ശിവ പാര്‍വതി ചിത്രവും രാഹുൽ ഗാന്ധിയും
ന്യൂഡൽഹി: രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും സ്നേഹബന്ധത്തെ കുറിച്ചുള്ള പരാമർശങ്ങളിൽ ട്രോളുകളും വിമർശനങ്ങളും ഉയർത്തിയ ബിജെപി-ആർഎസ്എസ് അനുഭാവികൾക്ക് ശക്തമായ മറുപടിയുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ശിവ പാര്‍വതി ചിത്രം പങ്കുവച്ചുകൊണ്ടാണ് സംഘപരിവാർ അനുകൂലികൾക്ക് രാഹുൽ മറുപടിയുമായി രംഗത്തെത്തിയത്. ബിജെപി-ആർഎസ്എസ് അനുഭാവികളുടെ മനസിൽ ഭയവും കോപവും വെറുപ്പും വലകെട്ടിയിരിക്കുകയാണെന്നും അതാണ് സ്നേഹം അനുഭവിക്കുന്നതിൽ നിന്നും പ്രകടിപ്പിക്കുന്നതിൽ നിന്നും അവരെ തടയുന്നതെന്നും രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു.
ഒരു യഥാര്‍ഥ ഹിന്ദു എന്ന നിലയില്‍ അവരെ ഈ വലയത്തില്‍ നിന്നും മുക്തരാക്കേണ്ടത് തന്റെ കടമയാണ്. അതുവഴി സ്നേഹത്തിന്റെ സൗന്ദര്യവും ആനന്ദവും അവരും അനുഭവിച്ചു തുടങ്ങും എന്നാണ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരിക്കുന്നത്.
സ്നേഹത്തിന്റെ പ്രാധാന്യം മനസിലാക്കാന്‍ ബിജെപി-ആര്‍എസ്എസ് അനുഭാവികള്‍ക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി സത്യം,ശിവം,സുന്ദരം എന്ന് കുറിച്ചാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
സോണിയ ഗാന്ധിയുടെ ആത്മകഥയായ ബിലോംഗിംഗ്: എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്തകത്തിന്റെ ഔദ്യാഗിക പ്രകാശന ചടങ്ങില്‍ തന്റെ മാതാപിതാക്കളുടെ സ്നേഹബന്ധത്തെ കുറിച്ച് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചിരുന്നു. അച്ഛന്റെയും അമ്മയുടെയും ബന്ധത്തെക്കുറിച്ച് രാഹുൽ ചടങ്ങിൽ വാചാലനായിരുന്നു.
ഭക്ഷണ സമയത്ത് പലപ്പോഴും അച്ഛന്റെ മടിയില്‍ അമ്മയുണ്ടായിരുന്നു. തന്റെ കൂട്ടുകാരുടെ വീടുകളില്‍ പോകുന്നതുവരെ ഇത് സാധാരണമെന്നാണ് താന്‍ കരുതിയിരുന്നത്.അങ്ങനെയാണ് തങ്ങള്‍ വളര്‍ന്നുവന്നത് എന്നായിരുന്നു തന്റെ ബാല്യകാലത്തിലെ ഓര്‍മകള്‍ പങ്കുവെച്ച് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ആയിരുന്നു ബിജെപി-ആർഎസ്എസ് നേതാക്കൾ അധിക്ഷേപ പരാമർശവുമായി രംഗത്തുവന്നത്.
Tags : RahulGandhi Sonia Gandhi Congress RajeevGandhi NewDelhi