കരുനാഗപ്പള്ളി നഗരസഭയില്‍ ശുചീകരണ തൊഴിലാളികള്‍ക്കും ഹരിതകര്‍മ സേനാംഗങ്ങള്‍ക്കും നഗരസഭ ചെയര്‍പേഴ്സണ്‍ പി. സോമരാജന് ഇന്‍ഷ്വറന്‍സ് കാര്‍ഡ് വിതരണം
കരുനാഗപ്പള്ളി: ശുചീകരണ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ‘നമസ്തേ' പദ്ധതിക്ക് കരുനാഗപ്പള്ളി നഗരസഭയില്‍ തുടക്കമായി. കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയവും കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയവും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ എന്നിവര്‍ക്കായി വിദഗ്ദ്ധ സമിതി സര്‍വേ നടത്തുകയും, ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ 18 പേര്‍ക്കുള്ള ആയുഷ്മാന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുകയും ചെയ്തു. നമസ്തേ ഡേ ആചരിക്കുന്നതിന്റെ ഭാഗമായി നഗരസഭയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് ശുചീകരണ തൊഴിലാളികള്‍ക്കും ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുമുള്ള കാര്‍ഡുകളുടെ വിതരണം നഗരസഭ ചെയര്‍പേഴ്സണ്‍ പി.സോമരാജന് നിര്‍വഹിച്ചു.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മുനമ്പത്ത് ഗഫൂര്‍ ചടങ്ങില്‍ അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ബീന ജോണ്സണ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബി. മോഹന്‍ദാസ്, നഗരസഭ സെക്രട്ടറി സന്ദീപ്, കൗണ്‍സിലര്‍മാരായ രഞ്ജിത്ത്, അമ്പുവിള സലാഹ്, സിംലാല്‍, രാജേഷ്, ബേബി ജെസ്ന, ശ്രീവിദ്യ, സുലത, നിഷ ദിനേശ്, ഫൈസല്‍, കൗണ്‍സിലര്‍ ഗിരീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News