District News
മുണ്ടൂർ: സഹോദയ സ്കൂൾ കോംപ്ലക്സ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് മുണ്ടൂർ നിർമൽ ജ്യോതി സെൻട്രൽ സ്കൂളിൽ തുടക്കമായി. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.
അണ്ടർ 19 വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങളാണ് ഇന്നലെ നടന്നത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്. മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ ടീം കോച്ച് പി.സി. ആന്റണി, സഹോദയ സ്കൂൾ കോംപ്ലക്സ് തൃശൂർ പ്രസിഡന്റ് ദിനേശ് ബാബു എന്നിവർ വിശിഷ്ടാതിഥികളായി. ഫാ. ഡെറിൻ അരിമ്പൂർ, സിസ്റ്റർ സോഫി ജോസ് എന്നിവരുടെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി. അണ്ടർ-17 വിഭാഗത്തിലെ മത്സരങ്ങൾ ഇന്ന് നടക്കും.
District News
ഒല്ലൂർ: മേരിമാത പള്ളിയിൽ പരിശുദ്ധ മേരിമാതാവിന്റെ ഉൗട്ടുതിരുനാൾ കൊടിയേറ്റം വികാരി ഫാ. ജോയ് ചിറ്റിലപ്പിള്ളി നിർവഹിച്ചു.
എട്ടുവരെ ദിവസവും വൈകീട്ട് 5.45നു മേരിപാത, ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന എന്നിവയുണ്ടാകും. തിരുനാൾദിനമായ എട്ടിനു രാവിലെ 5.45ന് അസിസ്റ്റന്റ് വികാരി ഫാ. സാൽവിൻ കണ്ണനായ്ക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധകുർബാന, തുടർന്ന് കൂടുതുറക്കൽ, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ.
വൈകീട്ട് 5.45ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ കാർമികത്വം വഹിക്കും. വിശുദ്ധ കുർബാനയ്ക്കുശേഷം രാത്രി ഒന്പതുവരെ ഉൗട്ടുനേർച്ച ഉണ്ടാകുമെന്നു വികാരി ഫാ. ജോയ് ചിറ്റിലപ്പിള്ളി, അസിസ്റ്റന്റ് വികാരി ഫാ. സാൽവിൻ കണ്ണനായ്ക്കൽ, കൈക്കാരൻമാരായ റിജോ കുറ്റിക്കാടൻ, റാഫി തൈവളപ്പിൽ, ജെയ്സണ്‍ പുത്തൂക്കാരൻ, സോണി ജോസ് തെക്കൂടൻ എന്നിവർ അറിയിച്ചു.
District News
കാഞ്ഞാണി: സെന്ററിലെ ഗതാഗതക്കുരുക്കഴിക്കാൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ച് റിംഗ് റോഡുകൾ സഞ്ചാരയോഗ്യമാക്കുമെന്ന് സി. രവീന്ദ്രനാഥ് എംഎൽഎ പറഞ്ഞു. കാഞ്ഞാണിയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് മണലൂർ പഞ്ചായത്തിൽ നടന്ന സർവകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ആദ്യമായാണ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഒരു റോഡ് അറ്റകുറ്റപണികൾ നടത്തി സഞ്ചാരയോഗ്യമാക്കുന്നത്.
കാഞ്ഞാണി വിദ്യാർഥി റോഡ്, ശ്രീശങ്കര റോഡ്, വിക്ടോറിയ റോഡ്, ജനപ്രിയ റോഡ്, വെള്ളേന്തടം റോഡ് ,വാസു ശ്രമദാനം റോഡ് എന്നി റോഡുകളെ കൂട്ടിയോജിപ്പിച്ച് അറ്റകുറ്റപണികൾ നടത്തി റിംഗ് റോഡുകൾ സഞ്ചാരയോഗ്യമാക്കും. തുടർന്ന് ചെറുവാഹനങ്ങൾ ഇത് വഴി തിരിച്ചുവിടുന്നതോടെ വർഷങ്ങളായി നിലനിൽക്കുന്ന കാഞ്ഞാണി സെന്ററിലെ ഗതാഗ കുരുക്കഴിയുമെന്ന് എംഎൽഎ പറഞ്ഞു.
കാഞ്ഞാണി സെന്റ്്റിലെ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ടവരുമായി കൂടിയാലോജിച്ച് സിഗ്നലുകൾ സ്ഥാപിക്കുമെന്നും എംഎൽഎ പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിജി മോഹൻദാസ്, വി.എൻ. സുർജിത്ത്, കെ.കെ. പ്രകാശൻ, എം.ആർ. മോഹനൻ, ജനാർദ്ദനൻ മണ്ണുമ്മൽ, പി.ടി. ജോൺസൺ, പി.കെ. കൃഷ്ണൻ, കെ.വി. വിനോദൻ,പ്രദീപ് കണാട്ട്, പഞ്ചായത്ത് സെക്രട്ടറി പി. മിഥുൻ എന്നിവർ സംസാരിച്ചു.
District News
വെണ്ടോര്‍: ലിഷര്‍ലാൻഡ് ഹെല്‍ത്ത് ക്ലബ്ബില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡന്‍ ഏജ് കെയറിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി സൗജന്യ വിനോദയാത്ര സംഘടിപ്പിച്ചു. വെണ്ടോര്‍ സെന്റ്് മേരീസ് പള്ളിയില്‍ നിന്നും ആരംഭിച്ച ഉല്ലാസയാത്ര കെ.കെ. രാമചന്ദ്രന് എംഎല്‍എ ഫ്ളാഗ്ഓഫ് ചെയ്തു.
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്, വെണ്ടോര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. ലാസര്‍ താണിക്കല്‍ എന്നിവര്‍ സംസാരിച്ചു. വയോജന കൂട്ടായ്മയിലെ അംഗങ്ങളായ 150ഓളം പേരാണ് വിനയോദയാത്രയില് പങ്കെടുത്തത്. ഗോള്‍ഡന്‍ ഏജ് കെയര്‍ ഭാരവാഹികളായ നെപ്പോ ചിറമ്മല്‍, ജെയ്സണ്‍ മഞ്ഞളി, ടി.ഒ. ബൈജു, ജോസ് വല്ലപ്പാടി, ജെ.ജെ. ആന്റോ, മിനി ആന്റോ, ജോണ്സണ് പൊറത്തൂര്‍, കെ.ടി. ജെയിംസ്, ജോസി ജോണി അല്‍ഫോന്‍സ എന്നിവര്‍ നേതൃത്വം നല്കി
District News
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ദി ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ചാരിറ്റികമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള കരുതൽ കൂട്ടായ്മയുടെ രണ്ടാംവാർഷികവും ഓണാഘോഷവും ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയും സിവിൽ ജഡ്ജിയുമായ ടി.വി. വിൻസി ഉദ്ഘാടനം ചെയ്തു. മാർ ഔഗിൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. അഡ്വ. സംയുക്ത പി.മേനോൻ മുഖ്യപ്രഭാഷണം നടത്തി.
ബോർഡ് ചെയർമാൻ അബി ജെ.പൊൻമണിശേരി കരുതലിന്റെ പദ്ധതികൾ അവതരിപ്പിച്ചു. വികാരി ജനറാൾ ജോസ് വേങ്ങശേരി, ക്ലർജി സെക്രട്ടറി കെ.ആർ. ഇനാശു,സിസ്റ്റർ ഡോ. ജിൻസി ഒയു, വൈസ് ചെയർമാൻ ഗിഫ്റ്റൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികളും ആൻ മൂക്കന്റെ യോഗ ഷോയും ജോൺ പോളിന്റെ ബോഡി ഷോയും ഉണ്ടായിരുന്നു. കരുതൽ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ പിൻസി മുക്കൻ, സീന ജോബി, ജൂലി ജിജു എന്നിവർ നേതൃത്വം നൽകി.
District News
തൃശൂർ: തെരുവുനായ് കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ കനാലിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ചുമറിഞ്ഞു. ഡ്രൈവർക്കു പരിക്കേറ്റു. അത്താണി കെൽട്രോണ്‍ ജംഗ്ഷനിലെ വഴിയോര വിശ്രമകേന്ദ്രത്തിനുസമീപം ഇന്നലെ രാവിലെ ഏഴോടെയാണു സംഭവം. വാഹനത്തിന്റെ മുൻവശം തകർന്നിട്ടുണ്ട്.
ഷൊർണൂർ ഭാഗത്തുനിന്നു തൃശൂർ ഭാഗത്തേക്കു സഞ്ചരിക്കുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. പത്ത് അടിയിലേറെ താഴ്ചയുള്ള കനാലിനോടു ചേർന്നുള്ള ഭാഗത്താണു വാഹനം മറിഞ്ഞത്.
വാഹനം കനാലിലേക്കു മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നിസാര പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി.
District News
ഷൊർണൂർ: ദുരന്തത്തിലേക്കു കൈ നീട്ടി കൊപ്പത്ത് സിഗ്നൽ ലൈറ്റ്.
കൊപ്പം ജംഗ്ഷനിൽ ആയിരക്കണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും ദിനംപ്രതി കടന്നുപോകുന്ന പ്രധാനപാതയിൽ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് സിഗ്നൽ ലൈറ്റ്. ആടിയുലഞ്ഞ് തറപറ്റാറായ നിലയിൽ നിൽക്കുന്ന ഇതിന്റെ ഇരുമ്പുതൂണ് ഏതുനിമിഷവും മറിഞ്ഞുവീഴാം.
ഭയത്തോടെ മാത്രമേ ഇപ്പോൾ ഇതിനടിയിലൂടെ സഞ്ചരിക്കാനാവൂ. പകലെന്നോ രാവെന്നോ വ്യത്യാസമില്ലാതെ നിരന്തരം ഗതാഗതത്തിരക്കുള്ള പാതയിലാണ് ഈ അപകടക്കെണി. കാറ്റടിച്ചാലോ വലിയൊരു വാഹനം തട്ടിയാലോ തകർന്നുവീഴാവുന്ന മട്ടിലാണ് ഇതിന്റെ ഇപ്പോഴത്തെ നിൽപ്പ്.
സ്കൂൾകുട്ടികൾ, മുതിർന്നവർ, ഇരുചക്രവാഹന യാത്രക്കാർ തുടങ്ങി നിരവധി ജീവനാണ് ഓരോ നിമിഷവും ഇതിനടിയിലൂടെ കടന്നുപോകുന്നത്. അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമില്ലാത്ത സ്ഥിതിയാണ്.
District News
കൊല്ലങ്കോട്: അറ്റകുറ്റപ്പണിക്കായി അടച്ചിട്ട ഊട്ടറ ലെവൽക്രോസ് റോഡ് ഇന്നു തുറക്കും.
ഒരാഴ്ച മുന്‍പാണ് റോഡ് പുനർനിർമാണത്തിനായി റോഡ് അടച്ചത്. ഇതുമൂലം കൊല്ലങ്കോട്- പുതുനഗരം റൂട്ടിൽ യാത്രക്കാർ ഏറെ വലഞ്ഞിരുന്നു.
നിരവധി വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്നതിനാലാണ് ഇടക്കിടെ റോഡ് തകരുന്നതു പതിവായത്. പ്രശ്നത്തിനു സ്ഥിരം പരിഹാരമെന്ന നിലയ്ക്ക് മേൽപാലം യാഥാർഥ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.
District News
ഷൊർണൂർ: കുളപ്പുള്ളി -ഷൊർണൂർ റോഡ് തകർന്നടിഞ്ഞു. തൃശൂരടക്കമുള്ള നഗരങ്ങളിലെ പ്രധാന ആശുപത്രികളിലേക്ക് അത്യാസന്നനിലയിലുള്ള രോഗികളെ കൊണ്ടുപോകുന്ന പ്രധാന റോഡാണിത്.
ആംബുലൻസുകളടക്കമുള്ളവ ഇതു വഴിയാണ് നരകതുല്യമായ യാത്ര ചെയ്യുന്നത്. ഇതിനു പുറമെ നിരവധി വാഹനങ്ങൾക്ക് പല സ്ഥലങ്ങളിലേക്കും പോകേണ്ട പാത കൂടിയാണിത്.
ഷൊർണൂർ പിഡബ്ല്യുഡി ഓഫീസിന്റെ മൂക്കിനുതാഴെക്കൂടി പോകുന്ന പാത തകർന്നു തരിപ്പണമായിട്ട് വർഷമൊന്നു പിന്നിട്ടുകഴിഞ്ഞു. കുളപ്പുള്ളി മുതൽ ഷൊർണൂർ വരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ ഒന്നുംചെയ്യാത്ത സ്ഥിതിയാണ്. പൊട്ടിത്തകർന്ന റോഡിലൂടെ കാൽനടയാതപോലും ദുഷ്കരമാണ്. വാഹനങ്ങൾ പലതും അപകടത്തിൽപ്പെടുന്നതും പതിവാണ്.
District News
പാലക്കാട്: അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾക്ക് ഓണത്തോടനുബന്ധിച്ച് 15,000 രൂപയും ഇതിനുപുറമെ സർക്കാർ ഉത്തരവ് പ്രകാരമുള്ള 1,500 രൂപയും ഉൾപ്പെടെ ആകെ 16,500 രൂപ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഓണം ബോണസായി അനുവദിച്ചു.
കഴിഞ്ഞ ഒരു വർഷക്കാലമായി തുടർച്ചയായി എല്ലാ മാസങ്ങളിലും ഹരിതമിത്രം സോഫ്റ്റ് വെയർ മുഖേന 100 ശതമാനം സർവീസ് പൂർത്തീകരിച്ചതിന്റെ ആദരവായും അംഗീകാരമായുമാണ് ബോണസ് അനുവദിച്ചത്.
പഞ്ചായത്തിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ഹരിതകർമസേന അംഗങ്ങളുടെ സേവനങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണം ബോണസ് അനുവദിച്ചത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിൽ ഹരിതകർമസേന നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
സംസ്ഥാനത്തുതന്നെ ഹരിതകർമസേനാംഗങ്ങൾക്ക് ഇത്രയും ഉയർന്ന തുക ഓണം ബോണസായി നൽകുന്ന പഞ്ചായത്തുകൾ വിരളമായിരിക്കുമെന്ന് വൈസ് പ്രസിഡന്റ് ജി. സുജിത്ത് പറഞ്ഞു.
ഹരിതകർമസേനാംഗങ്ങളുടെ ക്ഷേമത്തിനും മാലിന്യമുക്ത അകത്തേത്തറ എന്ന ലക്ഷ്യം കൈവരിക്കുന്നതിനും ആവശ്യമായ പിന്തുണയും പ്രോത്സാഹനവും തുടർന്നും നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ അറിയിച്ചു.
District News
അഗളി: സൗഹൃദവേദി അട്ടപ്പാടി ചാപ്റ്റർ അഗളിയിൽ സംഘടിപ്പിച്ച ഓണം സൗഹൃദസംഗമം സാംസ്കാരിക പ്രവർത്തകൻ കെ.പി.എസ്. പയ്യനടം ഉദ്ഘാടനം ചെയ്തു.
അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ബഹുമുഖമായ സാമൂഹിക പുരോഗതിക്ക് എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും ലഹരിയടക്കമുള്ള സാമൂഹിക തിന്മകൾക്കെതിരേ സർക്കാരും സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരും ഒരുമിച്ച് കൈകോർക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് സൗഹൃദവേദി വൈസ് ചെയർമാൻ റിട്ടയേഡ് ഡിവൈഎസ്പി പി.എസ്. മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. സൗഹൃവേദി അട്ടപ്പാടി ചാപ്റ്ററിന്റെ പ്രഖ്യാപനം ജില്ലാ സൗഹൃദവേദി രക്ഷാധികാരി കളത്തിൽ ഫാറൂഖ് നിർവഹിച്ചു.
പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കവേലു, ഷോളയൂർ ഗ്രാമപഞ്ചായത്ത് മെംബർ ജി. ഷാജു, അഗളി എസ്ഐ എച്ച്. അർഷാദ്, സാംസ്കാരിക പ്രവർത്തകരായ മാണി പറന്പേട്ട്, കെ.ആർ. രവീന്ദ്രദാസ്, നോവലിസ്റ്റ് സിന്ധു ഗോപി എന്നിവർ പ്രസംഗിച്ചു. അട്ടപ്പാടി സൗഹൃദവേദി ചെയർമാൻ കെ.എ. അസീസ് സ്വാഗതവും ബഷീർ മാടാല നന്ദിയും പറഞ്ഞു.
District News
വണ്ടിത്താവളം: നൂറുകണക്കിനു യാത്രക്കാർ ആശ്രയിക്കുന്ന വണ്ടിത്താവളം ബസ് സ്റ്റാൻഡിൽ വൈദ്യുതി വിളക്കുകളില്ല. ജനകീയ പ്രതിഷേധം ശക്തമാകുന്നു.
സ്റ്റാൻഡിനകത്ത് നാമമാത്രമായി പ്രവർത്തിച്ചിരുന്ന വ്യാപാരസ്ഥാപനങ്ങളും നിർത്തിയതോടെ പരിസരം പൂർണമായും ഇരുട്ടിലാവുകയാണ്. നാലുവർഷം മുന്‍പാണ് സ്റ്റാൻഡിന്റെ ഉദ്ഘാടനം കഴിഞ്ഞത്.
മുപ്പതിൽ കൂടുതൽ ബസുകൾ സ്റ്റാൻഡിൽ പ്രതിദിനം കയറുന്നുണ്ട് . ടൗണിൽ ഗതാഗതക്കുരുക്ക് വർധിച്ചതോടെ മിക്കയാത്രക്കാരും സ്റ്റാൻഡിലെത്തിയാണ് ബസ് കയറുന്നത്. രാത്രിയായാൽ ഭീതിയോടെ ബസ് കാത്തുനിൽക്കേണ്ട ഗതികേടിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രികർ. പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലാണ് ബസ് സ്റ്റാൻഡുള്ളത്. ബസ് ജീവനക്കാരിൽനിന്നും ചുങ്കം ഈടാക്കിവരുന്നുമുണ്ട്. എന്നിട്ടും വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാത്തതിലാണ് പ്രതിഷേധം ശക്തമാകുന്നത്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളമായും സ്റ്റാൻഡ് മാറിയിട്ടുണ്ട്. നേരത്തെ പലതവണ ഇവിടെനിന്നും കഞ്ചാവും എംഡിഎംഎ അടക്കമുള്ള ലഹരിവില്പനയും പിടികൂടിയിട്ടുണ്ട്.
District News
പാലക്കാട്: സാധാരണക്കാരുടെ സാമ്പത്തികാവശ്യങ്ങളെ ചൂഷണം ചെയ്യുന്ന വട്ടിപ്പലിശക്കാരിൽനിന്നു ജില്ലയെ മോചിപ്പിക്കുമെന്നു പട്ടികജാതി- പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി കെ.എ. തുളസി.
സാധാരണക്കാരായ വീട്ടമ്മമാരും പാവപ്പെട്ടവരുമാണ് അയൽസംസ്ഥാനക്കാരായ വട്ടിപ്പലിശക്കാരുടേയും ഓൺലൈൻ ആപ്പുകളുടേയുമെല്ലാം ചൂഷണത്തിന് കൂടുതലായും വിധേയമാവുന്നത്. ഇവരിൽ നിന്നും ഘട്ടംഘട്ടമായുള്ള മോചനമാണ് പലിശരഹിതമായും കുറഞ്ഞ പലിശ നിരക്കിലുമുള്ള സമഗ്ര- 2026 വായ്പയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
"സമഗ്ര 2026' പദ്ധതി രണ്ടാംഘട്ട വായ്പാ വിതരണോദ്ഘാടനത്തിനായുള്ള സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വായ്പാ പദ്ധതി പുരുഷന്മാർക്കും ഉപയോഗപ്രദമാകുന്ന നിലയിൽ വേഗത്തിൽ പരിഷ്കരിക്കണമെന്നു ചടങ്ങിൽ പങ്കെടുത്ത പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ ആവശ്യപ്പെട്ടു. തുടർന്ന് സമഗ്ര- 2026 കൈപ്പുസ്തകം പിന്നാക്കവിഭാഗ വികസന കോർപറേഷൻ എംഡി കെ. അഞ്ജുവിനു നൽകി മന്ത്രി പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎമാരായ എ. പ്രഭാകരൻ, പി.പി. സുമോദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അബ്ദുൽ ലത്തീഫ്, പാലക്കാട് റവന്യൂ ഡിവിഷണൽ ഓഫിസർ കെ. ദേവകി, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
District News
പാലക്കാട്: നടക്കാവ് മേൽപാലത്തിന്റെ നിർമാണ പുരോഗതി സംബന്ധിച്ച് അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആർബിഡിസികെ, എസ്പിഎൽ, റെയിൽവേ, പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അവലോകനയോഗം ചേർന്നു.
റെയിൽവേയുടെ എല്ലാ പണികളും പൂർത്തീകരിച്ചെന്നും വാഹനഗതാഗതത്തിന് ഇനി തടസങ്ങളൊന്നുമില്ലെന്നും റെയിൽവേക്കു വേണ്ടി ഹാജരായ ഉദ്യോഗസ്ഥർ പറഞ്ഞു.
എക്സ്പാൻഷൻ ജോയിന്റ് സ്ഥാപിച്ച് കോണ്‍ക്രീറ്റ് ചെയ്തു കഴിഞ്ഞതായും പാലത്തിനു മുകൾഭാഗത്തുള്ള ടാറിംഗ് ഈ മാസം 15ന് പൂർത്തീകരിക്കുമെന്നും കരാർ കന്പനിയായ എസ്പിഎലിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇനി 800 മീറ്റർ നടപ്പാതയുടെ ചുമർ പൂർത്തീകരിക്കാനുണ്ടെന്നും അതിന് സമയം വേണ്ടിവരുമെന്നും മേൽപ്പാലം പണി ഒക്ടോബർ പത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി.
എല്ലാ പ്രവൃത്തികളും കഴിഞ്ഞശേഷം മാത്രമേ പാലത്തിനു മുകളിലൂടെയുള്ള വാഹനങ്ങളുടെ ഭാരപരിശോധന നടക്കുകയുള്ളൂവെന്നും അതിന് മൂന്നുദിവസം പൂർണമായും അടച്ചിടേണ്ടിവരുമെന്നും ആർബിഡിസികെയുടെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എന്നാൽ കരാർകന്പനി പറഞ്ഞ ഈമാസം 15ന് തന്നെ പണി പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധപരിപാടികൾ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് സുജിത്ത് എന്നിവർ മുന്നറിയിപ്പ് നൽകി.
കല്ലേക്കുളങ്ങര ഭാഗത്തെ ഡ്രെയിനേജ്, ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി ആർബിഡിസികെ, എസ്പിഎൽ, പിഡബ്ല്യുഡി, കെഎസ്ഇബി, പഞ്ചായത്ത് ഭരണസമിതി, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ നേരിട്ട് സ്ഥലം സന്ദർശിക്കുകയും പരിഹാരത്തിനു വേണ്ട നിർദേശം നൽകുകയും ചെയ്തു.
യോഗത്തിൽ ആർബിഡിസികെ പ്രോജക്ട് എൻജിനീയർ ശ്രീബിൻ, റെയിൽവേ സീനിയർ എൻജിനീയർമാരായ കൈലാസ്, അജയ് ഘോഷ്, പനീർ ശെൽവൻ, എസ്പിഎൽ അസിസ്റ്റന്റ് മാനേജർ കണ്ണൻ, പൊതുമരാമത്ത് വകുപ്പ് ഓവർസിയർ സിനി, കെഎസ്ഇബി സീനിയർ എൻജിനീയർ കണ്ണൻ, മെംബർമാരായ സുധീർ, അജയ്, ഷിജു, സരള, ബിന്ദു, അംബുജം, മുരളി അന്പാട്ട്, അസിസ്റ്റന്റ് സെക്രട്ടറി പി.കെ. മധു, ജൂനിയർ സൂപ്രണ്ട് സിമി സോമരാജൻ, ക്ലാർക്ക് ഉമേഷ് എന്നിവർ പങ്കെടുത്തു.
District News
ബേക്കല്‍: വൈദ്യുതി ലൈനില്‍ തട്ടി റഫ്രിജറേറ്റര്‍ ലോഡുമായി വരികയായിരുന്ന കൂറ്റന്‍ കണ്ടെയ്നര്‍ ലോറിക്ക് തീപ്പിടിച്ചു. 30ലധികം റെഫ്രിജറേറ്ററുകള്‍ കത്തിനശിച്ചു. ഇന്നലെ രാവിലെ ഏഴോടെ ബേക്കല്‍ മൗവ്വലിലാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് ഉഡുപ്പിയിലേക്ക് പോകുന്ന ലോറിക്കാണ് തീപിടിച്ചത്. മൂന്നു അഗ്നിശമന യൂണിറ്റുകളെത്തി ജെസിബിയുടെ സഹായത്തോടെ കണ്ടെയ്നറിന്റെ ബോഡി വെട്ടിപ്പൊളിച്ച് റഫ്രിജറേറ്റര്‍ പായ്ക്കുകള്‍ പുറത്തേക്ക് വലിച്ചിട്ടാണ് വെള്ളംചീറ്റി തീയണച്ചത്.ഒന്നരമണിക്കൂറോളം വേണ്ടിവന്നു തീയണക്കാന്‍.
20 ഓളം റഫ്രിജേറ്ററുകള്‍ കണ്ടയ്നറില് നിന്നും കേടുപാടില്ലാതെ പുറത്തെടുത്തു. ഇതേതുടര്‍ന്നു തീരദേശ ഗതാഗതം മണിക്കൂറുകള്‍ സ്തംഭിച്ചു.വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന കണ്ടയ്നറില് ആണ് ആദ്യം തീ പടര്‍ന്നത്. തുടര്‍ന്നു പാഴ്സലിന് തീപടര്‍ന്നു.അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് കടന്നുവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
ഇന്നലെ മുതല്‍ കാഞ്ഞങ്ങാട്- കാസര്‍ഗോഡ് തീരദേശ പാതയിലെ പള്ളിക്കര മേല്പാലത്തില് അറ്റകുറ്റപ്പണികള്‍ തുടങ്ങുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചു വിട്ടിട്ടുണ്ട്. ഇതുപ്രകാരം വലിയ വാഹനങ്ങള്‍ കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും ദേശീയപാത വഴിയാണ് മംഗളുരു ഭാഗത്തേക്ക് പോകേണ്ടത്. ഇത് അവഗണിച്ച് കാഞ്ഞങ്ങാട്- കാസര്‍ഗോഡ് സംസ്ഥാന പാതയിലൂടെ തന്നെ കടന്നുവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
പാലം അടച്ചതറിഞ്ഞ് പള്ളിക്കര കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് മൗവ്വല്‍ വാട്ടര്‍ ടാങ്ക് കവലയില്‍ നിന്നും മൗവ്വല്‍ വഴി ബേക്കല്‍ തച്ചങ്ങാട് റോഡിലെത്തി കാസര്‍ഗോഡ് ഭാഗത്തേക്ക് പോകാനുള്ള ശ്രമമായിരുന്നു. ഇതിനിടെയാണ് മൗവ്വല്‍ റിഫായിയ മസ്ജിദിന് സമീപം വൈദ്യുതി കമ്പികളില്തട്ടി തീപിടിച്ചത്.
District News
പാണത്തൂര്‍ (കാസര്‍ഗോഡ്): കല്ലപ്പള്ളി പെരുമുണ്ടയില്‍ പുലിയെ റബര്‍ തോട്ടത്തില്‍ ചത്തനിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് റബര്‍ തോട്ടത്തില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. അഞ്ചു വയസ് പ്രായം വരുന്ന ആണ്‍പുലിയുടെ ജഡമാണ് സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ കണ്ടെത്.
റബര്‍ വെട്ടാന്‍ എത്തിയ തൊഴിലാളികളാണ് പുലിയെ ചത്ത നിലയില്‍ കണ്ടത്. ജഡത്തില്‍ പരിക്കുകളോ മറ്റു പാടുകളോ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായില്ല. വിഷാംശം ഉള്ളില്‍ ചെന്നതാകാമോ മരണകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂയെന്ന് അധികൃതര്‍ പറഞ്ഞു. വയനാട് നിന്നും മൃഗഡോക്ടര്‍ എത്തി വൈകുന്നേരം പോസ്റ്റുമോര്‍ട്ടം നടത്തി. കള്ളാര്‍ ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ച ജഡം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം എന്‍ടിസിഎ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പുലിയുടെ ജഡം സംസ്കരിച്ചു.
District News
നീലേശ്വരം: പകൽനേരങ്ങളിൽ വെയിലായതോടെ ദേശീയപാതയിൽ പടന്നക്കാട് മേൽപാലം മുതൽ നീലേശ്വരം മാർക്കറ്റ് വരെയുള്ള ഭാഗത്ത് വാഹനയാത്രക്കാർ പൊടിയിൽ മുങ്ങുന്നു. ദേശീയപാതയിലും സർവീസ് റോഡുകളിലും മഴയിൽ കുണ്ടും കുഴിയുമായ ഭാഗങ്ങൾ ജില്ലിപ്പൊടി മാത്രം ഉപയോഗിച്ച് അടച്ചതാണ് പൊടിശല്യത്തിന് കാരണമായത്. കുഴികളിലെ മഴവെള്ളത്തിൽ കുതിർന്നുകിടന്ന ജില്ലിപ്പൊടി ഉണങ്ങിയതോടെ കാറ്റിൽ പറന്ന് ചുറ്റുപാടും വ്യാപിക്കുകയാണ്.
മാർക്കറ്റ് ജംഗ്ഷനിൽ നേരത്തേ മണ്ണും ചെളിയുമായിരുന്നത് ഇപ്പോൾ ചുറ്റുപാടും കാണാനാകാത്ത വിധത്തിലുള്ള പൊടിക്കാറ്റായി മാറി. ബസുകളിലെ യാത്രക്കാർ ഇവിടെയെത്തുമ്പോൾ മൂക്കും വായും പൊത്തിപ്പിടിക്കേണ്ട അവസ്ഥയിലാണ്. ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. കുഴികൾ നിറഞ്ഞ റോഡും പൊടി മൂലം കാഴ്ച മറയുന്നതും കണ്ണിലും മൂക്കിലും പൊടി അടിച്ചുകയറുന്നതും മൂലം ഏതുനിമിഷവും അപകടത്തിൽ പെടാവുന്ന നിലയാണ്.
പടന്നക്കാട് മേൽപാലത്തിൽ മഴക്കാലത്ത് വീണ്ടും രൂപപ്പെട്ട കുഴികളും കരാറുകാർ ജില്ലിപ്പൊടി വാരിയിട്ടു നിറച്ചാണ് തത്കാലം അടച്ചത്. ഇപ്പോൾ പൊടിശല്യത്തിനൊപ്പം ഈ ജില്ലിപ്പൊടി അങ്ങിങ്ങ് മാറി വീണ്ടും കുഴികൾ തെളിയാനും തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ബേക്കലിൽ നടത്തുന്നതുപോലെ മേൽപാലം ദിവസങ്ങളോളം പൂർണമായി അടച്ചിട്ട് അറ്റകുറ്റപണി നടത്തിയാൽ മാത്രമേ ഇവിടുത്തെ പ്രശ്നം പരിഹരിക്കാൻ കഴിയൂ എന്നാണ് കരാറുകാരുടെ നിലപാട്. മേൽപാലത്തിൽ സ്പാനുകൾ തമ്മിൽ ചേരുന്നിടത്തെ എക്സ്പാൻഷൻ ജോയിന്റുകൾ പൂർണമായും ഇളകിക്കിടക്കുകയാണ്.
ഇവ മാറ്റിസ്ഥാപിക്കുന്നതിനൊപ്പം നിലവിലുള്ള ടാറിംഗ് പൂർണമായും നീക്കംചെയ്ത് മെക്കാഡം ടാറിംഗ് നടത്തുകയും വേണം. അതിനുവേണ്ടി ചുരുങ്ങിയത് 10 ദിവസമെങ്കിലും മേൽപാലം അടച്ചിട്ട് ഗതാഗത ക്രമീകരണം നടത്തണമെന്നാണ് അവർ പറയുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ജില്ലാ ഭരണകൂടവും പൊതുമരാമത്ത് വകുപ്പുമാണ്.
എന്നാൽ മേൽപാലം മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് സർവീസ് റോഡുകളിലെ കുഴികൾ ടാറും മെറ്റലുമിട്ട് അടക്കാൻ എന്തു തടസമാണ് ഉള്ളതെന്ന് നാട്ടുകാരും വാഹനയാത്രക്കാരും ചോദിക്കുന്നു. വെയിലുള്ള കാലം മുഴുവൻ ഇതുപോലെ തള്ളിനീക്കി വീണ്ടും മഴ വരുമ്പോൾ അതിനെ പഴിചാരി തലയൂരാനാണ് കരാറുകർ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
District News
കരുവഞ്ചാൽ: കരുവഞ്ചാൽ-കണിയഞ്ചാൽ റോഡ് കാടകയറി യാത്ര ദുസഹമാകുന്നു. പലയിടത്തും കാട്ടുചേമ്പും കാട്ടുപൊന്തകളും വള്ളിച്ചെടികളും റോഡിലേക്ക് പടർന്ന നിലയിലാണ്.
നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും നിത്യേന ആശ്രയിക്കുന്ന റോഡിലെ നടപ്പാതകളിൽ കാടു കയറിയത് കാരണം കാൽനടയാത്രക്കാർ റോഡിലേക്ക് കയറി നടക്കേണ്ടി വരുന്നുണ്ട്. ഇത് അപകട ഭീഷണിയും ഉയർന്നുത്തു.
വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് മാറി നിൽക്കാൻ പോലും സ്ഥലമില്ല. കാടിനുള്ളിൽ ക്ഷുദ്രജീവികളും തെരുവ് നായകളും തന്പടിക്കുന്നതും കടുത്ത ഭീഷണിയാണ് ഉയർന്നത്. റോഡരികിലെയും സമീപത്തെ പറന്പുകളിലെയും കാടുകൾ എത്രയും വേഗംവെട്ടി മാറ്റാൻ ബദ്ധപ്പെട്ടവർ തയാറാകണമെന്ന ആവശ്യം ശക്തമാണ്.
District News
ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെയും ചെറുപുഴ ലയൺസ് ക്ലബിന്റെയും സഹായത്തോടെ രാജഗിരി ഉന്നതിയിലേക്കുള്ള മുളപ്പാലവും വൈദ്യുത വേലിയും പുനർനിർമിച്ചു.
കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള മുളപ്പാലം ഓഗസ്റ്റ് ഒന്നിനുണ്ടായ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയിരുന്നു. ഇതോടെ ഉന്നതിയിലേക്കു പോകാൻ മാർഗമില്ലായിരുന്നു. കർണാടക വനാതിർത്തിയിലുള്ള ആന പ്രതിരോധ വൈദ്യുതി വേലിയും മണ്ണിടിഞ്ഞും മരം വീണും തകർന്നിരുന്നു. ഇതോടെ കാട്ടാനകൾ കൃഷിയിടത്തിലേക്ക് എത്തുന്ന സ്ഥിതിയാണുണ്ടായിരുന്നത്.
പുനർനിർമാണത്തിനുള്ള ചെലവ് ചെറുപുഴ ലയൺസ് ക്ലബ് ഏറ്റെടുക്കുകയാണു ചെയ്തത്. പ്രദേശവാസികളായ ഡയിസൺ വട്ടപ്പലം, സജി മാമ്പുഴ, ചന്തു കാണിക്കാരൻ, അലൻ മാമ്പുഴ, മോഹൻദാസ് വയലുങ്കൽ, കുഞ്ഞുകുട്ടൻ പള്ളിവീട്ടിൽ, കുഞ്ഞിരാമൻ ഇളയിടത്ത്, ഷാജി ചോക്കാട്ട്, ഡാർവിൻ തച്ചിലേടത്ത് എന്നിവർ നേതൃത്വം നൽകി.
District News
ഇരിട്ടി: റോഡരികിൽ അപകടാവസ്ഥയിലായിരുന്ന മരങ്ങൾ ഏറക്കാലത്തെ കാത്തിരിപ്പിനു ശേഷം മുറിച്ചു നീക്കിയെങ്കിലും മരത്തടികൾ റോഡരികിൽ തന്നെ കിടക്കുന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു. ഇരിട്ടി-പേരാവൂർ, പേരാവൂർ-നെടുംപൊയിൽ റൂട്ടുകളിൽ നിന്ന് മുറിച്ച കൂറ്റൻ മരങ്ങളുടെ തടികളാണ് രണ്ടാഴ്ചയായിട്ടും റോഡരികുകളിൽ തന്നെ കിടക്കുന്നത്.
ടാറിംഗിനോട് ചേർന്നാണ് പലയിടങ്ങളിലും മരത്തടികൾ കിടക്കുന്നത്. വാഹനങ്ങൾക്ക് സൈഡ് നൽകാൻ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങൾ വരുന്പോൾ കാൽനടയാത്രക്കാർക്ക് മാറിനിൽക്കാനും കഴിയുന്നില്ല. റോഡിനോടു ചേർന്നു നിൽക്കുന്ന മരത്തടികൾ രാത്രിയിൽ വാഹന ഡ്രൈവർമാരുടെ ശ്രദ്ധയിൽപെട്ടില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് ഇടയാക്കും.
റോഡരികിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് വികസന സമിതി പലതവണ പ്രമേയം പാസാക്കിയിരുന്നുവെങ്കിലും ബന്ധപ്പെട്ട വകുപ്പുകൾ അനുകൂല തീരുമാനമെടുത്തിരുന്നില്ല.
രണ്ടു മാസം മുന്‍പ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത യോഗത്തിലും മരം മുറിക്കാത്തത് ചർച്ചയായിരുന്നു. ഈ യോഗത്തിൽ അപകടസാധ്യത കണക്കിലെടുത്ത് മരം മുറിച്ച ശേഷം വിലനിർണയം നടത്താമെന്ന ധാരണയിലെത്തിയാണ് മരങ്ങൾ മുറിച്ചത്.
വിലനിർണയവും വിവാദത്തിൽ
മുറിച്ചിട്ട മരങ്ങളുടെ തടിവില നിശ്ചയിക്കുന്നതിൽ അനിശ്ചിതത്വത്തിനൊപ്പം വിവാദവും ഉയരുന്നു. സാമൂഹ്യവനവത്കരണ വിഭാഗം നിർണയിക്കുന്ന വില പലപ്പോഴും ഉയർന്നതാണെന്ന് ആരോപണമുണ്ട്. ഇക്കാരണത്താലാണ് മുറിച്ചിട്ട മരങ്ങൾ വാങ്ങാൻ ആളുകൾ എത്താത്തെന്നാണ് പറയപ്പെടുന്നത്. ഇതിനു പുറമേ വില ഇടിക്കാനായി മരവിപണയിലുള്ളവരും ഉദ്യോഗസ്ഥരും തമ്മിൽ നടത്തുന്ന ഒത്തു കളിയാണെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിൽ മരംമുറിയും വിലനിർണയവും സംബന്ധിച്ച നടപടികൾ സുതാര്യമാക്കണമെന്ന ആവശ്യവും ശക്തമാക്കുന്നു.
District News
കൊട്ടിയൂർ: പാൽചുരം മേഖലയിലെ തുടർച്ചയായ അപകടങ്ങൾക്കും മണ്ണിടിച്ചിലിനുമെതിരെ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെസിവൈഎം കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ നേതൃത്വത്തിൽ മാരത്തൺ നടത്തി. പാൽചുരം പള്ളിയിൽ നിന്ന് ബോയ്സ് ടൗൺ വരെ നടത്തിയ മാരത്തൺ ഡീക്കൻ ജോസഫ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു.
അപകടമേഖലകളിലൂടെ സഞ്ചരിച്ച സംഘം റോഡിലെ കുഴികളും തകർന്ന ഭാഗങ്ങളും കണ്ടെത്തി കല്ലും മണ്ണും ഉപയോഗിച്ച് നികത്തുകയും ഗതാഗത തടസങ്ങൾ നീക്കുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി നടത്തിയ മാരത്തണിന് അമൽ സെബാസ്റ്റ്യൻ, ബിബിൻ ജോൺ, അലക്സ് സാജി, സാൻജോസ് സാബു, ഷോൺ എന്നിവർ നേതൃത്വം നൽകി.
District News
തളിപ്പറമ്പ്: പരിയാരം ചുടലയിൽ വീട്ടുകാർ പുറത്തു പോയ സമയത്ത് വെന്റിലേറ്ററിന്റെ ചില്ല് തകർത്ത് അകത്തു കയറിയ മോഷ്ടാക്കാൾ ഏഴേകാൽ പവൻ സ്വർണാഭരണങ്ങളും 36,000 രൂപയും കവർന്നു. ചുടല സ്ട്രീറ്റ് നന്പർ ഒന്‍പതിൽ മുസ്ലിം പള്ളിക്കു പിറകുവശത്തെ വി. കെ. സത്താറിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
ചുടല പള്ളിയിൽ തിങ്കളാഴ്ച നടന്ന നബിദിനാഘോഷത്തിൽ പങ്കെടുക്കാനായി സത്താറും ഭാര്യ നഫീസയും മകൻ ഷഫീറും പോയിരുന്നു. രാത്രി എട്ടോടെ പള്ളിയിൽ പോയ ഇവർ പുലർച്ചെ 1.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. വീടിന്റെ ഒരു ഭാഗത്തെ ഗ്രിൽസ് ഇല്ലാത്ത വെന്റിലേറ്ററിന്റെ ഗ്ലാസ് കുത്തിപ്പൊളിച്ച് തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചര പവൻ മാല, ഒന്നര പവന്റെ വള, കാൽപവന്റെ മോതിരം മേശയിൽ സൂക്ഷിച്ച ആറായിരം രൂപ, ഷഫീറിന്റെ ലാപ്ടോപ് ബാഗിൽ സൂക്ഷിച്ചിരുന്ന 30,000 രൂപ എന്നിവയാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു.
District News
ഇരിട്ടി: വടക്കൻ മലബാറിന്റെ സാമൂഹിക സേവനരംഗത്ത് ആറു പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. വജ്രജൂബിലിയോടനുബന്ധിച്ച് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ വാർഷിക പൊതുയോഗം, ജനകീയസംഘ നേതൃസംഗമം, പൊതുസമ്മേളനം എന്നിവ നടന്നു.
തലശേരി അതിരൂപത വികാരി ജനറാളും ടിഎസ്എസ്എസ് പ്രസിഡന്റുമായ മോൺ. ആന്റണി മുതുകുന്നേൽ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. ടിഎസ്എസ്എസിനു കീഴിൽ പ്രവർത്തിക്കുന്ന ജനകീയസംഘങ്ങളുടെ രൂപത പ്രസിഡന്റ് ജോഷി കുന്നത്ത് അധ്യക്ഷത വഹിച്ചു.
ഉച്ചകഴിഞ്ഞ് നടന്ന പൊതുസമ്മേളനം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. ടിഎസ്എസ്എസ് ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വജ്രജൂബിലി വർഷത്തേക്കുള്ള സംഘടനയുടെ പുതിയ കർമപദ്ധതി ആർച്ച്ബിഷപ് പ്രകാശനം ചെയ്തു. ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫ് മുഖ്യാതിഥിയായിരുന്നു. നെല്ലിക്കാംപൊയിൽ ഫൊറോന വികാരി ഫാ. മാത്യു മുളയോലിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി, ഫാ. തോമസ് ചെരുവിൽഎന്നിവർ പ്രസംഗിച്ചു.
മികച്ച പ്രവർത്തനങ്ങൾ നടത്തിയ യൂണിറ്റുകളെ ചടങ്ങിൽ അനുമോദിച്ചു. 2025–26 വർഷത്തെ മികച്ച സ്വാശ്രയ സംഘമായി അരവഞ്ചാൽ യൂണിറ്റിലെ പുലരി സ്വാശ്രയ സംഘം തെരഞ്ഞെടുക്കപ്പെട്ടു. ക്രെഡിറ്റ് യൂണിയൻ വിഭാഗത്തിൽ പൈസക്കരി, കാഞ്ഞിരക്കൊല്ലി, നടുവിൽ യൂണിറ്റുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അരീക്കമല, പുഞ്ച യൂണിറ്റുകൾ ജൂറിയുടെ പ്രത്യേക പുരസ്കാരത്തിനർഹരായി. മികച്ച ഗ്രാമിക യൂണിറ്റുകളിൽ അരവഞ്ചാൽ ഒന്നാം സ്ഥാനവും കരുവഞ്ചാൽ, മാലോം എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. മഹിളാ സേവാസംഘം വിഭാഗത്തിൽ ചെമ്പന്തൊട്ടി, മുണ്ടാനൂർ, പുളിങ്ങോം യൂണിറ്റുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
മികച്ച മേഖലാ ഡയറക്ടറായി ഫാ. ജോൺസൺ അന്ത്യാംകുളവും മികച്ച യൂണിറ്റ് ഡയറക്ടറായി ഫാ. തോമസ് ചെരുവിലും മികച്ച യൂണിറ്റ് പ്രൊമോട്ടറായി ഫാ. ജേക്കബ് കുറ്റിക്കാട്ടുകുന്നേലും തെരഞ്ഞെടുക്കപ്പെട്ടു. ചെമ്പേരി മേഖലാ പ്രസിഡന്റ് ജോഷി കുന്നത്ത് മികച്ച മേഖലാ പ്രസിഡന്റായും നടുവിൽ യൂണിറ്റ് പ്രസിഡന്റ് വർഗീസ് സി.പി. മികച്ച യൂണിറ്റ് പ്രസിഡന്റായും കാഞ്ഞിരക്കൊല്ലി യൂണിറ്റിലെ ജോർജ് ആനിത്തോട്ടം മികച്ച യൂണിറ്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വത്സമ്മ ടോമിയാണ് മികച്ച ഓഡിറ്റർ. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സോഷ്യൽ സർവീസ് സൊസൈറ്റി അംഗങ്ങൾക്കും മറ്റുള്ളവർക്കും ചടങ്ങിൽ പ്രത്യേക പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി. ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജെസ്ബിൻ ചെരിയംകുന്നേൽ നന്ദിയും പറഞ്ഞു.
District News
കണ്ണൂർ: മലബാർ കുടിയേറ്റത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങളുടെ കഥപറയുന്ന സിനിമാറ്റിക് ഡിജിറ്റൽ ഡ്രാമ "കാനാൻ' അരങ്ങിലേക്ക്. കണ്ണൂർ കമ്യൂണിക്കേഷൻസിന്റെ ബാനറിൽ തലശേരി അതിരൂപതയുടെ അനുഗ്രഹാശിസുകളോടെയാണ് നാടകം ഒരുക്കിയത്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ദൃശ്യാവിഷ്കാരം നിർവഹിച്ചിരിക്കുന്ന നാടകത്തിന്റെ ഉദ്ഘാടനവും ആദ്യാവതരണവും എട്ടിന് വൈകുന്നേരം ഏഴിന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവഹിക്കും.
ഫാ. മാത്യു ആശാരിപറമ്പിൽ അധ്യക്ഷത വഹിക്കും. തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ തുടങ്ങിയവർ പ്രസംഗിക്കും.
"കാനാൻ' പുതുതലമുറയ്ക്ക് പുതിയൊരു അനുഭവവും പഴയ തലമുറയ്ക്ക് അവരുടെ ഓർമകൾ ഓർത്തെടുക്കാനുള്ള അവസരവുമായിരിക്കുമെന്ന് കണ്ണൂർ കമ്യൂണിക്കേഷൻസിന്റെ രക്ഷാധികാരി ഫാ. മാത്യു ആശാരി പറമ്പിൽ പറയുന്നു. " കേരള ചരിത്രത്തിലെ നാഴികക്കല്ലായ മലബാർ കുടിയേറ്റവുമായി ബന്ധപ്പെട്ട കലാരൂപങ്ങളും രചനകളും പൊതുവേ കുറവാണ്. അതിനാൽ പുതുതലമുറയിലേക്ക് കുടിയേറ്റത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങൾ എത്തിച്ചേരുന്നില്ല. ഇതിനൊരു പരിഹാരമാകും നാടകം.'- അദ്ദേഹം പറഞ്ഞു. വിദേശത്തേക്കുള്ള മൂന്നാം കുടിയേറ്റത്തിന്റെ വിഹ്വലതകളും സാമൂഹിക പ്രശ്നങ്ങളും നാടകം ചർച്ച ചെയ്യുന്നുണ്ട്. കുടിയേറ്റ ജനതയെ ഒന്നായിച്ചേർത്ത് റോഡുകളും പാലങ്ങളും ആശുപത്രികളും മറ്റ് സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിയെ പ്രത്യേകമായി നാടകത്തിൽ പരാമർശിക്കുന്നുണ്ട്.
ദീർഘകാലം നാടകപ്രവർത്തനത്തിന്റെ അനുഭവ പശ്ചാത്തലമുള്ള കണ്ണൂർ സെബാസ്റ്റ്യൻ, സാംസ്കാരിക സാഹിത്യരംഗങ്ങളിൽ സജീവ സാന്നിധ്യമായ ഷാജു ജോൺ, സ്റ്റേജ് ആർട്ടിസ്റ്റ് അസോസിയേഷൻ ഭാരവാഹിയായ ടി. ഗോപകുമാർ തുടങ്ങിയവരാണ് നാടകത്തിന്റെ അണിയറയിൽ. തോമസ് മൂന്നുപീടിക എഴുതിയ നാടകം സംവിധാനം ചെയ്യുന്നത് എഴുപതിലേറെ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വൈക്കം വിനു ആണ്. 14 പ്രഫഷണൽ കലാകാരരും അഞ്ചു സാങ്കേതിക പ്രവർത്തകരും അടങ്ങുന്നതാണ് നാടക ടീം.
District News
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള കൊച്ചി മെട്രോ മൂന്നാംഘട്ട പാതയിൽ അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കി. അത്താണിയിൽ നിന്ന് ദേശീയപാതവഴി മെട്രോപാത നിർമിക്കുമ്പോൾ ഉണ്ടാകുന്ന അധിക ചെലവും സ്ഥലമേറ്റെടുക്കലിന്റെ ബുദ്ധിമുട്ടുകളും അടക്കമുള്ള തടസങ്ങൾ ഉന്നയിച്ചാണ് റെയിൽവേ സ്റ്റേഷനെ ഒഴിവാക്കിയത്. അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കിയുള്ള മൂന്നാംഘട്ട വിശദ പദ്ധതിരേഖ കെഎംആർഎൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ചു.
അങ്കമാലിയിലെയും സമീപ നഗരങ്ങളിലെയും പ്രദേശവാസികളും ജോലിക്കാരും വിദ്യാർഥികളും ഏറെ ആശ്രയിക്കുന്ന അങ്കമാലി റെയിൽവേ സ്റ്റേഷനായി മെട്രോ ടെർമിനൽ വേണമെന്ന ആവശ്യം ശക്തമായിരുന്നു. അങ്കമാലി മെട്രോ ആക്ഷൻ കൗൺസിൽ അടക്കം ഇതിനുവേണ്ടി ശക്തമായ സമ്മർദം ചെലുത്തുകയും മുഖ്യമന്ത്രിയ്ക്കടക്കം നിവേദനം നൽകുകയും ചെയ്തിരുന്നു. സ്ഥലം എംഎൽഎകൂടിയായ മന്ത്രി റോജി എം.ജോൺ അടക്കം ആവശ്യം മുന്നോട്ടുവച്ചെങ്കിലും ആലുവയിൽ നിന്നു നേരിട്ട് അങ്കമാലി റെയിൽവേ സ്റ്റേഷൻ വഴിയുള്ള അലൈൻമെന്റ് പ്രായോഗികല്ലെന്ന നിലപാടാണ് കെഎംആർഎൽ സ്വീകരിച്ചത്.
ആലുവയിൽ നിന്നു കരിയാട്, വിമാനത്താവളം, നായത്തോട് വഴി അങ്കമാലിയിലേക്കുള്ള അലൈൻമെന്റ് പ്രകാരമാണ് ഡിപിആർ തയാറാക്കിയിട്ടുള്ളത്. ഭൂപടം, സ്ഥലലഭ്യത, റൂട്ടിന്റെ സാങ്കേതിക ആകൃതികൾ, പ്രധാന സ്റ്റേഷനുകൾ, മൊത്തം ചെലവ്, അലൈൻമെന്റ് മാപ് തുടങ്ങിയ കാര്യങ്ങൾ പഠന വിധേയമാക്കി. ഡിപിആറിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. തുടർന്ന് ഡിപിആർ കേന്ദ്രനഗരമന്ത്രാലയത്തിനു സമർപ്പിച്ച് അനുമതി നേടണം. സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും മെട്രോ റെയിലിനുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുക.
കൊച്ചി മെട്രോയുടെ ആദ്യ ഭൂഗർഭ പാത
കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ഭൂഗർഭപാതയും ടെർമിനലും വരുന്നത് ഈ അലൈൻമെന്റിലാണ്. ആലുവയിൽ നിന്ന് എൻഎച്ച് 544 ലൂടെ കരിയാട് വരെ എലിവേറ്റഡ് പാതയും പിന്നീട് വിമാനത്താവളത്തിന്റെ ഭാഗത്ത് മൂന്നു കിലോമീറ്റർ ഭൂഗർഭ പാതയുമാണ്. വിമാനത്താവള ടെർമിനൽ സ്റ്റേഷനും നെടുമ്പാശേരി റെയിൽവേ സ്റ്റേഷനും മണ്ണിനടിയിൽ ആയിരിക്കും. വിമാനത്താവളത്തിനപ്പുറത്തുവച്ച് പാത വീണ്ടും ഉയർന്ന് എലിവേറ്റഡ് ആകും. നായത്തോട്, കവരപ്പറമ്പ്, അരീക്കൽ എന്നിവിടങ്ങിലൂടെ എലിവേറ്റഡ് പാതയായി കരയാംപറമ്പിൽ അവസാനിക്കും.
വടക്കൻ മേഖല കുതിക്കും
കൊച്ചി: കൊച്ചി വിമാനത്താവളം, അങ്കമാലി ടൗൺ എന്നിവിടങ്ങളിലേക്ക് മെട്രോ വരുമ്പോൾ ജില്ലയുടെ വടക്കൻ മേഖലയിൽ വൻ വികസനക്കുതിപ്പുണ്ടാകും. അങ്കമാലി മേഖലയിൽ നിന്നു പ്രതിദിനം ആയിരക്കണക്കിനു യാത്രക്കാരാണ് ആലുവ, എറണാകുളം ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജോലിക്കായി പോകുന്നത്. ഈ യാത്രക്കാരിൽ ഭൂരിഭാഗവും കെഎസ്ആർടിസി, ട്രെയിൻ എന്നിവയെയാണ് ആശ്രയിക്കുന്നത്. കടുത്ത യാത്ര ദുരുതമാണ് ഇവർ അഭിമുഖീകരിക്കുന്നത്. മെട്രോ വന്നാൽ യാത്രാദുരിതത്തിനു പരിഹാരമാകും.
District News
കൊച്ചി: നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ രൂപം നൽകിയ മെഗാ രക്തദാന കാമ്പയിനിൽ ഇതുവരെ ആയിരങ്ങൾ പങ്കാളികളായി. 40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് ആരംഭിച്ച കാമ്പയിനിൽ ഇതുവരെ 20000 ത്തിൽ അധികം പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രക്തദാനം നടത്തി.
പ്രാദേശിക രക്തബാങ്കുകളുടെയും ആശുപത്രികളുടെയും സഹകരണത്തോടെ മലയാളി സംഘടനകളും ആരാധക കൂട്ടായ്മകളും വിവിധ കേന്ദ്രങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ദുബായ്, യുഎഇ, ഖത്തർ, യൂറോപ്യൻ രാജ്യങ്ങളിലും രക്തദാന ക്യാമ്പുകൾ നടന്നു.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രക്തദാനത്തിനായി സ്ഥിരം സംവിധാനം ഒരുക്കിയിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം ഇവിടെ രക്തദാനം നടത്തിയത്. കാന്പയിന്റെ ഭാഗമായി രമേഷ് പിഷാരടി എംഎൽഎ കഴിഞ്ഞ ദിവസം രക്തദാനം നടത്തി.
എംജിഎം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 11 സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 7500 വിദ്യാർഥികൾ രക്തദാന കാമ്പയിന്റെ ഭാഗമാകുമെന്ന് അധികൃതർ അറിയിച്ചു. കാമ്പയിൻ എട്ടു വരെ തുടരും.
District News
ഉദയംപേരൂർ: പൂത്തോട്ടയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. ഇടപ്പള്ളി ചേമ്പോക്കടവ് റോഡ് പ്ലാവുനിൽക്കുന്നത്ത് ബീന ഫിലിപ്പ് (64) ആണ് മരിച്ചത്.
ഭർത്താവ് ഫിലിപ്പ് (69), മകൻ കിരൺ (30), മരുമകൾ കനകവർഷ (29), ഡ്രൈവർ കൊല്ലം ഓയൂർ പുതുവില വീട്ടിൽ മുഹമ്മദ് സാബിത് (30) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലുണ്ടായിരുന്ന തലയോലപ്പറമ്പ് സ്വദേശി ആഷിക് സമീർ (26), തിരുവാങ്കുളം സ്വദേശി ബെന്നി ബേബി ജോസഫ് (29) എന്നിവർക്കും പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂത്തോട്ട ജംഗ്ഷന് വടക്ക് വശം എസ്ബിഐ എടിഎമ്മിന് സമീപത്തായി ഇന്നലെ പുലർച്ചെ 1.50 നായിരുന്നു അപകടം. മരിച്ച ബീന ഫിലിപ്പ് ഉൾപ്പെടെയുള്ളവർ തിരുവനന്തപുരത്തുള്ള മകന്റെ വീട്ടിൽ പോയി മടങ്ങി വരികയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിർ ദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. എതിർദിശയിൽ നിന്നെത്തിയ കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പറയുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈറ്റിലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ, ബീന ഇന്നലെ രാവിലെ 8.40 ഓടെ മരിച്ചു. അപകടം നടന്ന സമയത്ത് സ്ഥലത്തെത്തിയ വൈക്കം എംഎൽഎ കെ.ബിനിമോനും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. മാളയിലെ ഒരു ചടങ്ങിന് ശേഷം വൈക്കത്തേക്കു പോകും വഴി അപകടം കണ്ട് വാഹനം നിർത്തിയ എംഎൽഎ, നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് അപകടത്തിൽപ്പെട്ടവരെ ആംബുലൻസിൽ കയറ്റി വിട്ടശേഷം അഗ്നിരക്ഷാ സേനയെ വിളിച്ചു വരുത്തി റോഡ് വൃത്തിയാക്കിയ ശേഷമാണ് മടങ്ങിയത്.
District News
മൂവാറ്റുപുഴ: ത്രിവേണി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പില്‍ ലഭിച്ച ഒന്നാം സമ്മാനം വിജയിക്ക് കൈമാറി. സമ്മാനത്തിന് അര്‍ഹമായ രേഖ ബിജുവിന് ഹോണ്ട ആക്ടീവ സ്കൂട്ടറിന്റെ താക്കോല്‍ സിപിഎം ജില്ല സെക്രട്ടറിയേറ്റംഗം പി.ആര്. മുരളിധരന് കൈമാറി.
സംഘാടക സമിതി രക്ഷാധികാരികളായ പി.എം. ഇസ്മയില്‍, അനീഷ് എം. മാത്യു, ചെയര്മാന് യു.ആര്. ബാബു, കണ്‍വീനര്‍ സജി ജോര്‍ജ്, ട്രഷറര്‍ എം.എ. സഹീര്‍, സംഘാടക സമിതി അംഗങ്ങളായ എം.ആര്. പ്രഭാകരന്, സി.കെ. സോമന്, കെ.പി. രാമചന്ദ്രന്, കെ.ജി. അനില്‍കുമാര്‍, വി.ആര്. ശാലിനി, റിയാസ് ഖാന്, ആര്. സുകുമാരന്‍, എം.കെ. മധു എന്നിവര്‍ പങ്കെടുത്തു.
District News
മൂവാറ്റുപുഴ : കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ പുച്ഛിച്ചു തള്ളുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ജോര്‍ജ്. ബിജെപി പട്ടികജാതി മോര്‍ച്ച എറണാകുളം ഈസ്റ്റ് ജില്ലയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നടന്ന അയ്യങ്കാളിയുടെ 163-ാമത് ജയന്തി ആഘോഷങ്ങളുടെ ജില്ലാതല സമാപന സമ്മേളനത്തോടനുബന്ധിച്ചുള്ള അയ്യങ്കാളി മഹാസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളൂര്‍ക്കുന്നം ക്ഷേത്ര പരിസരത്തു നിന്നും അയ്യങ്കാളിയുടെ വേഷമണിഞ്ഞ കലാപ്രതിഭകള്‍, കാവടി, ശിങ്കാരിമേളം, നാസിക് ഡോള്‍ എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര നഗരം ചുറ്റി കെഎസ്ആര്‍ടിസി ജംഗ്ഷന് സമീപം സമാപിച്ചു.
പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് അജീഷ് തങ്കപ്പന് അധ്യക്ഷത വഹിച്ചു. ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് മുഖ്യപ്രഭാഷണം നടത്തി.
പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, എറണാകുളം മേഖലാ പ്രസിഡന്റ് എന്‍. നാഗേഷ്, ബിജെപി ജനറല്‍ സെക്രട്ടറിമാരായ ഇ.ടി. നടരാജന്, അരുണ്‍ പി. മോഹന്‍, സൂരജ് ജോണ്‍ മലയില്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ മനോജ് മനക്കേക്കര, സി.എം. മോഹനന്, പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി സജീവന് പള്ളത്ത്, സംസ്ഥാന ട്രഷറര്‍ സി.എന്‍. വില്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
മൂവാറ്റുപുഴ: എംസി റോഡ് തകര്‍ന്ന് തരിപ്പണമായതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടി. റോഡിലുടനീളം രൂപപ്പെട്ട കുഴികള്‍ കാരണം വാഹനയാത്ര അപകടക്കെണിയാണ്. എംസി റോഡിലെ പള്ളിച്ചിറ മുതല്‍ മൂവാറ്റുപുഴ വെള്ളൂര്‍കുന്നം വരെയുള്ള യാത്രയാണ് ഏറെ ദുരിതം. റോഡിലെ ടാറിംഗ് ഇളകിമാറി ആഴത്തിലുള്ള കുഴികളാണ് ഭൂരിഭാഗം സ്ഥലങ്ങളിലും.
മഴയത്ത് വെള്ളക്കെട്ട് കാരണം കുഴികളുടെ ആഴം മനസിലാക്കാന്‍ കഴിയാതെ ഇരുചക്രവാഹന യാത്രക്കാരും ചെറുവാഹനങ്ങളും അപകടത്തില്‍പ്പെടുന്നു. കുഴികള്‍ വെട്ടിച്ച് വാഹനങ്ങള്‍ പതുക്കെ ഓടിക്കേണ്ടി വരുന്നതുമൂലം പേഴയ്ക്കാപ്പിള്ളി മുതല്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. വാഹനങ്ങളുടെ ആക്സിലുകള്‍ ഒടിയുന്നതും ടയറുകള്‍ പൊട്ടുന്നതും പതിവു കാഴ്ചയായി.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയായിട്ടും താത്കാലിക അറ്റകുറ്റപ്പണികള്‍ പോലും നടത്താന്‍ അധികൃതര്‍ തയാറാകാത്തിനെതിരെ പ്രതിഷേധം വ്യാപകമായി. ശാസ്ത്രീയമായ രീതിയില്‍ റോഡ് പുനര്‍നിര്‍മിക്കുന്നതിന് പകരം മെറ്റലും മണ്ണുമിട്ട് കുഴികള്‍ അടയ്ക്കുന്ന പ്രഹസനമാണ് പലപ്പോഴും നടക്കുന്നത്.
ഇത് ആദ്യ മഴയില്‍ത്തന്നെ വീണ്ടും ഇളകിപ്പോകുന്നു. അടിയന്തരമായി ബലവത്തായ രീതിയില്‍ ബിറ്റുമിന്‍ മിശ്രിതം ഉപയോഗിച്ച് റോഡ് റീ-ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.
District News
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പ്രോലൈഫ് കൺവൻഷൻ എറണാകുളം കത്തീഡ്രലിൽ നടന്നു. വികാരി ഫാ. ഡോ. പീറ്റർ കൊച്ചുവീട്ടിൽ ഉദ്ഘാടനം ചെയ്തു. മനുഷ്യജീവന്റെ പവിത്രതയും ജീവന്റെ സംരക്ഷണവും സമൂഹത്തിൽ കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫാമിലി കമ്മീഷൻ അതിരൂപത ഡയറക്ടർ ഫാ. അലക്സ് കുരിശുപറമ്പിൽ, പ്രോലൈഫ് സമിതി അതിരൂപത പ്രസിഡന്റ് ജോൺസൺ സി. ഏബ്രഹാം, സെക്രട്ടറി ലിസ, സിമി ആൻസൺ എന്നിവർ പ്രസംഗിച്ചു.
സമൂഹത്തിൽ ജീവന്റെ സന്ദേശം കൂടുതൽ വ്യാപിപ്പിക്കുന്നതിനും കുടുംബങ്ങളെ ഈ രംഗത്തു സജീവമാക്കുന്നതിനും പ്രോലൈഫ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും കൺവൻഷൻ ആഹ്വാനം ചെയ്തു.
District News
അങ്കമാലി: കിടങ്ങൂർ ഐഒസി നഗർ റെസിഡന്റ്സ് അസോസിയേഷന്റെ 10-ാം വാർഷികവും ഓണാഘോഷവും നടത്തി. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് എം.പി. മാർട്ടിൻ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജോസ് മൈപ്പാൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി കുരിയാച്ചൻ, വാർഡ് മെമ്പർ ജോസഫ് പാറേക്കാട്ടിൽ, കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സഹ വികാരി ഫാ. ബെർലിൻ, കിടങ്ങൂർ യൽദോ മാർ ബസേലിയോസ് യാക്കോബായ പള്ളി വികാരി ഫാ. ഏലിയാസ് അരീക്കൽ, തുറവൂർ എസ്എൻഡിപി ശാഖ പ്രസിഡന്റ് കെ.ടി. ഷാജി, ട്രാക് പ്രസിഡന്റ് എൻ.ജെ. ലെനിൻ, അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷിജി പൗലോസ്, കൺവീനർ സി.ടി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
District News
കാക്കനാട്: മോട്ടോര്‍ വാഹന വകുപ്പ് എറണാകുളം ജില്ലയില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക ഡ്രൈവില്‍ ഒട്ടേറെ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 110 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 81 വാഹനങ്ങള്‍ക്കെതിരെ ഇചെലാന്‍ വഴി കേസ് രജിസ്റ്റര്‍ ചെയ്തു. നിയമലംഘനം നടത്തിയ വാഹനങ്ങളില്‍ നിന്നായി ആകെ 1,21,250 രൂപ പിഴ ഈടാക്കി.
നഗരത്തിലെ പ്രധാന മേഖലകള്‍ കേന്ദ്രീകരിച്ച് നാല് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു മിന്നല്‍ പരിശോധന. ആലുവ, കളമശേരി, ചിറ്റൂര്‍, മാമംഗലം, കച്ചേരിപ്പടി, കോമ്പാറ, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പനമ്പിള്ളി നഗര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
റോഡ് നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയ വാഹനങ്ങള്‍, സാധുതയുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച ഡ്രൈവര്‍മാര്‍, ഔദ്യോഗിക കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ബസുകളില്‍ ജോലി ചെയ്ത ജീവനക്കാര്‍, ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും ഉറക്കെ പാട്ട് വച്ച് മ്യൂസിക് സിസ്റ്റങ്ങള്‍ പ്രവര്‍ത്തിപ്പിച്ച ബസുകള്‍ എന്നിവയ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
റോഡിന് നടുവില്‍ നിര്‍ത്തി പൊതുജനങ്ങള്‍ക്കു മാര്‍ഗ തടസം സൃഷ്ടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു. പെഡസ്ട്രിയന്‍ ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് വഴി നല്‍കാതെ അലക്ഷ്യമായി ബസ് മുന്നോട്ട് എടുക്കുന്നതിനെതിരെയും നടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനം.
District News
കൊച്ചി: കാര്‍ തട്ടിയത് ചോദ്യം ചെയ്ത വാഹന ഉടമയുടെ മൂക്ക് ഇടിച്ചു തകര്‍ത്ത സംഭവത്തില്‍ അഞ്ചു പേര് അറസ്റ്റില്‍. എറണാകുളം മട്ടാഞ്ചേരി പുതിയ വീട്ടില്‍ പി.വൈ. മുഹമ്മദ് സയിദ് (19), പി.വൈ. മുഹമ്മദ് യാസിര്‍(22), ഫോര്‍ട്ട് കൊച്ചി പോളക്കണ്ടം റോഡ് കല്ലുപുരയ്ക്കല്‍ അംജദ് നസീര്‍ (22), മട്ടാഞ്ചേരി കോമ്പാറമുക്ക് ജംഗ്ഷന് പെട്ടിക്കാരന്പറമ്പില് മുഹമ്മദ് റോഷന് (22), ഫോര്‍ട്ട്കൊച്ചി നെല്ലുകടവ് തോപ്പില്‍ ടി.എന്‍. രാഹുല്‍ (22) എന്നിവരെയാണ് പാലാരിവട്ടം പൊലിസ് ഇന്‍സ്പെക്ടർ മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.
തിരുവോണദിനത്തില്‍ പുലര്‍ച്ചെ 12 ന് പാലാരിവട്ടം പുതിയ റോഡ് ഭാഗത്തുള്ള ബൂസ്റ്റര്‍ ചായക്കടയുടെ പാര്‍ക്കിംഗ് ഏരിയയിലായിരുന്ന സംഭവം.
പ്രതികള്‍ സഞ്ചരിച്ച കാര്‍ പുറകോട്ട് എടുത്തപ്പോള്‍ പിന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഥാര്‍ ജീപ്പില്‍ ഇടിച്ചത് വാഹന ഉടമയായ പാലാരിവട്ടം സ്വദേശി ചോദ്യം ചെയ്തതിലുള്ള വിരോധമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പരാതിക്കാരനെ സമീപത്തുണ്ടായ മരക്കഷണങ്ങളും മറ്റും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മൂക്കിന്റെ എല്ലു പൊട്ടുകയും സുഹൃത്തിന്റെ താടിയെല്ലിന് പൊട്ടലുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റിലായത്.
District News
കാക്കനാട്: വിദ്യാഭ്യാസ പ്രക്രിയ, നിർമിതബുദ്ധി (എഐ), മാറുന്ന സമ്പദ് വ്യവസ്ഥ, തൊഴിൽസാഹചര്യങ്ങൾ എന്നിവയിലെ പുതിയ പ്രവണതകളെ വിശലകലന വിധേയമാക്കി കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ (ആർഎസ്ഇടി) 'കോണ്‍ഫ്ളുവന്‍സ് 3.0' ഇൻഡസ്ട്രി അക്കാദമിയ സമ്മിറ്റ് ശ്രദ്ധേയമായി. കോളജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണു 'ഇന്ത്യന്‍ ഇംപാക്ട് ഓഫ് എഐ' എന്ന പ്രമേയത്തിൽ സമ്മിറ്റ് സംഘടിപ്പിച്ചത്.
നിർമിതബുദ്ധി സമ്പദ് വ്യവസ്ഥയെയും വിദ്യാഭ്യാസത്തെയും തൊഴിലിനെയും മാറ്റിമറിക്കുന്ന കാലത്ത് മനുഷ്യന്റെ സര്‍ഗാത്മകതയും ബന്ധങ്ങളും കാത്തുസൂക്ഷിക്കണമെന്നു സമ്മിറ്റ് വിലയിരുത്തി. ഐടി സേവനങ്ങളില്‍നിന്ന് എഐ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെക്കുറിച്ച് ഐബിഎസ് സോഫ്റ്റ് വേര് ചെയര്മാന് വി.കെ. മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി.
ഡെലോയ്റ്റ് യുഎസ്ഐ സീനിയര്‍ വൈസ് പ്രസിഡന്റ് ഡിനു മാത്യു പനമ്പുന്ന മോഡറേറ്റ് ചെയ്ത പാനല്‍ ചര്‍ച്ചയില്‍ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ലിങ്ക്സ് സ്ഥാപക ഡോ. ദീപ നാഗരാജന്, സെബാസ്റ്റ്യന്‍ കുളത്തുങ്കൽ എംഎല്‍എ, കാംകോം എഐ സിഇഒ അജിത് നായര്‍, പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജെയ്സണ്‍ പോള്‍ മുളേരിക്കല്‍, സെറോദ സിടിഒ കൈലാഷ് നാഥ്, പ്രോഫേസ് കോ-ഫൗണ്ടര്‍ ലക്ഷ്മി ദാസ്, ടെക് ട്രാവല്‍ ഈറ്റ് സ്ഥാപകന്‍ സുജിത്ത് ഭക്തന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കെയര്‍ എംപി, സെന്‍ഡ് പേയ്മെന്റ്സ്, ലീനിയന്റെ ട്രീ എന്നീ മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ഉല്പന്നങ്ങള് പുറത്തിറക്കി. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ശില്പശാലകളും ഉണ്ടായിരുന്നു.
District News
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ 150-ാമത് വാർഷികാഘോഷങ്ങൾക്കു തുടക്കം. അതിരൂപതയായി ഉയർത്തപ്പെട്ടതിന്റെ 140 വർഷങ്ങൾ പൂർത്തിയായ ഇന്നലെയാണു പത്തുവർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കു തുടക്കമായത്.
എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ കൃതജ്ഞതാ ദിവ്യബലിക്കു മുഖ്യകാർമികത്വം വഹിച്ചു. സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ, ഝാൻസി മുൻ ബിഷപ് ഡോ.പീറ്റർ പറപ്പുള്ളി, വികാരി ജനറാൾമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ.എബിജിൻ അറയ്ക്കൽ, പ്രൊക്യുറേറ്റർ ഫാ.സോജൻ മാളിയേക്കൽ, കത്തീഡ്രൽ വികാരി ഫാ.പീറ്റർ കൊച്ചുവീട്ടിൽ എന്നിവർ സഹകാർമികരായിരുന്നു.
2036-ൽ 150-ാം വർഷത്തിലെത്തുന്ന അതിരൂപതയുടെ ജൂബിലി യാത്രയ്ക്കു തുടക്കം കുറിച്ച് ആർച്ച്ബിഷപ് പതാക ഉയർത്തി. അതിരൂപതയിലെ എല്ലാ ഇടവക പള്ളികളിലും ഇന്നലെ ജൂബിലി പതാക ഉയർത്തി.
1886-ലാണു വരാപ്പുഴ വികാരിയാത്ത് അതിരൂപതയായി ഉയർത്തപ്പെട്ടത്. ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ ഹുമാനേ സലൂത്തിസ് ഔക്തോർ എന്ന തിരുവെഴുത്തുവഴിയാണു ആ വർഷം സെപ്റ്റംബർ ഒന്നിന് വരാപ്പുഴ അതിരൂപതയുടെ പിറവി.
District News
എടത്വ: മുട്ടാര്‍ സെന്റ് ജോര്‍ജ് എല്‍പി സ്കൂളില്‍ ഓണത്തിനു വിളവെടുക്കാനായി അധ്യാപകരും വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും ചേര്‍ന്നു തയ്യാറാക്കിയ ബന്ധിപ്പൂകൃഷിയുടെ വിളവെടുപ്പ് നടന്നു.
പെട്ടെന്നുണ്ടായ പ്രളയത്തില്‍ സ്കൂളും പരിസരവും വെള്ളത്താല്‍ ചുറ്റപ്പെട്ടപ്പോള് രകക്ഷാ കര്‍ത്താക്കളും അധ്യാപകരും ചേര്‍ന്നു ബന്ധിച്ചെടികള് തട്ടു നിർമിച്ച് ഉയര്‍ത്തി വച്ചു സംരക്ഷിച്ചു.
പ്രതികൂല കാലാവസ്ഥ മൂലം ഓണത്തിനു പൂക്കള്‍ പാകമായില്ല. ഇപ്പോള്‍ നല്ല രീതിയില്‍ പാകമായ പൂക്കളുടെ വിളവെടുപ്പ് ഇന്നലെ നടത്തി. ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ഫാ. ജോണ്‍ വി. തടത്തില്‍ നിര്‍വഹിച്ചു.
ആദ്യവില്പന മുട്ടാര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മാത്യു എം. വര്‍ഗീസ് മുണ്ടയ്ക്കല്‍ ഒറിയോ ഫ്ളവര്‍ ഷോപ്പ് ഉടമ പയസിന് നല്കി നിര്‍വഹിച്ചു.
അസി.മാനേജര്‍ ഫാ. അജോ കൊല്ലംപറമ്പിൽ, ഹെഡ്മിസ്ട്രസ് ആന്‍സി എം. ജോസഫ്, പിടിഎ പ്രസിഡന്റ് റിബിന് സി. ജോണ്‍, സെക്രട്ടറി ജിമിന് ജോസ്, എംപിടിഎ പ്രസിഡന്റ് ശ്രീജ യശോദര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
കോഴിക്കോട്: സെൻട്രൽ മാർക്കറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കാൻ തീരുമാനിച്ച കോടികളുടെ ആധുനിക ഷോപ്പിംഗ് മാൾ പദ്ധതി അനിശ്ചിതത്വത്തില്‍. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെയാണ് കോർപറേഷൻ സെൻട്രൽ മാർക്കറ്റ് നവീകരണം നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്.
നവീകരണവുമായി ബന്ധപ്പെട്ട് 10 മാസം മുമ്പ് അന്നത്തെ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും പിന്നീട് കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഈ മാസം 30 നകം സെൻട്രൽ മാർക്കറ്റ് കെട്ടിടം ഒഴിഞ്ഞ് സ്ഥലവും കെട്ടിടാവകാശ രേഖകളും ഫിഷറീസ് വകുപ്പിന് കൈമാറണമെന്നാണ് കരാർ. അല്ലെങ്കിൽ മാർക്കറ്റ് നിർമാണത്തിനുള്ള ഫണ്ട് നഷ്ടമാകും. കച്ചവടക്കാരില്‍ ഒരുവിഭാഗം ഇപ്പോഴും ഇവിടെനിന്നും ഒഴിയാന്‍ സന്നദ്ധരായിട്ടില്ല.
ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സമയബന്ധിതമായി കാര്യങ്ങള്‍ നീക്കാന്‍ കോര്പറേഷന്കഴിഞ്ഞിട്ടുമില്ല.
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ 55.17 കോടി ഉപയോഗിച്ച് മാർക്കറ്റ് പുതുക്കി പണിയാൻ തീരുമാനിച്ചത്. 60 ശതമാനം കേന്ദ്രത്തിന്റെയും 40 ശതമാനം സംസ്ഥാനത്തിന്റെയും ഫണ്ടായിരുന്നു വിനിയോഗിക്കാൻ തീരുമാനമായത്. ഇപ്രകാരം ഏതാണ്ട് 33.10 കോടി രൂപ കേന്ദ്രം അനുവദിക്കും.
മാർക്കറ്റ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് 2023 സപ്റ്റംബറിലാണ് വിശദമായ പദ്ധതി രേഖ കോർപറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചത്. തുടർന്ന് 2025 നവംബറിൽ തറക്കല്ലിടുകയും ചെയ്തു. എന്നാൽ ഇതുവരേയും കൈവശാവകാശ രേഖകളും മറ്റും കൈമാറാൻ കോർപറേഷന് സാധിച്ചിട്ടില്ല. കാലാവധി തീരും മുമ്പ് രേഖകൾ കൈമാറാത്ത പക്ഷം പദ്ധതി സംസ്ഥാനത്തെ മറ്റെതെങ്കിലും നഗരസഭകൾക്ക് ലഭിക്കുന്ന സ്ഥിതിയാണുള്ളത്.രണ്ട് നിലകളിലുള്ള ഷോപ്പിംഗ് മാളായിരുന്നു വിഭാവനം ചെയ്തത്.
താഴെ നിലയിൽ മത്സ്യലേലത്തിനുള്ള സൗകര്യവും ചില്ലറ വിൽപനയും ഒരുക്കാനായിരുന്നു തീരുമാനം. ഒന്നാം നിലയിൽ ശീതീകരിച്ച ഉൽപന്നങ്ങളാണ് വിൽക്കുക.
ഇവിടെ മറുനാടുകളിൽ നിന്നു മത്സ്യവുമായി എത്തുന്ന ലോറിക്കാർക്കും മറ്റും വിശ്രമിക്കാനായി ഡോർമിറ്ററി സംവിധാനവും ഒരുക്കും.
രണ്ടാം നിലയിൽ കടൽ മത്സ്യങ്ങളുടെ വിഭവങ്ങൾ ലഭിക്കുന്ന റസ്റ്റോറന്‍ഡ് , റിക്രിയേഷൻ ഹാൾ എന്നിവയുമുണ്ടാകും. പൂർണമായും എയർ കണ്ടീഷൻ ചെയ്യുന്നതിനാൽ ദുർഗന്ധമുക്തമായിരിക്കും പുതിയ മത്സ്യ മാർക്കറ്റ് എന്നായിരുന്നു വാഗ്ദാനം.
District News
ചക്കിട്ടപാറ: ജനങ്ങൾ തിങ്ങി പാർക്കുന്ന ചക്കിട്ടപാറ പഞ്ചായത്ത് പ്രദേശം ഒഴിവാക്കി വന ഭൂമി പരിസ്ഥിതി ലോല മേഖലയാക്കണമെന്ന് ചെമ്പനോട മേഖല യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.
ഇതേ വിഷയത്തിൽ രണ്ട് വർഷം മുമ്പ് സ്പെഷൽ ഗ്രാമ സഭകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളിക്കുകയും ഫീൽഡ് സർവ്വേ നടത്തുകയും കൃത്യമായ റിപ്പോർട്ട് സംസ്ഥാന സര്ക്കാരിന്നൽകുകയും ചെയ്തതാണ്. ഈ വിഷയത്തിൽ മലയോര ജനതക്ക് അനുകൂലമായ തീരുമാനം അന്തിമ വിജ്ഞാപനത്തിൽ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കൺവീനർ കെ.എ.ജോസ് കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ആവള ഹമീദ് അദ്ധ്യക്ഷത വഹിച്ചു. രാജീവ് തോമസ്, ബാലകൃഷ്ണൻ നടേരി ,തോമസ് മൂഴയിൽ, സാബു മലയാറ്റൂർ, അഷറഫ്മിട്ടിലേരി, കെ.ഡി. മത്തായി, ബിജു വടക്കേ മുറി, സിജോ കുബ്ലാനി, പ്രദീപ് ഇലവുംകുന്നേൽ എന്നിവർ പ്രസംഗിച്ചു.
District News
ഹരിപ്പാട്: ആയാപറമ്പ് ക്ഷീരസഹകരണസംഘത്തിന്റെ നേതൃത്വത്തിൽ കർഷകസമ്പർക്ക പരിപാടിയും ക്ഷീരകർഷകർക്കായി സബ്സിഡി നിരക്കിലുള്ള വൈക്കോൽ വിതരണവും നടത്തി.
ചെറുതന പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് ആയാപറമ്പ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കന്നുകാലി പരിപാലനം, ശാസ്ത്രീയ തീറ്റക്രമം എന്നീ വിഷയങ്ങളിൽ ഡയറി ഫാം ഇൻസ്ട്രക്ടർ എസ്. അഖിൽ പ്രസാദ് ക്ലാസെടുത്തു.
പഞ്ചായത്തംഗങ്ങളായ രാധാകൃഷ്ണൻ, വി.എം. തോമസ്, സീഫാ,സംഘം സെക്രട്ടറി വിജയശ്രീ, ലിൻസി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
District News
കുറ്റ്യാടി: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്ക്.
ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.തൊട്ടിൽപാലത്ത് നിന്നും വടകരയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ നിന്ന് വളവും കയറി വന്ന ചരക്ക് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
ലോറിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ നാദാപുരം ചേലക്കാട് നിന്നും ഫയർഫോഴ്സ് എത്തി ലോറിയുടെ ക്യാബിൻ പൊളിച്ചാണ് പുറത്തെടുത്തത്.
കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം 15 പേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.15 പേർ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.ആരുടെയും പരിക്ക് ഗുരുതരമല്ല.
District News
കോടഞ്ചേരി:മലബാറിലെ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും ദിവ്യകാരുണ്യ ആരാധനക്കും തുടക്കമായി.
ഇടവക നവീകരണവും കുടുംബ വിശുദ്ധീകരണവും നിയോഗമാക്കിയാണ് ഇത്തവണത്തെ തിരുനാൾ ആചരിക്കുന്നത്. ഇടവക വികാരി റെക്ടർ ഫാ.ജോൺ ഒറവങ്കര കൊടിയേറ്റ് നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജെറാൾഡ് പല്ലാട്ട്, ഫാ. എബിൻ കുറൂർ എന്നിവർ നേതൃത്വം നൽകി.
എല്ലാ ദിവസവും രാവിലെ ആറിനും ഉച്ചയ്ക്ക് 12നും വൈകിട്ട് അഞ്ചിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
വിവിധ ദിവസങ്ങളിൽ വിശിഷ്ട വ്യക്തികളുടെ കാർമികത്വത്തിൽ തിരുക്കർമങ്ങളും നടക്കും. തിരുനാൾ ദിവസങ്ങളിൽ ദിവസേന വൈകുന്നേരം ആറിന് വചനപ്രഘോഷകൻ ഫാ.ജോൺ പള്ളിക്കാവയലിന്റെ നേതൃത്വത്തിൽ മരിയൻ ധ്യാനവും ഉണ്ടായിരിക്കും. എട്ടിന് രാവിലെ പത്തിന് വികാരി ജനറാൾ മോൺ. ഫാ. ഏബ്രഹാം വയലിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഫാ. മാത്യു നായിക്കാംപറമ്പിൽ വിസിയുടെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷവും നടക്കും.തിരുനാളിനോടനുബന്ധിച്ച് പ്രത്യേക ‘മരിയൻ എക്സിബിഷനും’ ( ഡിവൈൻ എക്സ്പോ) സംഘടിപ്പിച്ചിട്ടുണ്ട്.
District News
കൂരാച്ചുണ്ട്: സെന്റ് തോമസ് ഫൊറോന പള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാളിനും വിമലഹൃദയ പ്രതിഷ്ഠക്കും തുടക്കം കുറിച്ചു. വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ കാർമികത്വം വഹിച്ചു. അസി. വികാരി ഫാ. സെബാസ്റ്റ്യൻ തോട്ടമറ്റത്തിൽ സഹകാർമികനായി.
തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെ ആറിന് ആരാധന, ജപമാല, കുമ്പസാരം. 6.30ന് വിശുദ്ധ കുർബാനയും തിരുനാൾ ഒരുക്ക പ്രാർത്ഥന ഒന്‍പതിന് രോഗീ സന്ദർശനം. വൈകിട്ട് നാലിന് ജപമാല, കുമ്പസാരം, 4.30ന് വിശുദ്ധ കുർബാന, തിരുനാൾ ഒരുക്ക പ്രാർത്ഥന എന്നിവ നടക്കും.
ആറിന് മാതൃദിനമായി ആചരിക്കും. രാവിലെ ആറിനും, 7.45 നും, പത്തിനും വൈകിട്ട് നാലിനും അമ്മമാരുടെ കാഴ്ചവെപ്പ്, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, തിരുന്നാൾ ഒരുക്ക പ്രാർത്ഥന.
പ്രധാന തിരുനാൾ ദിനമായ എട്ടിന് രാവിലെ ആറിന് ആരാധന, ജപമാല, കുമ്പസാരം, 6.30ന് വിശുദ്ധ കുർബാന, വിമലഹൃദയ പ്രതിഷ്ഠ, ലദീഞ്ഞ്, നേർച്ച. വൈകിട്ട് 3.30ന് കുമ്പസാരം, നാലിന് ജപമാല, 4.30 ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, വിലമഹൃദയ പ്രതിഷ്ഠ, ലദീഞ്ഞ്, നേർച്ച എന്നിവ നടക്കും.
District News
കാവാലം: പദ്ധതി പ്രദേശത്തെ വൈദ്യുതി ലൈനുകള്‍ പൂര്‍ണമായും മാറ്റി സ്ഥാപിക്കാത്തതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി. വൈദ്യുതി ലൈനുകള്‍ കാരണം കുന്നുമ്മ വില്ലേജ് പരിധിയില്‍ പൈലിംഗ് ജോലികള്‍ മുടങ്ങിയ സ്ഥിതിയാണ്. പാലത്തിന്റെ പ്രധാന നിര്മാണഘട്ടങ്ങളിലൊന്നായ പൈലിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി ഭാരമേറിയ യന്ത്രങ്ങള്‍ ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ നിലവിലെ വൈദ്യുതി ലൈനുകള്‍ സുരക്ഷാ ഭീഷണിയും സാങ്കേതിക തടസവും സൃഷ്ടിക്കുന്നതായി കാവാലം പാലം സമ്പാദക സമിതി ഭാരവാഹികള്‍ പറഞ്ഞു. ഇതുമൂലം ജോലികളുടെ വേഗത കുറയുകയും നിര്‍മാണ പുരോഗതിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.
വൈദ്യുതി ലൈനുകള്‍ മാറ്റാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഒരു മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. അതുണ്ടായില്ല, പ്രവൃത്തികള്‍ ഉടന്‍ പുനരാരംഭിക്കുമെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. പാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി അടിയന്തരമായി ലൈനുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് സമിതി ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മിലുള്ള ഏകോപനക്കുറവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യമായ കാവാലം പാലത്തിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്.
District News
കോഴിക്കോട്: അർഹരായവർക്കെല്ലാം സൗജന്യ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ഈസ്റ്റ് മലയമ്മയിൽ ആരംഭിച്ച പട്ടാണിയിൽ മെഡികെയർ മുഖ്യമന്ത്രി വി.ഡി. സതീശൻ നാടിനു സമർപ്പിച്ചു. ആതുര സേവന രംഗത്തേക്ക് പട്ടാണിയിൽ മെഡികെയർ പോലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനങ്ങൾ കടന്നുവരുന്നത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പട്ടാണിയിൽ മെഡി കെയറിന്റെ പ്രവർത്തനം കൂടുതൽ പേർക്ക് പ്രചോദനമാകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മന്ത്രി അഡ്വ. ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഓപ്പറേഷൻ തിയേറ്റർ ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം എം.കെ. രാഘവൻ എംപിയും ഫിസിയോതെറാപ്പി - റിഹാബിലിറ്റേഷൻ വിഭാഗം ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എംപിയും നിർവഹിച്ചു.
പാലിയേറ്റീവ് കെയർ വാഹനങ്ങൾ താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോയ്സ് വയലിൽ ഫ്ളാഗ് ഓഫ് ചെയ്തു. എംഎൽഎമാരായ എം.എ.റസാഖ് , സി.കെ. കാസിം, അഡ്വ. കെ.പ്രവീൺകുമാർ, അഡ്വ. കെ. ജയന്ത്, വി.ടി. സൂരജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ മറ്റു ചികിത്സാ വിഭാഗങ്ങളും അനുബന്ധ സംവിധാനങ്ങളും ഉദ്ഘാടനം ചെയ്തു.
District News
താമരശേരി: താമരശേരി ചുരത്തില്‍ കാറിന്റെ ഡോറിലിരുന്ന് യുവാക്കളുടെ അപകടയാത്ര. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നിരന്തരം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന തിരക്കേറിയ ചുരം റോഡിലാണ് മറ്റ് യാത്രക്കാര്‍ക്കും ഭീഷണിയാകുന്ന രീതിയില്‍ യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്.
ചുരമിറങ്ങി വന്ന കാറിന്റെ ജനലിലൂടെ പുറത്തേക്ക് ഇറങ്ങിയിരുന്നാണ് മൂന്ന് യുവാക്കള്‍ യാത്ര ചെയ്തത്.
മലപ്പുറം തിരൂരങ്ങാടി രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു അപകടയാത്ര. കാറിനു തൊട്ടുപിന്നാലെ വന്ന വാഹനത്തിലെ ആളുകളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കാറിന്റെ ഉടമയെ കണ്ടെത്താന്‍ അധികൃതര്‍ നടപടി തുടങ്ങി.
District News
തിരുവമ്പാടി:സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മൂന്ന് അവാർഡുകൾ നേടി തിരുവമ്പാടി നിയോജക മണ്ഡലം അഭിമാന നേട്ടത്തിൽ.
മുക്കം നഗരസഭയിലെ മണാശേരിയിലെ താമസക്കാരിയും അരീക്കോട് മൂർക്കനാട് ഹയർ സെക്കൻഡറി സ്കൂളിലെസോഷ്യോളജി വിഭാഗം അധ്യാപികയുമായ ഡോ: ബിന്ദു ജയകുമാർ, വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, കൊടിയത്തൂർ സ്വദേശി ഇല്ലക്കണ്ടി അബ്ദുൽ അസീസ് എന്നിവരാണ് നേട്ടത്തിന് അർഹരായവർ.
ഡോ. ബിന്ദു ജയകുമാർ
മലപ്പുറം അരീക്കോട് മൂർക്കനാട് ഹയർ സെക്കൻഡറി സ്കൂളിൽ1998 മുതൽസോഷ്യോളജി വിഭാഗം അധ്യാപികയായി പ്രവർത്തിക്കുകയാണ് ഡോ. ബിന്ദു ജയകുമാർ. അധ്യാപകവൃത്തിയാേടൊപ്പം തന്നെ അശരണർക്കും നിരാലംബർക്കുമായി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഇവർ നടത്തിവരുന്നത്. വൃദ്ധസദനങ്ങളെകുറിച്ചുള്ളപഠനത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.
അവരുടെ പുനരധിവാസത്തിന് നിരവധിസഹായ പദ്ധതികൾക്കും നേതൃത്വം കൊടുത്തിട്ടുണ്ട്. മെൻസ്ട്രുറൽ ഹൈജീൻ ട്രെയിനിങ് അംബാസിഡർ എന്ന നിലയിൽ 500 ലധികം ട്രെയിനിംഗ് നടത്തിയ ഇവർ കാഴ്ച പരിമിതിയനുഭവിക്കുന്നവർക്ക് വിജ്ഞാന ദീപം പദ്ധതിയിലൂടെ ഓൺലൈനായി പുസ്തകങ്ങളും,പത്രങ്ങളുംവായിച്ച് കൊടുത്ത്ശബ്ദ ദാനം (ഓഡിയോ ലൈബ്രറി )പരിപാടിക്ക് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നു.
ജെയിംസ് ജോഷി
താമരശേരി രൂപത കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിക്കു കീഴിലെ വിവിധ വിദ്യാലയങ്ങളിൽ സാമൂഹ്യശാസ്ത്ര അധ്യാപകനായും പ്രധാനാധ്യാപകനായും നടത്തിയ മികവുറ്റ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പുരസ്കാരത്തിന് അര്‍ഹനായത്.
സാമൂഹ്യശാസ്ത്ര അധ്യാപകനെന്ന നിലയിൽ സംസ്ഥാന സാമൂഹ്യശാസ്ത്രമേളകളിൽ നിരവധി വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും വിവിധ ഇനങ്ങളിൽ അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഭവനരഹിതരായ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സഹായമൊരുക്കുന്നതിനായി നടപ്പാക്കിയ ‘സഹപാഠിക്കൊരു വീട്’ പദ്ധതിയിലൂടെ 12 വീടുകൾ നിർമിച്ചുനൽകുന്നതിന് നേതൃത്വം നൽകി.
2014-ൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിന് നല്ലപാഠം ജില്ലാ, സംസ്ഥാന പുരസ്കാരങ്ങൾ നേടിക്കൊടുക്കുന്നതിലും നല്ലപാഠം കോ-ഓർഡിനേറ്റർ എന്ന നിലയിൽ നിർണായക പങ്കുവഹിച്ചു. മികച്ച കോ-ഓർഡിനേറ്റർക്കുള്ള അംഗീകാരവും ലഭിച്ചു.തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി. സ്കൂൾ, വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ എന്നിവിടങ്ങളിൽ വിപുലമായ ജൈവപച്ചക്കറി കൃഷി, കരനെൽകൃഷി തുടങ്ങിയ കാർഷിക പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും നേതൃത്വം നൽകി.
ഇല്ലക്കണ്ടി അബ്ദുൽ അസീസ്
37 വർഷത്തെ അധ്യാപന സേവനത്തിന് കേരള സംസ്ഥാന അധ്യാപക അവാർഡ് (എൽപി വിഭാഗം) നേടി ഇല്ലക്കണ്ടി അബ്ദുൽ അസീസ്. അധ്യാപകനെന്ന നിലയിൽ വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനൊപ്പം, വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ സംസ്ഥാന പുരസ്കാരത്തിന് അർഹനാക്കിയത്.
26 വർഷം പ്രൈമറി അധ്യാപകനായും 11 വർഷം പ്രധാനാധ്യാപകനായും പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ച അസീസ് മാസ്റ്റർ, അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന വീട്ടിക്കുത്ത് ഗവ. എൽ.പി സ്കൂളിനെ 115 കുട്ടികളിൽ നിന്ന് 405 കുട്ടികളുള്ള വിദ്യാലയമാക്കി ഉയർത്തി. ചെങ്ങര ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികളുടെ എണ്ണം 172-ൽ നിന്ന് 300-ലേറെയാക്കുന്നതിലു നിർണായക പങ്കുവഹിച്ചു.ഗോത്രവർഗ മ്യൂസിയം, മൾട്ടിമീഡിയ ലൈബ്രറി, ഹൈടെക് ക്ലാസ് മുറികൾ, ജൈവവൈവിധ്യ പാർക്ക്, മികച്ച ഉച്ചഭക്ഷണ പദ്ധതി, കിഡ്സ് കമാൻഡോ തുടങ്ങിയ നൂതന സംരംഭങ്ങൾ വിദ്യാലയങ്ങളിൽ നടപ്പാക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി. ചിറപ്പാലം പി.എം.എസ്.എ എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സജീനയാണ് ഭാര്യ. അനസ് അലി, അമീൻ ബാസിൽ, ഹംന എന്നിവരാണ് മക്കൾ.
District News
എടത്വ: കുട്ടനാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 5 ന് നടക്കുന്ന ഏഴാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്കായുള്ള ആനപ്രമ്പാല്‍ ജലോത്സവത്തോടനുബന്ധിച്ചുള്ള വഞ്ചിപ്പാട്ട് മത്സരം നടന്നു. പമ്പാ ശുചീകരണം ഇന്ന് നടക്കും.
വഞ്ചിപ്പാട്ട് മത്സരത്തില്‍ ലീലാമ്മ ക്യാപ്റ്റനായ പൂന്തുരുത്തി നിറവ് വഞ്ചിപ്പാട്ട് സമതി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രാമന്‍കുട്ടി ക്യാപ്റ്റനായ ചേര്‍ത്തല പുലരി വഞ്ചിപ്പാട്ട് സമിതി രണ്ടാം സ്ഥാനവും നേടി. സാംസ്കാരിക സമ്മേളനം ചമ്പക്കുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഷമ സുധാകരന് ഉദ്ഘാടനം ചെയ്തു. ജലോത്സവസമിതി ജനറല്‍ കണ്‍വീനര്‍ അരുണ്‍ പുന്നശേരി അധ്യക്ഷത വഹിച്ചു. ചെയര്മാന് ഷാജി കറുകത്ര സമ്മാനദാനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം അജിത് പിഷാരത്, മനോഹരന് വെറ്റിലകണ്ടം, മാത്യു കൊച്ചുവീട്, വിമല പ്രസന്നന്, സണ്ണി അമ്പ്രയില് അഞ്ചിൽ, ബിന്ദു നന്ദന് എന്നിവര്‍ പ്രസംഗിച്ചു.
പമ്പാ നദിയില്‍ ദീപം തെളിച്ച് തലവടി പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടനും ചമ്പക്കുളം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടിജിന് ജോസഫും ചേര്‍ന്ന് പമ്പാ ശുചീകരണ ഉദ്ഘാടനം നിര്‍വഹിക്കും. ബ്രഹ്മശ്രീ ആനന്ദ് പട്ടമന അനുഗ്രഹപ്രഭാഷണവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആര്. സിന്ധു മുഖ്യപ്രഭാഷണവും നിര്‍വഹിക്കും.
ജലോത്സസമിതി വര്‍ക്കിംഗ് ചെയര്മാന് ബിജു പറമ്പുങ്കല്‍ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, ഹരിത കര്‍മസേന, ജലോത്സവ പ്രവര്‍ത്തകർ, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും. ഇന്ന് മൂന്നിന് വള്ളംകളി ഓഫീസില്‍ ക്യാപ്റ്റന്‍സ് ക്ലിനിക്കും നടക്കും. വൈസ് ചെയര്മാന് കെ.വി. മോഹനന് അധ്യക്ഷത വഹിക്കും. നാളെ രാവിലെ 10 ന് കൊച്ചമ്മനം ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന ജലോസവ വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാര്‍ ഫ്ലാഗ് ഓഫ് ചെയ്യും. ട്രഷറര്‍ മാത്യു കൊച്ചുവീട് അധ്യക്ഷത വഹിക്കും.
District News
കോഴിക്കോട്: കോഴിക്കോടിന് വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശന്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പരിപാടികളില്പങ്കെടുത്ത മുഖ്യമന്ത്രി ലൈറ്റ്മെട്രോ, തുറമുഖ നഗരം, എവിയേഷന്‍ ഹബ്ബ്, എഡ്യൂക്കേഷന്‍ ഹബ്ബ്, എം.ടി. വാസുദേവന്‍നായരുടെ നേതൃത്വത്തിലുളള കര്‍ച്ചറല്‍ പാര്‍ക്ക്, ഐടി പാര്‍ക്ക്, ക്രൂയിസ് ടെർമിനല്‍ തുടങ്ങിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്.
കോഴിക്കോട് സൗത്ത് എംഎല്‍എ ഫൈസല്‍ ബാബുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫ്യൂച്ചര്‍ കാലിക്കട്ട് 360 ഡിഗ്രി കാലിക്കട്ട് വികസന കോണ്‍ക്ലേവ് ഉത്ഘാടനം ചെയ്ത് സംസാരിക്കവെയാണ്, കോഴിക്കോട്ട് വിവിധ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
ലൈറ്റ് മെട്രോ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു. പദ്ധതി നടപ്പിലാക്കാനുള്ള പഠനങ്ങളും നടപടികളും ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മിഷന് സമുദ്ര
ബജറ്റില്‍ പ്രഖ്യാപിച്ച മിഷന് സമുദ്ര പദ്ധതിയില്‍ കോഴിക്കോടിനെ ഉള്‍പ്പെടുത്തും. കേരളത്തില്‍ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നര്‍ തുറമുഖവും 18 മിനി തുറമുഖങ്ങളുമുണ്ട്. കേരളത്തിന് 600 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കടലുണ്ട്.
കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റും. കോഴിക്കോട്ടെ തുറമുഖങ്ങളെല്ലാം വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ലോജിസ്റ്റിക്സ്, കണ്ടെയ്നര്‍ ഫെലിസിറ്റേഷന്‍ സെന്റര്‍, ട്രാന്‍ഷിപ്പ്മെന്റ് ഉള്‍പ്പെടെയുള്ള നിരവധി തൊഴില്‍ സാധ്യതയുള്ള പദ്ധതികള്‍ തുറമുഖങ്ങളോടനുബന്ധിച്ച് ആരംഭിക്കും. തുറമുഖങ്ങളുടെ വികസനം നഗരത്തിന്റെ കൂടി വികസനമാക്കി മാറ്റും. കോഴിക്കോട്ടെ പ്രധാന തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
ഏവിയേഷന്‍ ഹബ്ബ്,
പാര്‍ക്കുകള്‍
കോഴിക്കോട് നഗരത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് വേഗത്തില്‍ എത്തിച്ചേരുന്നതിന് പുതിയ സംവിധാനം ഉണ്ടാകണം. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളെയും കേന്ദ്രീകരിച്ച് ഏവിയേഷന്‍ ഹബ്ബ് തയ്യാറാക്കുന്നുണ്ട്.
ബജറ്റില്‍ പ്രഖ്യാപിച്ച എം.ടി. വാസുദേവന്‍ നായരുടെ പേരിലുള്ള കള്‍ച്ചറല്‍ പാര്‍ക്ക് യഥാര്‍ഥ്യമാക്കും. പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. കോഴിക്കോട്ട് ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു. കാലിക്കട്ട് സര്‍വകലാശാലയെ ഉള്‍പ്പെടുത്തി എജുക്കേഷന്‍ ഹബ്ബ് തയ്യാറാക്കാനുള്ള പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാങ്കാവ് പാലം വികസനം
മാങ്കാവ് പാലം ഉള്‍പ്പെടെയുള്ള പാലങ്ങളുടെ വികസനത്തിന് മുന്‍ഗണനയുണ്ടാകും. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് എന്‍ഐടിയുടെ സാങ്കേതിക സഹായം പ്രയോജനപ്പെടുത്തും. കോഴിക്കോടിനെ കുറിച്ചുള്ള ജനങ്ങളുടെ സ്വപ്നങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി ടി. സിദ്ദിഖ്, എം.കെ. രാഘവന് എംപി, മുന്‍ മന്ത്രി എം.കെ. മുനീര്‍, എംഎല്‍എമാരായ ഫൈസല്‍ ബാബു, കെ. ജയന്ത്, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
എടത്വ: എസ്എന്‍ഡിപി യോഗം കുട്ടനാട് സൗത്ത് യൂണിയനില്‍ പുറത്തുനിന്നുള്ളവരെ ചെയര്‍മാനും കണ്‍വീനറുമായി നിയമിച്ചതിനെതിരേ പ്രതിഷേധം. യൂണിയന് പരിധിയിലെ ശാഖകളില്‍ നിന്നു തന്നെ നേതൃത്വം തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് ശാഖാ ഭാരവാഹികളുടെ നേതൃത്വത്തില്‍ എടത്വായില്‍ പ്രതിഷേധ മാര്‍ച്ചും യോഗവും നടത്തി. ഇന്നലെ എടത്വ സെന്റ് അലോഷ്യസ് കോളജിന് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് എടത്വ പാലം പിന്നിട്ട് ടൗണിലെ കുരിശടിക്ക് സമീപമെത്തിയപ്പോള്‍ പോലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു. തുടര്‍ന്ന് എടത്വ ടൗണിന് മുന്നില്‍ പ്രതിഷേധയോഗം നടത്തി.
കുട്ടനാട് സൗത്ത് യൂണിയനിലെ 41 ശാഖകളില്‍ നിന്ന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും പുറത്തുനിന്നുള്ള നേതൃത്വത്തെ ഒഴിവാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മുപ്പതിലേറെ ശാഖകളിലെ ഭാരവാഹികള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. കഴിഞ്ഞ ഏഴുവര്‍ഷമായി അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായിരുന്ന യൂണിയന് കമ്മിറ്റി ഓഗസ്റ്റ് 12ന് പുനഃസംഘടിപ്പിച്ചിരുന്നു. യൂണിയന് പരിധിക്ക് പുറത്തുള്ള അനില്‍ പി. ശ്രീരംഗത്തെ ചെയര്‍മാനായും കൊല്ലം സ്വദേശി സന്ദീപ് പച്ചയിലിനെ കണ്‍വീനറായും നിയമിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
ശാഖാ ഭാരവാഹികളുമായി ആലോചിച്ച് പുതിയ നേതൃത്വം തെരഞ്ഞെടുക്കുന്നതുവരെ പുറത്തുനിന്നുള്ള നേതൃത്വത്തെ ബഹിഷ്കരിക്കുമെന്നും യൂണിയന് പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും ശാഖാ കോഓർഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
District News
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് ഒന്നിൽ പെട്ട പറമ്പൽ ഭാഗത്തെ കുറ്റ്യാടിപ്പുഴയോരത്ത് മൂന്നര ഏക്കർ കൃഷിയിടത്തിൽ "കുറ്റ്യാടി' തെങ്ങിൻ തൈകളുടെ പറുദീസ ഒരുക്കി ട്രീസ ഗാർഡൻ.
പടത്തുകടവിലെ കർഷകൻ അന്പത്തിഒന്നുകാരനായ രണ്ടു പ്ലാക്കൽ സാബു ജേക്കബാണ് വർഷങ്ങളായി മികച്ചയിനം കുറ്റ്യാടി തെങ്ങിൻ തൈ ഉത്പാദനത്തിൽ വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഓരോ വർഷവും ഇരുപതിനായിരത്തിൽപ്പരം തൈകളാണ് ട്രീസാ ഗാർഡനിൽ ഉത്പാദിപ്പിക്കുന്നത്. തൈകളെല്ലാം ഉടൻ തന്നെ വിറ്റു പോകുന്നുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ കായ്ക്കുന്നതാണിത്. ഈ വർഷവും ഇരുപതിനായിരം തൈകൾ ഉത്പാദിപ്പിക്കാനുള്ള സംരംഭം ആരംഭിച്ചു കഴിഞ്ഞു.
നാളികേര ബോർഡിന്റെയും കേരള സർക്കാറിന്റെയും ലൈസൻസ് ഈ ഗാർഡനുണ്ട്.
അതു കൊണ്ട് തന്നെ നൂറ് ശതമാനം ഗ്യാരണ്ടിയോടെയാണ് തെങ്ങിൻ തൈ ഉത്പാദനവും വിപണനവും നടത്തുന്നത്. തൈ ഒന്നിന് 200 രൂപ നിരക്കിലാണ് വിൽക്കുന്നത്. ഗാർഡനിൽ നിന്ന് നൽകുന്ന ബില്ലുകളും രേഖകളും സമർപ്പിച്ചാൽ നാളികേര ബോർഡ് തിരിച്ച് ഒന്നിന് 350 രൂപ എന്ന തോതിൽ തൈ വാങ്ങുന്നവർക്ക് സബ്സിഡിയായി അക്കൗണ്ടിലേക്ക് നൽകും.
നാൽപത് വർഷം മുമ്പ് പിതാവ് ജേക്കബാണ് കുറ്റ്യാടി തെങ്ങിൻ തൈ ഉത്പാദനത്തിനു തുടക്കമിട്ടത്.
ഈ മാതൃക പിന്തുടർന്ന് താനും ഈ രംഗത്ത് സജീവമാകുകയായിരുന്നെന്ന് സാബു അഭിമാനത്തോടെ പറഞ്ഞു. സ്വന്തം കൃഷിയിടത്തിലെ തെങ്ങുകളിൽ നിന്നു തന്നെയാണ് വിത്തു തേങ്ങ സംഭരിക്കുന്നത്. കൃഷിക്കുള്ള നടീൽ വസ്തുക്കളുടെ ഉത്പാദനത്തിലും വിപണനത്തിലും ഗുണ മേന്മ നില നിർത്തുന്നതിൽ തികഞ്ഞ ജാഗ്രതയാണ് എന്നും പുലർത്തുന്നത്. കുറ്റ്യാടി ഇനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് തമിഴ്നാട്ടിൽ നിന്നും മറ്റും വില കുറച്ച് തെങ്ങിൻ തൈകൾ നമ്മുടെ സംസ്ഥാനത്ത് ഏജൻസികൾ വിൽപന നടത്തുന്നുണ്ട്.
അത്തരം പ്രവർത്തികളിലൂടെ ലാഭം കൊയ്യാൻ ട്രീസാ ഗാർഡൻ ഒരിക്കലും താൽപര്യപ്പെടുന്നില്ലെന്നും സാബു ദീപികയോട് പറഞ്ഞു. ചെറുമണി അടക്കയുടെ തൈ ഉത്പാദനവും വിപണനവും ഒപ്പം നടത്തുന്നുണ്ട്. റമ്പുട്ടാൻ കൃഷിയിനത്തിലും മികച്ച വരുമാനം ഓരോ വർഷവും ലഭിക്കുന്നുണ്ട്. ഭാര്യ പ്രസീനയും മൂന്നു മക്കളും സാബുവിന്റെ കൃഷി സംരംഭത്തിൽ പ്രേരിത ശക്തിയായി ഒപ്പമുണ്ട്. കൃഷിയിലെ തന്റെ വിജയഗാഥ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിലും അദ്ദേഹം തൽപരനാണ്. ഫോൺ: 7907910130, 9447346325
District News
മുക്കം: ലോക നാളികേര ദിനത്തോടനുബന്ധിച്ച് മുക്കം നഗരസഭ കൃഷി ഭവനിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു.
തെങ്ങ് കൃഷിയിൽ ഉന്നത വിജയം കൈവരിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച നാളികേര കർഷകനുള്ള നാളികേര വികസന ബോർഡ് അവാർഡ്, കേരളത്തിലെ ഏറ്റവും മികച്ച നാളികേര കർഷകനുള്ള കേര കേസരി അവാർഡ് എന്നിവ നേടിയ ഡോമിനിക് മണ്ണ്കുശുമ്പിൽ നാളികേര കർഷകരുമായി മുഖാമുഖം സംവദിക്കുകയും തെങ്ങിന്റെ തൈ ഉത്പാദനം മുതൽ, ലാഭകരമായ തെങ്ങ് കൃഷി, ജൈവകൃഷി പരിപാലന മുറകൾ എന്നിവയെപ്പറ്റി മുക്കം കൃഷിഭവനിൽ ക്ലാസ് എടുക്കുകയും ചെയ്യും.
District News
തൊടുപുഴ: തിരുവോണ ദിനത്തില്‍ തൊടുപുഴ പെരുമ്പിള്ളിച്ചിറ ഭാഗത്തുനിന്നു പണവും കാറും കവര്‍ച്ച നടത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. കണ്ണൂര്‍ ഇരിട്ടി പട്ടുവം സ്വദേശി ദാറുള്സലാഹ് വീട്ടില്‍ ഇസ്മായിലിനെ (34) ആണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പൂവാറിലെ വാടകവീട്ടില്‍നിന്നാണ് തൊടുപുഴ ഡിവൈഎസ്പിയുടെ സ്ക്വാഡ് പ്രതിയെ പിടികൂടിയത്. ഇയാളില്‍നിന്നും മോഷ്ടിച്ച സ്വര്‍ണവും പണവും കാറും പോലീസ് കണ്ടെടുത്തു.
യൂബര്‍ ടാക്സി ഡ്രൈവറായ പ്രതി ചങ്ങനാശേരിയില്‍നിന്നു മോഷ്ടിച്ച ബൈക്കും സ്വര്‍ണവുമായാണ് സംഭവദിവസം രാത്രിയില്‍ തൊടുപുഴയിൽ കവര്‍ച്ച നടത്തുന്നതിനായി എത്തിയത്. കെഎസ്ആര്‍ടിസി ജീവനക്കാരനായ തോപ്പില്‍ ഷാനവാസ് ഖാന്റെ സാന്‍ട്രോ കാറിനുപുറമേ പുതുച്ചിറ ഭാഗത്തുള്ള അഭിഭാഷകന്റെ വീട്ടില്‍നിന്ന് 50,000 രൂപയും മറ്റൊരു വീട്ടില്‍നിന്നും ഷൂസും കവര്‍ന്നു. തിരിച്ചറിയാതിരിക്കാനായി മുഖം മറച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.
മോഷണ വിവരമറിഞ്ഞ് നാട്ടുകാര്‍ കൂടിയപ്പോള്‍ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ ദൃശ്യം കാമറയില്‍ പതിഞ്ഞാണ് പ്രതിയെ പിടികൂടുന്നതിന് വഴിയൊരുക്കിയത്.
ഷാനവാസിന്റെ കാറുമായി ഇയാള്‍ തിരുവനന്തപുരത്തിനാണ് കടന്നത്. മോഷണത്തിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതും ഇയാളുടെ പ്രത്യേകതയാണ്. മോഷണം നടത്തുന്ന വീടുകളില്‍നിന്നും ഷൂസുകള്‍ മോഷ്ടിക്കുന്ന ഹോബിയും പ്രതിക്കുള്ളതായി പോലീസ് പറഞ്ഞു.
കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി പ്രതിക്കെതിരേ 50 കവര്‍ച്ചക്കേസുകള്‍ ഉള്ളതായി ഡിവൈഎസ്പി സജി മാര്‍ക്കോസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടതായി സൂചനയുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ മോഷണം നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. തൊടുപുഴ സിഐ മനേഷ് കെ. പൗലോസിന്റെ നിര്‍ദേശാനുസരണം എസ്ഐമാരായ ടി.എം. ഷംസുദീന്‍, ജിബിന്‍ ജോസഫ്, അനീഷ് ജോസ്, അരുണ്‍ ചന്ദ്രന്, അനന്ദു ശേഖര്‍, സിപിഒമാരായ അജിമോന്, ബാബു സുരേഷ്, അമല്‍, റെനീഷ്, അതുല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
District News
കോഴിക്കോട്: കൊടുവള്ളി കാരക്കാട്ടില്‍ വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ബന്ധുക്കളായ രണ്ടുപേരെ കൊടുവള്ളി പൊലിസ് അറസ്റ്റു ചെയ്തു. പിതൃസഹോദരനും ഭാര്യയുമാണ് അറസ്റ്റിലായത്.
കേസില്‍ മൂന്നു പ്രതികളാണുള്ളത്. മൂന്നാം പ്രതി വിദേശത്തേക്കു കടന്നു. വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ കണ്ണില്‍ മുളകുവെള്ളമൊഴിക്കുകയും കാലിലെ നഖത്തില്‍ ഈര്‍ക്കില്‍ കയറ്റുകയും ചെയ്തതടക്കമുള്ള ക്രൂരമായ പീഡനമാണ് നടന്നത്.
സംഭവം പുറത്തുവന്നതിനു പിന്നാലെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കൊടുവള്ളി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ രണ്ട് പ്രതികള്‍ പിടിയിലായത്. കുട്ടിയും രക്ഷിതാവും പരാതിയില്ലെന്ന് ആദ്യം മൊഴി നല്കിയതിനാല് പൊലിസ് കേസെടുത്തിരുന്നില്ല. പിന്നീട് ശിശു ക്ഷേമസമിതിയുടെ അടക്കം ഇടപെടലിനെ തുടര്‍ന്നാണ് കേസെടുത്തത്.
District News
കോഴിക്കോട്: "ഖരമാലിന്യ പരിപാലന ചട്ടം 2026' പ്രകാരമുള്ള ഉത്തരവാദിത്തങ്ങളും നിയമ നടപടികളും വിശദീകരിക്കുന്നതിനായി കോഴിക്കോട് ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന ശില്പശാലകള് മൂന്ന് മുതല്‍ 16 വരെ ബ്ലോക്ക് തലത്തില്‍ നടക്കും.
കിലയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലനത്തില്‍ 1,560 പേരാണ് പങ്കാളികളാവുക. ജില്ലാതല ഉദ്ഘാടനം മൂന്നിന് കോഴിക്കോട് ബ്ലോക്കില്‍ തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടര്‍ എന്‍.കെ. ഹരീഷും വടകരയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണനും നിര്‍വഹിക്കും.
പരിശീലനത്തിന് മുന്നോടിയായി ഡിപിസി ഹാളില്‍ ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാരുടെ യോഗം ചേര്‍ന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയന്റ് ഡയറക്ടര്‍ എന്‍.കെ. ഹരീഷ്, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ മാടഞ്ചേരി സത്യനാഥന്, അസി. ഡയറക്ടര്‍മാരായ വി. സുപിന്, മനോജ്, മുഹമ്മദ് ഇര്‍ഷാദ്, ഇന്റേണല്‍ വിജിലന്‍സ് ഓഫിസര്‍ ടി. ഷാഹുല്‍ ഹമീദ്, ശുചിത്വ മിഷന് അസി. കോഓഡിനേറ്റര്‍ സരിത്ത്, ജില്ലാ എംപവര്‍മെന്റ് ഓഫിസര്‍ ഡോ. പ്രിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
കോഴിക്കോട്:റബർ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ടറിയുന്നതിനും പരിഹാര നടപടികൾക്ക് രൂപം നൽകുന്നതിനുമായി റബർ ബോർഡ് ചെയർമാൻ എൻ. ഹരി മലബാർ മേഖലയിലുള്ള ഓഫീസുകൾ സന്ദർശിച്ചു.
രാവിലെ കോഴിക്കോട് റീജനൽ ഓഫീസ് സന്ദർശിച്ച ചെയർമാൻ ഉദ്യോഗസ്ഥരുമായും റബ്ബർ കർഷകരുമായും ആശയവിനിമയം നടത്തി. തുടർന്ന് തളിപ്പറമ്പ്, കാഞ്ഞങ്ങാട് റീജണൽ ഓഫീസുകളിലും അദ്ദേഹം സന്ദർശനം നടത്തി. ഓരോ മേഖലയിലെയും റബ്ബർ കർഷകരും ഉദ്യോഗസ്ഥരും നേരിടുന്ന പ്രശ്നങ്ങൾ വ്യത്യസ്തമാണെന്ന് ചെയർമാൻ പറഞ്ഞു. ഈ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയും ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനാണ് മേഖലാ സന്ദർശനങ്ങൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ഓരോ മേഖലയിലെയും റബറുമായി ബന്ധപ്പെട്ട വിഷയങ്ങൾ നേരിട്ടു മനസ്സിലാക്കാൻ സന്ദർശനം വഴി കഴിഞ്ഞു.കർഷകരുമായി നേരിട്ട് സംവദിക്കുകയും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നതിലൂടെ ഓരോ മേഖലയുടെയും പ്രത്യേക ആവശ്യങ്ങളും പ്രാദേശിക പ്രശ്നങ്ങളും മനസിലാക്കുകയാണ് റബ്ബർ ബോർഡ് ആത്യന്തികമായി ലക്ഷ്യമിടുന്നത്. കർഷകരുടെ പ്രശ്നങ്ങൾക്ക് പ്രായോഗികവും സമയബന്ധിതവുമായ പരിഹാരം ഉറപ്പാക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനും കൈമാറുമെന്ന് എൻ. ഹരി അറിയിച്ചു.
District News
ചക്കിട്ടപാറ: മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന നേതാവും പേരാമ്പ്ര മുൻ ബ്ലോക്ക് മെമ്പറും ചക്കിട്ടപാറ മുൻ പഞ്ചായത്ത് മെമ്പറും ആയിരുന്ന തങ്കമ്മ ജോസാഫിന്റെ നിര്യാണത്തിൽ ചക്കിട്ടപാറ അങ്ങാടിയിൽ മൗനജാഥയും സർവകക്ഷി അനുശോചന യോഗവും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് പി. ജെ. തോമസ്, എൻ.പി. ബാബു, റെജി കോച്ചേരി, അമ്മദ് പെരിഞ്ചേരി, ബേബി കാപ്പുകാട്ടിൽ, ബിജു ചെറുവത്തൂർ, പി. സി. ചാക്കോ, പി. പി. രഘുനാഥ്, രാജൻ വർക്കി, പഞ്ചായത്ത് വാർഡ് മെമ്പർമാരായ ബിന്ദു ബാലകൃഷ്ണൻ, ജിൻസി മനോജ്,മൊയ്തീ കോടേരി, ബാബു പള്ളിക്കൂടം, ഗിരീഷ് കോമച്ചൻകണ്ടി, ജിനീഷ് കല്ലുംപുറത്ത്, മുൻ ബ്ലോക്ക് മെമ്പർ ഗിരിജ ശശി, പാപ്പച്ചൻ കൂനംതടം, ഷാജു മാളിയേക്കൽ, പി. കെ. ദിനേശൻ, ജെയിൻ ജോൺ എന്നിവർ സംബന്ധിച്ചു.
District News
കോഴിക്കോട്: മലബാര്‍ മില്‍മ കാലിത്തീറ്റക്ക് നല്കി വരുന്ന സബ്സിഡി തുക വര്‍ദ്ധിപ്പിച്ചു. മലബാര്‍ മേഖല യൂണിയന് ഭരണസമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മില്‍മയുടെ സമീകൃത കാലിത്തീറ്റയായ മില്‍മ ഗോമതി ഗോള്ഡിന് നല്‍കിയിരുന്ന സബ്സിഡി ഇരട്ടിയാക്കി. ഗോമതി ഗോള്ഡിന് 50 കിലോ ചാക്കൊന്നിന് 200 രൂപയാണ് സബ്സിഡി പ്രഖ്യാപിച്ചത്.
ഉയര്‍ന്ന പാലുത്പാദന ക്ഷമതയുള്ള പശുക്കള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്ത മില്‍മ ബൈപാ കാലിത്തീറ്റയ്ക്ക് 50 കിലോ ചാക്ക് ഒന്നിന് 100 രൂപ വീതവും സബ്സിഡി ലഭിക്കും. സെപ്തംബര്‍ മാസത്തില്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന എല്ലാക്ഷീര സംഘങ്ങളിലൂടെയും വിതരണം ചെയ്യുന്ന മില്‍മ കാലിത്തീറ്റക്ക് മേല്‍പ്പറഞ്ഞ സബ്സിഡി ലഭ്യമാകും.
ഇത് കൂടാതെ ക്ഷീര സംഘങ്ങളില്‍ നിന്നും ക്ഷീര കര്‍ഷകര്‍ വാങ്ങുന്ന മലബാര്‍ റൂറല്‍ ഡെവലപ്പ്മെന്റ് ഫൗണ്ടേഷന്റെ ട്രൂ മീല്‍ ടിഎംആര്‍ കാലിത്തീറ്റക്ക് കിലോഗ്രാമിന് ഒരു രൂപ വീതം സബ്സിഡി നല്‍കുന്നതാണ്.
ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി നല്‍കുന്നതിന് വേണ്ടി യൂണിയന് 172 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട മലപ്പുറം ജില്ലയിലെ കല്‍ക്കുണ്ട് ക്ഷീര സംഘം പ്രസിഡന്റ് പ്രബിതയുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപയും അനുവദിച്ചതായി മില്‍മ ചെയര്മാന് കെ.എസ്.മണി, മാനേജിംഗ് ഡയറക്ടര്‍എന്‍.കെ.പ്രേംലാല്‍ എന്നിവര്‍ അറിയിച്ചു.
District News
കോഴിക്കോട് : സീബ്രാ ലൈനിലൂടെ കാൽനട യാത്രക്കാർ റോഡ്മുറിച്ചുകടക്കാനായി പ്രവേശിക്കുമ്പോൾ അവരുടെ സുരക്ഷയക്ക് മുൻഗണന നൽകി വാഹനങ്ങൾ നിർത്തികൊടുക്കേണ്ടത് ഡ്രൈവറുടെ അടിസ്ഥാന ഉത്തരവാദിത്വമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മുക്കം സംസ്ഥാന പാതയിൽ കോഴിക്കോട് റോഡിൽ അഭിലാഷ് ജംഗ്ഷന് സമീപം സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടക്കുമ്പോൾ ഓട്ടോ തട്ടി കുറ്റിപ്പാലക്കൽ സ്വദേശിനി എ.എം. ആമിന (72) മരിച്ച സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
കാൽനടയാത്രക്കാർക്ക് റോഡ് സുരക്ഷിതമായി മുറിച്ചുകടക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സീബ്രാ ക്രോസിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഉത്തരവിൽ പറഞ്ഞു.അടിസ്ഥാന ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയോ അവ പാലിക്കുന്നതിലുള്ള അലംഭാവമോ കാൽനടയാത്രക്കാരുടെ ജീവനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്നതാണ്. ഇത്തരം സംഭവങ്ങൾ നമ്മുടെ റോഡ് സുരക്ഷാ സംവിധാനത്തിലും ഡ്രൈവിംഗ് സംസ്കാരത്തിലും നിലനിൽക്കുന്ന പോരായ്മകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സീബ്രാ ക്രോസിംഗിൽ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് ഡ്രൈവർമാരിൽ, പ്രത്യേകിച്ച് പൊതു വാഹനങ്ങളിലെ ഡ്രൈവർമാരിൽ ബോധവൽക്കരണം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കമ്മീഷൻ വിലയിരുത്തി. അപകടങ്ങൾ സംഭവിക്കുന്നതിനു മുമ്പ് തന്നെ അത് തടയുന്നതിനുള്ള ബോധവൽക്കരണം നൽകേണ്ടതുണ്ട്. ഇക്കാര്യത്തിൽ അടിയന്തരവും ഫലപ്രദവുമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് കെ. ബൈജുനാഥ് നിർദ്ദേശിച്ചു.
District News
ഹരിപ്പാട്: ഹരിപ്പാട് ടെമ്പിൾ ടൗൺ ലയൺസ് ക്ലബ്ബിന്റെ ഓണാഘോഷവും ലയൺസ് ഡിസ്ട്രിക്റ്റ് 318 എ ഗവർണർ പിഎംജെഎഫ് ലയൺ അനിൽകുമാറിന്റെ ഔദ്യോഗിക സന്ദർശനവും നടന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വന്തമായി വീടില്ലാത്ത നിർധനരായ മൂന്ന് കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിനായി സൗജന്യമായി അഞ്ച്സെന്റ് സ്ഥലം വീതം കൈമാറി. ക്ലബ്ബിന്റെ മുൻ പ്രസിഡന്റും മുതിർന്ന അംഗവുമായ എംജെഎഫ് ലയൺ മാധവൻ നായരും പത്നി രാധാമണി എം.നായരും ചേർന്നാണ് ഭൂമി വിട്ടുനൽകിയത്.
ക്ലബ് പ്രസിഡന്റ് പിഎംജെഎഫ് ലയൺ കെ. ശാമുവൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാധാകൃഷ്ണൻ നായർ, ട്രഷറർ ഹരികൃഷ്ണൻ, റീജിയൺ ചെയർമാൻ അഡ്വ. സജി തമ്പാൻ എന്നിവർ പ്രസംഗിച്ചു.