ആൻഡി ബേൺഹാം
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ പുറത്തുപോയതിലൂടെ രാജ്യത്തിന് നേട്ടത്തേക്കാൾ കൂടുതൽ നഷ്ടമാണുണ്ടായതെന്ന് പ്രധാനമന്ത്രി ആൻഡി ബേർനാം.
ബ്രെക്സിറ്റ് നടപ്പാക്കിയ രീതി പ്രതീക്ഷിച്ച ഫലങ്ങൾ നൽകിയില്ലെന്നും യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ സമീപനം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രെക്സിറ്റിന്റെ ഭാഗമായി ബ്രിട്ടൻ സ്വീകരിച്ച കടുത്ത നിലപാടുകൾ രാജ്യത്തെ വ്യാപാരമേഖലയ്ക്ക് നിരവധി തടസങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തികവളർച്ചയ്ക്കുള്ള സാധ്യതകളെ ബാധിക്കുകയും ചെയ്തുവെന്നാണ് പ്രധാനമന്ത്രിയുടെ വിലയിരുത്തൽ.
പുതിയ കരാറിന് മൂന്ന് നിബന്ധനകൾ
യൂറോപ്യൻ യൂണിയനുമായി ഭാവിയിൽ ഉണ്ടാക്കുന്ന ഏതൊരു കരാറും മൂന്ന് പ്രധാന നിബന്ധനകൾ പാലിക്കണമെന്നാണ് പ്രധാനമന്ത്രി മുന്നോട്ടു വയ്ക്കുന്നത്. ലേബർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും സർക്കാർ പ്രഖ്യാപിച്ച നയപരമായ പരിധികളിലും ഉറച്ചുനിൽക്കണം.
നിലവിലുള്ള ബ്രെക്സിറ്റ് കരാറിനേക്കാൾ മെച്ചപ്പെട്ടതായിരിക്കണം പുതിയ കരാർ. സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ വ്യക്തമായ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കണം. അതേസമയം, യൂറോപ്യൻ യൂണിയന്റെ സിംഗിൾ മാർക്കറ്റിലേക്കുള്ള തിരിച്ചുപോക്ക്, കസ്റ്റംസ് യൂണിയനിൽ വീണ്ടും അംഗമാകൽ, സ്വതന്ത്ര സഞ്ചാരാവകാശം പുനഃസ്ഥാപിക്കൽ എന്നിവ നിലവിലെ സർക്കാരിന്റെ പ്രഖ്യാപിത നയപരിധികൾക്ക് പുറത്താണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വ്യാപാരത്തിലും യുവജന കൈമാറ്റത്തിലും പുതിയ കരാറുകൾ
വെള്ളിയാഴ്ച നടക്കുന്ന ബ്രിട്ടൻ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ഭക്ഷ്യവ്യാപാരം, കാർബൺ പുറന്തള്ളൽ നിയന്ത്രണവുമായി ബന്ധപ്പെട്ട വ്യാപാരം, യുവജനങ്ങൾക്ക് പരസ്പരം രാജ്യങ്ങളിൽ താമസിക്കാനും ജോലി ചെയ്യാനും അവസരമൊരുക്കുന്ന പദ്ധതി തുടങ്ങിയ വിഷയങ്ങളിൽ ധാരണയിലെത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമം. യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ഏറ്റുമുട്ടലിന്റേതല്ല; മറിച്ച്, സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.
പ്രതിപക്ഷ വിമർശനം
എന്നാൽ, പ്രധാനമന്ത്രിയുടെ പുതിയ യൂറോപ്യൻ നയത്തിനെതിരേ കൺസർവേറ്റീവ് പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. ക്ഷേമപദ്ധതികൾക്കുള്ള ചെലവുകൾ വർധിക്കുകയും പ്രതിരോധ മേഖലയിലെ സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനുമായുള്ള ബന്ധത്തിന് അമിതപ്രാധാന്യം നൽകുന്നത് ആഭ്യന്തര പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നാണ് ഡെപ്യൂട്ടി കൺസർവേറ്റീവ് നേതാവ് അലക്സ് ബർഗ്ഹാർട്ട് ആരോപിച്ചത്.
Tags : Brexit Britain losses Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash