പൊതുമരാമത്ത് വകുപ്പ് ഒരുമാസംകൊണ്ട് പൂർത്തികരിച്ച ചാലക്കയം-പമ്പ റോഡ്
പത്തനംതിട്ട: ശബരിമല തീര്‍ഥാടന പാതയിലെ 4.5 കിലോമീറ്റര്‍ റോഡ് ആധുനിക നിലവാരത്തിൽ പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പിനു വേണ്ടിവന്നത് ഒരുമാസം. ചരിത്രത്തിലാദ്യമായി ഇത്തരത്തിൽ നിർമാണം പൂർത്തീകരിച്ച വകുപ്പിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കം പ്രശംസിച്ചു.
14.14 കോടി രൂപയുടെ വികസനപ്രവൃത്തികളാണ് ഒമ്പതുമാസ കരാറിൽ ഏറ്റെടുത്ത് ഒരു മാസം കൊണ്ട് പൂർത്തീകരിച്ച് വകുപ്പ് റിക്കാർഡിട്ടത്. ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി ഞായറാഴ്ച പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ റോഡ് തുറന്നുകൊടുത്തു. മന്ത്രി കെ. മുരളീധരനും സന്നിഹിതനായിരുന്നു.
ശബരിമല തീര്‍ഥാടനകാലത്ത് ലക്ഷക്കണക്കിന് ഭക്തര്‍ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. വർഷങ്ങളായി തകർച്ചയിലായിരുന്ന റോഡ് ആധുനികവത്കരിച്ചത് ഭക്തരുടെ യാത്ര സുഗമമാക്കിയിരിക്കുകയാണ്.
4.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 12 മീറ്റര്‍ വീതിയിലാണ് നവീകരിച്ചിരിക്കുന്നത്. നിലവിലെ വീതി പൂർണമായി ഉപയോഗപ്പെടുത്തിയതോടെ രണ്ടുവരി ഗതാഗതം സുഗമമായി.
റോഡിന്റെ ഉപരിതലം മികവുറ്റതും ഈടുനില്ക്കുന്നതുമാക്കുന്നതിനായി ആധുനിക നിര്‍മാണരീതികളാണ് അവലംബിച്ചത്. അഞ്ച് സെന്റിമീറ്റര്‍ കനത്തില്‍ ബിഎംപാളിയും മൂന്ന് സെന്റിമീറ്റര്‍ കനത്തില്‍ ബിസി പാളിയും ഉള്‍പ്പെടുത്തിയാണ് ടാറിംഗ് നടത്തിയത്. അടിയില്‍ 20 മുതല്‍ 30 സെന്റിമീറ്റര്‍ കനത്തില്‍ മെറ്റല്‍ ഇട്ട് ഉറപ്പിച്ച് ബലപ്പെടുത്തി.
യാത്രാസുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് നവീകരണം നടപ്പാക്കിയത്. ആവശ്യമായ സ്ഥലങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍, ക്രാഷ് ബാരിയറുകള്‍, റോഡ് മാര്‍ക്കിംഗുകള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതും വളവുകളിലും മറ്റ് നിര്‍ണായക ഭാഗങ്ങളിലും ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്തിയതും റോഡിന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കും.
ത്രിവേണി തൊട്ട് യു-ടേണ്‍ വരെ രണ്ട് സൈഡിലും കോണ്‍ക്രീറ്റ് ഇന്റർലോക്ക് ബ്ലോക്കുകള്‍ തുടങ്ങിയ അനുബന്ധ പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള സംരക്ഷണ സംവിധാനങ്ങള്‍ ഉള്‍പ്പടെ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്ന രീതിയിലാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
വകുപ്പുകളുടെ ഏകോപനത്തിന്റെ തെളിവ്: മന്ത്രി
സെപ്റ്റംബറിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ശബരിമല തീർഥാടന അവലോകന യോഗത്തിലാണ് പന്പ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കാമെന്ന നിർദേശം മന്ത്രി പി.കെ. ബഷീറാണ് മുന്നോട്ടുവച്ചത്.
പദ്ധതിയെ ദേവസ്വം ബോർഡും അംഗീകരിച്ചതോടെ നിർമാണ അനുമതിയും സാങ്കേതിക നടപടികളും വേഗത്തിലാക്കി. പദ്ധതി ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കാനായത് വകുപ്പുകളുടെ ഏകോപനത്തിന്റെ തെളിവാണെന്ന് മന്ത്രി പി.കെ. ബഷീ പറഞ്ഞു.
Tags : Public Works Department Chalakkayam Pamba Road Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash