മലബാർ കർഷക കുടിയേറ്റ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ നിർവഹിക്കുന്നു.
കാഞ്ഞിരപ്പുഴ: മലബാർ കർഷക കുടിയേറ്റ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. കാഞ്ഞിരപ്പുഴ സാന്തോം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ ലോഗോ പ്രകാശനം നിർവഹിച്ചു.
പൂഞ്ചോല സ്വദേശിനി നയന ബിജു ചെറുകര തയ്യാറാക്കിയ ലോഗോയാണ് മികച്ച സൃഷ്ടിയായി തെരഞ്ഞെടുത്തത്. ശതാബ്ദി ആഘോഷ കമ്മിറ്റി മുഖ്യ രക്ഷാധികാരി ഫാ. മാർട്ടിൻ ഏറ്റുമാനൂക്കാരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാടിന്റെ വികസനത്തിന് അടിത്തറയിട്ട ആദ്യകാല കുടിയേറ്റക്കാരുടെ ത്യാഗോജ്വലമായ ജീവിതവും പ്രവർത്തനങ്ങളും ചരിത്രരേഖകളാക്കി ഭാവി തലമുറയ്ക്കായി സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ആഘോഷ കമ്മിറ്റി രക്ഷാധികാരി അഡ്വ.കെ.ടി. തോമസ് മലബാർ കുടിയേറ്റ ചരിത്രത്തെക്കുറിച്ച് വിഷയാവതരണം നടത്തി. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള വിപുലമായ പരിപാടികൾ നവംബർ മാസത്തിൽ കാഞ്ഞിരപ്പുഴയിൽ സംഘടിപ്പിക്കും.
മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ആഘോഷ പരിപാടികളിൽ പങ്കെടുക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ് ഓലിക്കൽ ആശംസാ പ്രസംഗം നടത്തി. മലബാർ കുടിയേറ്റ ശതാബ്ദി കമ്മിറ്റി രക്ഷാധികാരികളായ ഡോ. മാത്യു, ജോസ് ജോസഫ്, ഫാ. മെജോ മഞ്ഞളി, ഗ്രാമപഞ്ചായത്ത് വാർഡ് മെംബർമാരായ ജോജോ പുന്നക്കൽ, അനിൽകുമാർ, രമ ടീച്ചർ, ഫർസാന, വിവിധ സബ് കമ്മിറ്റി കണ്വീനർമാർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ജനറൽ കണ്വീനർ ജോമി കല്ലറക്കൽ മാളിയേക്കൽ സ്വാഗതവും രക്ഷാധികാരി അഡ്വ. ബോബി പൂവത്തുങ്കൽ നന്ദിയും പറഞ്ഞു.
Tags : NattuVishesham.DistricteNews