ഡോ. കെ.പി. പ്രഭാകരന് നായര്‍
കോഴിക്കോട്: ലോകപ്രശസ്ത കൃഷിശാസ്ത്രജ്ഞന്‍ ഡോ. കെ.പി. പ്രഭാകരന് നായര്‍ (ഡോ. കോടോത്ത് പ്രഭാകരന് നായര്‍-88) അന്തരിച്ചു. കോഴിക്കോട് പ്രൊവിഡന്‍സ് കോളജിനടുത്തുള്ള ഗുഡ് എര്‍ത്ത് ഫ്ലാറ്റിലെ ഫ്ളോറിക്കന്‍ ഹില്‍ വസതിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കാരം നടത്തി.
കോയമ്പത്തൂരിലെ കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയ ഡോ. കെ.പി. പ്രഭാകരന്‍നായര്‍ ബെല്‍ജിയത്തിലെ ഗെന്റ് സര്‍വകലാശാലയില്‍നിന്ന് പോസ്റ്റ് ഡോക്ടറല്‍ ബിരുദം നേടി. നിരവധി വിദേശ സര്‍വകലാശാലകളില്‍ അധ്യാപകനായിരുന്നു.
ജനിതകമാറ്റം വരുത്തിയ വഴുതനവിത്തുകള്ക്കെതിരേ നിയമയുദ്ധം നടത്തിയതിനു പിന്നിലും പ്രഭാകരന് നായരുണ്ടായിരുന്നു. മഞ്ഞളിന്റെയും ഇഞ്ചിയുടെയും പേറ്റന്റുകള്‍ സംബന്ധിച്ച നിയമപ്രശ്നങ്ങളുമായി ബന്ധപ്പെട്ടും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു.
ജര്‍മനിയിലെ അലക്സാണ്ടര്‍ ഫോണ്‍ ഹുംബോള്‍ട്ട് ഫൗണ്ടേഷന്റെ സീനിയര്‍ ഫെല്ലോ, ബെല്‍ജിയത്തിലെ റോയല്‍ സൊസൈറ്റിയിലും നാഷണല്‍ സയന്‍സ് ഫൗണ്ടേഷനിലും പ്രഫസര്‍ എന്നീ പദവികള്‍ വഹിച്ചു. സുപ്രീംകോടതി നിയമിച്ച "ബി.ടി. വഴുതന' സംബന്ധിച്ച സ്വതന്ത്ര വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷികശാസ്ത്ര പ്രസിദ്ധീകരണമായ “അഡ്വാന്‍സസ് ഇന്‍ അഗ്രോമണി”യി ലേക്കു തുടര്‍ച്ചയായി നാലുതവണ ലേഖനങ്ങള്‍ എഴുതാന്‍ ക്ഷണിക്കപ്പെട്ട ഏക കൃഷിശാസ്ത്രജ്ഞന്‍ എന്ന അപൂര്‍വ റിക്കാർഡ് അദ്ദേഹത്തിനുണ്ട്.
റോബര്ട്സണ് മെമ്മോറിയല്‍ ഗോള്‍ഡ് മെഡല്‍ ഉള്‍പ്പടെ നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 2008 ജൂലൈയില്‍ ദേശീയ-അന്തര്‍ദേശീയ കാര്‍ഷിക പ്രശ്നങ്ങളെക്കുറിച്ചുള്ള പുസ്തകവും ഏലത്തെക്കുറിച്ചുള്ള മറ്റൊരു പുസ്തകവും രചിച്ചിട്ടുണ്ട്. ഭാര്യ: ഡോ. പങ്കജം നായര്‍. മക്കള്‍: ഡോ. കണ്ണന്, അമ്മു.
Tags : Agricultural Scientist Passes Away Kozhikode Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash