കരുവാരകുണ്ട് കുട്ടത്തി സിനിമാ ഹാൾ പ്രദേശത്ത് സ്ഥാപിച്ച എംസിഎഫ് കേന്ദ്രം.
കരുവാരകുണ്ട്: പൊതുപണം ഉപയോഗിച്ച് സ്ഥാപിച്ച പദ്ധതികൾ ജനങ്ങൾക്ക് പ്രയോജനപ്പെടാതെ നശിക്കുന്നതായി പരാതി. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് വിവിധ വാർഡുകളിലായി നിർമിച്ച മിനി എംസിഎഫ് കേന്ദ്രങ്ങളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. 30,000 രൂപ വീതം ചെലവിട്ടാണ് ഓരോ കേന്ദ്രങ്ങളും പഞ്ചായത്ത് സ്ഥാപിച്ചത്.
എന്നാൽ അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ നിർമിച്ചതും കൃത്യമായ പരിപാലനം ഇല്ലാത്തതും കാരണം ഇവയിൽ ഭൂരിഭാഗവും ഇപ്പോൾ കാടുകയറി മൂടിയ അവസ്ഥയിലാണ്.
മാലിന്യശേഖരണത്തിന് സഹായിക്കേണ്ട ഇത്തരമൊരു പദ്ധതി ജനങ്ങൾക്ക് ഉപകാരപ്പെടാത്ത രീതിയിൽ കിടക്കുന്നത് നാട്ടുകാരിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പൊതുപണം ചെലവഴിച്ച് നടപ്പാക്കുന്ന ഇത്തരം പദ്ധതികളുടെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പുവരുത്തണമെന്ന് ആർജെഡി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഉപയോഗശൂന്യമായി കിടക്കുന്ന മിനി എംസിഎഫ് കേന്ദ്രങ്ങൾ ജനങ്ങൾക്ക് എത്തിപ്പെടാൻ സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യം.
Tags : NattuVishesham.DistricteNews