പ്രതീകാത്മക ചിത്രം
Aതിരുവമ്പാടി :കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ കുന്നമംഗലം ബ്രാഞ്ചിൽനിന്ന് ബിസിനസ് വായ്പയെടുത്ത ശേഷം വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് മാസം തടവും 3,29,021 രൂപ നൽകാനും കോടതി വിധിച്ചു.
അമ്പലപ്പറമ്പിൽ ഷൗക്കത്തലിയാണ് കേസിലെ പ്രതി. സൊസൈറ്റിയിൽനിന്ന് രണ്ട് ലക്ഷം രൂപ ബിസിനസ് വായ്പയെടുത്ത ഷൗക്കത്തലി വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് സംഘം ചട്ടപ്രകാരം നിയമനടപടി സ്വീകരിച്ചിരുന്നു. തുടർന്ന് വായ്പാ ബാധ്യത തീർപ്പാക്കുന്നതിനായി പ്രതി സൊസൈറ്റിക്ക് വണ്ടിച്ചെക്ക് നൽകുകയായിരുന്നു.
ചെക്ക് പണമാകാതെ വന്നതോടെയാണ് സൊസൈറ്റി നിയമനടപടിയുമായി മുന്നോട്ടുപോയത്. കുന്നമംഗലം കോടതിയിൽ പരിഗണിച്ച കേസിൽ പ്രതിക്ക് നേരത്തെ ശിക്ഷ വിധിച്ചിരുന്നു.
ഇതിനെതിരെ കോഴിക്കോട് ജില്ലാ കോടതിയിൽ പ്രതി അപ്പീൽ നൽകിയെങ്കിലും കീഴ്ക്കോടതി വിധി ജില്ലാ കോടതി ശരിവച്ചു. സൊസൈറ്റിക്ക് 3,29,021 രൂപ നൽകുന്നതിനും മൂന്ന് മാസം തടവ് അനുഭവിക്കുന്നതിനുമാണ് ജില്ലാ കോടതി വിധിച്ചത്.ഷൗക്കത്തലി അമ്പലപ്പറമ്പിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർമാനാണ്. സൊസൈറ്റിക്കുവേണ്ടി അഡ്വ. പി.എ. സുരേഷ് ബാബു പയ്യടിയിൽ ഹാജരായി.