ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ചാലിയാര് പുഴയുടെ മുണ്ടേരി ഇരുട്ടുകുത്തി കടവില് നിര്മിച്ച പാലം.
എടക്കര: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ മുണ്ടേരി ഉൾവനത്തിലെ പ്രാക്തന ഗോത്രവിഭാഗങ്ങളുടെ ചിരകാല സ്വപ്നമായ ഇരുട്ടുകുത്തി പാലം ഇന്ന് തുറന്നുകൊടുക്കും. ചാലിയാർ പുഴയുടെ ഇരുട്ടുകുത്തി കടവിൽ നിർമിച്ച പാലം യാഥാർ ഥ്യമാകുന്നതോടെ മുണ്ടേരി വനത്തിനുള്ളിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ എന്നീ നാല് ഊരുകളിലെ ആദിവാസികളുടെ യാത്രാദുരിതത്തിനാണ് അവസാനമാകുന്നത്.
ഇന്ന് വൈകീട്ട് നാലിന് മന്ത്രി പി.കെ. ബഷീർ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ചാലിയാറിൽ വെള്ളമുയരുന്നതോടെ പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെടുന്ന സാഹചര്യമായിരുന്നു മുൻപുണ്ടായിരുന്നത്.
2019-ലെ പ്രളയകാലത്ത് ഹെലികോപ്റ്ററിലായിരുന്നു ഇവിടെ ഭക്ഷണവും കുടിവെള്ളവുമെത്തിച്ചത്. മേപ്പാടി ചൂരൽമല ദുരന്തസമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കും കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. മഴക്കാലത്ത് മുളച്ചങ്ങാടങ്ങളിലും അഗ്നിരക്ഷാ സേനയുടെ ഡിങ്കി ബോട്ടുകളിലുമായിരുന്നു ഇതുവരെ വിദ്യാർഥികളും മറ്റ് ഊരുവാസികളും സാഹസികമായി പുഴ കടന്നിരുന്നത്. പുതിയ പാലം വന്നതോടെ തലമുറകളായുള്ള ഈ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായിരിക്കുകയാണ്.
Tags : NattuVishesham.DistricteNews