National
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിൽ നടന്നത് പകൽക്കൊള്ളയാണെന്ന് എഐസിസി മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപ്പാർട്ട്മെന്റ് ചെയർമാൻ പവൻ ഖേര . ഇന്ദിരാഭവനിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇത്തരത്തിൽ പ്രതികരിച്ചത്. പ്രധാനമന്ത്രി മോദിയുടെ നിർദേശപ്രകാരമാണ് അയോധ്യയിൽ ട്രസ്റ്റ് തുടങ്ങിയത്.
രാമക്ഷേത്ര നിർമാണത്തിൽ ഇതുവരെ ഊറ്റം കൊണ്ട മോദിയും ആർഎസ്എസും അഴിമതി പുറത്ത് വന്നപ്പോൾ മൗനം പാലിക്കുകയാണ്. ഇതിൽ ആരെയാണ് സംരക്ഷിക്കാൻ ശ്രമം നടക്കുന്നതെന്നും ആരാണ് വിഷയത്തിൽ വ്യക്തമായി മറുപടി തരുന്നതെന്നും അദ്ദേഹം ചോദിച്ചു.
ക്ഷേത്രം എൽ ആൻഡ് ടി കന്പനി സൗജന്യമായി നിർമിച്ചുനൽകാമെന്ന് അറിയിച്ചിരുന്നു. അത് തള്ളിക്കളഞ്ഞ് 2100 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്രത്തിന്റെ നിർമാണം നടത്തിയത്. രാമക്ഷേത്രത്തിൽ ഗോശാല നിർമിക്കാനെന്ന് കാട്ടി കോടികളാണ് ചെലവഴിച്ചതെന്ന് പവൻ ഖേര ആരോപിച്ചു.
40 വർഷം കൊണ്ട് കോടിക്കണക്കിന് രൂപയാണ് ആർഎസ്എസും ബിജെപിയും ചേർന്ന് ക്ഷേത്ര നിർമാണമെന്ന പേരിൽ പിരിച്ചെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: കേരള കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടത്താൻ അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്.
സാംസ്കാരിക വകുപ്പിന്റെ അനുമതിയില്ലാതെ കലാമണ്ഡലത്തിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾ നടക്കുന്നു എന്നാണ് കോൺഗ്രസിന്റെ പരാതി. വിസിയുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധം.
അതേസമയം, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കൂകിവിളികളുമായി വിദ്യാർഥികൾ രംഗത്തെത്തി. പഠിക്കാനുള്ള അവകാശത്തെ തടയുന്നുവെന്നാണ് വിദ്യാർഥികൾ പറയുന്നത്.
Kerala
കോട്ടയം: പാലാ നഗരസഭയിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ കലുഷിതമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി ബിജു പുളിക്കകണ്ടം. അധികാരം പിടിക്കുന്നതിനായി മറ്റൊരു മുന്നണിയുമായും യാതൊരുവിധ ചർച്ചകൾക്കും ശ്രമങ്ങൾക്കും സ്വതന്ത്ര മുന്നണി തയാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തങ്ങൾക്ക് വോട്ടുചെയ്ത ജനങ്ങൾ ആരും തന്നെ തങ്ങൾ മുനിസിപ്പൽ ചെയർപേഴ്സൺ പദവിയിൽ വരാൻ ആഗ്രഹിച്ചല്ല വോട്ട് രേഖപ്പെടുത്തിയത്. മറിച്ച് സ്വതന്ത്ര കൗൺസിലർമാരായി നിലകൊള്ളാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ നഗരസഭയിൽ ഒരൊറ്റ സ്വതന്ത്ര ബ്ലോക്കായി ഇരുന്ന് പ്രശ്നാധിഷ്ഠിതമായി ചിന്തിച്ച് പ്രവർത്തിക്കാനാണ് തങ്ങളുടെ തീരുമാനം.
അതിനാൽ ഇരുമുന്നണികളും തങ്ങളെച്ചൊല്ലി വേവലാതിപ്പെടേണ്ടതില്ലെന്നും ബിജു പുളിക്കകണ്ടം കൂട്ടിച്ചേർത്തു. അതേസമയം പാലാ നഗരസഭയിലെ ആഭ്യന്തര കലാപത്തിൽ അന്തിമ തീരുമാനമെടുക്കാൻ ജില്ലാ കോൺഗ്രസ് നേതൃത്വം വിഷയം കെപിസിസിക്ക് വിട്ടിരിക്കുകയാണ്.
National
ഷിംല: അടുത്ത വർഷം ഹിമാചൽ പ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും ഭരണം നിലനിർത്തുകയെന്നും സുഖ്വിന്ദർ സിംഗ് സുഖു അവകാശപ്പെട്ടു.
"സംസ്ഥാന സർക്കാർ ജനങ്ങൾക്കൊപ്പമാണ്. സർക്കാരിനെ ജനങ്ങൾ അനുകൂലിക്കുന്നുവെന്നാണ് അറിയാൻ സാധിച്ചത്. അതുകൊണ്ട് തന്നെ കൂടുതൽ സീറ്റുകൾ നേടി അടുത്ത തവണയും കോൺഗ്രസ് തന്നെ അധികാരത്തിലെത്തും. '-സുഖ്വിന്ദർ സിംഗ് സുഖു പറഞ്ഞു.
"ബിജെപിയെ ഹിമാചലിലെ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്. ഇനി അവരെ ജനങ്ങൾ വിജയിപ്പിക്കില്ല. കഴിഞ്ഞ തവണത്തെക്കാൾ കുറച്ച് സീറ്റുകൾ മാത്രമെ ബിജെപിക്ക് 2027ൽ ലഭിക്കൂ.'-ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
National
ചണ്ഡിഗഡ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പഞ്ചാബ് കോൺഗ്രസിൽ തമ്മിലടി രൂക്ഷം. മുൻ മുഖ്യമന്ത്രിയും ദളിത് നേതാവുമായ ചരൺജിത് സിംഗ് ചന്നിയെ പിസിസി അധ്യക്ഷനാക്കണമെന്ന് അനുയായികളായ എംഎൽഎമാർ ആവശ്യപ്പെടുന്നു. എന്നാൽ, അമരീന്ദർ രാജാ വാറിംഗിനെ അധ്യക്ഷസ്ഥാനത്തു നിലനിർത്തിയിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്.
ഇന്നലെ ആറ് എംഎൽഎമാരും നിരവധി മുൻഎംഎൽഎമാരും മുൻ ഉപമുഖ്യമന്ത്രി ഒ.പി. സോണി അടക്കമുള്ള മുതിർന്ന നേതാക്കളും ചന്നിയുടെ വീട്ടിൽ യോഗം ചേർന്ന് പിന്തുണ പ്രഖ്യാപിച്ചു.
ജലന്ധർഎംപിയായ ചരൺജിത് ചന്നിയെ പ്രചാരണസമിതി ചെയർപേഴ്സണായി നിയമിച്ചിട്ടുണ്ട്. അമരീന്ദർ രാജാ വാറിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസിന് അധികാരത്തിലെത്താനാകില്ലെന്നു ചന്നിയുടെ അനുയായികൾ വാദിക്കുന്നു. പിസിസി അധ്യക്ഷസ്ഥാനം ലഭിക്കാത്തതിൽ ചന്നിക്ക് കടുത്ത അതൃപ്തിയുണ്ട്.
National
ന്യൂഡൽഹി: സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തിൽ ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് കോൺഗ്രസ്. അന്വേഷണം സുപ്രീംകോടതിയുടെ മേൽനോട്ടത്തിലാക്കണം.
ക്ഷേത്ര നിർമാണത്തിന്റെ മുഴുവൻ ഖ്യാതിയും സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി കൊള്ളയെക്കുറിച്ച് മൗനം വെടിയണമെന്നും കോൺഗ്രസ് നേതാവ് രാഗിണി നായക് ആവശ്യപ്പെട്ടു.
ട്രസ്റ്റ് രൂപീകരണത്തിനു മുന്‍പ് സംഭാവനയായി 1400 കോടിയോളം രൂപ പിരിച്ചെടുത്തിട്ടുണ്ട്. ഈ തുക ദുരുപയോഗം ചെയ്തതിലൂടെ ജനവിശ്വാസത്തെ ട്രസ്റ്റ് നേതൃത്വം ചതിക്കുകയായിരുന്നുവെന്നും രാഗിണി നായക് ആരോപിച്ചു.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ യെസ് ബോസ് കള്‍ച്ചര്‍ ഇല്ലെന്ന് എക്സൈസ് മന്ത്രി എം.ലിജു. ഏകഛത്രപതി ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മന്ത്രി പ്രതികരിച്ചു.
വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോയെന്നതില്‍ യുഡിഎഫ് തീരുമാനം എടുക്കും. സര്‍ക്കാര്‍ നയം സംബന്ധിച്ച് ആര്‍ക്കും ആശങ്കകള്‍ പങ്കുവയ്ക്കാം. ആശങ്ക പ്രകടിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
പിണറായി വിജയന് പറയുന്നതിലും അപ്പുറത്തേക്ക് മറ്റൊന്ന് നിലവില്‍ ഇല്ലെന്ന് പറയുന്ന ഒരു പാര്‍ട്ടിയല്ല തങ്ങളുടേത്. അതിനാല്‍ അഭിപ്രായം ഉയരും. അതാണ് കോണ്‍ഗ്രസിന്റെ സൗന്ദര്യമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉള്‍പ്പെടെ ആ സ്പിരിറ്റിലാണ്. വേറെ വ്യാഖ്യാനിക്കേണ്ട. മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി
നിലവില്‍ 23 വയസ്സുതന്നെയാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി. അത് കര്‍ശനമാക്കാനാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ സംബന്ധിച്ചുയർന്നുവന്ന വിവാദങ്ങളിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
രാജ്യത്ത് വലിയ രീതിയിൽ ദൈവഭക്തിയും ദേശഭക്തിയും പ്രസംഗിക്കുന്നവരുടെ യഥാർഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. അയോധ്യയിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ അമ്പലക്കൊള്ളയാണെന്നും കെ.സി ആരോപിച്ചു.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതതല സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ക്ഷേത്രത്തിന്റെ പൂർണ നിയന്ത്രണം കേന്ദ്ര സർക്കാരിനായിരുന്നിട്ടും തട്ടിപ്പ് പുറത്തുവന്നപ്പോൾ പാവപ്പെട്ട താഴേത്തട്ടിലുള്ള ജീവനക്കാരെ മാത്രം പ്രതികളാക്കി യഥാർഥ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: അയോധ്യ സംഭാവനത്തട്ടിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രി നേരിട്ട് ഭൂമിപൂജിയും പ്രാണപ്രതിഷ്ഠയും നടത്തിയ ക്ഷേത്രത്തിൽ നടന്ന തട്ടിപ്പിൽ അദ്ദേഹം എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും പ്രധാനമന്ത്രി മൗനം വെടിഞ്ഞ് രാജ്യത്തെ അഭിസംബോധന ചെയ്തു മാപ്പ് പറയണമെന്നും കോൺഗ്രസിന്റെ സമൂഹമാധ്യമ അധ്യക്ഷയും ദേശീയ വക്താവുമായ സുപ്രിയ ശ്രീനേഥ് കോൺഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനും കൊടിയേറ്റിനും നേതൃത്വം കൊടുത്ത പ്രധാനമന്ത്രി തന്നെയാണ് ക്ഷേത്രത്തിന്റെ ട്രസ്റ്റിനു 2020 ഫെബ്രുവരിയിൽ രൂപം കൊടുത്തത്. ആർഎസ്എസുമായി ബന്ധമുള്ളവരാണ് ട്രസ്റ്റിൽ നിയമിക്കപ്പെട്ടത്. എന്നാൽ, ട്രസ്റ്റ് വിവരാവകാശനിയമത്തിന്റെ പരിധിയിൽപ്പെട്ടില്ല. ട്രസ്റ്റ് ഉടൻതന്നെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് ട്രസ്റ്റിലെ എല്ലാ മുതിർന്ന ഭാരവാഹികൾക്കെതിരേയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
വിഷയത്തിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ കീഴിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് വെബ്സൈറ്റിലൂടെ പരസ്യമാക്കണമെന്നും ക്ഷേത്രത്തിനു സംഭാവനയായി ലഭിച്ച സ്വത്തുക്കളിൽ സ്വതന്ത്ര ഓഡിറ്റ് നടത്തണമെന്നും സുപ്രിയ ആവശ്യപ്പെട്ടു.
തട്ടിപ്പിൽ സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നു കോൺഗ്രസ് വീണ്ടും ആവർത്തിച്ചിട്ടുണ്ട്. അയോധ്യയിലെ ക്ഷേത്രം സന്ദർശിക്കുന്നത് തടയാൻ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ഉൾപ്പെടെയുള്ളവരെ ഹൗസ് അറസ്റ്റിനു വിധേയമാക്കിയത് പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും സുപ്രിയ ശ്രീനേഥ് കുറ്റപ്പെടുത്തി.
Kerala
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ. മാധവൻ(80) അന്തരിച്ചു. ഏതാനും മാസങ്ങളായി വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
മണലൂർ മുൻ എംഎൽഎ ആയിരുന്നു. തൃശൂർ ജില്ല കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്. തൃശൂർ ഡിസിസി അധ്യക്ഷനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ കേന്ദ്രസർക്കാർ പരസ്യപ്പെടുത്തിയതിനു പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ വിമർശിച്ച് കോൺഗ്രസ്.
ഓപ്പറേഷൻ സിന്ദൂർ നടന്ന് രണ്ട് മാസത്തിനുശേഷം 2025 ജൂലൈ 28ന് പ്രതിരോധമന്ത്രി “ഈ ഓപ്പറേഷനിൽ നമ്മുടെ ധീരരായ സൈനികർക്ക് പരിക്കേറ്റിരുന്നില്ല” എന്നു ലോക്സഭയിൽ പറഞ്ഞതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് വിമർശനം.
രണ്ടു സാധ്യതകളാണ് എഐസിസി മാധ്യമവിഭാഗം തലവൻ പവൻ ഖേര ചൂണ്ടിക്കാട്ടുന്നത്. ഒന്നുകിൽ ആറ് സൈനികർ വീരമൃത്യു വരിച്ചതിനെക്കുറിച്ച് പ്രതിരോധമന്ത്രി അറിഞ്ഞിരുന്നില്ല. സ്വന്തം മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മന്ത്രിക്ക് അറിവില്ലെന്നത് ഗുരുതരമാണ്. അതല്ലെങ്കിൽ സത്യമറിഞ്ഞിട്ടും അദ്ദേഹം പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.
സർക്കാർ ജനങ്ങളോട് കള്ളം പറയുകയെന്ന കൂടുതൽ ഗൗരവമുള്ള കാര്യമാണിതെന്ന് പവൻ ഖേര കുറ്റപ്പെടുത്തി. ആറ് ധീരരായ സൈനികരുടെ ത്യാഗം മറച്ചുവയ്ക്കപ്പെട്ടുവെന്നും അവർ അർഹിച്ചിരുന്ന ബഹുമാനവും അംഗീകാരവും നഷ്ടപ്പെട്ടെന്നും പവൻ ഖേര കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: എ.എ. റഹീം എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് പേരാമ്പ്ര സ്വദേശി ആദം കുട്ടി എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.
കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഡിവൈഎഫ്ഐ തടയും എന്ന് റഹീമിന്റെ ഫോട്ടോ ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചതിനാണ് കേസ്. കലാപാഹ്വാനത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പേരാമ്പ്ര വള്ളിക്കുന്ന് സ്വദേശിയാണ് ആദംകുട്ടി. ഈ മാസം 12നാണ് റഹീമിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചത്.
മുൻപും എ.എ. റഹീം എംപിക്കെതിരെ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. കാഫിര്‍ സ്ക്രീന്‍ഷോട്ട് നിര്‍മിക്കാന്‍ ആഹ്വാനം ചെയ്തത് റഹീമാണെന്ന് പ്രതി ജിതിന് ഭാസ്കര്‍ മൊഴി നല്‍കിയെന്നും വ്യാജ പ്രചരണമുണ്ടായി.
അഗസ്റ്റിന് ചെറുപുഴ, സാജന് അല്‍ഫോണ്‍സ് എന്നീ പ്രൊഫൈലുകളില്‍ നിന്നായിരുന്നു പോസ്റ്റ്. ഇതിലും റഹീം പരാതി നല്‍കിയിരുന്നു. ഓപ്പറേഷന് തൂഫാനെതിരെ എ.എ. റഹീം രംഗത്തു വന്നു എന്ന വ്യാജ പ്രചരണവും നടന്നിരുന്നു. ഇതില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ശ്രീകാന്ത് പള്ളിത്തോട്, റിയാസ് തത്തോത്ത് എന്നീ ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.
Kerala
പാലക്കാട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് വിവാദത്തിലായ കോൺഗ്രസ് വാർഡ് മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാർഡ് മെമ്പറായ സുനിൽ ചുവട്ടുപാടമാണ് ഹൈക്കോടതി വിധിയെത്തുടർന്ന് നിയമപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മോഹൻദാസാണ് സത്യവാചകം ചൊല്ലിക്കെടുത്തത്. നേരത്തെ ഈശ്വരാനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നു എന്നായിരുന്നു സുനിൽ പ്രതിജ്ഞ എടുത്തിരുന്നത്. ഭരണഘടനാപരമായ പദവികളിലേക്ക് വ്യക്തികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വാർഡ് മെമ്പർ കോടതിയെ സമീപിക്കുകയായിരുന്നു.
തിരുവനന്തപുരം കോർപറേഷനിൽ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത ബിജെപി കൗൺസിലർമാരുടെ പദവി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവിലാണ് സുനിലിന്റെയും സത്യപ്രതിജ്ഞ റദ്ദാക്കിയത്.
ഉത്തരവിന്റെ പകർപ്പ് ലഭിച്ച് നാലാഴ്ചയ്ക്കുള്ളിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്യണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ഇതോടെയാണ് നിയമക്കുരുക്ക് ഒഴിവാക്കാൻ സുനിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്.
Kerala
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ് സര്‍ക്കാരെന്ന സുധീരന്റെ ആരോപണത്തിന് പിന്നാലെയാണ് വിമർശനവുമായി പിണറായി രംഗത്തെത്തിയത്.
സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസാണെന്ന് പിണറായി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുമേഖലയിൽ അധിഷ്ഠിതമായ റെയര്‍ എര്‍ത്ത് ഇടനാഴിയെന്ന എൽഡിഎഫ് ആശയത്തെ അട്ടിമറിച്ച് സ്വകാര്യ വത്കരണനീക്കത്തിനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പിണറായി സുധീരനെ തള്ളി രംഗത്തുവന്നത്.
പോസ്റ്റിന്റെ പൂർണരൂപം;
കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഡിഎഫ് സർക്കാരാണെന്ന ശ്രീ. വി.എം. സുധീരന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. നിലവിലെ യുഡിഎഫ് സർക്കാരിന്റെ കരിമണൽ ഖനന നയത്തെ അതിശക്തമായി വിമർശിച്ചവേളയിലാണ് വസ്തുതകൾക്കു നിരക്കാത്ത ഇങ്ങനെയൊരു പരാമർശം അദ്ദേഹത്തിൽ നിന്നുണ്ടായത്.
സ്വകാര്യ മേഖലയ്ക്ക് ഖനനം നടത്താനുള്ള അധികാരം ആദ്യമായി നൽകിയത് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരായിരുന്നു. ഇതിനെ പിൻപറ്റി 2001-2006 കാലഘട്ടത്തിൽ കേരളം ഭരിച്ച എ.കെ. ആന്റണി - ഉമ്മൻ ചാണ്ടി സർക്കാരുകളാണ് സംസ്ഥാനത്ത് കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കാൻ അനുമതി നൽകിയത്. സുനാമി ദുരന്തത്തിന് ശേഷം ശക്തമായ ജനകീയ പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടും അവയെയെല്ലാം അവഗണിച്ചുകൊണ്ട് സ്വകാര്യ മേഖലയിലെ ഖനന തീരുമാനങ്ങളുമായി മുന്നോട്ടുപോകാനാണ് അന്ന് യുഡിഎഫ് സർക്കാർ ശ്രമിച്ചത്.
എന്നാൽ, 2006 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ സ്വകാര്യ കരിമണൽ ഖനനത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. ഇതിനെതിരെ കരിമണൽ കമ്പനികൾ കേന്ദ്ര മൈനിങ് വകുപ്പിനെ സമീപിച്ച് അപ്പീൽ നൽകിയപ്പോൾ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും കരിമണൽ ലോബിക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. കേന്ദ്രത്തിൽ നിന്ന് അനുകൂല നിലപാടുണ്ടായിട്ടും കേരളത്തിലെ എൽഡിഎഫ് സർക്കാർ സ്വകാര്യ ഖനനത്തിന് വഴങ്ങിയില്ല. ഇതോടെ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കരിമണൽ കമ്പനികൾക്ക് ഹൈക്കോടതിയെ സമീപിക്കേണ്ട നിലയുണ്ടായി.
പിന്നീട് 2011 ൽ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ കമ്പനികൾ നൽകിയ ഈ കേസ് മനഃപൂർവ്വം തോറ്റുകൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. എങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങൾ കാരണം വിചാരിച്ച രീതിയിൽ സ്വകാര്യ ഖനന തീരുമാനം നടപ്പിലാക്കാൻ അന്നത്തെ യുഡിഎഫ് സർക്കാരിന് സാധിച്ചില്ല.
2016 ൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയും 2026 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ഒരിടത്തുപോലും സ്വകാര്യ ഖനനത്തിന് അനുമതി നൽകാതിരിക്കുകയും ചെയ്തു. 2023 ൽ കേന്ദ്ര സർക്കാർ മൈനർ മിനറൽ ലൈസൻസിങ് നിയമത്തിൽ കരിമണൽ ലോബിക്ക് ഗുണം ചെയ്യുന്ന രീതിയിൽ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ ഏറ്റവും ശക്തമായി എതിർത്തത് കേരളത്തിലെ എൽഡിഎഫ് സർക്കാരായിരുന്നു. കേരളത്തിന്റെ ഔദ്യോഗികമായ എതിർപ്പിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന് പിന്നീട് ആ നിയമഭേദഗതി പിൻവലിക്കേണ്ടി വന്നത്.
കഴിഞ്ഞ 10 വർഷമായി കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. പൊതുമേഖലാ അധിഷ്ടിതമായ റെയർ എർത്ത് ഇടനാഴി എന്ന ആശയത്തെയാണ് അവസാനത്തെ എൽഡിഎഫ് സർക്കാർ മുന്നോട്ടു വെച്ചത്. ഇതിനെ അട്ടിമറിച്ചുകൊണ്ട്, കേന്ദ്രസർക്കാരിന്റെ പാതയിൽ സ്വകാര്യവൽക്കരണത്തിനുള്ള നീക്കത്തിനാണ് ഈ ബജറ്റിൽ യുഡിഎഫ് സർക്കാർ ശ്രമിച്ചത്. റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ കോറിഡോർ എന്ന ബജറ്റ് നിർദ്ദേശം കരിമണൽ ലോബിയുടെ താല്പര്യമാണ് എന്നു വ്യക്തമാണ്.
എക്കാലവും കരിമണൽ ലോബിയെ സഹായിക്കുന്ന നിലപാടുകൾ സ്വീകരിച്ചത് യുഡിഎഫ് സർക്കാരുകളായിരുന്നു എന്നത് ഈ നാടിനറിയുന്ന യാഥാർത്ഥ്യമാണ്. ഈ വിഷയത്തിൽ യുഡിഎഫ് സർക്കാരുകൾക്കെതിരെ മുൻപ് ശ്രീ സുധീരൻ തന്നെ മുന്നോട്ടുവന്നതുമാണ്. ഇപ്പോൾ ഇതേ വിഷയത്തിൽ സ്വന്തം മുന്നണി സർക്കാരിനെ വിമർശിച്ചതിനെ ബാലൻസു ചെയ്യാനുള്ള ശ്രമമായിട്ടാവാം ചരിത്രവിരുദ്ധമായ പ്രസ്താവനകൾ ശ്രീ വിഎം സുധീരനിൽ നിന്നുണ്ടാകുന്നത്.
Kerala
തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സിപിഎം. ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകളെ പൂര്‍ണമായും, മറ്റ് ജില്ലകളിലെ 92 വില്ലേജുകളെ ഭാഗികമായും പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണ് കേന്ദ്രസർക്കാർ തള്ളിയത്.
വിഷയത്തിൽ അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തെ ഗൗരവമായി സമീപിക്കാനും അടിയന്തര ഇടപെടല്‍ നടത്താനും സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
മലയോര ജനതയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്താനുള്ള ഏത് നീക്കത്തെയും പ്രതിരോധിക്കാന്‍ സിപിഎം രംഗത്തിറങ്ങുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെതിരെ കടുത്ത അഴിമതി ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്ത്. അയോധ്യയിലും ഉജ്ജയിനിലും നടന്ന കൊള്ളയ്ക്ക് പിന്നിൽ ബിജെപിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.
മധ്യപ്രദേശ് പിസിസി അധ്യക്ഷൻ ജിത്തു പട്വാരി ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 500 കോടി രൂപ വിലമതിക്കുന്ന ഭൂമി മോഹൻ യാദവിന്റെ ഉപദേശകന്റെ ട്രസ്റ്റ് വാങ്ങിയത് വെറും ഒരു രൂപയ്ക്കാണെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിക്കുന്നു.
പ്രധാനമന്ത്രി വിഷയത്തിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും കോൺഗ്രസ് ചോദിക്കുന്നു. എന്തുകൊണ്ടാണ് തുച്ഛമായ വിലയ്ക്ക് ഇത്രയേറെ ഭൂമി വിറ്റതെന്നും, 168 ഏക്കർ ഭൂമി വാങ്ങാൻ മോഹൻ യാദവിന്റെ ബന്ധുക്കൾക്ക് പണം എവിടെ നിന്ന് ലഭിച്ചെന്നും ജിത്തു പട്വാരി ചോദിച്ചു.
ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ട് തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്നും ജിത്തു പട്വാരി കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധച്ചെലവുകൾക്കായി 8,000 കോടി ഡോളർ നൽകണമെന്നു സെനറ്റർമാരോടാവശ്യപ്പെട്ട് പെന്റഗൺ. എന്നാൽ, വൈറ്റ് ഹൗസ് ഇതുവരെ കോൺഗ്രസിനോട് ഔദ്യോഗികമായി അഭ്യർഥിച്ചിട്ടില്ല.
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സാമ്പത്തിക ആവശ്യം പെന്റഗൺ മുന്നോട്ടുവച്ചിരിക്കുന്നത്. സെനറ്റർമാരോട് മുതിർന്ന ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
സെനറ്റർമാരോട് മുതിർന്ന ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സ്റ്റീഫൻ ഫീൻബർഗ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച നിരവധി സെനറ്റർമാരുമായി അദ്ദേഹം ഇക്കാര്യം സംസാരിച്ചു.
കൂടാതെ സാമ്പത്തിക സഹായ അഭ്യർഥന മാനേജ്മെന്റ് ആൻഡ് ബജറ്റ് ഓഫീസിലേക്ക് അയച്ചതായും അദ്ദേഹം കോൺഗ്രസ് കമ്മിറ്റികളെ അറിയിച്ചു. പെന്റഗൺ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാസം പ്രതിരോധ സെക്രട്ടറി ഹെഗ്സെത്ത് യുഎസ് കോൺഗ്രസിന് നൽകിയ കണക്കനുസരിച്ച് 2900 കോടി ഡോളറായിരുന്നു യുദ്ധച്ചെലവ്.
എന്നാൽ, പെന്റഗൺ ഇപ്പോൾ ആവശ്യപ്പെടുന്നത് ഇതിനേക്കാൾ വളരെ കൂടുതലാണ്. ഹെഗ്സെത്ത് ആവശ്യപ്പെട്ട തുകയുടെ ഭൂരിഭാഗവും യുദ്ധോപകരണങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനും ഉപകരണങ്ങൾ നന്നാക്കുന്നതിനുമായിരുന്നു.
സൈന്യത്തിന്റെ പ്രവർത്തന ചെലവുകളും ഇതിൽ ഉൾപ്പെടുന്നു. മേഖലയിൽ തകർന്ന യുഎസ് സൈനികകേന്ദ്രങ്ങൾ നന്നാക്കുന്നതിനോ പുനർനിർമിക്കുന്നതിനോയുള്ള ചെലവ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
യുഎസ് കോൺഗ്രസിൽ യുദ്ധത്തെ എതിർക്കുന്ന സെനറ്റർമാരിൽനിന്ന് ട്രംപിനു കാര്യമായ വെല്ലുവിളി നേരിടേണ്ടിവരും. കൂടാതെ, രാജ്യത്ത് നിത്യജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ പെന്റഗണിനു കൂടുതൽ തുക അനുവദിക്കാനുള്ള സാധ്യത കുറവാണ്.
District News
പാലക്കാട്: മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ജനകീയ ബജറ്റ് കേരളജനത പൂർണമായി അംഗീകരിക്കുമെന്നും സ്വാഗതാർഹമാണെന്നും കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി ജോണ്‍ പറഞ്ഞു.
പാലക്കാട് നിയോജകമണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം.വി. രാമചന്ദ്രൻ നായർ അധ്യക്ഷതവഹിച്ചു. നേതാക്കളായ വി.കെ. വർഗീസ്, പി.കെ. മാധവവാര്യർ, കെ. ശിവരാജേഷ്, എൻ.പി. ചാക്കോ, ചാർളി മാത്യു, എൻ.വി. സാബു, മണികണ്ഠൻ എലവഞ്ചേരി, അഡ്വ. ജയൻ സി. തോമസ്, അഡ്വ. എബിൻ ഷാജി എന്നിവർ പ്രസംഗിച്ചു. പാലക്കാട് നിയോജകമണ്ഡലം ഭാരവാഹികളായി അഡ്വ. ജയൻ സി. തോമസ്-പ്രസിഡന്റ്, രാജൻ വർഗീസ്, ഗോകുൽദാസ്-വൈസ് പ്രസിഡന്റുമാർ, എബിൻ ഷാജി-സെക്രട്ടറി, സലിം ആനപടിക്കൽ-ട്രഷററർ, എം.എസ്. ഗ്രീഷ്മ -വനിതാ കോണ്‍ഗ്രസ്, രഞ്ജിത്ത്- കെടിയുസി, എം. രമണൻ-യൂത്ത് ഫ്രണ്ട് എന്നിവരെ തെരഞ്ഞെടുത്തു.
Kerala
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. എസ്പി ഷൗക്കത്തലി നേരിട്ടാണ് റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്. അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.
എം.ആർ. അജിത് കുമാറിനെതിരായ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖകളും റിപ്പോർട്ടിന്റെ ഭാഗമായി നൽകിയിട്ടുണ്ട്. എഡിജിപി എം.ആർ. അജിത് കുമാറിന്റെ കാലത്ത് കേസ് ഡയറി തിരുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു എസ്ഐടി അന്വേഷണം.
കെഎസ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഓഫീസിൽ വച്ച് കേസ് ഡയറി തിരുത്തിയെന്നാണ് വെളിപ്പെടുത്തൽ.
എഡിജിപി അജിത് കുമാറിന്റെ അറിവോടെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകള്‍ തിരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആദ്യ അന്വേഷണ സംഘം എസ്ഐടിക്ക് മൊഴി നൽകിയത്.
2023 ഡിസംബറിലാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപും ചേർന്ന് മർദിച്ചത്.
NRI
റോം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്റർ ഇറ്റലിയിൽ പ്രവർത്തനമാരംഭിച്ചു. മുൻപ് ഒഐസിസി ആയിരുന്ന സംഘടന കോൺഗ്രസ് നേതൃത്വം ഐഒസിയായി മാറ്റുകയായിരുന്നു.
റോമിൽ നടന്ന യോഗത്തിൽ അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു. മുഖ്യ രക്ഷാധികാരി: തോമസ് ഇരിമ്പൻ, പ്രസിഡന്റ്: ഷൈൻ റോബർട്ട് ലോപ്പസ്, വൈസ് പ്രസിഡന്റ്: ബി. അനില, സെക്രട്ടറി: ജോസഫ് വലിയപറമ്പിൽ, ജോയിന്റ് സെക്രട്ടറി: മേഴ്സി തോമസ്, ട്രഷറർ: ജിന്റോ കുര്യാക്കോസ് എന്നിവരെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ജോയി മേലേപ്പറമ്പിൽ, സാജു തെക്കൻ, ജോണി പറേകാട്ടിൽ, ജോസ് നെയ്ശേരി, ജോസ് പുതുശേരി, രാജീവ് വെങ്ങാട്ട്, ഷിജു ഫ്രാൻസിസ്, ജിൻസൺ പാലാട്ടി, ജോഷി ചെറിയാൻ എന്നിവരെയും തെരെഞ്ഞെടുത്തു.
National
ന്യൂഡൽഹി: വോട്ടവകാശം മൗലികാവകാശമാക്കണമെന്നു കോൺഗ്രസ്. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിർദേശപ്രകാരം തെരഞ്ഞെടുപ്പു കമ്മീഷൻ പക്ഷപാതപരമായി പ്രവർത്തിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ഉന്നതതലത്തിലുള്ള ജുഡീഷൽ പരിശോധനയും സംരക്ഷണവും ലഭിക്കേണ്ടതിന് വോട്ടവകാശത്തെ മൗലികാവകാശമായി അംഗീകരിക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിലൂടെ ആവശ്യപ്പെട്ടു.
ഫുട്പാത്തുകളിലൂടെ നടക്കുവാനുള്ള അവകാശം മൗലികാവകാശമാക്കി മാറ്റിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വോട്ടവകാശത്തിനും ഏറ്റവും ഉന്നതതലത്തിലുള്ള ജുഡീഷൽ സംരക്ഷണം ലഭിക്കുന്നതിനുള്ള അവകാശമാ ക്കി മാറ്റണമെന്ന് ജയ്റാം രമേശ് ആവശ്യപ്പെട്ടത്.
Kerala
തിരുവനന്തപുരം: യോഗയ്ക്ക് ജാതി-മത-വർണ വിവേചനങ്ങളിലെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ. ആരോഗ്യ സംരക്ഷണത്തിനായി ആർക്കും പരിശീലിക്കാവുന്ന വ്യായാമ മുറയാണ് യോഗ. വർഷത്തിൽ ഒന്നോ രണ്ടോ ദിവസം യോഗ ചെയ്താൽ പോരാ. ദിവസേന അരമണിക്കൂറെങ്കിലും ഇതിനായി കണ്ടെത്തണം.
ഇതിന്റെ ഗുണം സ്വന്തം ജീവിതം കൊണ്ട് സമൂഹത്തെ ബോധ്യപ്പെടുത്താൻ പൊതുപ്രവർത്തകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അവനവന് ഇഷ്ടമുള്ള വ്യായാമമുറ സ്വീകരിക്കാം. കുട്ടികളെ വ്യായാമം ശീലിപ്പിക്കണം. ഏതു വ്യായാമത്തിന്റെയും ലക്ഷ്യം ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കലാണ്. സ്ഥിരമായി ജോഗിംഗ് ചെയതാണ് താൻ ആരോഗ്യം നിലനിർത്തുന്നത്.
അലോപ്പതിയും ആയുഷ് വകുപ്പും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് ആരോഗ്യ സംരക്ഷണ രംഗത്ത് ആവശ്യമെന്നും മന്ത്രി പറഞ്ഞു. ഓഫീസ് ജോലികൾക്കായി കൂടുതൽ സമയം ചെലവിടുന്നവർക്കുള്ള ചെയർ യോഗയെക്കുറിച്ചുള്ള വീഡിയോ മന്ത്രി പ്രകാശനം ചെയ്തു.
Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിലെ വിവാദ നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു. സംസ്ഥാനത്ത് മദ്യവ്യാപനത്തിനും കരിമണൽ ഖനനത്തിനും വഴിയൊരുക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്തിരിയണമെന്ന് സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.
യുഡിഎഫിന്റെ പ്രഖ്യാപിത ഉദ്ദേശലക്ഷ്യങ്ങൾക്ക് തികച്ചും വിപരീതവും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഈ നിർദേശവുമായി ഒരുകാരണവശാലും മുന്നോട്ടുപോകരുതെന്ന് സുധീരൻ വ്യക്തമാക്കി. ഇതിനൊപ്പം ആലപ്പുഴ തീരദേശത്തെ ജനജീവിതത്തിന് അങ്ങേയറ്റത്തെ ആഘാതം വരുത്തിവയ്ക്കുന്ന കരിമണൽ ഖനനത്തിന് അവസരമൊരുക്കുന്ന ബജറ്റ് നിർദേശവും പിൻവലിക്കണം. കരിമണൽ കർത്തമാർക്ക് ആലപ്പുഴ തീരം തീറെഴുതാനുള്ള ഒരു നീക്കവും നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം എംപി. പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന് പ്രഖ്യാപിച്ചതിൽ ദുരൂഹതയുണ്ടെന്ന് റഹീം ആരോപിച്ചു.
നികുതി കുറച്ചതിന് പിന്നിൽ കോടികളുടെ അഴിമതിയാണെന്നും, സാധാരണ ജനങ്ങളോട് സര്‍ക്കാര്‍ ചെയ്യുന്ന അനീതിയാണിതെന്നും എ.എ. റഹീം വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് റഹീം വിമർശനവുമായി രംഗത്തെത്തിയത്.
വിഷയത്തില്‍ മുസ്ലിം ലീഗും കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും യുഡിഎഫിനായി തെരുവിലിറങ്ങി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാര്‍ക്ക് എന്താണ് പറയാനുള്ളതെന്നും റഹീം ചോദിച്ചു.
പോസ്റ്റിന്റെ പൂർണരൂപം;
പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന്!! ഇത് ദുരൂഹമാണ്,കോടികളുടെ അഴിമതിയാണ്. 251% എന്ന ഉയർന്ന നിരക്കിൽ നിലവിൽ സംസ്ഥാനം ഈടാക്കിയിരുന്ന നികുതിയാണ് ഇപ്പോൾ 120% മുതൽ 175% വരെയുള്ള നികുതി ഘടനയിലേക്ക് വെട്ടിക്കുറയ്ക്കുന്നത്.
സാധാരണ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പെട്രോളിയം ഉത്പന്നങ്ങൾക്ക് ഒരു രൂപയുടെ പോലും നികുതിയിളവ് നൽകാൻ മടിക്കുന്നവർ, മദ്യത്തിന് ഈ ആനുകൂല്യം നൽകുന്നതിലെ യുക്തി എന്താണെന്ന് വിശദീകരിക്കാൻ വിയർക്കും.
മുഖ്യമന്ത്രിക്ക് ‘ബക്കാർഡിയുടെ ഗന്ധം!!.’ ഈ വിഷയത്തിൽ മുസ്ലീം ലീഗും, കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. യുഡിഎഫിനായി തെരുവുകളിൽ തൊണ്ടപൊട്ടി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാർ ഇപ്പോൾ എന്ത് പറയുന്നു? എല്ലാത്തിലും വലിയ കൗതുകം ശ്രീ എ കെ ആന്റണിയുടെ നിലപാട് അറിയാനാണ്.
National
ന്യൂഡൽഹി: അമേരിക്ക - ഇറാൻ സമാധാന കരാറിനെ "ഇസ്ലാമാബാദ് ധാരണാപത്രം’എന്ന് വിശേഷിപ്പിക്കുന്നത് ആഗോളതലത്തിൽ പാക്കിസ്ഥാന്റെ സ്വാധീനം വർധിക്കുന്നതിന്റെ സൂചനയാണെന്നും അത് തടയാൻ മോദി സർക്കാരിന്റെ വിദേശനയം പരാജയപ്പെട്ടെന്നും കോൺഗ്രസ്. തർക്കത്തിൽ മധ്യസ്ഥത വഹിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് കരാർ ഒപ്പുവച്ച വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിനുശേഷം അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ആഗോളതലത്തിൽ ഒറ്റപ്പെടുത്തിയ പാക്കിസ്ഥാൻ ഇന്ന് പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ-സുരക്ഷാ മേഖലകളിൽ കൂടുതൽ ശക്തമായി ഇടംപിടിക്കുന്നത് ഇന്ത്യക്ക് വലിയ സുരക്ഷാഭീഷണി ഉണ്ടാക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളാൽ സജീവമായ പിഎം ശ്രീയിൽനിന്ന് സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാൻ പ്രായോഗികമായി കഴിയില്ലെന്നു സൂചന.
കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച പിഎം ശ്രീ പദ്ധതിയിൽ നിലവിലെ യുഡിഎഫ് സർക്കാരിന്റെ നിലപാട് എന്തെന്ന ചോദ്യം സജീവമായി ഉയരുന്നതിനിടെ സംസ്ഥാനം സ്വന്തം നിലയ്ക്ക് ഒഴിവായാൽ അത് കേന്ദ്രസംസ്ഥാന ബന്ധത്തെ ഗുരുതരമായി ബാധിക്കും.
പൊതുവിദ്യാഭ്യാസ രംഗത്തേക്കുള്ള പല ഫണ്ടുകളും ലഭ്യമാകാത്ത സാഹചര്യവും ഉണ്ടാകും. കഴിഞ്ഞ സർക്കാർ ഒപ്പുവയ്ക്കുകയും കേന്ദ്രാവിഷ്കൃത ഫണ്ട് വാങ്ങുകയും ചെയ്ത പശ്ചാത്തലത്തിൽ പിഎം ശ്രീയിൽനിന്ന് ഒറ്റയടിക്ക് പിന്മാറുകയെന്നത് പ്രായോഗികമല്ലെന്നു മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ തെരഞ്ഞെടുത്ത സ്കൂളുകളെ മാതൃകാ വിദ്യാലയങ്ങളായി ഉയർത്തുക എന്നത് ഉൾപ്പെടെ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയത്. പി എം ശ്രീ ധാരണാപത്രം കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സംയുക്ത കരാറാണ്. കരാർ ഒപ്പുവച്ചാൽ സംസ്ഥാനത്തിന് ഏകപക്ഷീയമായി അതിൽനിന്നു പിന്മാറാൻ ഏറെ നിയമതടസങ്ങളാണുള്ളത്.
കേന്ദ്ര-സംസ്ഥാന കരാറിൽ സംസ്ഥാനങ്ങൾക്ക് സ്വന്തം ഇഷ്ടമനുസരിച്ച് കരാർ റദ്ദാക്കാനോ പിന്മാറാനോ നല്കുന്ന വ്യവസ്ഥകൾ ഇല്ല. കരാറിൽ ഒപ്പുവച്ചശേഷം ഏതെങ്കിലുമൊരു സംസ്ഥാനത്തിനു പിന്മാറണമെങ്കിലോ പദ്ധതി താത്കാലികമായി നിർത്തിവയ്ക്കണമെങ്കിലോ കേന്ദ്രത്തിന്റെ അനുമതി വേണം.
കരാർ മരവിപ്പിക്കാനോ അവസാനിപ്പിക്കാനോ ഉള്ള പൂർണ അധികാരം കേന്ദ്രസർക്കാരിനാണ്.
2025 ഒക്ടോബറിലാണ് അന്നത്തെ പിണറായി വിജയൻ സർക്കാർ പിഎം ശ്രീ കരാറിൽ കേന്ദ്രവുമായി ഒപ്പുവച്ചത്.
ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയെയും മന്ത്രിസഭയെത്തന്നെയും ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചേർന്നാണ് പിഎം ശ്രീ കരാർ ഒപ്പുവച്ചതെന്ന ആരോപണം അന്ന് ശക്തമായി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പിഎം ശ്രീയെക്കുറിച്ച് കൂടുതൽ ചർച്ചകൾക്കായി മന്ത്രിസഭാ ഉപസമിതിയെ വച്ചത്.
National
ന്യൂഡൽഹി: ലോക്സഭയിൽ എൻഡിഎ മുന്നണിക്കു മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയെടുക്കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആസൂത്രിത നീക്കമാണ് തൃണമൂൽ എംപിമാരുടെ കൂറുമാറ്റത്തിനു പിന്നില്ലെന്ന് കോൺഗ്രസ്.
ഒരുകാലത്ത് സർദാർ വല്ലഭ്ഭായ് പട്ടേലിരുന്ന ആഭ്യന്തരമന്ത്രി പദത്തിന് അമിത് ഷാ വലിയ അപമാനമാണു വരുത്തിവച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ജനാധിപത്യത്തെ അമിത് ഷാ വിനാശകരമായ തലത്തിലേക്ക് എത്തിച്ചിരിക്കുന്നു. മൂന്നു വർഷം മുമ്പ് രൂപീകരിച്ച ആർക്കും അറിയാത്ത ഒരു പാർട്ടിയിലേക്ക് 20 തൃണമൂൽ എംപിമാരെ നിയമവിരുദ്ധമായി കൂറുമാറ്റിയതിനു പിന്നിലെ സൂത്രധാരൻ അമിത് ഷായാണ്. ഈ ലയനത്തോടെ എൻഡിഎയിൽ ടിഡിപി, ജെഡിയു എന്നീ പാർട്ടികളെ മറികടന്ന് എൻസിപിഐ രണ്ടാമത്തെ വലിയ കക്ഷിയായി -അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന മണ്ഡലം പുനർനിർണയ പ്രക്രിയയ്ക്കു മുന്നോടിയായി പാർലമെന്റിൽ തങ്ങൾക്ക് അനുകൂലമായ ഭൂരിപക്ഷം ഉറപ്പാക്കാനാണു കേന്ദ്രസർക്കാർ ഈ കുതിരക്കച്ചവടം നടത്തുന്നതെന്ന് എൻസിപി (ശരദ്പവാർ വിഭാഗം)നേതാവ് ജയന്ത് പാട്ടീൽ ആരോപിച്ചു.
National
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ തരംഗമുണ്ടാക്കിയ ഇന്ത്യ സഖ്യത്തിന്റെ കെട്ടുറപ്പ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും പരീക്ഷിക്കാൻ കോൺഗ്രസും സമാജ്വാദി പാർട്ടിയും ഒരുങ്ങുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിച്ചപ്പോൾ ഉണ്ടായ വൻ മുന്നേറ്റവും അപ്രതീക്ഷിത വിജയവുമാണ് വീണ്ടുമൊരു കൈകോർക്കലിന് ഇരുവിഭാഗങ്ങളെയും പ്രേരിപ്പിക്കുന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും തമ്മിൽ നടത്തുന്ന ചർച്ചകൾക്ക് ശേഷമാകും ഒരുമിച്ചു മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് - സമാജ്വാദി പാർട്ടി സഖ്യത്തിന് 80ൽ 43 സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞിരുന്നു.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെവ്വേറെ മത്സരിച്ച ഇരുപാർട്ടികളെയും തകർത്താണ് ബിജെപി ഭരണത്തിലേറിയത്. അന്ന് കോൺഗ്രസിന് രണ്ട് സീറ്റുകളിൽ മാത്രമായിരുന്നു വിജയിക്കാൻ കഴിഞ്ഞിരുന്നത്. കോൺഗ്രസ് - സമാജ്വാദി പാർട്ടി സഖ്യത്തെക്കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
National
ന്യൂഡൽഹി: രാജ്യത്തിന്റെ അന്തസും അഭിമാനവും സംരക്ഷിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടതായി കോണ്‍ഗ്രസ്. ഒമാൻ തീരത്ത് അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ ഫോണ്‍സംഭാഷണത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നടത്തിയ പ്രസ്താവനയ്ക്കെതിരേയാണു കോണ്‍ഗ്രസ് രംഗത്തുവന്നത്.
വാണിജ്യ കപ്പലുകൾ അമേരിക്കൻ സേനയുടെ നിർദേശങ്ങൾ പാലിക്കണമെന്ന് റൂബിയോ ജയ്ശങ്കറിനോടു വ്യക്തമാക്കിയതായാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇറേനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായാണു വിവരം.
എന്നാൽ, അമേരിക്ക ഇന്ത്യക്കുനേരേ ഉയത്തിയത് ഭീഷണിയുടെ സ്വരമാണെന്നും ഒരു പരമാധികാര രാജ്യത്തിന് ഇത്തരം ഭാഷ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
നമ്മുടെ പ്രധാനമന്ത്രി ദാസനെപ്പോലെ മിണ്ടാതിരുന്ന് ഈ ഉത്തരവുകൾ അനുസരിക്കുകയാണ്. രാജ്യത്തെ അപമാനിക്കുന്നവർക്കുമുന്നിൽ കീഴടങ്ങുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ അന്തസ് സംരക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിസർക്കാർ ഇന്ത്യയുടെ വിദേശ താത്പര്യങ്ങൾ ഓരോ ദിവസവും അടിയറവ് വയ്ക്കുകയാണെന്നും വിദേശനയങ്ങളിൽ ഇന്ത്യൻ പൗരന്മാരുടെ ജീവനു വില കല്പിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. മാർക്കോ റൂബിയോയുമായുള്ള ജയ്ശങ്കറിന്റെ ഫോണ്‍സംഭാഷണം പൂർണമായും പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റൂബിയോയുമായുള്ള സംഭാഷണത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായാണ് ജയ്ശങ്കർ പറഞ്ഞത്. ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനുപിന്നാലെ യുഎസ് ചാർജ് ഡി അഫയേഴ്സ് ജേസണ്‍ മീക്സിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.
Kerala
മലപ്പുറം: കോണ്‍ഗ്രസിന്റെ പിടിവാശിയും കടുംപിടിത്തവും ഇന്ത്യാ സഖ്യത്തിന്റെ തകർച്ചക്ക് വഴിയൊരുക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ.
അരീക്കോട് /”ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മതനിരപേക്ഷ കക്ഷികളെ ഒന്നിച്ചു നിർത്താനാണ് ഇന്ത്യാ വേദി രൂപീകരിച്ചത്. എന്നാൽ അധികാരത്തിന് വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങൾ ചില കക്ഷികളെ സഖ്യത്തിൽ നിന്നകറ്റി.
ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷം പിന്തുണ നൽകിയത് കൃത്യമായ കാഴ്ചപ്പാടോടെയാണ്. കോണ്‍ഗ്രസിനെക്കുറിച്ച് എന്തെങ്കിലും വ്യാമോഹമുണ്ടായിട്ടല്ല, ബിജെപി അധികാരത്തിൽ വന്നാലുള്ള അപകടം ഒഴിവാക്കാനായിരുന്നു അത്. ഇപ്പോൾ സ്വീകരിക്കുന്ന നിലപാടും ഇതേ കാഴ്ചപ്പാടിൽ തന്നെയാണ്.
മറ്റുള്ളവരെ അംഗീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ പ്രയാസവും സങ്കുചിത താൽപ്പര്യങ്ങളുമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. ബിജെപി രാജ്യസഭാംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഒരു കാഴ്ചപ്പാടും തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിന് ഉണ്ടായില്ല.
അതേസമയം പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെ അന്വേഷണ ഏജൻസികളെ വിട്ട് ആക്രമിക്കുന്നതിനും കോണ്‍ഗ്രസ് ബിജെപി സർക്കാരിന് കൂട്ടുനിന്നുവെന്നും പിണറായി ആരോപിച്ചു.
National
ന്യൂഡൽഹി: സർക്കാരിന്റെ തെറ്റായ നയങ്ങൾ ബാധിച്ചവരിലേക്ക് ഇറങ്ങിച്ചെന്ന് അവർക്കൊപ്പം നിന്നുകൊണ്ട് പ്രതിഷേധത്തിന്റെ പുതിയ മാനം തീർക്കാൻ കോണ്‍ഗ്രസ്.
പരീക്ഷാ തട്ടിപ്പുകൾ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങളിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് തയാറെടുക്കുന്നത്.
ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ അഴിമതികളും നേരിട്ടു ബാധിച്ച വിദ്യാർഥികൾ, ഉദ്യോഗാർഥികൾ, യുവജന സംഘടനകൾ, അധ്യാപകർ എന്നിവരെയെല്ലാം ഒന്നിപ്പിച്ചുകൊണ്ട് വൻതോതിലുള്ള കണ്‍വൻഷനുകൾക്ക് വരുംനാളുകളിൽ രാഹുൽ നേതൃത്വം നൽകും.
ഈമാസം 17ന് രാജസ്ഥാനിലെ കോട്ടയിൽനിന്ന് ആരംഭിച്ച് ജൂലൈ പത്തിന് അലഹബാദ്, 11ന് പാറ്റ്ന, 14ന് ഡൽഹി എന്നിവിടങ്ങളിലാണു പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
ചോദ്യപേപ്പർ ചോർച്ച, വർധിച്ചുവരുന്ന പരീക്ഷാചെലവുകൾ, സുതാര്യവും നീതിയുക്തവുമായ റിക്രൂട്ട്മെന്റ്, വിദ്യാഭ്യാസ സന്പ്രദായം ഉറപ്പാക്കുന്നതിൽ സർക്കാരിനുണ്ടാകുന്ന പരാജയം തുടങ്ങിയ വിഷയങ്ങൾ പ്രതിഷേധത്തിൽ ഉയർത്തിക്കാട്ടും.
ഇതോടൊപ്പം രാജ്യത്തെ കർഷകരെ ബാധിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുത്തും പ്രതിഷേധപരിപാടികൾ ശക്തമാക്കും. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളിൽ അവരോടൊപ്പം നിന്നുകൊണ്ട് പ്രതിഷേധത്തിന്റെ സ്വരം ഉയർത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇന്ത്യാ മുന്നണി യോഗത്തിലും അതിനുശേഷം നടന്ന കോൺഗ്രസ് നേതൃയോഗത്തിലും വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.
പ്രതിപക്ഷപാർട്ടികളുടെ സമരരീതികൾ മാറണമെന്ന നിലപാടാണ് രാഹുലിനുള്ളത്. ആൻഡമാൻ നിക്കോബാറിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഗ്രേറ്റ് നിക്കോബാർ പദ്ധതി ആ നാടിന്റെ ആവാസവ്യവസ്ഥ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി അവിടെ നിരന്തരം സന്ദർശിച്ച രാഹുൽ വിഷയം ഏറ്റെടുത്തിരുന്നു.
ഒഡീഷയിലെയും ജാർഖണ്ഡിലെയും ആദിവാസി ഭൂമി വികസനത്തിന്റെ പേരിൽ ഏറ്റെടുക്കുന്നതടക്കമുള്ള വിഷയങ്ങൾ വരുംനാളുകളിൽ കോണ്‍ഗ്രസ് ഏറ്റെടുത്ത് പ്രതിഷേധത്തിന്റെ മാനം തീർക്കും.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി. തോമസ് എംഎൽഎയും അജയ് ജുവൽ കുര്യാക്കോസും അറിയിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ജോജി മോൻ ജോസഫ് ആണ് കേസിൽ ഒന്നാം സാക്ഷി. ജോജി മോൻ ജോസഫും സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ലോക്കൽ പോലീസ് ഉദ്യോഗസ്ഥരും പ്രതികളെ തിരിച്ചറിഞ്ഞു.
എന്നാൽ ഇതുവരെ മർദനത്തിന് ഉപയോഗിച്ച ലാത്തി കണ്ടെത്താനായിട്ടില്ലെന്നും ലാത്തി സറണ്ടർ ചെയ്തുവെന്ന പ്രതിഭാഗത്തിന്റെ കള്ളമാണെന്നും എ.ഡി.തോമസ് പറഞ്ഞു. പ്രതികൾ നിരന്തരം കള്ളം പറഞ്ഞ് കേസ് അന്വേഷണം മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണെന്നും എ.ഡി.തോമസ് കൂട്ടിച്ചേർത്തു.
Kerala
ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നിരസിച്ചതിനെതിരെ കോണ്‍ഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
നാമനിര്‍ദേശ പത്രിക നിരസിച്ച വരണാധികാരിയുടെ നടപടിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വരണാധികാരിയുടെ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക മാത്രമാണ് പരിഹാരമെന്നും ജസ്റ്റീസ് പി.കെ. മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
മധ്യപ്രദേശില്‍ നിന്നാണ് മീനാക്ഷി നടരാജന് കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ മീനാക്ഷി നടരാജനെതിരെ ക്രിമിനല്‍ കേസുണ്ടെന്നും അക്കാര്യം നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കാണിച്ചാണ് പത്രിക തള്ളിയത്. എന്നാല്‍ തനിക്കെതിരെ ക്രിമിനല്‍ കേസില്ലെന്നാണ് മീനാക്ഷി നടരാജന്റെ വാദം.
Kerala
പാലാ: കോണ്‍ഗ്രസിന്റെ പിന്തുണയോടെ സ്വതന്ത്ര കൂട്ടായ്മ ഭരിക്കുന്ന പാലാ നഗരസഭയിലെ ഭരണം തുലാസില്‍. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യുസും സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളും തമ്മിലുള്ള പോരാണ് ഭരണം തുലാസിലാകാന്‍ കാരണമായിരിക്കുന്നത്.
രണ്ടു പോലീസ് കേസുകളാണ് കോണ്‍ഗ്രസ് അംഗവും സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളും തമ്മിലുണ്ടായത്. ഇതോടെയാണ് നഗരസഭയിലെ പോര് മറനീക്കി പുറത്തു വന്നത്. ആദ്യ കേസ് നല്‍കിയത് ബിജു മാത്യൂസാണ്. രണ്ടാമത്തെ കേസ് നല്കിയതു ചെയര്‍പേഴ്സൺ ദിയാ ബിനുവും.
കൊട്ടാരമറ്റത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിനെ ചൊല്ലിയുണ്ടായ തര്‍ക്കം വളര്‍ന്നാണ് പോലീസ് കേസിലെത്തിയത്. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തന്നെ കൈയേറ്റം ചെയ്യാന്‍ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം ശ്രമിച്ചുവെന്ന് കാണിച്ചു കോണ്‍ഗ്രസിലെ ബിജു മാത്യുസ് പോലീസില്‍ പരാതി നല്കി. ഇതിന്റെ ഭാഗമായി ചെയര്‍പേഴ്സന്റെ ചേമ്പറില്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് പോലീസ് എത്തി. ഇതാണ് രണ്ടാമത്തെ കേസിന് ആധാരം.
നഗരസഭാ ചെയര്‍പേഴ്സന്റെ ചേംബറില്‍ നിന്നും സുപ്രധാനമായ ഫയലും അതിനുള്ളിലിരുന്ന വിലപിടിപ്പുള്ള വാച്ചും മോഷണം പോയെന്ന് കാണിച്ചു ചെയര്‍പേഴ്സണ്‍ ദിയ ബിനുവും പോലീസില്‍ പരാതി നല്കി. ഇതോടെ ഇന്നലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാണി സി. കാപ്പന് എംഎല്‍എയുടെ വസതിയില്‍ ഉന്നത കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ പങ്കെടുത്ത് ചേര്‍ന്നെങ്കിലും പ്രശ്നത്തിനു പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
നഗരസഭാ ചെയര്‍പേഴ്സണില്‍ വിശ്വാസം നഷ്ടപ്പെട്ടതായാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വ്യക്തമാക്കുന്നത്. ഇതോടെ ഈ മാസം നടക്കാനിരിക്കുന്ന നഗരസഭ വൈസ് ചെയര്മാന് തെരഞ്ഞെടുപ്പ് സ്വതന്ത്ര കൂട്ടായ്മയ്ക്ക് തിരിച്ചടിയാകും.
ആറ് മാസത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന മായാ രാഹുലിന് പകരം സ്വതന്ത്ര കൂട്ടായ്മയെ നയിക്കുന്ന ബിനു പുളിക്കക്കണ്ടത്തിലിനാണ് അടുത്ത രണ്ട് വര്‍ഷത്തേക്ക് പദവി എന്നാണ് യുഡിഎഫ്, സ്വതന്ത്രകൂട്ടായ്മ സഖ്യത്തിലെ മുന്‍ ധാരണ.
നിലവിലെ വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുലും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് നിലപാട് സ്വീകരിച്ചതും ബിനുവിന് തിരിച്ചടിയായി. വൈസ് ചെയര്മാന് പദവിയിലേക്ക് ബിനുവിനെ പിന്തുണയ്ക്കില്ലെന്നും പകരം കോണ്‍ഗ്രസ് പ്രതിനിധിയെ നിശ്ചയിച്ചാലേ താന്‍ സ്ഥാനം ഒഴിയൂ എന്നുമണ് മായാ രാഹുലിന്റെ നിലപാട്.
ബിനുവിനെ വൈസ് ചെയര്മാന് ആക്കുന്നതില്‍ കോണ്‍ഗ്രസിനും താത്പര്യമില്ലന്നാണ് പുറത്തുവരുന്ന വിവരം. ഇതു മുന്‍കൂട്ടി കണ്ടാണ് യുഡിഎഫിലെ കേരള കോണ്‍ഗ്രസ് വിഭാഗത്തിന്റെ മൂന്നും കെഡിപിയുടെ ഒരംഗവും ഉള്‍പ്പെടെ നാല് കൗണ്‍സിലര്‍മാരെ സ്വതന്ത്ര കൂട്ടായ്മ ഒപ്പം ചേര്‍ത്ത് വിലപേശല്‍ ശക്തമാക്കിയത്.
എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട് എതിരായതിനാല്‍ വൈസ് ചെയര്മാന് പദവിയിലേക്ക് ബിനു വരുന്നതിന് തടസമാകും. അങ്ങനെ വന്നാല്‍ സ്വതന്ത്ര കൂട്ടായ്മ യുഡിഎഫ് സഖ്യം ഉപേക്ഷിച്ചേക്കും. ഇത് നഗരസഭയില്‍ യുഡിഎഫിനുള്ള മേൽക്കൈ നഷ്ടപ്പെടുത്തും.
26 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 12 അംഗങ്ങളുണ്ട്. കോണ്‍ഗ്രസ് വിമത മായാ രാഹുല്‍ പാര്‍ട്ടി പാര്‍ലമെന്ററി സമിതിയില്‍ ചേര്‍ന്നതോടെ യുഡിഎഫ് 11, സ്വതന്ത്ര കൂട്ടായ്മ മൂന്ന് എന്നിങ്ങനെയാണ് കൗണ്‍സിലിലെ അംഗബലം. സ്വതന്ത്ര കൂട്ടായ്മയ്ക്കൊപ്പം ചേര്‍ന്ന യുഡിഎഫിലെ നാല് അംഗങ്ങള്‍ നിലപാടില്‍ ഉറച്ചു നിന്നാല്‍ യുഡിഎഫിന്റെ അംഗബലം ഏഴായി ചുരുങ്ങും.
National
ന്യൂഡൽഹി: മധ്യപ്രദേശിൽ മൂന്ന് ബിജെപി സ്ഥാനാർഥികളെ രാജ്യസഭയിലേക്ക് വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. കോൺഗ്രസിന്റെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു മൂന്ന് സ്ഥാനാർഥികളെയും വിജയികളായി പ്രഖ്യാപിച്ചത്.
ഇതിനെതിരെ ഇന്ന് സംസ്ഥാനത്തെ എംഎൽഎമാരെ ഡൽഹിയിലെത്തിച്ച് പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം. ബിജെപി നേതാക്കളായ തരുൺ ചുഗ്, രജനീഷ് അഗർവാൾ, മഹേഷ് കേവാട്ട് എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം പത്രിക തള്ളിയതിനെതിരായ മീനാക്ഷി നടരാജന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിലവിലെ ഹർജി നിലനിൽക്കാത്തതിനാൽ തെരഞ്ഞെടുപ്പ് ഹർജിയായി സമർപ്പിക്കാൻ കോൺഗ്രസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
നിലവിലെ നിയമസഭാകക്ഷി നിലയിൽ ഒരാളെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള അംഗസഖ്യം കോൺഗ്രസിനുണ്ടായിരുന്നു. ഈ സീറ്റിലേക്കാണ് മീനാക്ഷി നടരാജൻ മത്സരിച്ചത്. ബിജെപിയും ഈ സീറ്റിലേക്ക് മഹേഷ് കേവാട്ടിനെ മത്സരിപ്പിച്ചു. പത്രിക തള്ളിയതോടെ കേവാട്ട് തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
National
ന്യൂഡൽഹി: രാജ്യം നേരിടുന്ന സാന്പത്തിക പ്രതിസന്ധി മുതൽ നീറ്റ് പരീക്ഷാപേപ്പർ ചോർച്ച വരെയുള്ള വിഷയങ്ങളിൽ ഭരണപക്ഷത്തിനെതിരായ പ്രതിഷേധം ആളിക്കത്തിക്കാനൊരുങ്ങി കോണ്‍ഗ്രസ്.
ജൂണ്‍ അവസാനം മുതൽ മൂന്നു മാസം രാജ്യവ്യാപക പ്രക്ഷോഭം നടത്താൻ ഇന്നലെ ചേർന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാരുടെയും ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ഇൻ-ചാർജുമാരുടെയും യോഗത്തിൽ തീരുമാനമെടുത്തു.
പരന്പരാഗത രീതിയിലുള്ള സമരമാർഗത്തിൽനിന്നു വ്യത്യസ്തമായി ജനങ്ങളിലേക്കിറങ്ങിച്ചെന്നു പ്രശ്നങ്ങൾ മനസിലാക്കി അവരുടെ ശബ്ദമാകുമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ, വളം പ്രതിസന്ധി, വിലക്കയറ്റം, സമീപകാല പരീക്ഷാ ക്രമക്കേടുകൾ, തൊഴിലില്ലായ്മ, യുവാക്കൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, വിദ്യാഭ്യാസമന്ത്രിയുടെ രാജി, സീറ്റ് ചോരി-വോട്ട് ചോരി തുടങ്ങിയ ജനാധിപത്യ പ്രശ്നങ്ങൾ എന്നിവ വിഷയമാകുമെന്നാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് അറിയിച്ചിട്ടുള്ളത്.
ദേശീയതലത്തിൽ മാത്രമല്ലാതെ സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലത്തിലായിരിക്കും പ്രതിഷേധം.ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലത്തിൽ പരമാവധി കോണ്‍ഗ്രസ് പ്രവർത്തകരെ അണിനിരത്തി സർക്കാരിനെതിരായ വികാരം തെരുവുകളിൽ ശക്തമാക്കാനാണ് തീരുമാനം.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, മണിപ്പുർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ ഒരുക്കങ്ങളും യോഗത്തിൽ വിലയിരുത്തി. ജൂണ്‍ 28 മുതൽ ആരംഭിച്ചേക്കാവുന്ന പ്രക്ഷോഭത്തിന്റെ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും.
National
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.12 വർഷത്തിനിടയിൽ മോദി സർക്കാർ വെറും മുദ്രാവാക്യങ്ങൾ മുഴക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ചരിത്രത്തെ വളച്ചൊടിച്ചതുകൊണ്ടോ വികലമാക്കിയതുകൊണ്ടോ സത്യം ഇല്ലാതാകുന്നില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണ്. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദവിയിലിരുന്നതും നെഹ്റുവാണെന്നും ഖാർഗെ പറഞ്ഞു.
ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന രണ്ടാമത്തെ വ്യക്തി ഇന്ദിരാ ഗാന്ധിയാണ്. സ്വതന്ത്ര ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പുകൾക്ക് ശേഷം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി ആരാണെന്ന് തെളിയിക്കാൻ ഇപ്പോൾ ബിജെപിക്ക് പരിഹാസ്യമായ പുതിയൊരു വിഭാഗം തന്നെ കണ്ടെത്തേണ്ടി വന്നിരിക്കുകയാണെന്ന് ഖാർഗെ പറഞ്ഞു.
കേന്ദ്രസർക്കാർ എല്ലാ മേഖലകളിലും വെറും പ്രചരണങ്ങളും പരാജയവും മാത്രമാണ്. ഇപ്പോൾ നേട്ടങ്ങളുടെ പേരിൽ ഈ സർക്കാരിന് ബാക്കിയുള്ളത് ഇവന്റ് മാനേജ്മെന്റും കെട്ടിച്ചമച്ച കഥകളും മാത്രമാണെന്നും മല്ലികാർജുൻ ഖാർഗെ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: സോണിയ ഗാന്ധിയും മമത ബാനർജിയും തമ്മിൽ നടന്നത് സൗഹൃദ കൂടിക്കാഴ്ചയായിരുന്നെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മമത ബാനർജി സോണിയ ഗാന്ധിയെ കണ്ടത് ഏറെ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. മമതയെ സോണിയ കോൺഗ്രസിലേക്ക് തിരികെ വരാൻ ക്ഷണിച്ചെന്ന് വാർത്തകളും പ്രചരിച്ചു. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് ജയറാം രമേശ് രംഗത്തുവന്നു.
2021 ന് ശേഷം ആദ്യമായാണ് പത്ത് ജൻപഥിൽ എത്തി മമത, സോണിയയെ കണ്ടത്. ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഏകോപനം ശക്തമാക്കാൻ ‘ഇന്ത്യ’ മുന്നണി തീരുമാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇവരുടെ കൂടിക്കാഴ്ച. ടിഎംസി, കോൺഗ്രസിൽ ലയിക്കണമെന്ന നിർദേശം ഉയരുന്നതിനിടെയുള്ള മമതയുടെ സന്ദർശനത്തിന്റെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ പ്രതികരിക്കാൻ മമതയും ടിഎംസിയും തയാറായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കനത്ത തിരിച്ചടിയാണ് മമത ബംഗാളിൽ നേരിടുന്നത്.
ത്രിണമൂലിൽനിന്നു രാജിവച്ച എംപിമാരും എംഎൽഎമാരും കൂറുമാറി ബിജെപി പാളയത്തിൽ ചേക്കേറുന്ന കാഴ്ചയാണ് ദിവസവും കാണുന്നത്. ഇതിൽ നിന്ന് രക്ഷയെന്തെന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുന്ന മമതയ്ക്കും തൃണമൂൽ കോൺഗ്രസിനും മുന്നിൽ പലരും വയ്ക്കുന്ന ഉത്തരം കോൺഗ്രസിൽ ലയിക്കുക എന്നതാണ്. ബിജെപി നീക്കം പൊളിക്കാൻ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസിൽ ലയിക്കണമെന്ന് ശിവസേന നേതാവ് സഞ്ചയ് റൗത്ത് അടക്കം പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസുമായി ഇപ്പോൾ ലയന ചർച്ചയില്ലെന്ന് കോൺഗ്രസ് നേതൃത്വം. രണ്ട് പാർട്ടികളും ഒന്നിച്ച് നിൽക്കാനാണ് ധാരണ. മമതയ്ക്ക് സോണിയാ ഗാന്ധി പാർട്ടി ഉപാധ്യക്ഷ പദം വാഗ്ദാനം ചെയ്തെന്ന മാധ്യമ റിപ്പോർട്ടുകളും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തള്ളി.
തൃണമൂൽ കോൺഗ്രസ് നേതാക്കളായ മമത ബാനർജി, അഭിഷേക് ബാനർജി എന്നിവർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കോൺഗ്രസിൽ ചേരുമെന്ന തരത്തിൽ പ്രചാരണങ്ങൾ ശക്തമായത്.
എന്നാൽ, ഈ കൂടിക്കാഴ്ച പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ മുന്നണിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണെന്നും ഇരുപാർട്ടികളും തമ്മിലുള്ള ലയനത്തെക്കുറിച്ച് യാതൊരുവിധ ചർച്ചയും നടന്നിട്ടില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.
തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഭൂരിഭാഗം തൃണമൂൽ എംഎൽഎമാരും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ പ്രത്യേക വിഭാഗമായി മാറിയിരിക്കുകയാണ്. ഇതിന് പുറമെ ഒരു വിഭാഗം ലോക്സഭാ എംപിമാരും മമതാ ക്യാമ്പിൽ നിന്ന് അകന്ന് എൻഡിഎയുമായി അടുക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലായ ഘട്ടത്തിലാണ് മമത സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.
Movies
നഴ്സിംഗ് ജോലി ലൈംഗികവത്കരിക്കപ്പെട്ട തൊഴിലാണെന്ന് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന്റെ പ്രസ്താവന പിൻവലിച്ചു മാപ്പു പറയണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ്. പുതിയ സിനിമയുടെ റിലീസിനു മുന്നോടിയായി നടന്ന ചടങ്ങിലാണ് താരം നഴ്സിംഗ് മേഖലയെ ആക്ഷേപിക്കുന്ന വിധത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്.
കോവിഡ് മഹാമാരി കാലത്തും മറ്റു പ്രതിസന്ധി ഘട്ടങ്ങളിലും സ്വന്തം ജീവൻ പണയംവച്ചാണ് രാജ്യത്തെ നഴ്സുമാർ രോഗികളെ പരിചരിച്ചത്. വിലകുറഞ്ഞ പബ്ലിസിറ്റിക്കുവേണ്ടി നിരന്തരം വിവാദപ്രസ്താവനകൾ നടത്തുന്നതിന്റെ ഭാഗമായാണ് കങ്കണയുടെ വാക്കുകളെ കാണാൻ കഴിയുകയെന്നും ജോജോ തോമസ് പറഞ്ഞു. നഴ്സിംഗ് മേഖലയെ വികൃതമായി ചിത്രീകരിച്ച പ്രസ്താവന കങ്കണ ഉടനടി പിൻവലിക്കണമെന്നും പരസ്യമായി ക്ഷമാപണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്തു വാടകയ്ക്കെടുത്ത പോലീസ് ഹെലികോപ്റ്ററിന്റെ സേവനം വീണ്ടും തുടരണമെന്ന അഭിപ്രായമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ കൂട്ടായ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹെലികോപ്റ്ററിന്റെ വാടക കരാർ കാലാവധി തീരുന്ന മുറയ്ക്കു പുതുക്കാൻ സംസ്ഥാന പോലീസ് മേധാവി സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
Kerala
തിരുവനന്തപുരം: സ്വന്തം കുടുംബാംഗം ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ യുഡിഎഫ് മന്ത്രി സണ്ണി ജോസഫാണ് യഥാർത്ഥത്തിൽ രാജിവെക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മൂന്നാഴ്ചത്തെ ഭരണം കൊണ്ട് വാഗ്ദാന ലംഘനങ്ങളും ജനവിരുദ്ധ നിലപാടുകളുമാണ് യുഡിഎഫ് സ്വീകരിച്ചത്.
ബന്ധുനിയമനങ്ങളടക്കം നടത്തി വിവാദമായതോടെ ഗത്യന്തരമില്ലാതെയാണ് അളിയനെ രാജിവെപ്പിച്ചത്. യഥാർത്ഥത്തിൽ രാജിവെക്കേണ്ടത് മന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അളിയൻ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിൽ നിയമപ്രശ്നങ്ങളില്ലെന്നും വിവാദം ഒഴിവാക്കാനാണ് രാജിയെന്നുമാണ് മന്ത്രി സണ്ണി ജോസഫിന്റെ വിശദീകരണം.
National
ഭോപ്പാൽ: മധ്യപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന് വൻ തിരിച്ചടിയായി നാടകീയ നീക്കങ്ങൾ. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളി. ക്രിമിനൽ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന ബിജെപിയുടെ പരാതിയെത്തുടർന്നാണ് നടപടി. പത്രിക തള്ളിയതോടെ സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപിക്ക് എതിരില്ലാതെ വിജയിക്കാനാകും.
മീനാക്ഷി നടരാജന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ റിട്ടേണിംഗ് ഓഫീസർക്ക് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. തെലങ്കാനയിലുള്ള ഒരു കേസിന്റെ വിശദാംശങ്ങൾ കോൺഗ്രസ് നേതാവ് തന്റെ തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും, നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ നിർബന്ധമായും നൽകേണ്ട രേഖകൾ മറച്ചുവെച്ചത് നിയമലംഘനമാണെന്നും ബിജെപി ആരോപിച്ചു. ഈ വാദം അംഗീകരിച്ചാണ് റിട്ടേണിംഗ് ഓഫീസർ പത്രിക തള്ളിയത്.
അതേസമയം, ഇത് പൂർണമായും ഏകപക്ഷീയമായ നടപടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. വിഷയത്തിൽ ശക്തമായ നിയമപോരാട്ടത്തിന് ഒരുങ്ങുന്ന കോൺഗ്രസ് വൃത്തങ്ങൾ ഉടൻ തന്നെ കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. ഇതിന് പുറമെ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല കോൺഗ്രസ് സംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി ബോധിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യ യോഗത്തെ പരിഹസിച്ച് ബിജെപി എംപി സംബിത് പത്ര. ഡിഎംകെ, എഎപി പാർട്ടികൾ സഖ്യത്തിൽനിന്ന് വിട്ടുനിന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. യോഗം ഇപ്പോൾ ശുഷ്കിച്ച് ഒറ്റമുറിയിലേക്ക് മാറിയെന്ന് സംബിത് പത്ര പരിഹസിച്ചു.
മുൻപ് ഈ യോഗങ്ങൾ സ്റ്റേഡിയങ്ങളിലായിരുന്നു നടന്നിരുന്നത്. ബംഗളൂരുവിൽ എല്ലാവരും കൈകോർത്തുനിന്നു. ക്രമേണ ഈ യോഗങ്ങൾ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലെ ഒരു ചെറിയ മുറിയിലേക്ക് ഒതുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ കോൺഗ്രസ് പെട്ടെന്നുതന്നെ മറ്റൊരു പാർട്ടിയുമായി സഖ്യം ചേർന്ന് സർക്കാർ രൂപീകരിച്ചു. എന്നാൽ ബംഗാളിൽ തോറ്റപ്പോൾ അവർ മുറവിളി കൂട്ടുകയാണ്. രാജ്യം മുഴുവൻ ഈ കാപട്യം കാണുന്നുണ്ടെന്നും സംബിത് പത്ര ആരോപിച്ചു.
പ്രതിപക്ഷ പാർട്ടികൾക്ക് താഴെത്തട്ടിൽ യഥാർഥ സാന്നിധ്യമില്ല. അവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്യാത്തത്. രാഹുൽ ഗാന്ധി എവിടെയുണ്ടോ, അവിടെ ആരുടെയും രാഷ്ട്രീയ ഭാഗ്യം തെളിയാറില്ലെന്നും സംബിത് പത്ര പരിഹസിച്ചു.
രണ്ടു മാസത്തിലൊരിക്കൽ യോഗം ചേരാൻ അവർ തീരുമാനിച്ചിട്ടുണ്ട്. ഈ പോക്കാണെങ്കിൽ, മൂന്നാമത്തെയോ നാലാമത്തെയോ യോഗം ഒരു കാറിനുള്ളിലായിരിക്കും നടക്കുകയെന്നും സംബിത് പത്ര കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഇടതുപക്ഷം ഇപ്പോൾ യഥാർഥ ഇടതല്ലാതായി മാറിയിരിക്കുന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ ചോദ്യം ചെയ്ത് ഇടത് നേതാക്കളായ ജോൺ ബ്രിട്ടാസും ഡി. രാജയും. കേരളത്തിലേക്ക് അദാനിയെ ക്ഷണിച്ചത് കമ്മ്യൂണിസ്റ്റ് സർക്കാരാണെന്ന രാഹുൽ ഗാന്ധിയുടെ പരമാർശമാണ് തർക്കങ്ങൾ വഴിവെച്ചത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസും രാഹുലിന്റെ ഇടത് വിരുദ്ധ പരാമർശങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തി.
തിരുവനന്തപുരത്തെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നടപ്പാക്കാൻ അദാനി ഗ്രൂപ്പിനെ ക്ഷണിച്ചത് എൽഡിഎഫ് സർക്കാരാണെന്ന വാദം രാഹുൽ ഉന്നയിച്ചത്. എന്നാൽ ഈ അവകാശവാദം പൂർണമായും തെറ്റാണെന്നും 2011-2016 കാലഘട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി പോർട്സിന് കൈമാറിയതെന്നും 2015 ഡിസംബറിൽ ഉമ്മൻ ചാണ്ടി തന്നെയാണ് ഈ പദ്ധതിക്ക് തറക്കല്ലിട്ടതെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
സഖ്യകക്ഷികളുടെ കടുത്ത വിമർശനങ്ങൾക്കിടയിൽ യാഥാർത്ഥ്യം മനസിലാക്കാതെയുള്ള രാഹുലിന്റെ ഈ പ്രസ്താവന കൂടി വന്നതോടെ 'ഇന്ത്യ' സഖ്യയോഗത്തിൽ കോൺഗ്രസ് പൂർണമായും പ്രതിരോധത്തിലായതായാണ് റിപ്പോർട്ടുകൾ.
NRI
മെൽബൺ: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. അനുഗ്രഹീത കലാകാരനും താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗപ്രതിഭയാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സലിം കുമാറിന്റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരു തീരാനഷ്ടമാണെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് അറിയിച്ചു.
കോൺഗ്രസ് സർക്കാർ കേരളത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡന്റ് പി.വി. ജിജേഷ് അനുസ്മരിച്ചു.
വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെന്റ് ജോർജ്, ജോയിന്റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.
National
പുതുക്കോട്ട: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി യാതൊരുവിധ സഖ്യവുമുണ്ടാകില്ലെന്ന് ഡിഎംകെ വ്യക്തമാക്കി. മുന്നണി വിട്ടുപോയ കോൺഗ്രസ് നിലപാടിനെ രൂക്ഷമായി വിമർശിച്ച ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർ.എസ്. ഭാരതി, വഞ്ചനകാട്ടിയവരെ ഒരിക്കലും തിരികെ സ്വീകരിക്കില്ലെന്നും വ്യക്തമാക്കി.
തമിഴ്നാട്ടിൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരൊറ്റ കോർപറേഷനിലും ഭരണകക്ഷി വിജയിക്കില്ല. തദ്ദേശതെരഞ്ഞെടുപ്പ് ജനുവരിയിൽ നടത്താൻ സർക്കാരിനു ധൈര്യമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഡിഎംകെയെ വിമർശിച്ച കോൺഗ്രസ് നേതാവ് മാണിക്കം ടാഗോറിനും ഭാരതി മറുപടി നൽകി. ഒരു സഖ്യം അവസാനിപ്പിക്കുന്നത് പരസ്പര ധാരണയോടെയാകണം. കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് രാഷ്ട്രീയവഞ്ചനയാണ്. പാർട്ടി നേതൃത്വം കോൺഗ്രസിനെ മുന്നണിയിലെടുക്കാൻ തീരുമാനിച്ചാൽ പോലും അണികൾ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“വിജയ്യുടേത് കൃത്യമായ പ്രത്യയശാസ്ത്രത്തിന്റെ വിജയമല്ല. വെറും 35 ശതമാനം മാത്രമാണ് ടിവികെയ്ക്ക് വോട്ടുചെയ്തത്. 65 ശതമാനം ജനങ്ങളും അവർക്ക് എതിരാണ്. സാമൂഹിക മാധ്യമങ്ങളിലെ വർണശബളമായ പ്രചാരണവും മുഖഭംഗിയും കണ്ടാണ് പലരും വോട്ടുചെയ്തത്. പലർക്കും തങ്ങളുടെ മണ്ഡലത്തിലെ എംഎൽഎ ആരാണെന്ന് പോലും അറിയില്ല”- ഭാരതി പറഞ്ഞു.
എന്തു പ്രതിസന്ധി വന്നാലും ഡിഎംകെ തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയ ആർ.എസ്. ഭാരതി, ബിജെപിയുമായി ഒരുതരത്തിലുള്ള സഖ്യത്തിനും സാധ്യതയില്ലെന്നും കൂട്ടിച്ചേർത്തു.
National
ചെന്നൈ: ടിവികെയുമായി കോൺഗ്രസ് സഖ്യം ചേർന്നതിനുപിന്നാലെ ഇന്ത്യ മുന്നണിയിൽ നിന്നു ഡിഎംകെ പിന്മാറിയെങ്കിലും ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം പൂർണമായി അവസാനിച്ചിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിവികെയുമായി സഖ്യം ഉറപ്പിച്ചുകഴിഞ്ഞു. കോൺഗ്രസ് തങ്ങളെ പിന്നിൽനിന്നു കുത്തിയെന്ന് ഡിഎംകെ നേതാക്കൾ ആവർത്തിക്കുന്നതിനിടെയാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
“ഡിഎംകെയുമായുള്ള ബന്ധം പെട്ടെന്ന് തള്ളിക്കളയാവുന്നതല്ല. അടുത്തിടെ കരുണാനിധിയുടെ ജന്മവാർഷികത്തിൽ രാഹുൽ ഗാന്ധി അദ്ദേഹത്തിന് ആദരം അർപ്പിച്ചിരുന്നു. ഈ സന്ദേശം ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന് കൃത്യമായി കൈമാറിയിട്ടുണ്” - ചിദംബരം പറഞ്ഞു.
അതേസമയം, ടിവികെയുമായുള്ള കോൺഗ്രസ് സഖ്യത്തെ ന്യായീകരിച്ചും ചിദംബരം രംഗത്തെത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യമാണ് തങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചെതെന്നും അദ്ദേഹം പറഞ്ഞു. ടിവികെ സർക്കാരിന്റെ ഭാഗമാകുന്നതിന് മുമ്പുതന്നെ കോൺഗ്രസ് ഇക്കാര്യം ഡിഎംകെയെ അറിയിച്ചിരുന്നു. അതിനാൽ നന്ദികേട് കാട്ടിയെന്ന് ഡിഎംകെ ആരോപണത്തിൽ കഴമ്പില്ലെന്നും ചിദംബരം പറഞ്ഞു.
വിജയ് മന്ത്രിസഭയിൽ രണ്ടു കോൺഗ്രസ് മന്ത്രിമാരുണ്ട്. ഇത് പാർട്ടി അണികൾക്ക് വലിയ ആവേശം പകരുന്നതാണ്. എന്നാൽ ഭാവിയിൽ കൂട്ടുകക്ഷി സർക്കാരുകൾ തുടരുമോയെന്നത് ജനവിധിയെ ആശ്രയിച്ചിരക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാലിന്റെ പരാജയം തന്നെ അദ്ഭുതപ്പെടുത്തി. വിജയ് പോലും അതിൽ അമ്പരന്നിട്ടുണ്ടാകും. -ചിദംബരം പറഞ്ഞു.
National
ന്യൂഡൽഹി: ജാർഖണ്ഡിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെഎംഎമ്മും തമ്മിലുണ്ടായിരുന്ന തർക്കം പരിഹരിച്ചു. ഇരു പാർട്ടികളും ഓരോ സീറ്റിൽ മത്സരിക്കും. ഇന്നലെ ജെഎംഎം, കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രഭാതഭക്ഷണ ചർച്ചയിലാണു തീരുമാനം. രണ്ടു സീറ്റിലും മത്സരിക്കുമെന്ന് ജെഎംഎം പ്രഖ്യാപിച്ചിരുന്നു.
.മുൻ മന്ത്രി ബൈദ്യനാഥ് റാം ആണ് ജെഎംഎം സ്ഥാനാർഥി. ഇദ്ദേഹം ഇന്നു പത്രിക സമർപ്പിക്കും. മുതിർന്ന നേതാവ് പ്രണവ് ഝാ ആണ് കോൺഗ്രസ് സ്ഥാനാർഥി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കമ്യൂണിക്കേഷൻ ചുമതലയുള്ള പ്രണവ് ഝാ എഐസിസി സെക്രട്ടറികൂടിയാണ്.
മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, അജയ് ശർമ എന്നിവരെ ചർച്ചയ്ക്കായി കോൺഗ്രസ് നിയോഗിച്ചിരുന്നു. ജെഎംഎം സ്ഥാപകൻ ഷിബു സോറന്റെ നിര്യാണത്തെത്തുടർന്നാണ് ഒരു സീറ്റിൽ ഒഴിവുണ്ടായത്.
ബിജെപി അംഗം ദീപക് പ്രകാശിന്റെ രാജ്യസഭാ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് രണ്ടാമത്തെ സീറ്റിൽ ഒഴിവുണ്ടായത്. ഒരു സ്ഥാനാർഥിക്ക് വിജയിക്കാൻ 28 ഫസ്റ്റ് പ്രിഫറൻസ് വോട്ട് വേണം. ഇന്ത്യ മുന്നണിക്ക് 56 അംഗങ്ങളുണ്ട്.
Kerala
കൊച്ചി: വിട വാങ്ങിയ ചലച്ചിത്രതാരം സലിംകുമാറിനെ അനുസ്മരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും തനിക്ക് തന്റെ കൂടെപിറപ്പിനെയും നഷ്ടമായെന്ന് വി.ഡി.സതീശൻ പറഞ്ഞു.
തനിക്ക് സലിംകുമാര്‍ ചിരിയുടെ മണവാളന് മാത്രമായിരുന്നില്ലെന്നും അയാളും താനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം സലിംകുമാറിനെ അനുസ്മരിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം;
ചിരിയുടെ മണവാളന് മാത്രമായിരുന്നില്ല എനിക്ക് സലിംകുമാര്‍. അയാളും ഞാനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാള്‍. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാള്‍. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്.
എന്റെ തിരഞ്ഞൈടുപ്പുകളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാര്‍, പാര്‍ട്ടിയുടെ വിജയങ്ങളില്‍ അത്രമേല്‍ സന്തോഷിച്ച കൂടപിറപ്പ്, ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി. സലിം കുമാറിന് വിട.
Kerala
തിരുവനന്തപുരം: കേരളത്തെ ഭീകരമായ കടക്കെണിയിലാക്കിയത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ യാഥാർത്ഥ്യബോധമില്ലാത്ത ധനകാര്യ മാനേജ്മെന്റ് ആണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് പത്രപ്രസ്താവനയിൽ ആരോപിച്ചു.
വരവ് അറിയാതെ ചെലവിടുകയും കടം വാങ്ങി മുടിയുകയും കേരളത്തിന്റെ സമ്പദ്ഘടന കുളംതോണ്ടുകയും ചെയ്ത ധൂർത്തു പുത്രനായി തോമസ് ഐസക്കിനെ ചരിത്രം രേഖപ്പെടുത്തും. ഐസക്കിന്റെ വികലമായ സാമ്പത്തിക നയം കെ.എൻ ബാലഗോപാൽ അതേപടി തുടരുകയാണ് ചെയ്തത്.
കൊള്ള പലിശയ്ക്ക് രാജ്യത്തിനു പുറത്തു നിന്നും മസാല ബോണ്ടു വഴി വരെ കടം വാങ്ങിയ കിഫ്ബിയുടെ ധനവിനിയോഗങ്ങളെല്ലാം സംശയാസ്പദമാണ്. സിഎജി താക്കീത് മറികടന്ന് ബജറ്റിനു പുറത്തു നിന്നും കടം വാങ്ങിയ കിഫ്ബിയുടെ സാമ്പത്തിക ബാദ്ധ്യത ഭീമമാണ്. പ്രത്യുല്പാദനപരമല്ലാത്ത ഒരു വരുമാനവും കിട്ടാത്ത മേഖലകളിലാണ് ഒരു ആസൂത്രണവുമില്ലാതെ കോടികൾ വലിച്ചെറിഞ്ഞത്.
ലൈഫ് ഭവന പദ്ധതിയ്ക്ക് മുടക്കിയ പണത്തിന്റെ സിംഹഭാഗവും ഹഡ്കോയിൽ നിന്നുള്ള കടമാണ്. ഈ കടം അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. പുതിയ വികസന പദ്ധതികൾക്കു ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും സംസ്ഥാന സർക്കാരിന് കടം കിട്ടാത്ത ദുരവസ്ഥയാണ് ഇപ്പോഴുള്ളത്.
National
ചണ്ഡിഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേരുമെന്നു റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷം മുമ്പാണ് അമരീന്ദര്‍ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
അമരീന്ദറുമായി കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെട്ടുവരികയാണ്. അമരീന്ദറിനെ പാര്‍ട്ടിയിലെത്തിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് താത്പര്യമുണ്ട്. ഗാന്ധികുടുംബവുമായി ഉറ്റ ബന്ധമുണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹം.
ബിജെപി നേതൃത്വവുമായി അമരീന്ദര്‍ അകന്നുനില്‍ക്കുകയാണ്. ബിജെപി പഞ്ചാബ് ഘടകം അധ്യക്ഷനായ കേവല്‍ സിംഗ് ധില്ലനെ നിയമിച്ചതു തന്നോട് ആലോചിക്കാതെയായിരുന്നുവെന്ന് അമരീന്ദര്‍ തുറന്നടിച്ചിരുന്നു. 2021 സെപ്റ്റംബറിലാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്.
2021 നവംബറില്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച അമരീന്ദര്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി ബിജെപിയുമായി സഖ്യത്തില്‍ മത്സരിച്ചു.
എന്നാല്‍, 2022 നിയമസഭാ തെരഞ്ഞെടുപ്പില്‍ അമരീന്ദറിന്റെ പാര്‍ട്ടിക്ക് ഒറ്റസീറ്റു പോലും ലഭിച്ചില്ല. 2022 സെപ്റ്റംബര്‍ 19ന് അമരീന്ദറിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിൽ ഒഴിവു വന്ന ഏക രാജ്യസഭാ സീറ്റ് കോൺഗ്രസിനു വിട്ടുനല്‍കി ടിവികെ. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അണ്ണാ ഡിഎംകെ അംഗം സി.വി. ഷൺമുഖം രാജിവച്ച ഒഴിവിലാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുക. നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് ഷൺമുഖം രാജിവച്ചത്.
കോൺഗ്രസ് നേതാക്കളായ പി. ചിദംബരവും ഗിരീഷ് ചോദാൻകറും ടിവികെ നേതാക്കളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് രാജ്യസഭാ സീറ്റ് കോൺഗ്രസിനു ലഭിച്ചത്.
National
ബംഗളൂരൂ: അധികാരമേറ്റതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭ യോഗത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യയാത്ര അനുവദിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ.സ്കൂൾ, കോളജ് വിദ്യാർഥികൾക്കാണ് സൗജന്യയാത്ര.
സൗജന്യ ബസ് പാസ് വിദ്യാർഥിനികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നതായും അതിനാലാണ് മുഴുവൻ വിദ്യാർഥികൾക്കും ബസ് പാസ് സൗജന്യമാക്കുന്നതെന്നും ഡി.കെ. ശിവകുമാർ അറിയിച്ചു.
ഇത് യുവത്വത്തിന്റെ കാലഘട്ടമാണ്. തങ്ങൾ എല്ലാ വിദ്യാർഥികൾക്കും യാതൊരു നിരക്കും ഈടാക്കാതെ സൗജന്യ ബസ് പാസ് നൽകുകയാണ്. എല്ലാ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും ബസ് പാസ് സൗജന്യമായിരിക്കുമെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു.
ഡി.കെ.ശിവകുമാർ മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിത്. ഇതിനായി വിദ്യാർഥികൾ അപേക്ഷിക്കേണ്ടതുണ്ട്. ഗതാഗത വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഡി.കെ. ശിവകുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
District News
കൊച്ചി: കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ ഡോ. ഡി കെ ശിവകുമാറിനെ ദേശീയ സാമൂഹ്യക്ഷേമ സംഘടനയായ അഖില സേവക് സമാജ് കൗണ്‍സില്‍ (എഎസ്എസ് സി) ചെയര്മാൻ ഡോ. ഭാര്‍ഗവ് മല്ലപ്പ അഭിനന്ദിച്ചു.
കര്‍ണാടക, കേരള സംസ്ഥാനങ്ങളുടെ ചുമതലയോടെ താന്‍ കോണ്‍ഗ്രസിന്റെ കര്‍ഷക സംഘടനയായ ഓള് ഇന്ത്യാ കിസാൻ കോണ്‍ഗ്രസിന്റെ ദേശീയ കോഓര്‍ഡിനേറ്ററായിരുന്ന കാലഘട്ടത്തില്‍ ഡോ. ശിവകുമാറുമായി സഹകരിച്ചു പ്രവര്‍ത്തിച്ചത് ഓര്‍മിച്ച ഡോ. മല്ലപ്പ സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഡോ. ശിവകുമാര്‍ ഏറെ പരിചയസമ്പന്നനാണെന്നും ഇതു കര്‍ണാടക സംസ്ഥാനത്തിന്റെ വരും നാളുകളിലെ സമഗ്ര പുരോഗതിക്കു വഴി തുറക്കുമെന്നും പ്രത്യാശിച്ചു.
ഗ്രാമീണ കര്ഷകരുള്പ്പെടുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റിയും അറിവും നേതൃശേഷിയുമുള്ളയാളാണ് ഡോ. ശിവകുമാര്‍. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ സേവക് സമാജിന്റെ (പീപ്പ്ള് ഫോറം ഓഫ് ഇന്ത്യ) ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ ഡോ. മല്ലപ്പ പറഞ്ഞു.
District News
വടകര: കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍. പുതുപ്പണം മണ്ഡലം 180-ാം ബൂത്ത് പ്രസിഡന്റ് വള്ളില്‍ സുരേഷിനെ (62)യാണ് കോട്ടക്കടവ് ജനതാ റോഡിലെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. തനിച്ചാണ് സുരേഷ് താമസിച്ചിരുന്നത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. പോലീസ് ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ദീര്‍ഘകാലം പ്രവാസിയായിരുന്ന സുരേഷ് നാട്ടിലെത്തിയശേഷം കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു. പുതുപ്പണത്തെ പരേതരായ വള്ളില്‍ നാണുവിന്റെയും മാതയുടെയും മകനാണ്. സഹോദരങ്ങള്‍: പരേതനായ ദിവാകരന്, അശോകന്, രമേശന്, ദിനേശന്, പുഷ്പ, അജീഷ്, സന്തോഷ്.
Kerala
ബംഗളൂരു: കർണാടകയുടെ നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡി.കെ. ശിവകുമാറിനൊപ്പം 11 മന്ത്രിമാരും ബുധനാഴ്ച തന്നെ ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇതോടൊപ്പം രണ്ട് മലയാളികളും പുതിയ മന്ത്രിസഭയിൽ ഇടംനേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കെ.ജെ. ജോർജ്, യു.ടി. ഖാദർ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മലയാളികൾ. ഡി.കെ. ശിവകുമാറിനൊപ്പം നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയിൽ ജി. പരമേശ്വര, സതീഷ് ജാർക്കിഹോളി, എം.ബി. പാട്ടീൽ, ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപാ ശശിധർ എന്നിവരുമുണ്ട്.
ബുധനാഴ്ച വൈകിട്ടോടെ നടക്കുന്ന ചടങ്ങിൽ പുതിയ സർക്കാർ ഔദ്യോഗികമായി ഭരണം ഏറ്റെടുക്കും. ജൂൺ18 ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമാകും മന്ത്രിസഭ വികസനം.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളെ അട്ടിമറിച്ചുകൊണ്ട് ലെബനനിൽ ഇസ്രയേൽ നടത്തുന്ന മാരകമായ സൈനിക അധിനിവേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്. പ്രധാനമന്ത്രിക്ക് സ്വന്തം മാതൃരാജ്യത്തേക്കാൾ വലുതാണോ അദ്ദേഹത്തിന്റെ 'പിതൃഭൂമി' (ഫാദർലാൻഡ്) എന്ന് കോൺഗ്രസ് പരിഹസിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ വിജയിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കപ്പെടുകയും ഇന്ധനവില കുറയുകയും ചെയ്യും. ഇത് ഇന്ത്യയുടെ സാമ്പത്തിക താത്പര്യങ്ങൾക്ക് അത്യന്തം അനിവാര്യമാണ്. എന്നാൽ ഇസ്രയേലിന്റെ ഏകപക്ഷീയമായ ആക്രമണങ്ങൾ കാരണം ഈ ചർച്ചകൾ പ്രതിസന്ധിയിലാണ്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പോലും കടുത്ത ഭാഷയിൽ അമർഷം രേഖപ്പെടുത്തുകയും ലോകരാഷ്ട്രങ്ങൾ അധിനിവേശത്തെ അപലപിക്കുകയും ചെയ്യുമ്പോഴും ഇന്ത്യൻ പ്രധാനമന്ത്രി മൗനം തുടരുന്നതാണ് കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകർക്കുന്ന ഇസ്രയേൽ നിലപാടിനെ മോദി പിന്തുണയ്ക്കുന്നത് എന്തിനാണെന്നും പ്രതിപക്ഷം ചോദിക്കുന്നു.
Kerala
പാലക്കാട്: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. പീഡനവിവരം പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിയായ പ്രശോഭ് ഒളിവിൽ പോയിരുന്നു. തുടർന്ന് പോലീസ് നടത്തിയ ഊർജിതമായ തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടുന്നത്. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് ജനപ്രതിനിധിക്കെതിരെ വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
National
ബംഗളൂരു: അധികാര കൈമാറ്റം നടക്കുന്ന കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ സ്ഥാനം ഉറപ്പിച്ച് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ. യതീന്ദ്ര അടക്കം സിദ്ധരാമയ്യ പക്ഷത്ത് നിന്ന് ഒമ്പതു പേർ പുതിയ മന്ത്രിസഭയിൽ ഉണ്ടാവുമെന്നാണ് സൂചനകൾ. കെപിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ബുധനാഴ്ച വൈകിട്ട് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
മുഖ്യമന്ത്രി അടക്കം 34 പേരായിരിക്കും മന്ത്രിസഭയിൽ ഉണ്ടാവുക. രണ്ടു ഘട്ടങ്ങളിലായാണ് മന്ത്രിസഭാ വിപുലീകരണം പൂർത്തിയാക്കുക. ഇതിൽ രണ്ടാംഘട്ട വിപുലീകരണം ജൂൺ 18-നായിരിക്കും നടക്കുക. യുവാക്കൾക്കും പുതിയ മന്ത്രിസഭയിൽ കാര്യമായ പരിഗണന നൽകാനാണ് കോൺഗ്രസ് നീക്കം. തന്റെ പക്ഷത്തു നിന്ന് ഒൻപത് എംഎഎൽഎമാരുടെ പേരാണ് സിദ്ധരാമയ്യ മന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ചിരിക്കുന്നത്.
മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതിൽ അന്തിമ ധാരണയിൽ എത്തുന്നതിന് ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ഇന്ന് ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, ഹൈക്കമാൻഡ് തനിക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം കൂടിയായ യതീന്ദ്ര സിദ്ധരാമയ്യ സ്ഥിരീകരിച്ചു.
പാർട്ടിയിൽ നിന്ന് അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുന്നതായും എന്നാൽ പുതിയ കെപിസിസി അധ്യക്ഷ സ്ഥാനത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു മുതിർന്ന കോൺഗ്രസ് എംഎൽഎയായ ബസവരാജ് ശിവണ്ണവരും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്.