അധിനിവേശ ക്രിമിയയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ സ്പാൻ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ തകർന്നുവീണ നിലയിൽ.
മോസ്കോ: തുടർച്ചയായ രണ്ടാം ദിനവും റഷ്യയിൽ ഡ്രോൺ വർഷിച്ച് യുക്രെയ്ൻ. പ്രസിഡന്റ് പുടിന്റെ അഭിമാനപദ്ധതിയായ ക്രിമിയൻ പാലം തകർന്നു.
യുക്രെയ്ൻ സേന തൊടുത്ത 1,441 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ടുമാത്രം എണ്ണൂറു ഡ്രോണുകൾ വന്നു.
യുക്രെയ്ൻ സേന റഷ്യയിൽ നടത്തുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. തൊട്ടുമുന്പത്തെ ദിവസം പ്രയോഗിച്ച 1,336 ഡ്രോണുകളുടെ റിക്കാർഡാണു ഭേദിച്ചത്.
ഡ്രോൺ ആക്രമണത്തിൽ തെക്കൻ റഷ്യയെയും അധിനിവേശ ക്രിമിയയെയും ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിനുണ്ടായ നാശത്തിന്റെ തോത് റഷ്യൻ വൃത്തങ്ങൾ വെളിപ്പെടുത്തിയില്ല. പക്ഷേ, പാലത്തിന്റെ സ്പാൻ തകർന്ന് കടലിൽ കിടക്കുന്ന ദൃശ്യങ്ങൾ പറത്തുവന്നു. ഇതോടെ നാവിക ഗതാഗതവും തടസപ്പെട്ടു. രണ്ടു പേർ മരിച്ചതായും പാലത്തിലെ ഗതാഗതം നിർത്തിവച്ചതായും റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
റഷ്യൻ അധിനിവേശം ആരംഭിച്ചശേഷം യുക്രെയ്ൻ സേന പലവട്ടം ക്രിമിയൻ പാലം ആക്രമിച്ചിട്ടുണ്ട്. 19 കിലോമീറ്റർ നീളമുള്ള റെയിൽ-റോഡ് പാലം പുടിന്റെ സ്വപ്നമായിരുന്നു. 2014ൽ റഷ്യൻ സേന ക്രിമിയ പിടിച്ചെടുത്തതിനു പിന്നാലെ പുടിന്റെ ഉത്തരവ് പ്രകാരമാണു പാലം നിർമിച്ചത്.
റഷ്യൻ സേന യുക്രെയ്നിലെ പാലങ്ങളിൽ നിരന്തരം ആക്രമണം നടത്തുന്നതിനു പ്രതികാരമായിട്ടാണ് ഇത്തവണ ക്രിമിയൻ പാലത്തെ ലക്ഷ്യമിട്ടതെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
പുടിൻ ചൈനയിൽ പ്രസിഡന്റ് ഷിയുമായും അമേരിക്കൻ പ്രസിഡന്റ് ട്രംപുമായും പ്രഥമ ത്രികക്ഷി ഉച്ചകോടിക്കു പുറപ്പെടാനിരിക്കേയാണ് അശുഭ വാർത്തയുണ്ടായത്. പാലത്തിനു നേർക്കുണ്ടായ ആക്രമണത്തെക്കുറിച്ച് പുടിനെ വിവരം ധരിപ്പിച്ചുവെന്നാണ് റഷ്യൻ വൃത്തങ്ങൾ പറഞ്ഞത്.
ഇതിനിടെ, യുക്രെയ്നിൽ റഷ്യയുടെ മിസൈൽ-ഡ്രോൺ ആക്രമണം പതിവുപോലെ തുടർന്നു. തലസ്ഥാനമായ കീവിൽ നിപ്രോ നദിക്കു കുറുകെയുള്ള വടക്ക്, തെക്ക് പാലങ്ങളിൽ വീണ്ടും ആക്രമണമുണ്ടായി.
Tags : Drones Russia Crimean Bridge destroyed International News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash