ക്ലോഡിയോ ഗ്രോസി വിളയിച്ച ഗോതമ്പ്.
1915-ൽ ഇറ്റലിയിലെ പാർമയിൽ ആരംഭിച്ച ഫാം. അവിടത്തെ വീടിന്റെ തട്ടിൻപുറത്തുനിന്ന് അനന്തരാവകാശിക്ക് ഒരു ചാക്ക് വിത്തുകിട്ടി. കാർഷികമേഖലയിൽ മികച്ച ജ്ഞാനമുള്ള ക്ലോഡിയോ ഗ്രോസി ചാക്കുകെട്ട് പരിശോധിച്ചു. ഉപയോഗശൂന്യമായ എന്തെങ്കിലുമായിരിക്കുമെന്നാണ് ഗ്രോസി കരുതിയത്. എന്നാൽ, മച്ചിനുമുകളിൽ ഗ്രോസിയുടെ മുത്തച്ഛൻ സൂക്ഷിച്ചിരുന്നത് അമൂല്യവിത്തിനങ്ങളായിരുന്നു!
പതിറ്റാണ്ടുകളോളം പ്രകാശംപോലുമേൽക്കാതെ കിടന്ന ധാന്യവിത്തുകൾ മുളയ്ക്കുമെന്ന് ഗ്രോസി സ്വപ്നത്തിൽപോലും കരുതിയില്ല. അദ്ദേഹം വിത്തുകൾ ചാണകക്കൂമ്പാരത്തിലേക്കും അതിന്റെ സമീപത്തേക്കുമെറിഞ്ഞു. അധികം വൈകാതെ, അവിടെ ഗോതമ്പുചെടികൾ മുളച്ചുവന്നു. അതിലൊന്നു ഗ്രോസിയെ അദ്ഭുതപ്പെടുത്തി. അസാധാരണ വലിപ്പമുള്ള, ഏതാണ്ട് ആറടിയിലേറെ വലിപ്പമുള്ള ഗോതമ്പുചെടി!
സാധാരണ ഗോതമ്പുകളിൽനിന്നു വ്യത്യസ്തമായി; നീളമേറിയ കതിരിനു ചുറ്റും ആറോളം ചെറിയ കതിരുകൾ, വിരലുകൾ ചേർന്നിരിക്കുന്നതുപോലെ! മഞ്ഞ, കറുപ്പ്, ചുവപ്പ്, വെള്ള, പച്ച തുടങ്ങി വ്യത്യസ്ത വർണങ്ങളിലുള്ള മനോഹരമായ ധാന്യമണികളായിരുന്നു ചെടികളിൽ വിളഞ്ഞത്. കാർഷിക രംഗത്തു വർഷങ്ങളുടെ പരിജ്ഞാനമുള്ള ഗ്രോസിയുടെ ആദ്യത്തെ അനുഭവമായിരുന്നു ഇത്.

ബൈബിൾ കാലഘട്ടവുമായി ബന്ധം
ക്ലോഡിയോ ഗ്രോസി തികഞ്ഞ ദൈവവിശ്വാസിയായിരുന്നു. ചർച്ചിൽ ബൈബിൾ വായിക്കുന്നതിനിടെ, ഉൽപത്തി പുസ്തകത്തിൽ ജോസഫ് ഫറവോയ്ക്കു വ്യാഖ്യാനിച്ചു കൊടുക്കുന്ന സ്വപ്നത്തെക്കുറിച്ചുള്ള ഭാഗം മനസിൽതട്ടി- 'ഒറ്റ തണ്ടിൽ ഒന്നിനുപുറകെ ഒന്നായി ഏഴ് കതിരുകൾ വളർന്നുവരുന്നു...'
തന്റെ ചാണകക്കൂമ്പാരത്തിൽ വളർന്ന ഗോതമ്പുകതിരുകളുമായി ഇതിനുള്ള സാദൃശ്യം അദ്ദേഹം പെട്ടെന്നു തിരിച്ചറിഞ്ഞു. ഒരുപക്ഷേ, ഇതു ബൈബിൾ കാലഘട്ടത്തിൽ കൃഷി ചെയ്തിരുന്ന അതേ ഗോതമ്പാകാം! ആ തിരിച്ചറിവ് ഗ്രോസിക്കു വലിയ ആവേശമായി.
ഗോതമ്പുമണികൾ പൊടിച്ചു മാവാക്കി റൊട്ടി തയാറാക്കിയപ്പോൾ, അദ്ഭുതകരമായ സുഗന്ധവും രുചിയുമായിരുന്നുവെന്ന് ഗ്രോസി പറഞ്ഞു. രാസവളങ്ങളോ, കീടനാശിനികളോ ആവശ്യമില്ലാത്തതും വരൾച്ചയെ പ്രതിരോധിക്കാൻവരെ ശേഷിയുള്ളതുമായ ഗോതമ്പിന് 'ഗ്രാനോ ഡെൽ മിറാക്കോലോ' (അത്ഭുത ഗോതമ്പ്) എന്നു പേരിട്ടു!
പാർമ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനങ്ങളിൽ 'ട്രിറ്റിക്കം തുർജിഡം' എന്ന അപൂർവയിനം ഗോതമ്പാണിതെന്നു മനസിലായി. പുരാതന ഈജിപ്തിലും തുർക്കിയിലും സമീപദേശങ്ങളിലും വ്യാപകമായി കൃഷി ചെയ്തിരുന്ന ഗോതമ്പ് ഇനമാണിത്. സാധാരണ ഗോതമ്പിനേക്കാൾ ഇരുമ്പും ഫോസ്ഫറസും അടങ്ങിയിട്ടുള്ള ഇതിൽ ഗ്ലുട്ടന്റെ അളവും കുറവാണ്. മാത്രമല്ല, കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ അമിനോ ആസിഡുകൾ ധാരാളമുണ്ടെന്നും ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു.
ഇവൻ കരുത്തൻ
കാലാവസ്ഥാ വ്യതിയാനവും കടുത്ത വരൾച്ചയും കാർഷികമേഖലയെ പ്രതികൂലമായി ബാധിക്കുന്പോൾ, പ്രതിരോധശേഷിയുള്ള പരമ്പരാഗത വിത്തിനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഗവേഷകർ ചൂണ്ടിക്കാട്ടി. മുത്തച്ഛന്റെ തട്ടിൻപുറത്തെ വിത്തുകൾ, ഒരിക്കലും മുളയ്ക്കില്ലെന്നു വിശ്വസിച്ചു തള്ളിക്കളഞ്ഞ വിത്തുകൾ, ആധുനിക കൃഷിരീതിക്കു പുതിയ ദിശാബോധം നൽകുമെന്നാണു ഗ്രോസിയുടെ പ്രതീക്ഷ.
Tags : BiblicalWheat Triticumturgidum GranodelMiracolo ClaudioGrossi Ancientwheatvarieties