നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല പൂഴിക്കാട് ചിറയും വഴിയും കാട് മൂടിയപ്പോൾ.
കൊട്ടാരക്കര: 10 ലക്ഷത്തോളം രൂപ മുടക്കി നവീകരിച്ച കോട്ടാത്തല പൂഴിക്കാട് ചിറ വീണ്ടും കാട് മൂടി നശിക്കുന്നു. ചിറയിലേക്ക് ഇറങ്ങാൻ വഴിപോലുമില്ലാത്ത വിധം കാട് മൂടിയിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല വാർഡിലാണ് പൂഴിക്കാട്ട് ചിറ.
സമീപത്തെ ലക്ഷം വീട്ടിലെ താമസക്കാർ ഉൾപ്പടെ ഉപയോഗിച്ചിരുന്ന ചിറ നവീകരണത്തിന് ശേഷം തീർത്തും സംരക്ഷണമില്ലാതെ നശിക്കുകയാണ്. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിലാണ് ചിറ നവീകരിച്ചത്.
2024 ഒാഗസ്റ്റിലാണ് നവീകരണ ജോലികൾ തുടങ്ങിയത്. വളരെവേഗം നിർമാണ ജോലികൾ പൂർത്തിയാക്കി. ഉദ്ഘാടന ചടങ്ങിനുപോലും അധികൃതർ താത്പര്യം കാട്ടിയതുമില്ല. മാസങ്ങൾ കഴിയും മുൻപുതന്നെ ചിറയ്ക്ക് ചുറ്റും കാട് മൂടാൻ തുടങ്ങി.
അഞ്ച് സെന്റ് ഭൂമിയും വഴിയുമാണ് പൂഴിക്കാട്ട് ചിറയ്ക്കായി രേഖകളിലുള്ളത്. ഏറെക്കാലമായി ഉപയോഗ ശൂന്യമായി കിടന്ന ചിറ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യം വൃത്തിയാക്കിയിരുന്നു. അതുകൊണ്ടും ഫലം കാണാതെ വന്നപ്പോഴാണ് ജില്ലാ പഞ്ചായത്തംഗമായിരുന്ന വി.സുമാലാൽ ഇടപെട്ട് 10 ലക്ഷം രൂപ നവീകരണത്തിനായി അനുവദിച്ചത്. സംരക്ഷണ ഭിത്തികൾ പൂർണമായും ഇടിച്ചുമാറ്റി, പുതിയത് നിർമിച്ചു. ഒന്നരയാൾ പൊക്കത്തിൽ ഇരുമ്പ് നെറ്റ് നാലുവശവും സ്ഥാപിച്ചു.
ചിറയിൽ അധികമായി വരുന്ന ജലം ഒഴുകിപ്പോകാൻ സംവിധാനമുണ്ടാക്കി. കൽപ്പടവുകൾ പുനർ നിർമിച്ചു. റോഡിൽനിന്ന് ചിറയിലേക്ക് ഇറങ്ങാനുള്ള വഴിയും കോൺക്രീറ്റ് ചെയ്തു.
ചിറയിലെ മലിനജലം വറ്റിച്ച് ചെളി കോരിമാറ്റി. ഇതോടെ തെളിനീർ നിറഞ്ഞതുമാണ്. എന്നാൽ, പിന്നീട് സംരക്ഷിക്കുന്നതിൽ അധികൃതർക്ക് താത്പര്യമില്ലാതായി.
ചിറയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വലിയ തോതിൽ കാട് വളർന്നു കഴിഞ്ഞു.ചിറയ്ക്ക് അകത്തും പുറത്തും വളർന്ന കുറ്റിക്കാടുകൾ നീക്കണം.
വെള്ളം വറ്റിച്ച് വൃത്തിയാക്കിയാൽ കുളിക്കാനും തുണി അലക്കാനുമടക്കം ചിറ ഉപയോഗിക്കാം. നീന്തൽ പരിശീലനവും തുടങ്ങാം. ചിറയ്ക്ക് ചുറ്റും അലങ്കാര കൗതുകങ്ങളും വൈദ്യുത ദീപങ്ങളും സ്ഥാപിച്ചാൽ ചിറ നാട്ടുകാർക്കു പ്രയോജനപ്പെടും.
Tags : NattuVishesham.DistricteNews