വിക്രം-1 വിജയകരമായി വിക്ഷേപിച്ചു.
ശ്രീഹരിക്കോട്ട: ബഹിരാകാശ മേഖലയിൽ പുതിയൊരു അധ്യായം കുറിച്ച് രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഭ്രമണപഥ റോക്കറ്റായ ‘വിക്രം-1’ വിജയകരമായി വിക്ഷേപിച്ചു.
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ ‘സ്കൈറൂട്ട് എയ്റോസ്പേസ്’നിർമിച്ച റോക്കറ്റ് ഇന്നലെ ഉച്ചയ്ക്ക് 12.05നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് കുതിച്ചുയർന്നത്.11.30ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം അഞ്ചു മിനിറ്റിനു മുന്പ് നാടകീയമായി മാറ്റിയത് ആശങ്കയുണ്ടാക്കിയിരുന്നു.
കാറ്റ് വീശുന്നതിനാലും ആകാശം മേഘാവൃതമായതിനാലും അവസാനഘട്ട പരിശോധന കാര്യക്ഷമമാക്കുന്നതിനാണ് കൂടുതൽ സമയമെടുത്തത്. തുടർന്ന് 11.45നാണ് കൗണ്ട്ഡൗൺ പുനരാരംഭിച്ചത്.
ബഹിരാകാശരംഗത്ത് സ്വകാര്യപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഐഎസ്ആർഒയുടെ കീഴിൽ കേന്ദ്രസർക്കാർ രൂപീകരിച്ച നോഡൽ ഏജൻസിയായ ഇൻസ്പേസിന്റെ പിന്തുണയോടെയായിരുന്നു വിക്ഷേപണം.
ദൗത്യം വിജയിച്ചെന്ന് ഇൻസ്പേസിന്റെ ചെയർമാൻ ഡോ. പവൻ കുമാർ ഗോയങ്ക 12.25ന് അറിയിച്ചു. വിജയം പ്രഖ്യാപിച്ചതിനു പിന്നാലെ വേദിയിൽവച്ച് പവൻ കുമാർ ഗോയങ്കയുടെ ഫോണിൽ വിളിച്ച് സ്കൈറൂട്ട് ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. എട്ടു മിനിറ്റോളം പ്രധാനമന്ത്രി ശാസ്ത്രസംഘവുമായി സംസാരിച്ചു.
ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ, മുൻ ചെയർമാന്മാരായ ഡോ. എസ്.സോമനാഥ്, ഡോ. കെ.രാധാകൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല എന്നിവർ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെത്തിയിരുന്നു.വിക്ഷേപിച്ച് കൃത്യം 15 മിനിറ്റുകൾക്കുള്ളിൽ ഭൂമിയിൽനിന്ന് 450 കിലോമീറ്റർ ഉയരത്തിലുള്ള താഴ്ന്ന ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളെ എത്തിക്കാൻ വിക്രം-1-ന് സാധിച്ചു.
ബംഗളൂരു ആസ്ഥാനമായ സ്വകാര്യ സ്പെസ് ടെക് സ്റ്റാർട്ടപ്പായ ഗ്രഹ സ്പേസ് വികസിപ്പിച്ച സാങ്കേതിക പേലോഡ്, ബംഗളൂരുവിലെ മറ്റൊരു സ്വകാര്യ സ്പേസ് സ്റ്റാർട്ടപ്പായ കോസ്മോസെർവ് നിർമിച്ച പേലോഡ്, ജർമനിയിലെ സ്പേസ് കന്പനിയായ ഡിക്യൂബ്ഡിന്റെ പേലോഡ്, സ് കൈറൂട്ടിന്റെതന്നെ സ്വന്തം ശാസ്ത്രവിഭാഗമായ ‘സ്കോപ്പ്’വികസിപ്പിച്ചെടുത്ത സാങ്കേതിക പരീക്ഷണ യൂണിറ്റ് എന്നിവയാണ് വിക്രം 1 ബഹിരാകാശത്ത് എത്തിച്ചത്.
Tags : Private revolution OuterSpace OrbitalRocket Vikram-1 Skyroot Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews