എപ്പോഴും വിളിക്കണ്ടെന്ന് പറഞ്ഞു. ഇയാളെ രക്തപരിശോധനയ്ക്ക് വിധേയമാക്കിയാല് അറിയാം ലഹരി ഉപയോഗത്തെ കുറിച്ച് അത് ചെയ്തിട്ടില്ല.
എഫ്ഐആറിലെ പോരായ്മ ചൂണ്ടിക്കാട്ടി 15ന് തന്നെ താന് എസ്പിക്ക് മെയില് അയച്ചിരുന്നു. ബിഎന്എസ് 85 മാത്രമാണ് മൊഴിയില് രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്ന്നാണ് കൂത്താട്ടുകുളം എസ്എച്ച്ഒയുടെ അന്വേഷണത്തില് തൃപ്തികരമല്ലെന്ന് കാണിച്ച് കമ്മീഷണര്ക്ക് മെയില് അയച്ചതെന്നും അധ്യാപിക വ്യക്തമാക്കി.
Kerala
കൊച്ചി: മുട്ടില് മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ വാദം കോടതി തള്ളി. ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്പ്പിക്കും. വീഡിയോ കോണ്ഫറന്സ് വഴി ഹാജരാകാന് അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു.
ഒന്നാം പ്രതി റോജി അഗസ്റ്റിന് കോടതിയില് നേരിട്ട് ഹാജരാകണം. രണ്ടും മൂന്നും പ്രതികളായ ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനുമാണ് വീഡിയോ കോണ്ഫറന്സ് വഴി ഹാജരാകാനുള്ള അനുമതി നല്കിയിരിക്കുന്നത്.
മജിസ്ട്രേറ്റ് കോടതിയുടെ വിചാരണ നടപടികള് നിര്ത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ആവശ്യം മജിസ്ട്രേറ്റ് കോടതിയില് തന്നെ ഉന്നയിക്കാന് നിര്ദേശിച്ചാണ് ജസ്റ്റീസ് സി.എസ്. ഡയസ് ഹര്ജി തള്ളിയത്.
തുടര്ന്ന് ഒന്നാം പ്രതിയായ റോജി അഗസ്റ്റിന് മജിസ്ട്രേറ്റ് കോടതിയില് ഹാജരായിരുന്നു. എന്നാല് ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും ഹാജരായില്ല. ഇതോടെ മറ്റ് പ്രതികള് എവിടെ എന്ന് കോടതി ചോദിച്ചു. ആളെ കളിയാക്കുകയാണോ എന്ന് ചോദിച്ച കോടതി റോജിയോട് മാറിനില്ക്കാനും ആവശ്യപ്പെട്ടിരുന്നു. തുടര്ച്ചയായി ഹാജരാകാതിരുന്നതോടെയാണ് കോടതിയുടെ വിമര്ശനം.
അതേസമയം, വയനാട് മേപ്പാടിയില് നിന്ന് മുറിച്ച ഈട്ടിമരങ്ങള് വനംവകുപ്പിന്റെ നിയമപരമായ പാസോടെയാണെന്ന വ്യാജരേഖ കാണിച്ചു തെറ്റിദ്ധരിപ്പിച്ച് വില്പന നടത്തി വിശ്വാസവഞ്ചന കാട്ടി 1.40 കോടി രൂപ തട്ടിയെടുത്തെന്നകരിമുകള് മലബാര് ടിംബേഴ്സ് ഉടമ എം.എം. അലിയാരുടെ പരാതിയില് അമ്പലമേട് പോലീസ് എടുത്ത കേസിലെ വിചാരണയാണ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളത്.