സുഹൈൽ ഷാജഹാൻ ഭീഷണിപ്പെടുത്തി പണം വാങ്ങിയപ്പോൾ
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാൻ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്. പരാതിക്കാരനായ ഡോക്ടറിൽ നിന്ന് പ്രതി 10 ലക്ഷം രൂപ വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ആശുപത്രിക്കെതിരെ വ്യാജവാർത്ത ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് സുഹൈൽ ഷാജഹാൻ പണം തട്ടിയത്. തിരുവനന്തപുരത്തെ ഇൻഫെർട്ടിലിറ്റി ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് കേസ്.
ഇൻഫെർട്ടിലിറ്റി ക്ലിനിക്കിനെതിരെ ചങ്ങാതിക്കൂട്ടം എന്ന സോഷ്യൽ മീഡിയ പേജിൽ സുഹൈൽ ഷാജഹാൻ നേരത്തെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. തുടർന്ന് വീഡിയോ നീക്കം ചെയ്യുന്നതിന് സുഹൈൽ 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഇതിന് സ്ഥാപന ഉടമ വഴങ്ങാത്തതിനെ തുടർന്ന് മാധ്യമങ്ങളിൽ വാർത്ത നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതേതുടർന്നാണ് ആശുപത്രി ഉടമ പേട്ട പൊലിസിൽ പരാതി നൽകിയത്. പൊലിസിന്റെ നിർദേശപ്രകാരം പണം നൽകാമെന്നും ആശുപത്രിയിലേക്ക് വരാനും സുഹൈൽ ഷാജഹാനോട് ഉടമ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് ഇന്ന് രാവിലെ 11 ഓടെ ആശുപത്രിയിൽ എത്തിയപ്പോൾ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയാണ് സുഹൈൽ ഷാജഹാൻ.
Tags : SuhailShahjahan DCC Trivandrum Crime Police Investigation CaseFile