കുമരകം ചന്തത്തോട്ടിലെ പോളയും പുല്ലും യന്ത്രസഹായത്തോടെ വാരിമാറ്റാൻ ആരംഭിച്ചപ്പോൾ.
കുമരകം: അപ്പർ കുട്ടനാട് പ്രദേശത്തെ ജനങ്ങളുടെ ശാപമായി മാറിയ പോളശല്യത്തിന് പരിഹാരമാകുന്നു. പോള പൂർണമായി നീക്കുന്നതോടെ തൊഴിലാളികളുടെയും നാട്ടുകാരുടെയും ദുരിതത്തിന് വിരാമമാകും. കുമരകത്തെ പ്രധാന മൂന്ന് തോടുകളിലെ പോള നീക്കുന്നതിനും ഒരു തോട് ആഴം കൂട്ടുന്നതിനുമായി പഞ്ചായത്ത് 10.80 ലക്ഷം രൂപ അനുവദിച്ചു. ഇറിഗേഷൻ വകുപ്പിനെയാണ് പദ്ധതിനിർവഹണം ഏല്പിച്ചിരിക്കുന്നത്.
ചന്തത്തോട്ടിലെ പോള നീക്കിത്തുടങ്ങി
മാസങ്ങളായി പായലും പോളയും നിറഞ്ഞ് ചന്തത്തോട്ടിലൂടെയുള്ള ജലഗതാഗതം തടസപ്പെട്ടിരുന്നു. കായൽ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ നേരിട്ട ദുരിതം കുടുംബങ്ങളിൽ തന്നെ ഏറെ പ്രതിസന്ധി സൃഷ്ടിച്ചു.
മത്സ്യതൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനും ടൂറിസം മേഖലയിൽ ഉൾതോടുകളിലൂടെ ചെറുവള്ളങ്ങളിലും ശിക്കാര ബോട്ടുകളിലും സഞ്ചരിക്കുന്നതിനും കഴിയാത്ത നിലയിൽ പോള നിറഞ്ഞിരുന്നു.
പോളശല്യം വിവാദത്തിലാകുകയും ദീപിക വാർത്ത നൽകുകയും ചെയ്തതോടെ പഞ്ചായത്ത് പോള വാരി നീക്കാൻ തീരുമാനം എടുക്കുകയായിരുന്നു. കോട്ടത്തോട് - തോണിക്കടവ് തോട്ടിലെ പോള നീക്കാൻ 1.75 ലക്ഷവും, മുത്തേരിമട - നാരകത്തറ - പത്തുപങ്ക് തോട്ടിലെ പോളമാറ്റാൻ 1.53 ലക്ഷവും മൂലേപ്പാടം തോട്ടിലെ പോള നീക്കി ആഴം കൂട്ടാൻ 7.52 ലക്ഷം രൂപയും അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി അറിയിച്ചു.
കിഴക്കുഭാഗത്തെ പാടങ്ങളിൽ നിന്നും തോടുകളിൽ നിന്നും തള്ളിവിട്ട പോളയും പുൽക്കൂട്ടങ്ങളും ചന്തത്തോട്ടിലെ മൂന്ന് പാലങ്ങളുടെ കാലുകളിൽ തങ്ങിക്കിടന്നതോടെയാണ് തോട്ടിലൂടെയുള്ള യാത്ര പൂർണമായും തടസപ്പെട്ടത്.
പോള വീണ്ടും വരാതിരിക്കാൻ ദീർഘകാല പദ്ധതി ആവിഷ്കരിച്ചില്ലെങ്കിൽ പോള വില്ലനായി തോടുകളിൽ വീണ്ടും തിങ്ങിനിറയും.
Tags : Nattuvishesham District News