ചാല സ്വർണക്കൊള്ളക്കേസിലെ പ്രതികളെ ഇന്നലെ വൈകുന്നേരം ചാലയിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ.
തിരുവനന്തപുരം: ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെ കൊള്ളയടിച്ച് 250 പവൻ സ്വർണം അപഹരിച്ച കേസിൽ മുഖ്യ ആസൂത്രകനെന്ന് പൊലിസ് സംശയിക്കുന്ന മാളവിക ജ്വല്ലറി ഉടമ ജയറാമിനെതിരേ അന്വേഷണ സംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചു തുടങ്ങി.
കേസിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യ ആസൂത്രകൻ ജയറാമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. അതേസമയം, ഒരു തട്ടിപ്പ് കേസിൽ ജയറാമിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കവർച്ച ആസൂത്രണം ചെയ്ത ഹോട്ടലിൽ ഉൾപ്പടെ ജയറാം ഈ പ്രതികളോടൊപ്പം ഉണ്ടായിരുന്നുവെന്ന് പൊലിസിന് വ്യക്തമായ വിവരം ലഭിച്ചു. ഗൂഢാലോചനയിലും കവർച്ച ആസൂത്രണം ചെയ്ത് നടപ്പിലാക്കാനുള്ള റിഹേഴ്സലിലും ജയറാമിന് പങ്കുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
സ്വർണം തട്ടിയെടുത്ത കേസിൽ ജയറാമിനെതിരേ കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം മാത്രമെ ഇയാളുടെ അറസ്റ്റിലേക്ക് കടക്കുകയുള്ളുവെന്നാണ് പൊലിസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
നിരവധി പേരിൽ സ്വർണം വാങ്ങിയ ശേഷം പണം നൽകാതെ ചെക്ക് നൽകി കബളിപ്പിച്ചതിന് ഇന്നലെ ഫോർട്ട് പൊലിസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ ഒരു കേസിലാണ് ജയറാമിനെ അറസ്റ്റ് ചെയ്തത്. സമാന സംഭവങ്ങളിൽ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ 20 പരാതികളാണ് ഫോർട്ട് പൊലിസിന് ലഭിച്ചത്.
ഇന്നലെ രജിസ്റ്റർ ചെയ്ത കേസിൽ ആറ്റിങ്ങൽ സ്വദേശിനിയായ സ്ത്രീക്ക് എട്ടരലക്ഷം രൂപയും തിരുവനന്തപുരം നഗരത്തിലെ രണ്ടുപേർക്ക് പത്ത് ലക്ഷം രൂപയും ഇയാൾ നൽകാനുണ്ടെന്ന പരാതിയിലാണ് കേസെടുത്തത്. പണം ആവശ്യപ്പെട്ട് ചെല്ലുന്നവരെ ജയറാം മർദിക്കാറുണ്ടായിരുന്നുവെന്ന് പലരും പൊലിസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
നന്ദകുമാറിനെ കൊള്ളയടിച്ച സ്വർണത്തിൽനിന്ന് 202 പവൻ സ്വർണം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. നേമത്തെ ഒരു പുരയിടത്തിൽ നിന്നാണ് ഇന്നലെ 146 പവൻ സ്വർണം കണ്ടെടുത്തത്. കുഴിച്ചിട്ടിരുന്ന സ്വർണമാണ് കണ്ടെടുത്തത്. കേസിലെ പ്രധാന പ്രതികളിലൊരാളായ അനൂപിന്റെ ബന്ധുവിന്റെ വീടിനു സമീപത്തെ പുരയിടത്തിലാണ് സ്വർണം കുഴിച്ചിട്ടത്.
കുറച്ച് സ്വർണം നേരത്തേ കണ്ടെത്തിയിരുന്നു. ഒരു മാസക്കാലത്തിലേറെയായി ജയറാമും പ്രതികളും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ തുടർച്ചയായിരുന്നു സ്വർണക്കവർച്ചയെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. 25 ലക്ഷം രൂപയ്ക്കാണ് ജയറാം കേസിലെ പ്രധാന പ്രതികൾക്ക് നന്ദകുമാറിന്റെ പക്കൽ നിന്നുള്ള സ്വർണം കവരാൻ ക്വട്ടേഷൻ നൽകിയതെന്നാണ് കേസിൽ പിടിയിലായ പ്രതികളുടെ മൊഴി.
നന്ദകുമാറിന്റെ ബിസിനസ് വളർച്ചയിലുള്ള വിരോധമാണ് സ്വർണം കവർച്ച ചെയ്യാൻ ജയറാമിനെ പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തൽ . ഈ കേസിൽ കുടുതൽ പേർക്ക് പങ്കുണ്ടെന്നാണ്നിഗമനം. നിലവിൽ ആറുപേരെയാണ് അറസ്റ്റ് ചെയ്തത്.
Tags : Sovereigns Recovered Buried Property Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash