കുറ്റിപ്പാലയിലെ ഫ്ലാറ്റ് സമുച്ചയം കാട് മൂടിയ നിലയിൽ.
മുക്കം: മുക്കം നഗരസഭയിലേയും സമീപ പഞ്ചായത്തുകളിലെയും 44 കുടുംബങ്ങൾക്കായി കുറ്റിപ്പാലയിൽ കേരള ഹൗസിംഗ് ബോർഡ് നിർമാണമാരംഭിക്കുകയും പ്രവൃത്തി പാതിവഴിയിൽ നിലക്കുകയും ചെയ്ത ഫ്ലാറ്റ് സമുച്ചയം എട്ട് മാസത്തിനകം ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് മന്ത്രി മോൻസ് ജോസഫ് നിയമസഭയിൽ പറഞ്ഞു.
എംഎൽഎ സി.കെ. കാസിമിന്റെ നിയമസഭയിലെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2020-21വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി കേരള സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ രാജീവ് ദശലക്ഷ പാർപ്പിട പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണമാരംഭിച്ച ഫ്ലാറ്റ് നിർമാണം നാല് വർഷമായി മുടങ്ങിക്കിടക്കുകയാണ്.
5.45 കോടി ചെലവിലാണ് നാല് ബ്ലോക്കുകളായി 36 ഫ്ലാറ്റുകൾ നിർമിക്കുന്നത്. പദ്ധതിയുടെ 78 ശതമാനം സിവിൽ പ്രവർത്തികൾ നിലവിൽ പൂർത്തീകരിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ജോലികൾ പൂർത്തികരിക്കുതന്നതിൽ കരാറുകാരൻ വീഴ്ച വരുത്തിയതിനാൽ, കരാർ റിസ്ക് ആൻഡ് കോസ്റ്റിൽ റദ്ദാക്കി. ബാക്കി പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനായി പുതിയ കരാറുകാരനെ തെരഞ്ഞെടുക്കുന്നതിന് ഓഗസ്റ്റ് 24ന് ടെണ്ടർ ക്ഷണിച്ചിരുന്നു.
എന്നാൽ ആരും തന്നെ പങ്കെടുക്കാത്തതിനാൽ സെപ്റ്റംബർ 14 ന് പുനർ ടെണ്ടർ ക്ഷണിച്ചു. ആയതിൽ ഒരു ആൾ മാത്രമാണ് പങ്കെടുത്തത്. ടെണ്ടർ ഇവാലുവേഷൻ കോഴിക്കോട് മേഖല ഓഫിസിൽ പുരോഗമിച്ചു വരികയാണന്നും പഴയ കരാറുകാരന്റെ റിസ്ക് ആൻഡ് കോസ്റ്റിൽ പ്രവർത്തികൾ ഉടൻ തന്നെ പുനരാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2027 മെയ് മാസം പ്രവൃത്തി പൂർത്തീകരിച്ച് ജൂൺ മാസം ഗുണഭോക്താക്കൾക്ക് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ ഫ്ലാറ്റ് സമുച്ചയം കാട് കയറി തെരുവ് നായകളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ്. ഈ പ്രശ്നത്തിനും പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Tags : NattuVishesham.DistricteNews