യുട്യൂബർ നിഷാന്ത്
മധുര: കോടികൾ വിലമതിക്കുന്ന തനിഷ്ക് ജ്വല്ലറി കവർച്ചക്കേസിലെ മുഖ്യപ്രതി യുട്യൂബർ നിഷാന്തിനെ ഡിസംബർ ഒന്നുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കവർച്ച ചെയ്യപ്പെട്ട 11.9 കിലോ സ്വർണവും ആഭരണങ്ങളും വീണ്ടെടുത്തതായി പൊലിസ് അറിയിച്ചു.തിങ്കളാഴ്ച ധർമപുരി ജില്ലയിലെ ശേഷമ്പട്ടി മേഖലയിൽനിന്നാണ് ആത്തിയമ്മൻകോട്ടൈ പൊലിസ് നിഷാന്തിനെ പിടികൂടിയത്.
മധുര എസ്എസ് കോളനി പൊലിസ് സ്റ്റേഷനിലെത്തിച്ച് ഡെപ്യൂട്ടി കമ്മിഷണർ എ.ജി. ഇനിഗോ ദിവ്യന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യം ചെയ്തു. നിഷാന്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മുനിയാണ്ടിപുരം ഗോപാലിപുരം മലയോര മേഖലയിൽ ഒളിപ്പിച്ചിരുന്ന 6.4 കിലോ സ്വർണം പൊലിസ് കണ്ടെടുത്തു.
കേസിലെ കൂട്ടുപ്രതിയായ മീനാക്ഷിയിൽനിന്ന് 5.5 കിലോഗ്രാം സ്വർണം വീണ്ടെടുത്തിരുന്നു. ഇതോടെ മോഷണം പോയ 11.9 കിലോ സ്വർണവും പൊലീസിനു തിരിച്ചുപിടിക്കാനായി.
നവംബർ 12ന് പുലർച്ചെയാണ് മധുര ബൈപാസ് റോഡിലെ തനിഷ്ക് ജ്വല്ലറിയിൽ കവർച്ച നടന്നത്. ചോദ്യം ചെയ്യലിനുശേഷം നിഷാന്തിനെ ഗവൺമെന്റ് രാജാജി ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി.
Tags : YouTuber Nishanth Remanded Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash