രാഹുൽ ഗാന്ധി
ഇരിട്ടി: രാജ്യത്തെ വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും ഭാവിയെ ബാധിക്കുന്ന ചോദ്യപേപ്പർ ചോർച്ചയ്ക്കും കേന്ദ്രസർക്കാരിന്റെ ഭരണപരാജയങ്ങൾക്കുമെതിരേ കോൺഗ്രസ് യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ‘യുവ മഹാസമര സംഗമം’സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമ്മേളനം ഉദ്ഘാടനം ചെയ്യും. രാജസ്ഥാനിലെ കോട്ടയിൽനിന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂൺ വരെ ലക്ഷക്കണക്കിന് യുവാക്കളെ അണിനിരത്തി രാഹുൽ ഗാന്ധി നടത്തിയ റാലിയുടെ തുടർച്ചയായാണ് ‘വിദ്യാർഥി ഗർജനം’എന്ന പേരിൽ സമരസംഗമം സംഘടിപ്പിക്കുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
2014ന് ശേഷം രാജ്യത്ത് 152ലധികം ചോദ്യപേപ്പർ ചോർച്ചകൾ നടന്നതായും ഇത് ഏകദേശം 7.5 കോടി വിദ്യാർഥികളെയും അവരുടെ കുടുംബങ്ങളെയും ബാധിച്ചതായും സണ്ണി ജോസഫ് ആരോപിച്ചു. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ മാഫിയയെ നിയമത്തിന് മുന്നിലെത്തിക്കാനോ ശിക്ഷിക്കാനോ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും രാജ്യത്താകെ ഇതിനെതിരെ ശക്തമായ യുവജന പ്രതിഷേധം ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പിഎസ്സി നിയമനങ്ങളിലും ആശങ്ക
കേരളത്തിലും പിഎസ്സി നിയമനങ്ങളിൽ സമാനമായ ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്ന് സണ്ണി ജോസഫ് ആരോപിച്ചു. അന്വേഷണസംഘം ആവശ്യപ്പെട്ട ഫയലുകൾ പോലും കൈമാറാൻ പിഎസ്സി തയാറാകാത്തത് ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു.
പരസ്യവിമർശനങ്ങൾ പ്രോത്സാഹിപ്പിക്കില്ല
കെഎസ്യു സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും പരസ്യവിമർശനങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ എസ് യു നേതാക്കൾ ഉന്നയിച്ച പരാതികൾ ബന്ധപ്പെട്ട നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പരിഹാരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : QuestionPaperLeak Congress Protest Youth Mega Protest