പിടിയിലായ പ്രതികൾ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാർ തടഞ്ഞു നിർത്തി ഡ്രൈവറെ പുറത്തേക്ക് വലിച്ചിട്ട ശേഷം വാഹനവുമായി കടന്നുകളഞ്ഞ നാലംഗ സംഘം പിടിയിൽ. ശരത്, ചന്തു, അനീഷ്, ഗോകുൽ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് കോവളം കെഎസ് റോഡിൽ പൂങ്കുളത്തിനു സമീപത്തായിരുന്നു സംഭവം.
കാർ ഡ്രൈവർ പാച്ചല്ലൂർ സ്വദേശി രതീഷിനെ മർദിച്ച് കാറിന് പുറത്തേക്ക് വലിച്ചിട്ട ശേഷമാണ് സംഘം വാഹനം തട്ടിയെടുത്തത്. രതീഷിന്റെ മൊബൈൽ ഫോണും പ്രതികൾ തട്ടിയെടുത്തിരുന്നു. പ്രതികൾ തട്ടിയെടുത്ത വാഹനം തമിഴ്നാട്ടിലെ ഇരണിയലിൽ ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ഡ്രൈവറും പ്രതികളുമായി നേരത്തെയുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലിസ് വ്യക്തമാക്കി. കാർ രതീഷ് വാടകയ്ക്ക് എടുത്ത് ഓടിക്കുകയായിരുന്നു. പൂങ്കുളം ഭാഗത്തെ സിസിടിവിയിൽ നിന്നു പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
വാഹനത്തിലെ ജിപിഎസ് പരിശോധിച്ചപ്പോൾ കാർ തമിഴ്നാട് ഭാഗത്ത് എത്തിയത് മനസിലായതോടെ തമിഴ്നാട് പൊലിസിനു വിവരം കൈമാറി. തമിഴ്നാട് പൊലിസ് വാഹനം കണ്ടെത്തിയപ്പോൾ കാറിനുള്ളിൽ ആരുമില്ലായിരുന്നു.
ഈ സമയം സമീപത്തെ ഹോട്ടലിൽ ആഹാരം കഴിച്ചെത്തിയ പ്രതികൾ കാറിനു സമീപത്ത് പൊലിസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. പ്രതികളിലൊരാളായ ശരത് മധുര ഭാഗത്ത് എത്തിയതറിഞ്ഞ് വിഴിഞ്ഞം പൊലിസ് അവിടെ എത്തി പിടികൂടുകയായിരുന്നു. പിടിയിലായ ശരത് കോവളം സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ട ആളാണെന്ന് പൊലിസ് അറിയിച്ചു.
Tags : Thiruvananthapuram Crime Police Investigation CaseFile