National
ചണ്ഡീഗഢ്: തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം. ഞായറാഴ്ച വൈകുന്നേരം പഞ്ചാബിലെ സംഗ്രൂർ ജില്ലയിലുണ്ടായ സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരുന്ന 23 തൊഴിലുറപ്പ് തൊഴിലാളികളാണ് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. റായാന സ്വദേശിയായ പർഗത് സിംഗ് കലയാണ് കാർ ഓടിച്ചിരുന്നത്. സംഭവത്തിൽ പൊലിസ് കേസെടുത്തു.
National
ബംഗളൂരു: യുവതലമുറ കേവലം രാജ്യത്തിന്റെ ഭാവി മാത്രമല്ല വര്ത്തമാനകാലത്തിലെ സജീവ പങ്കാളികള് കൂടിയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. യുവാക്കള് ചോദ്യങ്ങള് ചോദിക്കുന്നത് ഊര്ജസ്വലമായ ജനാധിപത്യത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിൽ നാഷണല് ലോ സ്കൂള് ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ 34ാം ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. യുവാക്കളുടെ ആശങ്കകളും ആഗ്രഹങ്ങളും കേള്ക്കാന് നീതിപീഠം സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നീതിന്യായ വ്യവസ്ഥ പ്രവര്ത്തിക്കുന്നത് സ്ഥാപിതമായ ഭരണഘടനാപരമായ നടപടിക്രമങ്ങളിലൂടെയാണ്. എല്ലാ വിഷയങ്ങളും പൊതുജന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ പരിഹരിക്കാന് കഴിയില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു.
National
മുംബൈ: നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പിൽ താരം സുരക്ഷിതനാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. വെടിവയ്പിൽ ടൈഗറിന്റെ ഡ്രൈവർക്കും ഒരു കാൽനടയാത്രക്കാരനും പരിക്കേറ്റു. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. ജുഹു പൊലിസ് സ്റ്റേഷൻ പരിധിയിലെ പുഷ്പ പാർക്കിന് സമീപമാണ് ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പുണ്ടായത്.
സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ മുംബൈ പൊലിസ് അന്വേഷണം ഊർജിതമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കുറ്റവാളികളെ കണ്ടെത്തുന്നതിനായി 12 പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് രൂപീകരിച്ചിരിക്കുന്നത്. അതിനിടെ ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച് അനിൽ പണ്ഡിറ്റും ഹർമാൻ സിന്ധുവും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
സൽമാൻ ഖാനുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽനിന്ന് പിന്മാറണമെന്ന മുന്നറിയിപ്പുകൾ അവഗണിച്ചതിനാലാണ് ടൈഗറിനെ ലക്ഷ്യമിട്ടതെന്നാണ് പോസ്റ്റിലെ അവകാശവാദം. സംഭവത്തിന് പിന്നാലെ സാംസ്കാരിക മന്ത്രി ആഷിഷ് ഷെലാർ താരത്തിന്റെ കുടുംബവുമായി സംസാരിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ ഉടൻ കണ്ടെത്തുമെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പു നൽകി.
Kerala
തിരുവനന്തപുരം: നെടുമ്പാശേരി മിനി കൂപ്പര് അപകടത്തില് പ്രതികരിച്ച് മുന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. വണ്ടി ഓടിക്കുമ്പോള് ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാല് അതിന്റെ ജീവന് രക്ഷിക്കാന് ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യര്, എന്നാല് ദയവും കനിവുമൊന്നുമില്ലാത്ത സമൂഹമായി നമ്മള് മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കേരള ഫിഗര് ആര്ട്ടിസ്റ്റ് കളക്ടീവിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ. മുമ്പൊക്കെ മരിച്ചയാളുടെ മൃതദേഹം വീട്ടിലെത്തുന്നതിന് മുമ്പ് അപകടമുണ്ടാക്കിയ വ്യക്തിക്ക് ജാമ്യം ലഭിക്കും. എന്നാല് ഇത്തവണ അതില് മാറ്റമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
നെടുമ്പാശേരി അപകടത്തില് പ്രതിക്ക് ജാമ്യം ലഭിച്ചില്ല. ഒരു ചെറുപ്പക്കാരന് മറ്റ് മൂന്ന് ചെറുപ്പക്കാരുടെ ജീവന് വിലകല്പ്പിക്കാതെയായി. അത്തരമൊരു സമൂഹമായി നമ്മള് മാറി. മക്കളെ പണക്കാരായോ പ്രമാണിമാരായോ വളര്ത്തുകയല്ല, അവരിലെ കലാ - കായികപരമായ കഴിവുകള് വളര്ത്തിയെടുത്ത് നല്ല മനുഷ്യരായി വളര്ത്തണമെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.
National
മുംബൈ: നടൻ ടൈഗർ ഷ്റോഫിനുനേരെ മുംബൈയിൽ നടന്ന വധശ്രമത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഫുട്ബോൾ ഗ്രൗണ്ടിൽനിന്ന് കാറിൽ മടങ്ങുന്നതിനിടെ കാറിന്റെ മുൻവശത്തെ ഗ്ലാസിലൂടെയും വശത്തെ ഡോറിലൂടെയും രണ്ട് പേർ വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഞായറാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിൽ ടൈഗർ ഷ്റോഫി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
എന്നാൽ അദ്ദേഹത്തിന്റെ ഡ്രൈവർക്ക് വെടിയേറ്റു. പുറത്തുവന്ന 18 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ രണ്ട് അക്രമികൾ കാറിന് നേരെ വെടിയുതിർക്കുന്നത് വ്യക്തമാണ്. ഡോറിന്റെ അടുത്തെത്തിയ അക്രമികളിലൊരാൾ വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്ക് ജാമായതിനെത്തുടർന്ന് ശ്രമം പരാജയപ്പെട്ടതായാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. തുടർന്ന് ഡ്രൈവർ കാറിൽനിന്ന് പുറത്തിറങ്ങി ഓടുന്നതും അക്രമികൾ ബൈക്കിൽ രക്ഷപ്പെടുന്നതും കാണാം.
ഡ്രൈവർ ഫിർദൗസിന് പരിക്കേറ്റതോടെ താരം ഡ്രൈവിംഗ് സീറ്റിലേക്ക് മാറുന്നതും കാണാം. ഇതിനിടെ പരിസരത്തുണ്ടായിരുന്നവർ പരിഭ്രാന്തരായി നിലവിളിക്കുന്നുണ്ട്. പരിക്കേറ്റ ഡ്രൈവറെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ ഒരു സ്ത്രീ ടൈഗറിനോട് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റ ഡ്രൈവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സമീപത്തുണ്ടായിരുന്ന മറ്റൊരാൾക്കും ആക്രമണത്തിൽ പരിക്കേറ്റതായാണ് വിവരം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ പേരിൽ ഏറ്റെടുത്തിരുന്നു. സംഭവത്തിൽ ബിഷ്ണോയി സംഘത്തിനെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
Kerala
കോഴിക്കോട്: കോഴിക്കോട് റെയില്വേ സ്റ്റേഷന് സമീപത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയിൽ കണ്ടെത്തി. പണിപൂര്ത്തിയാകാത്ത കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി അന്സാര്(39) ആണ് മരിച്ചത്.
റെയില്വേ സ്റ്റേഷന് സമീപത്ത് പണി പൂര്ത്തിയാകാത്ത കെട്ടിടത്തിന്റെ മുകളിലത്തെ നിലയില് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല. ഇയാള് ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലിസ് സംശയിക്കുന്നു.
അന്സാറിനെ പ്രദേശത്ത് പലതവണ കണ്ടിട്ടുണ്ടെന്ന് സമീപത്തുള്ള കടക്കാരും നാട്ടുകാരും പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. വിവിധ പൊലിസ് സ്റ്റേഷനുകളിലായി ഇയാള്ക്കെതിരെ നിരവധി കേസുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
National
മുംബൈ: നടൻ ടൈഗർ ഷ്റോഫിനുനേരെ മുംബൈയിലെ ജുഹുവിലുണ്ടായ വെടിവയ്പ്പിന് മുൻ മഹാരാഷ്ട്ര മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി സമാനതകളെന്ന് റിപ്പോർട്ടുകൾ. ഇരുസംഭവങ്ങൾക്കുശേഷവും ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടവരുടെ സന്ദേശങ്ങൾ എത്തിയിരുന്നു.
ഇതിൽ നടൻ സൽമാൻ ഖാനുമായുള്ള അടുപ്പം ആക്രമണങ്ങൾക്ക് കാരണമായി ചൂണ്ടിക്കാട്ടിയതാണ് ശ്രദ്ധേയമാകുന്നത്. ബാബാ സിദ്ദിഖി കൊല്ലപ്പെട്ടതിന്റെ രണ്ടാം വാർഷികം കഴിഞ്ഞ് ആറു ദിവസത്തിനകമാണ് ടൈഗർ ഷ്റോഫിനുനേരെ നേരെ വെടിവയ്പ്പുണ്ടായത്.
അതേസമയം സിനിമാ മേഖലയിലെ പല പ്രമുഖരുമായി ബാബാ സിദ്ദിഖിക്കും അടുത്ത ബന്ധമുണ്ടായിരുന്നു. ഞായറാഴ്ച വൈകുന്നേരം ജുഹുവിൽ മൂന്നംഗ ബൈക്ക് സംഘം നടത്തിയ വെടിവയ്പ്പിൽ താരം പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ കാർ ഡ്രൈവർക്ക് നെഞ്ചിൽ വെടിയേറ്റു. സംഭവത്തിന് പിന്നാലെ പുറത്തുവന്ന ശബ്ദസന്ദേശത്തിൽ അനിൽ പണ്ഡിറ്റ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അവകാശപ്പെട്ടു. ലോറൻസ് ബിഷ്ണോയി സംഘത്തിനുവേണ്ടിയാണ് സംസാരിക്കുന്നതെന്നും ഇയാൾ അവകാശപ്പെട്ടു.
സിനിമാ മേഖലയിലുള്ളവർ തങ്ങളുടെ നിർദേശങ്ങൾ അവഗണിക്കുകയോ സൽമാൻ ഖാനുമായി സഹകരിച്ച് പ്രവർത്തിക്കുകയോ ചെയ്താൽ കൊല്ലപ്പെടുമെന്നായിരുന്നു സന്ദേശത്തിലെ ഭീഷണി. ഇത് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണെന്നും ഇയാൾ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ഹർമൻ സന്ധുവും താനുമാണെന്നും ഇയാൾ അവകാശപ്പെട്ടു. അതേസമയം ഇരുവരും അമേരിക്കയിലാണെന്നാണ് പൊലിസ് പറയുന്നത്.
2024 ഒക്ടോബർ 12-നാണ് 66കാരനായ ബാബാ സിദ്ദിഖി മുംബൈയിലെ ബാന്ദ്ര ഈസ്റ്റിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. മകൻ സീഷാൻ സിദ്ദിഖിയുടെ ഓഫീസിന് പുറത്ത് വെച്ച് മൂന്നംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ദിഖി പിന്നീട് ലീലാവതി ആശുപത്രിയിൽ വച്ച് മരിച്ചു. ദസറ ആഘോഷങ്ങളോടനുബന്ധിച്ച് മുംബൈ പൊലിസ് അതീവ ജാഗ്രത പാലിച്ചിരുന്ന സമയത്തായിരുന്നു കൊലപാതകം.
കൊലപാതകത്തിന് പിന്നാലെ ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ശുഭം ലൊങ്കറിന്റെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അവകാശപ്പെട്ടിരുന്നു. സൽമാൻ ഖാനുമായുള്ള സിദ്ദിഖിയുടെ അടുപ്പവും നടന്റെ വീടിന് നേരെയുണ്ടായ വെടിവയ്പ്പ് കേസിലെ പ്രതിയായ അനൂജ് താപന്റെ കസ്റ്റഡി മരണവും പോസ്റ്റിൽ പരാമർശിച്ചിരുന്നു.
International
ജിദ്ദ: നിരോധിത മരുന്നുകൾ കൈവശം സൂക്ഷിച്ചെന്നാരോപിച്ച് ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത മലയാളി നഴ്സ് ഫിലോമിനയെ വിട്ടയച്ചു. പിടിച്ചെടുത്ത മരുന്നുകൾ ലഹരിമരുന്നിന്റെ ഗണത്തിൽപ്പെടുന്നവയല്ലെന്ന് പരിശോധനയിൽ തെളിഞ്ഞതോടെയാണ് ഫിലോമിനയെ വിട്ടയച്ചത്.
സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി- ശെൽവി ദമ്പതികളുടെ മകൾ ഫിലോമിന റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ്. അവധിക്ക് ശേഷം ഒക്ടോബർ 10ന് ആയിരുന്നു സൗദിയിലേക്ക് തിരിച്ചത്.
ജിദ്ദ വിമാനത്താവളത്തിൽ എത്തിയപ്പോൾ കസ്റ്റംസ് നടത്തിയ ലഗേജ് പരിശോധനയിലാണ് ഫിലോമിനയുടെ ബാഗിൽ നിന്ന് നിരോധിത വിഭാഗത്തിലുള്ള മരുന്നുകൾ കണ്ടെത്തിയത്. തുടർന്ന് ജിദ്ദ കസ്റ്റംസ് വിഭാഗം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിടിച്ചെടുത്ത മരുന്നുകൾ ലാബ് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയിൽ ഫിലോമിനയുടെ പക്കലുണ്ടായിരുന്നത് ലഹരിമരുന്നല്ലെന്നും ചികിത്സാ ആവശ്യങ്ങൾക്കുള്ള മരുന്നുകളാണെന്നും സ്ഥിരീകരിക്കുകയായിരുന്നു.
Sports
ഗുവാഹത്തി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ തകർത്തത്. നോർത്ത് ഈസ്റ്റിനായി മൊറോക്കൻ താരം അലാഉദ്ദീൻ അജറൈ ഇരട്ടഗോൾ നേടിയപ്പോൾ സ്പാനിഷ് താരം അന്റോണിയോ മൊയാനോയും മലയാളിതാരം സി.കെ.അമനും ഓരോ ഗോൾ വീതം നേടി.
ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോൾ മോമോ യാൻസാനെയുടെ വകയായിരുന്നു. മത്സരത്തിന്റെ 15-ാം മിനിറ്റിൽ അജറൈയാണ് നോർത്ത് ഈസ്റ്റിനായി ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മൊയാനോ കൂടി ലക്ഷ്യം കണ്ടതോടെ നോർത്ത് ഈസ്റ്റ് രണ്ട് ഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാനുള്ള ശ്രമങ്ങളുമായി ബ്ലാസ്റ്റേഴ്സ് കളം നിറഞ്ഞു.
60-ാം മിനിറ്റിൽ മോമോ യാൻസാനെ ഗോൾ നേടിയതോടെ മഞ്ഞപ്പട പ്രതീക്ഷ വീണ്ടെടുത്തു. എന്നാൽ ആ പ്രതീക്ഷയ്ക്ക് പത്ത് മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 70-ാം മിനിറ്റിൽ അജറൈ വീണ്ടും വലകുലുക്കിയതോടെ നോർത്ത് ഈസ്റ്റ് 3-1ന് മുന്നിലെത്തി. 82-ാം മിനിറ്റിൽ മലയാളി താരം സി.കെ. അമൻകൂടി ഗോൾ നേടിയതോടെ നോർത്ത് ഈസ്റ്റിന്റെ വിജയം ഉറപ്പായി.
തിരിച്ചുവരവിനായി പൊരുതിയെങ്കിലും നോർത്ത് ഈസ്റ്റിന്റെ കൊമ്പൻമാർ എല്ലാ ശ്രമങ്ങളും തടഞ്ഞു. ആദ്യ മത്സരത്തിൽ ഇന്റെർ കാശി എഫ്സിയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ മഞ്ഞപ്പടയ്ക്ക് ഇത്തവണ പിഴച്ചു. തുടർച്ചയായ രണ്ടാം ജയത്തോടെ ആറ് പോയിന്റുമായി നോർത്ത് ഈസ്റ്റ് പട്ടികയിൽ ഒന്നാമതെത്തി. മൂന്ന് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്താണ്.
Kerala
പത്തനംതിട്ട: നിരവധി മോഷണക്കേസുകളിൽ പ്രതിയായ മൊട്ട ബിനുവിനെ പൊലിസ് ഓടിച്ചിട്ടു പിടികൂടി. ഒന്നര മാസം മുമ്പ് കുറിച്ചിയിലെ വീടുകളിൽ നിന്ന് അഞ്ച് ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെ ചിങ്ങവനം പൊലിസ് ഇയാളെ പിടികൂടിയത്.
അടൂർ ആതിമല ഭാഗത്ത് വെച്ച് പൊലിസിനെ കണ്ട് ഓടിയ ബിനുവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. നേരത്തെയും ആറന്മുളയിൽ സമാനമായ രീതിയിൽ ഇയാൾ പൊലിസിന്റെ പിടിയിലായിട്ടുണ്ട്. മോഷ്ടിക്കുന്ന വാഹനങ്ങളുടെ ബാറ്ററി, എൻജിൻ തുടങ്ങിയ പ്രധാന ഭാഗങ്ങൾ അഴിച്ചുമാറ്റിയ ശേഷം വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു.
ചങ്ങനാശേരി ഡിവൈഎസ്പി അർഷാദ്, സിഐ ഡോളി എന്നിവരുടെ നിർദേശപ്രകാരം എസ്എച്ച്ഒ അജ്മൽ ഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
Kerala
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 25ന് ആണ് കായികമേളക്ക് മുഖ്യമന്ത്രി തിരികൊളുത്തുക. ഏഴ് ദിവങ്ങളിലായാണ് സംസ്ഥാന സ്കൂൾ കായികമേള നടക്കുക.
തിരുവനന്തപുരത്ത് നിന്നുള്ള ട്രോഫി പ്രയാണവും കാസർഗോഡ് നിന്നുള്ള ദീപശിഖാ പ്രയാണവും ഈ മാസം 25ന് രാവിലെ കോഴിക്കോട് ബീച്ചിൽ സംഗമിക്കും. നഗരപ്രദക്ഷിണം നടത്തി മാർച്ച് പാസ്റ്റോടെ പ്രധാന വേദിയായ എൻഐടിയിൽ എത്തിച്ചേരും.
തുടർന്ന് മുഖ്യമന്ത്രി മേളയുടെ ഉദ്ഘാടനം നിർവഹിക്കും. സമാപന സമ്മേളനത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയായിരിക്കും മുഖ്യാതിഥി. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ നേതൃത്വത്തിൽ ഇന്ന് സംഘാടക സമിതി അവലോകന യോഗം ചേർന്നാണ് ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനത്തിലെത്തിയത്.
National
മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിനു നേരെ വെടിവെപ്പ്. ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജൂഹുവിൽ ബൈക്കിലെത്തിയ മൂന്നംഗ സംഘം താരത്തിന്റെ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. ഗ്രൗണ്ടിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിന് പിന്നാലെ അനിൽ പണ്ഡിറ്റ് എന്നയാൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സാമൂഹിക മാധ്യമത്തിലൂടെ അവകാശപ്പെട്ടു. ഇയാൾ ലോറൻസ് ബിഷ്ണോയി സംഘത്തിലെ അംഗമാണെന്നും അവകാശപ്പെട്ടു. ടൈഗർ തങ്ങളുടെ നിർദേശങ്ങൾ അനുസരിക്കാത്തതും സൽമാൻ ഖാനുമായി സഹകരിച്ച് പ്രവർത്തിക്കുന്നതുമാണ് താരത്തെ ലക്ഷ്യമിടാൻ കാരണമെന്നാണ് വീഡിയോയിൽ പറയുന്നത്.
ഹർമൻ സന്ധുവും താനും ചേർന്നാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെന്നും വീഡിയോയിൽ പറയുന്നു. എന്നാൽ വീഡിയോയിലെ അവകാശവാദങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ബൈക്കിലെത്തിയ അക്രമികൾ താരത്തിന്റെ കാറിന് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്തതായി പൊലിസ് വൃത്തങ്ങൾ വ്യക്തമാക്കി. വെടിവയ്പ്പിൽ പരിക്കേറ്റ ടൈഗർ ഷ്രോഫിന്റെ ഡ്രൈവറെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമികളെ കണ്ടെത്തുന്നതിനായി പൊലിസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. 12 സംഘങ്ങളെ നിയോഗിച്ച് വ്യാപകമായ തെരച്ചിൽ ആരംഭിക്കുകയും ചെയ്തെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം നടൻ സുരക്ഷിതനാണെന്ന് ഡിസിപി മോഹിത് ഗാർഗ് സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയി നേരത്തെയും സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ടൈഗർ ഷ്റോഫിനും സൽമാൻ ഖാനും ഒരുമിച്ച് സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും ഇരുവരും തമ്മിൽ സിനിമാ മേഖലയിലെ അടുത്ത ബന്ധങ്ങളുണ്ട്. ടൈഗറിന്റെ ബോളിവുഡ് പ്രവേശനത്തിന് സൽമാൻ ഖാൻ സഹായിച്ചിരുന്നു. ടൈഗറിന്റെ പിതാവും നടനുമായ ജാക്കി ഷ്രോഫ് സൽമാൻ ഖാനൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Kerala
പത്തനംതിട്ട: ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകളുടെ കുറവിനെത്തുടർന്ന് ബുദ്ധിമുട്ടിലായ തീർഥാടകർക്ക് തുണയായി പത്തനംതിട്ട എസ്പി ആർ. ആനന്ദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം. ബസ് കുറവായതിനാൽ യാത്ര നടത്താൻ കഴിയാതിരുന്ന തീർഥാടകർക്കായി പൊലിസിന്റെ ബസ് വിട്ടുനൽകുകയായിരുന്നു.പമ്പ-ചാലക്കയം റോഡിലെ നിർമാണപ്രവൃത്തികളാണ് നിലയ്ക്കൽ-പമ്പ റൂട്ടിലെ കെഎസ്ആർടിസി സർവീസുകളെ ബാധിച്ചത്.
റോഡ് പണി കാരണം ഈ റൂട്ടിൽ ഞായറാഴ്ച ആവശ്യത്തിന് ബസുകൾ ലഭ്യമായിരുന്നില്ല. യാത്രാപ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെ എസ്പി ആർ. ആനന്ദ് ഇടപെട്ട് പൊലിസ് ബസിൽ തീർഥാടകർക്ക് യാത്രാസൗകര്യം ഒരുക്കുകയായിരുന്നു. റൂട്ടിൽ ആവശ്യത്തിന് ബസുകൾ ലഭ്യമാക്കണമെന്ന് പൊലീസ് കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ബസുകൾ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കെഎസ്ആർടിസിയും അറിയിച്ചിട്ടുണ്ട്.
അതേസമയം ശബരിമല പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് പമ്പ-ചാലക്കയം റോഡിലെ നിർമാണപ്രവൃത്തികൾ താത്കാലികമായി നിർത്തിവെച്ചു. മാസപൂജയ്ക്കായി തീർഥാടകരുടെ തിരക്ക് വർധിച്ചതോടെ ഗതാഗതം കൂടുതൽ സങ്കീർണമാകുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് റോഡ് പണി നിർത്താൻ തീരുമാനിച്ചത്.
Sports
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന് ആഭ്യന്തര ക്രിക്കറ്റിൽ വീണ്ടും കളിക്കാൻ ക്രിക്കറ്റ് ബോർഡ് അനുമതി നൽകി. ഓൺലൈൻ വാതുവെപ്പ്, ചൂതാട്ടം, ഡ്രസിംഗ് റൂമിലെ വിവരങ്ങൾ ചോർത്തൽ തുടങ്ങിയ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്നതിനിടെയാണ് താരത്തിന് ആശ്വാസമായ തീരുമാനമുണ്ടായത്.
മുൻ ക്യാപ്റ്റനും ഹെഡ് കോച്ചുമായ മുഹമ്മദ് ഹഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 19ന് ആരംഭിക്കുന്ന പ്രസിഡന്റ്സ് കപ്പ് ഫസ്റ്റ് ക്ലാസ് ടൂർണമെന്റിൽ എസ്എൻജിപിഎൽ ടീമിനെ റിസ്വാൻ നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് പിസിബിയുടെ ആഭ്യന്തര വിഭാഗത്തിൽനിന്ന് ഇമെയിലായി ലഭിച്ചതായും ഹഫീസ് വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുശേഷം റിസ്വാനെയും മറ്റൊരു പാക് താരമായ ഇമാം ഉൾ ഹഖിനെയും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. ഡ്രസിംഗ് റൂമിലെ വിവരങ്ങൾ ചോർന്നതായും ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ നടന്നതായുമുള്ള ആരോപണങ്ങളിൽ നാഷണൽ സൈബർ ക്രൈം സെൽ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയായിരുന്നു നടപടി.
അന്വേഷണത്തിന്റെ ഭാഗമായി റിസ്വാൻ ഇതുവരെ രണ്ടുതവണ നാഷണൽ സൈബർ ക്രൈം ഏജൻസിക്കു മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. എന്നാൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ ടീമിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ റിസ്വാന്റെയും ഇമാം ഉൾ ഹഖിന്റെയും ഫോണുകൾ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്കായി അന്വേഷണ ഏജൻസിക്ക് കൈമാറിയിരുന്നു.
അന്വേഷണം തുടരുന്നതിനിടെയാണ് റിസ്വാന് ആഭ്യന്തര ക്രിക്കറ്റിൽ തിരിച്ചെത്താൻ അനുമതി ലഭിച്ചിരിക്കുന്നത്. 47 ടെസ്റ്റുകളും 103 ഏകദിനങ്ങളും 106 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള റിസ്വാന്, ലോര്ഡ്സ് ടെസ്റ്റിന് ശേഷം ഇതുവരെ കളിച്ചിട്ടില്ല.
Kerala
ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരൻ മരിച്ചത് പോഷകാഹാര കുറവിനെ തുടർന്നെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിലാണ് നിർണായക കണ്ടെത്തൽ. കുട്ടിക്ക് മതിയായ തൂക്കം ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
12 കിലോ തൂക്കം വേണ്ടിയിരുന്നിടത്ത് ഉണ്ടായിരുന്നത് ഏഴ് കിലോ തൂക്കം മാത്രമാണ്. രക്തക്കുറവിന്റെ പ്രശ്നങ്ങളും കുഞ്ഞ് നേരിട്ടിരുന്നുവെന്നും കണ്ടെത്തി. മതിയായ പരിപാലനം കിട്ടാത്തതാണ് കുഞ്ഞിന്റെ മരണ കാരണമെന്നാണ് നിഗമനം.
കാർത്തികപ്പള്ളി മഹാദേവികാട് താമസിക്കുന്ന രാജേഷ്-താര ദമ്പതികളുടെ രണ്ട് വയസുള്ള മകൻ രാഹുൽ ആണ് ഇന്ന് രാവിലെ മരിച്ചത്. ദമ്പതികളുടെ മറ്റൊരു കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. താരയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് രണ്ട് വയസുള്ള കുഞ്ഞ് മരിച്ചത്.
Kerala
തൃശൂർ: മേലഡൂരിൽ ബേക്കറിവഴി വീര്യംകൂടിയ വീഞ്ഞ് വിൽപ്പന നടത്താൻ അനുമതി നൽകിയത് അറിയില്ലെന്ന മന്ത്രിയുടെ വാദം അപഹാസ്യമാണെന്ന് എൽഡിഎഫ് കണ്വീനർ ടി.പി. രാമകൃഷ്ണൻ.
എക്സൈസ് മന്ത്രിയും വകുപ്പും അറിയാതെ എങ്ങനെയാണു ലൈസൻസ് നൽകുക. ഇനി വാദത്തിനായി അത് അംഗീകരിച്ചാൽതന്നെ ആരാണ് അനുമതി നൽകിയതെന്നു വ്യക്തമാക്കാൻ മന്ത്രി ബാധ്യസ്ഥനാണ്.
അനുമതി നൽകിയവർക്കെതിരേ നടപടിയെടുക്കുമോ? മദ്യവിൽപ്പനയ്ക്കു കൃത്യമായ സംവിധാനമുള്ള സംസ്ഥാനമാണു കേരളം. സ്വകാര്യമേഖലയിൽ മദ്യവിൽപന പാടില്ല. നിലപാടിൽനിന്നു സർക്കാർ പിൻമാറണമെന്നും രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
Kerala
പത്തനംതിട്ട: കൊടുംകുറ്റവാളികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ പൊലിസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സർവീസിൽനിന്ന് പിരിച്ചുവിടാൻ നീക്കം. തിരുവല്ല സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസറായ നിഷാന്ത് പി. ചന്ദ്രനെയാണ് പിരിച്ചുവിടാൻ നടപടി തുടങ്ങിയത്.
പീച്ചി സ്വർണക്കവർച്ചാ കേസിലെ ഗുണ്ടാസംഘം ഉൾപ്പെടെ നിരവധി കൊടുംകുറ്റവാളികളുമായി നിഷാന്തിന് ബന്ധമുണ്ടെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ നിഷാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർവീസിൽനിന്ന് പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടന്നത്. ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ നിഷാന്ത് മാസങ്ങളായി സസ്പെൻഷനിലാണ്.
സർവീസിൽനിന്ന് പിരിച്ചുവിടാതിരിക്കാൻ എന്തെങ്കിലും വിശദീകരണമുണ്ടെങ്കിൽ 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലിസ് മേധാവി ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് ലഭിക്കുന്ന മറുപടിയും തുടർനടപടികളും പരിഗണിച്ചായിരിക്കും പിരിച്ചുവിടൽ നടപടിയിൽ അന്തിമ തീരുമാനമുണ്ടാകുക.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പാകളില് പൊലിസ് നടത്തിയ മിന്നല് പരിശോധനയില് 14 സ്ഥാപനങ്ങള്ക്കെതിരേ കേസുകള് രജിസ്റ്റര് ചെയ്തു. ഇതിനോടകം അഞ്ചുപേര് അറസ്റ്റിലായിട്ടുണ്ട്. ആകെയുള്ള 821 സ്ഥാപനങ്ങളില് 586 സ്പാകളെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്.
ക്രമസമാധാന പരിപാലന വിഭാഗം എഡിജിപി പി.വിജയന്റെ നിര്ദേശാനുസരണമായിരുന്നു "ഓപ്പറേഷന് സ്പാ" എന്ന പ്രത്യേക പരിശോധന നടത്തിയത്. പരിശോധനയില് ഏറ്റവും കൂടുതല് നടപടി ഉണ്ടായത് കോഴിക്കോട് സിറ്റിയിലാണ്. ഇവിടെ 87 കേന്ദ്രങ്ങളില് 70 എണ്ണത്തില് റെയ്ഡ് നടത്തി. നാല് കേസുകള് രജിസ്റ്റര് ചെയ്യുകയും നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മലപ്പുറം ജില്ലയില് 78 കേന്ദ്രങ്ങളില് 71 റെയ്ഡുകള് നടത്തി. തൃശൂര് സിറ്റിയില് 58 ല് 56 എണ്ണത്തിലും പാലക്കാട് 71 ല് 55 എണ്ണത്തിലും പരിശോധന നടത്തി. പത്തനംതിട്ടയിലും ആലപ്പുഴയിലും മൂന്ന് കേസുകള് വീതം രജിസ്റ്റര് ചെയ്തു. എറണാകുളം റൂറലില് രണ്ടും കോട്ടയം, ഇടുക്കി ജില്ലകളില് ഓരോ കേസ് വീതവും രജിസ്റ്റര് ചെയ്തു. ചട്ടങ്ങള് പാലിക്കാത്ത 44 സ്പാകള്ക്ക് നോട്ടീസ് നല്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്ക്കെതിരെ കര്ശന നടപടി തുടരുമെന്ന് ക്രമസമാധാന പരിപാലന വിഭാഗം എഡിജിപി അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലിസ് നടത്തിയ പ്രത്യേക പരിശോധനയില് 6199 പേര്ക്കെതിരേ കേസ് രജിസ്റ്റര് ചെയ്തു. 13 രാവിലെ ഏഴുമുതല്17 രാവിലെ ഏഴുവരെയുള്ള കാലയളവിലാണ് സ്പെഷ്യല് ഡ്രൈവ് നടത്തിയത്.
ക്രമസമാധാന പരിപാലന വിഭാഗം എഡിജി പി.പി. വിജയന്റെ നിര്ദ്ദേശപ്രകാരം സോണ് ഐജിമാര്, റേഞ്ച് ഡിഐജിമാര്, ജില്ലാ പൊലിസ് മേധാവിമാര് എന്നിവരുടെ മേല്നോട്ടത്തിലാണ് വിവിധ യൂണിറ്റുകളെ സംഘടിപ്പിച്ച് സ്പെഷ്യല് ഡ്രൈവ് നടത്തിയത്.
കൂടുതല് കേസുകള് രജിസ്റ്റര് ചെയ്തിരിക്കുന്നത് എറണാകുളം റൂറലിലാണ്, 710 കേസുകള്. തിരുവനന്തപുരം റൂറലില് 497 ഉം കോട്ടയത്ത് 456 കേസുകളും രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഏറ്റവും കുറവ് കേസുകള് രജിസ്റ്റര് ചെയ്തത് കാസർഗോഡ് ജില്ലയിലാണ്, 75 കേസുകള്.
മദ്യപിച്ച് വാഹനമോടിക്കുന്നതു റോഡ് അപകടങ്ങള്ക്കും മരണങ്ങള്ക്കും പ്രധാന കാരണമാകുന്നുവെന്നും വാഹന പരിശോധന തുടർ ദിവസങ്ങളിലും ഉണ്ടാകുമെന്നും എഡിജിപി പി. വിജയൻ അറിയിച്ചു.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡീഷയ്ക്കെതിരെ കേരളം ഭേദപ്പെട്ട നിലയിൽ. ആദ്യദിനം സ്റ്റംപെടുക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 245 റൺസെന്ന നിലയിലാണ് കേരളം. തകർപ്പൻ സെഞ്ചുറിയുമായി സച്ചിൻ ബേബി (112) നടത്തിയ പ്രകടനവും മുഹമ്മദ് അസറുദ്ദീനൊപ്പമുള്ള (72*) നിർണായക കൂട്ടുകെട്ടുമാണ് കേരളത്തിന് കരുത്തായത്.
മൂന്ന് റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായ കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. അഭിഷേക് പി. നായർ റൺസൊന്നുമെടുക്കാതെ പുറത്തായപ്പോൾ അഭിഷേക് ജെ. നായർ 11 റൺസെടുത്ത് മടങ്ങി. ജലജ് സക്സേനയ്ക്കും അക്കൗണ്ട് തുറക്കാനായില്ല. വിഷ്ണു വിനോദും സൽമാൻ നിസാറും 21 റൺസ് വീതം നേടി പുറത്തായി.
ഇതോടെ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിൽ തകർച്ചയുടെ വക്കിലെത്തി. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന സച്ചിൻ ബേബിയും മുഹമ്മദ് അസറുദ്ദീനും ചേർന്നാണ് കേരളത്തെ കരകയറ്റിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 141 റൺസിന്റെ നിർണായക കൂട്ടുകെട്ടുയർത്തി. ഒഡീഷയ്ക്കായി ലളിത് യാദവും സൗമ്യരഞ്ജൻ ലെങ്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Kerala
കൊച്ചി: കളമശേരിയിൽ ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എറണാകുളം നോച്ചിമ സ്വദേശി വസന്തകുമാരി(58) ആണ് മരിച്ചത്. ഡ്രൈവറായ ഭർത്താവുമൊത്ത് യാത്ര ചെയ്യുകയായിരുന്നു വസന്തകുമാരി.
ഭർത്താവ് കലാധരൻ ഗുരുതരമായ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കളമശേരി എൻഎഡി റോഡിലായിരുന്നു അപകടം. കളമശേരി ഭാഗത്തുനിന്ന് എൻഎഡി ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ഓട്ടോ നിയന്ത്രണംവിട്ട് റോഡിൽ മറിയുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന ഇരുവരെയും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വസന്തകുമാരിയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരപരിക്കേറ്റ കലാധരനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
National
അമരാവതി: കേന്ദ്ര സർക്കാർ നടപ്പാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നിയമന നിയമത്തെ പിന്തുണച്ചതിൽ ഖേദം പ്രകടിപ്പിച്ച് വൈഎസ്ആർ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ വൈ.എസ്. ജഗൻ മോഹൻ റെഡി. തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം പൂർണമായും നിഷ്പക്ഷമായ രീതിയിലായിരിക്കണമെന്നും കേന്ദ്രം ഭരിക്കുന്നവർ നേരിട്ട് നിയമിക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെന്റിൽ ഈ നിയമത്തെ പിന്തുണച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് പാർട്ടി ഇപ്പോൾ തുറന്നുപറയുന്നുവെന്നും ജഗൻ വ്യക്തമാക്കി.
പരീക്ഷ എഴുതുന്ന വിദ്യാർഥി തന്നെ പരീക്ഷ നടത്തുന്നയാളെ നിശ്ചയിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. പരീക്ഷകൻ എത്ര സത്യസന്ധനായാലും അദ്ദേഹത്തെ നിയമിക്കുന്നത് നിഷ്പക്ഷമായ സമിതി അല്ലെങ്കിൽ സ്വാഭാവികമായും വിമർശനങ്ങൾ ഉയരും.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും നിയമനത്തിൽ ഭരണകക്ഷികളുടെ സ്വാധീനം പൂർണമായി ഒഴിവാക്കേണ്ടതുണ്ട്. മുൻകാലങ്ങളിൽ വൈഎസ്ആർ കോൺഗ്രസ് ഈ നിയമനരീതിയെ പിന്തുണച്ചിരുന്നുവെങ്കിലും ആ നിലപാട് തെറ്റാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടതായും അന്ന് പിന്തുണ നൽകിയതിൽ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി, കേന്ദ്രമന്ത്രിസഭയിലെ ഒരു മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് 2023-ലെ നിയമപ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ തെരഞ്ഞെടുക്കുന്നത്. എന്നാൽ, പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്നിവരടങ്ങിയ സമിതിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കേണ്ടത് എന്നായിരുന്നു സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നത്.
ഈ നിർദേശത്തിൽ മാറ്റം വരുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കുകയും പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തി മോദി സർക്കാർ നിയമം പാസാക്കുകയും ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിൽ നിഷ്പക്ഷത ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണെന്നും ജഗൻ മോഹൻ റെഡി കൂട്ടിച്ചേർത്തു.
Sports
കേപ് ടൗൺ: ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മഴ കളിക്കുന്നു. ടോസ് നേടിയ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴയെ തുടർന്ന് നിലവിൽ കളി നിർത്തിവച്ചിരിക്കുകയാണ്.12.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 20 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.
മഴയെ തുടർന്ന് വൈകി ആരംഭിച്ച മത്സരത്തിന്റെ തുടക്കം മുതൽ ഓസീസ് ബൗളർമാർ ആതിഥേയരെ സമ്മർദത്തിലാക്കി. പേസർ സ്കോട്ട് ബോളണ്ട് തുടർച്ചയായ പന്തുകളിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കി. ക്യാപ്റ്റൻ എയ്ഡൻ മാർക്രം 28 പന്തിൽ 11 റൺസെടുത്ത് പുറത്തായപ്പോൾ ഡേവിഡ് ബെഡിംഗ്ഹാമിന് നേരിട്ട ആദ്യ പന്തിൽത്തന്നെ മടങ്ങേണ്ടിവന്നു.
നിലവിൽ നായകൻ ടെംബ ബവുമയും അരങ്ങേറ്റക്കാരൻ മാർക്വസ് അക്കർമാനുമാണ് ക്രീസിലുള്ളത്. ബവുമ നാല് റൺസും അക്കർമാൻ അഞ്ച് റൺസും നേടിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസ്ട്രേലിയ 1 -0 ന് മുന്നിലാണ്.
Kerala
തിരുവനന്തപുരം: വഖഫ് ബോർഡ് ഭരണസമിതി പിരിച്ചുവിട്ട സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കെ.എസ്. ഹംസ അധ്യക്ഷനായ ഭരണസമിതിയുടെ കാലാവധി പൂർത്തിയാകാതെ ഭരണസമിതി പിരിച്ചുവിട്ടത് അംഗീകരിക്കാനാകില്ല. വഖഫ് നിയമപ്രകാരം നിലവിലെ സമിതിയെ പിരിച്ചുവിടാൻ സർക്കാരിന് അധികാരമില്ലെന്നും പിണറായി പറഞ്ഞു.
ഹൈക്കോടതി വിധി സർക്കാർ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുസ്ലിം ലീഗ് നേതാവ് റഷീദലി തങ്ങൾ അധ്യക്ഷനായിരുന്ന വഖഫ് ബോർഡിനെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചിരുന്നു. അന്ന് എൽഡിഎഫ് കാട്ടിയ ജനാധിപത്യ മര്യാദ ഇന്ന് യുഡിഎഫ് സർക്കാർ കാണിക്കുന്നില്ല.
കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടുകളെ ദുർബലപ്പെടുത്തുന്നതാണ് പുതിയ നടപടിയെന്നും പിണറായി ആരോപിച്ചു. അമുസ്ലിം പ്രാതിനിധ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപാട് സമുദായത്തോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാർ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്ന നടപടിയാണ് വഖഫ് ബോർഡ് പിരിച്ചുവിടലെന്നും പിണറായി ആരോപിച്ചു. ബോർഡ് പിരിച്ചുവിട്ട ഉത്തരവ് സർക്കാർ അടിയന്തരമായി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി വിജയൻ സർക്കാരിന്റെ നടപടിക്കെതിരെ വിമർശനമുന്നയിച്ചത്.
Sports
അബുദാബി: യുഎഇ ഏകദിന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെയ്ക്ക് തിളക്കമാർന്ന വിജയം. കരുത്തരായ ബംഗ്ലാദേശിനെ 99 റൺസിന് തകർത്താണ് സിംബാബ്വെ വിജയം ആഘോഷിച്ചത്. അബുദാബിയിലെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 33.4 ഓവറിൽ 172 റൺസിന് ഓൾഔട്ടായി. 93 റൺസെടുത്ത ക്രെയ്ഗ് ഇർവിന്റെ തകർപ്പൻ ബാറ്റിങ്ങാണ് സിംബാബ്വെയുടെ വിജയത്തിന് അടിത്തറയിട്ടത്. 120 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും ഉൾപ്പെടെയായിരുന്നു ഇർവിന്റെ ഇന്നിംഗസ്. മികച്ച പ്രകടനത്തിന് താരത്തെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ബ്രണ്ടൻ ടെയ്ലർ 81 റൺസുമായി ഇർവിന് മികച്ച പിന്തുണ നൽകി.
ബംഗ്ലാദേശിനായി തസ്കിൻ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 272 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിനെ സിംബാബ്വെ ബൗളർമാർ തുടക്കംമുതൽ സമ്മർദത്തിലാക്കി. ബ്രാഡ് ഇവാൻസിന്റെ മാരക ബൗളിങ്ങാണ് കടുവകളുടെ തകർച്ച വേഗത്തിലാക്കിയത്. താരം നാല് വിക്കറ്റുകൾ വീഴ്ത്തി. വെല്ലിംഗ്ടൺ മസകദ്സ രണ്ട് വിക്കറ്റും നേടി.
ബംഗ്ലാദേശിനായി തൻസിദ് ഹസൻ 46 റൺസെടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. വിജയത്തോടെ ത്രിരാഷ്ട്ര പരമ്പരയുടെ പോയിന്റ് പട്ടികയിൽ രണ്ട് പോയിന്റുമായി സിംബാബ്വെ മുന്നിലെത്തി. അഫ്ഗാനിസ്ഥാനാണ് പരമ്പരയിലെ മൂന്നാമത്തെ ടീം.
Kerala
തിരുവനന്തപുരം: ബേക്കറികൾ വഴി വീര്യം കൂടിയ ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ എക്സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെയാണ് ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത്.
സംസ്ഥാനത്തിന്റെ അബ്കാരി ചരിത്രത്തിൽ ആദ്യമായി 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ ബേക്കറികളിലൂടെ വിൽക്കാൻ അനുമതി നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
പഴങ്ങളിൽ നിന്നു നിർമിക്കുന്ന ഈ വൈനിന്റെ വിൽപന ചാലക്കുടിയിലെ ഒരു ബേക്കറിയിലാണ് ആദ്യമായി ആരംഭിച്ചത്. എൽഡിഎഫ് സർക്കാരിന്റെ കാലത്തെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹോർട്ടി വൈൻ വിൽപനയ്ക്ക് അനുമതി നൽകിയിരുന്നത്.
ഈ തീരുമാനത്തിന് പിന്നാലെ അബ്കാരി ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ സി.കെ. അനിൽ കുമാറിനെ സർക്കാർ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്.
Kerala
കൊച്ചി: യൂട്യൂബ് ചാനലിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ മുന്താസ് അബ്ദുൾ സലാമിനെ പൊലിസ് അറസ്റ്റ് ചെയ്തു. വോയിസ് ഓഫ് ട്രൂത്ത് എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയുമായി ബന്ധപ്പെട്ടാണ് നടപടി.
വീഡിയോയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ പൊലിസാണ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക് സൈന്യത്തിന്റെ പിന്തുണയുള്ള ഡെത്ത് സ്ക്വാഡ് കൊലപ്പെടുത്തിയതായി ആരോപണം. ബലൂചിസ്ഥാനിലെ ഗ്വാദർ ജില്ലയിലെ അറബിക് അധ്യാപകൻ പർവേസ് മസാർ ആണ് കൊല്ലപ്പെട്ടത്.
കുടുംബാംഗങ്ങളുടെ മുന്നിൽ നിന്ന് ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോയ പർവേസ് മസാറിനെ അടുത്ത ദിവസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സൈന്യത്തിന്റെ പിന്തുണയുള്ള ഡെത്ത് സ്ക്വാഡ് ആണ് മസാറിനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം.
ഇതേതുടർന്ന് പസ്നി പ്രസ് ക്ലബ്ബിന് മുന്നിൽ മസാറിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. കൊലപാതകത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും മസാറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: അബ്കാരി ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ സ്ഥാനത്ത് നിന്ന് സി.കെ അനിൽ കുമാറിനെ നീക്കി. പകരം വി. സുഭാഷ് ആണ് പുതിയ അബ്കാരി ഡെപ്യൂട്ടി കമ്മിഷണറാകുക.
ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാനുള്ള തീരുമാനമെടുത്തതിന് പിന്നാലെയാണ് സർക്കാരിന്റെ നീക്കം. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് അനിൽ കുമാറിനെ അബ്കാരി ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറായി നിയമിച്ചത്.
അനിൽകുമാറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹോർട്ടി വൈൻ വിൽക്കാനുള്ള ഉത്തരവ് എക്സൈസ് കമ്മിഷണർ പുറത്തിറക്കിയത് എന്നാണ് പ്രഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അവധി ആയിരുന്നിട്ടും ഇന്നുതന്നെ അനിൽകുമാറിനെ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.
സർക്കാർ അറിയാതെ ആയിരുന്നു ഹോർട്ടി വൈൻ ബേക്കറികൾ വഴി വിൽക്കാൻ ഉത്തരവിറക്കിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെടുത്ത നയപരമായ തീരുമാനമായിരുന്നു ഇത്. എന്നാൽ പുതിയ സർക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമായ തീരുമാനം സർക്കാർ അറിയാതെ നടപ്പിലാക്കിയതിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അതൃപ്തി അറിയിച്ചിരുന്നു.
ഇതിനു പിന്നാലെ എക്സൈസ് മന്ത്രി എം.ലിജു വിഷയത്തിൽ ഇടപെടുകയും ആഭ്യന്തര അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തിൽ അനിൽകുമാറിന്റെ പങ്ക് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി അദ്ദേഹത്തെ മാറ്റാനുള്ള തീരുമാനമുണ്ടായത്. ചുമതലയിൽ നിന്ന് നീക്കിയെങ്കിലും ഉത്തരവിൽ അനിൽകുമാറിന് പകരം ചുമതല നൽകിയിട്ടില്ല.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരത്ത് ആറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. മുദാക്കൽ സ്വദേശി അർച്ചനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വാമനപുരം ആറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ചയാണ് അർച്ചന വാമനപുരം ആറ്റിലേക്ക് ചാടിയത്. തുടർന്ന് കഴിഞ്ഞദിവസം തന്നെ അഗ്നിരക്ഷാസേനയും നാട്ടുകാരും തെരച്ചിൽ ആരംഭിച്ചിരുന്നു. സംഭവത്തിൽ ആറ്റിങ്ങൽ പൊലിസ് കേസെടുത്തു.
Kerala
കോട്ടയം: സിഎംആര്എല് വിഷയത്തിലെ സര്ക്കാര് നടപടിയില് നേതൃത്വം വ്യക്തത വരുത്തണമെന്ന് ചാണ്ടി ഉമ്മൻ. മാത്യു കുഴല്നാടന് പറഞ്ഞത് താന് അടക്കമുള്ള കോണ്ഗ്രസ് പ്രവര്ത്തകരുടെ വികാരമാണ്. അദ്ദേഹത്തെ ആര്ക്കും തെറ്റ് പറയാന് കഴിയില്ല.
കെ. സുധാകരന് പറഞ്ഞതും കോണ്ഗ്രസ് പ്രവര്ത്തകരുടെ വികാരമാണ്. എന്നാല് ആരെയും വേട്ടയാടുന്നത് കോണ്ഗ്രസ് രീതിയല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
സിപിഎം ഇതുകണ്ട് പഠിക്കണം. നിയമം നിയമത്തിനനുസരിച്ച് പോകുമ്പോൾ നടപടി ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ചാണ്ടി ഉമ്മന് പറഞ്ഞു. നിയമപരമായ കാര്യം നടക്കണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന സര്ക്കാര് നിലപാട് മികച്ചതാണ്.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില് നിയമപരമായി ശിക്ഷിക്കപ്പെടും. മനുഷ്യത്വമുള്ള പാര്ട്ടിയാണ് കോണ്ഗ്രസ്. അതാണ് സിപിഎമ്മില് നിന്നുള്ള വ്യത്യാസം. കൃത്യമായ നടപടികളുമായി തന്നെയാണ് സര്ക്കാര് മുന്നോട്ട് പോകുന്നതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പീഡനക്കേസിൽ കുടുക്കിയതിന് പിന്നിൽ പിണറായി വിജയനാണെന്നും ആ കാര്യം മറക്കണോയെന്നും കുഴൽനാടൻ ചോദിച്ചു. മാസപ്പടി വിവാദത്തിൽ കോൺഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ തുറന്നടിക്കൽ.
അതേസമയം കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലെ കുഴൽനാടന്റെ വിമർശനങ്ങളെ മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രി രമേശ് ചെന്നിത്തലയും തള്ളിയിരുന്നു. തനിക്കെതിരായ ആരോപണങ്ങളും കേസും ഉണ്ടായപ്പോൾ ചേർത്തുപിടിച്ചത് മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ മാത്രമാണെന്നും കുഴൽനാടൻ വ്യക്തമാക്കി. മൂവാറ്റുപുഴയിൽ നടന്ന പൊതുയോഗത്തിലായിരുന്നു കുഴൽനാടന്റെ പരാമർശം.
മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരായ വിമർശനങ്ങൾക്കൊപ്പം കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തിയും അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായി. പൊതുയോഗത്തിലെ പരസ്യവിമർശനത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുമ്പോഴും ഉമ്മൻചാണ്ടി വികാരം ഉയർത്തിപ്പിടിച്ചായിരുന്നു കുഴൽനാടൻ തന്റെ നിലപാട് ആവർത്തിച്ചത്. അതേസമയം ഉമ്മൻ ചാണ്ടിക്ക് നീതി ലഭിച്ചില്ലെന്നും എന്നാൽ അതു പറഞ്ഞ് മറ്റൊരാളെ വേട്ടയാടുന്നത് കോണ്ഗ്രസ് ശൈലിയല്ലെന്നും ചാണ്ടി ഉമ്മന് വ്യക്തമാക്കി.
Kerala
കാസർഗോഡ്: കാസർഗോഡ് പടന്നയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മുകളിൽ നിന്ന് വീണുപരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. പയ്യന്നൂർ പെരുമ്പ സ്വദേശി മുഹമ്മദ്കുഞ്ഞി( 67)ആണ് മരിച്ചത്.
വീടിന്റെ മുകൾനിലയിൽ കയറിയ നായയെ ഓടിക്കുന്നതിനിടയിൽ തെന്നിവീഴുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. മുഹമ്മദ്കുഞ്ഞി ജോലി ചെയ്യുന്ന കടയുടെ സമീപത്തെ വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുഹമ്മദ്കുഞ്ഞി നായയെ ഓടിക്കാൻ വീടിന്റെ മുകളിൽ കയറിയത്.
നായയെ ഓടിക്കുന്നതിനിടെ വീടിന്റെ മുകളിൽ നിന്ന് തെന്നിവീണ മുഹമ്മദ്കുഞ്ഞിക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് കണ്ണൂർ ചാലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മരണം.
Sports
മുംബൈ: മുംബൈ ഇന്ത്യൻസ് പുതിയ പരിശീലകനെ കണ്ടെത്താനുള്ള നീക്കങ്ങൾ സജീവമാക്കി. നിലവിലെ കോച്ച് മഹേള ജയവര്ധ സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ പരിശീലകനെ കണ്ടെത്താൻ ടീം നീക്കങ്ങൾ ആരംഭിച്ചത്. അഞ്ച് പേരുടെ ചുരുക്കപ്പട്ടിക ഫ്രാഞ്ചൈസി തയാറാക്കിയതായാണ് റിപ്പോർട്ടുകൾ.
മുൻ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് പരിശീലകൻ മൈക്കൽ ഹസി, മുൻ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്, അഡ്രിയാൻ ബിറെൽ, മാർക്ക് ബൗച്ചർ, മുൻ ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ എന്നിവരാണ് പട്ടികയിലുള്ളത്. ഇവരുമായുള്ള അഭിമുഖങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ഒമ്പത് വർഷത്തോളം പരിശീലകസംഘത്തിൽ പ്രവർത്തിച്ച പരിചയമാണ് മൈക്കൽ ഹസിയുടെ പ്രധാന കരുത്ത്.
ഐപിഎല്ലിന്റെ മത്സരസാഹചര്യങ്ങളും ഇന്ത്യൻ പിച്ചുകളിലെ വെല്ലുവിളികളും അടുത്തറിയുന്ന ഹസി മുംബൈയുടെ പരിഗണനയിലുള്ള പ്രധാന പേരുകളിലൊന്നാണ്. 2021-ലെ ടി20 ലോകകപ്പിൽ ഓസ്ട്രേലിയയെ കിരീടത്തിലേക്ക് നയിച്ച മുൻ നായകൻ ആരോൺ ഫിഞ്ചും പരിഗണനയിലുണ്ട്. വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾക്കായി കളിച്ച അനുഭവം അദ്ദേഹത്തിനുണ്ട്.
ഇംഗ്ലണ്ടിന്റെ മുൻ നായകൻ മോർഗൻ ആക്രമണോത്സുകമായ ക്രിക്കറ്റ് ശൈലിക്ക് പേരുകേട്ട താരമാണ്. അഡ്രിയാൻ ബിറെലും മാർക്ക് ബൗച്ചറും പട്ടികയിലുള്ള മറ്റ് രണ്ട് പേരുകളാണ്. അഞ്ച് പേരിൽനിന്ന് അനുയോജ്യനായ പരിശീലകനെ കണ്ടെത്താനുള്ള നടപടികൾ പൂർത്തിയാക്കി വരും ദിവസങ്ങളിൽ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
Kerala
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്രെയിനിൽവച്ച് ലൈംഗികമായി ഉപദ്രവിച്ചയാൾ എറണാകുളം റെയിൽവേ പൊലിസിന്റെ പിടിയിൽ.
സെപ്റ്റംബറിൽ രാജ്യ റാണി എക്സ്പ്രസിൽവച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്രെയിനിൽവച്ച് ഉപദ്രവിച്ചു കടന്നു കളഞ്ഞ വി.എം. എലിയാസ് എന്നയാളാണ് പിടിയിലായത്.
സംഭവത്തിന് ശേഷം പൊലിസ് പിടികൂടാതിരിക്കാൻ ധരിച്ചിരുന്ന വേഷം മാറുകയും കിലോമീറ്ററുകളോളം കാൽ നടയായി സഞ്ചരിക്കുകയും ചെയ്ത പ്രതിയെ ശാസ്ത്രീയമായ അന്വേഷണം നടത്തിയാണ് പിടികൂടിയത്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനെതിരായ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ ചെൽസി ഗോൾകീപ്പർ എമി മാർട്ടിനസ് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി. എവർട്ടൻ പ്രതിരോധ താരം ജാറഡ് ബ്രാത്ത്വെയ്റ്റുമായി കൂട്ടിയിടിച്ചാണ് മാർട്ടിനസിന്റെ താടിയെല്ലിന് പരിക്കേറ്റത്. മത്സരത്തിനിടെ ഗ്രൗണ്ടിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം സ്ട്രെച്ചറിലാണ് 34-കാരനായ താരത്തെ പുറത്തേക്ക് കൊണ്ടുപോയത്.
തുടർന്ന് അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർട്ടിനസിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. സന്ദേശങ്ങൾ അയച്ച എല്ലാവർക്കും നന്ദി അറിയിച്ച മാർട്ടിനസ്, ഏതാനും ആഴ്ചകൾക്കുള്ളിൽ കളിക്കളത്തിലേക്ക് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയും പങ്കുവച്ചു. ചെൽസി മത്സരം വിജയിച്ചതും ക്ലീൻ ഷീറ്റ് നിലനിർത്തിയതുമാണ് ഏറ്റവും പ്രധാനമെന്നും താരം കുറിച്ചു.
ഹിൽ ഡിക്കിൻസൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെഡ്രോ നെറ്റോയുടെ ഇരട്ട ഗോളുകളുടെ മികവിൽ ചെൽസി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് എവർട്ടനെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ കിർണൻ ഡ്യൂസ്ബറി-ഹാളിന്റെ ഫ്രീകിക്ക് തടയാനുള്ള ശ്രമത്തിനിടെയാണ് മാർട്ടിനസും ബ്രാത്ത്വെയ്റ്റും കൂട്ടിയിടിച്ചത്.
National
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കറും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയും ഒക്ടോബർ 20-ന് മുംബൈയിൽ കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഒക്ടോബർ 17 മുതൽ 22 വരെ ഇന്ത്യ സന്ദർശിക്കുന്ന റുബിയോ മുംബൈയ്ക്കും ജാംനഗറിനുമിടയിൽ സന്ദർശനം നടത്തുമെന്നും ഊർജ സഹകരണം അടക്കമുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും ഔദ്യോഗിക വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. കൂടാതെ, അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളിൽ മുഖ്യാതിഥിയായി വിദേശകാര്യമന്ത്രി ജയശങ്കർ പങ്കെടുക്കും.
ഒക്ടോബർ 19-നും 20-നും മുംബൈയിൽ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനെയും ജയശങ്കർ ഔദ്യോഗികമായി സ്വീകരിക്കും.
International
വത്തിക്കാൻ സിറ്റി: ശസ്ത്രക്രിയയ്ക്കുശേഷം ആദ്യമായി വിശ്വാസികൾക്കു മുന്നിലെത്തി ലെയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച അപ്പോസ്തോലിക് കൊട്ടാരത്തിൽനിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത മാർപാപ്പയ്ക്ക് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികൾ ആഹ്ലാദാരവങ്ങളോടെയാണ് വരവേൽപ്പ് നൽകിയത്.
വിശ്വാസികൾക്കു നേരെ കൈവീശി അഭിവാദ്യം ചെയ്ത മാർപാപ്പ തുടർന്ന് പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ശസ്ത്രക്രിയയ്ക്കുശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട മാർപാപ്പയെ കാണാൻ നിരവധി വിശ്വാസികളാണ് ചത്വരത്തിൽ ഒത്തുകൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി വത്തിക്കാൻ അറിയിച്ചത്.
വലത് ശ്വാസകോശത്തിന്റെ താഴ്ഭാഗത്തുണ്ടായിരുന്ന മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. റോമിലെ ജെമെല്ലി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയിൽ വിശ്രമത്തിലായിരുന്ന മാർപാപ്പ ശനിയാഴ്ചയാണ് ആശുപത്രി വിട്ടത്. അതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു ഞായറാഴ്ചത്തേത്.
International
വാഷിംഗ്ടൺ: 2028-ൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച പറക്കും കാറിന്റെ (ടെസ്ല റോഡ്സ്റ്റർ) ബുക്കിംഗ് ടെസ്ല ആരംഭിച്ചു. അഞ്ച് ലക്ഷം രൂപയാണ് ബുക്കിംഗിന്റെ ആദ്യ ഗഡുവായി നൽകേണ്ടത്. പെർഫോമൻസ് മോഡലിന് 10 ദിവസത്തിനുള്ളിൽ 50 ലക്ഷം രൂപയും, ത്രസ്റ്റ് മോഡലിന് 2.5 കോടി രൂപയും അടയ്ക്കണം.
വാഹനത്തിന്റെ അന്തിമ വില ടെസ്ല ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2028-ൽ റോഡ്സ്റ്റർ മോഡലിന്റെ വിൽപന ആരംഭിക്കുമെന്നും, ഇതിന് ഒരു വർഷത്തിന് ശേഷമാകും വാഹനം ഇന്ത്യയിൽ എത്തുകയെന്നും കമ്പനി അറിയിച്ചു.
Kerala
തിരുവനന്തപുരം: ഹോർട്ടി വൈൻ വിൽക്കാൻ ചാലക്കുടിയിലെ ബേക്കറിക്ക് ലൈസൻസ് നൽകിയത് യുഡിഎഫ് സർക്കാരെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ബേക്കറിക്ക് ലൈസൻസ് നൽകിയത് ജൂണിലാണ്. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി അറിഞ്ഞില്ലെന്നത് അദ്ദേഹത്തിന്റെ കുറ്റമാണ്. അവരാണ് അത് പരിശോധിക്കേണ്ടത്. ലൈസൻസ് റദ്ദാക്കാനുള്ള നീക്കത്തെക്കുറിച്ച് കർഷകരാണ് പ്രതികരക്കേണ്ടതെന്നും രാജേഷ് പറഞ്ഞു.
കർഷക സംഘടനകളുടെയും കർഷകരുടെയും ആവശ്യ പ്രകാരമാണ് എൽഡിഎഫ് സർക്കാർ ഹോർട്ടി വൈൻ ഉത്പാദനത്തിന് അനുമതി നൽകിയത്. വിശദമായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം എടുത്തത്. ഇത് മദ്യമല്ല. ഫെർമെൻറ്റേഷൻ വഴി ഉൽപാദിപ്പിക്കുന്നുന്നതാണ്. ഇതിന് ഒരു വിപണി ഉറപ്പാക്കാൻ ചട്ടഭേദഗതി ചെയ്തുവെന്നും രാജേഷ് പറഞ്ഞു.
National
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻഎസ്യുഐ) നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധ മാർച്ച് നടന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് റെയ്സിന റോഡിലെ സംഘടനയുടെ ആസ്ഥാനത്തുനിന്നും ഡൽഹിയുടെ വിവിധ ഭാഗങ്ങളിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. വൻ പൊലിസ് സന്നാഹത്തെയും ബാരിക്കേഡുകളെയും മറികടന്നായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.
National
ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾ ഭരണഘടനാ സ്ഥാപനങ്ങളെയും പ്രക്രിയകളെയും ചോദ്യം ചെയ്യുന്നത് ശക്തവും ഊർജസ്വലവുമായ ജനാധിപത്യത്തിന്റെ പ്രധാന ലക്ഷണമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. ബംഗളൂരുവിൽ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ 34-ാമത് ബിരുദദാനച്ചടങ്ങിനെത്തിയ അദ്ദേഹം ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കവെയാണ് ഈ അഭിപ്രായം പങ്കുവെച്ചത്.
ജുഡീഷ്യറിയും അതിൽ നിന്ന് വ്യത്യസ്തമല്ലെന്നും, ചോദ്യം ചോദിക്കുന്നതിലൂടെ മാത്രമാണ് ഭരണഘടനാ സ്ഥാപനങ്ങൾക്ക് കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും കൈവരിക്കാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
യുവജനങ്ങൾ രാജ്യത്തിന്റെ ഭാവി മാത്രമല്ലെന്നും വർത്തമാന കാലത്തെ സജീവ പങ്കാളികൾ കൂടിയാണെന്നും ചീഫ് ജസ്റ്റീസ് ഓർമിപ്പിച്ചു. യുവാക്കളുടെ ആശങ്കകൾ നാം കേൾക്കാനും മനസിലാക്കാനും തയാറാകണം. ഏതൊരു സമൂഹത്തിലും ഉയരുന്ന വിയോജിപ്പുകളെ ഒരിക്കലും ഭരണ സംവിധാനങ്ങൾക്കോ സ്ഥാപനങ്ങൾക്കോ എതിരെയുള്ള ഭീഷണിയായി കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതലമുറയുടെ ശബ്ദവും ഊർജവും ജനാധിപത്യത്തെ കൂടുതൽ ജനകീയമാക്കാൻ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. മാറ്റങ്ങൾ ആവശ്യപ്പെടുമ്പോഴും സർക്കാരുകൾക്കും സംവിധാനങ്ങൾക്കും എതിരെ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും യുവതലമുറ എപ്പോഴും ഭരണഘടനാപരമായ തത്ത്വങ്ങളും നിയമവാഴ്ചയും പാലിക്കാൻ അതീവ ശ്രദ്ധിക്കണമെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.
ജനാധിപത്യപരമായ അവകാശങ്ങൾ വിനിയോഗിക്കുമ്പോൾ തന്നെ രാജ്യത്തിന്റെ നിയമവ്യവസ്ഥയോടും ഭരണഘടനയോടുമുള്ള പ്രതിബദ്ധത കൈവിടരുതെന്നും സൂര്യകാന്ത് കൂട്ടിച്ചേർത്തു.
Kerala
വയനാട്: എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയിൽ കടുത്ത തമ്മിലടിയും ഗ്രൂപ്പ് വഴക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി സായന്തിനെ ജില്ലാ സെക്രട്ടറി ആദർശിന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചുവെന്നാണ് ആരോപണം. ജില്ലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് ഈ സംഭവവികാസങ്ങൾ.
ഇതുമായി ബന്ധപ്പെട്ട് മുൻ ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിട്ടുണ്ട്. സംഘടനയ്ക്കുള്ളിലെ തോന്നിയവാസങ്ങളും നടപടികളും ചോദ്യം ചെയ്യുന്നവരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് പുറത്തുവരുന്ന പ്രധാന ആരോപണം.
തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സംഘടനയെ ബാധിക്കരുതെന്നു കരുതിയാണ് വിഷയം ഇതുവരെ രഹസ്യമായി വെച്ചതെന്നും എന്നാൽ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും തുടർച്ചയായ വെല്ലുവിളികൾ ഉണ്ടായതോടെയാണ് വിവരം പരസ്യപ്പെടുത്തേണ്ടി വന്നതെന്നും ഇവർ വ്യക്തമാക്കുന്നു.
National
കോൽക്കത്ത: കോൽക്കത്തയിലെ ദുർഗാ പൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് കുറഞ്ഞത് 19 പേർ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചു. ശനിയാഴ്ച വൈകുന്നേരമുണ്ടായ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കോൽക്കത്ത പൊലിസിനെ ഒഴിവാക്കിക്കൊണ്ടാണ് പുതിയ വസ്തുതാന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർ, ഡിജിപിയുടെ പ്രതിനിധി, എൻഡിആർഎഫ് പ്രതിനിധി എന്നിവരടങ്ങുന്നതാണ് സമിതി. കൂടാതെ ഒരു ജഡ്ജിയും വിഷയം അവലോകനം ചെയ്യും. ദുരന്തത്തിലേക്ക് നയിച്ച യഥാർഥ സാഹചര്യങ്ങൾ കണ്ടെത്താനാണ് പൊലിസ് അന്വേഷണത്തിന് പകരം ഈ സ്വതന്ത്ര സമിതിയെ നിയോഗിച്ചിരിക്കുന്നത്.
National
ഗ്യാംഗ്ടോക്ക്: ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചതിനെതിരെ ഗ്യാംഗ്ടോക്കിലെ ജില്ലാ ഭരണകൂട കേന്ദ്രത്തിന് മുന്നിൽ വിദ്യാർഥികളും നാട്ടുകാരും പ്രതിഷേധം സംഘടിപ്പിച്ചു. 2022-ലെ അങ്കിത ഭണ്ഡാരി കൊലപാതക കേസിൽ ഉയർന്നുവന്നിട്ടുള്ള 'വിഐപി' ആരോപണങ്ങളിൽ സിബിഐ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ, അത് പൂർത്തിയാകുന്നതുവരെ ഗവർണർ പദവിയിലേക്കുള്ള സത്യപ്രതിജ്ഞ മാറ്റിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
അങ്കിത ഭണ്ഡാരി വധക്കേസിൽ ദുഷ്യന്ത് കുമാർ ഗൗതമിന്റെ പേര് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, കേസിൽ പരാമർശിക്കപ്പെടുന്ന 'വിഐപി' അദ്ദേഹം തന്നെയാണെന്നാണ് അങ്കിതയുടെ മാതാപിതാക്കളുടെ ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.
രാഷ്ട്രീയേതര കൂട്ടായ്മയായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും സമാധാനപരമായാണ് പ്രക്ഷോഭം നടത്തിയതെന്നും സംഘാടകർ വ്യക്തമാക്കി. ഒക്ടോബർ 19-നാണ് ഗവർണറായി സത്യപ്രതിജ്ഞ നടക്കാനിരിക്കുന്നത്. സിബിഐ അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനല്ലെന്ന് തെളിയുന്നതുവരെ നിയമനം നീട്ടി വെക്കണമെന്നും, അതുവരെ തങ്ങളുടെ പ്രതിഷേധം തുടരുമെന്നും പ്രക്ഷോഭകർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കോവളത്ത് സ്പായില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ബന്ധുകൾ ചേര്ന്ന് വിറ്റു. ആന്ധ്രപ്രദേശ് സ്വദേശിയായ കുട്ടിയെ മാതൃസഹോദരിയും ഭര്ത്താവും ചേര്ന്നാണ് കഴിഞ്ഞ ജൂലൈയിൽ കോവളത്ത് എത്തിച്ചത്. കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാല് സംരക്ഷണത്തിന്റെ ചുമതല ഇവര്ക്കായിരുന്നു.
വിവിധ സ്പാകളില് ജോലിക്കായി നിര്ത്തിയ കുട്ടി ക്രൂരമായ പീഡനത്തിനാണ് ഇരയായത്. കുട്ടിയുടെ കൈയില് 20 വയസുണ്ടെന്ന് തെളിയിക്കുന്ന ഒരു ആധാര് കാര്ഡുണ്ടായിരുന്നു. ഇത് വ്യാജമാണെന്നാണ് വിവരം. .
സ്പായില് ജോലി ചെയ്യുന്നതിനിടെ ഒരു യുവാവുമായി പ്രണയത്തിലായ പെണ്കുട്ടി അവിടെ നിന്ന് രക്ഷപ്പെടാന് ശ്രമിച്ചതോടെയാണ് നാടകീയമായ സംഭവവികാസങ്ങള് പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൂവാര് സ്വദേശിയെയും ആലപ്പുഴ സ്വദേശിയെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോവളം സര്ക്കിള് ഇന്സ്പെക്ടര് ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് നിലവില് അന്വേഷണം പുരോഗമിക്കുന്നത്. കൃത്യത്തിനുശേഷം കുട്ടിയെ വിറ്റ ബന്ധുക്കള് ആന്ധ്രപ്രദേശിലേക്ക് കടന്നതായാണ് പൊലിസിന് ലഭിച്ചിരിക്കുന്ന വിവരം.
സംഭവത്തില് കച്ചവടം ഉറപ്പിച്ചവരെയും പെണ്കുട്ടിയെ പീഡിപ്പിച്ച മറ്റുള്ളവരെയും കണ്ടെത്താനായി പൊലിസ് അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്.
Kerala
കണ്ണൂർ: അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ രാജ്യത്ത് ബോധപൂർവം ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിനെ തെരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവസരം ലഭിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ പ്രവർത്തിക്കേണ്ടത് നിഷ്പക്ഷ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനാണെന്നും അദ്ദേഹം പറഞ്ഞു.
ചില വിഭാഗങ്ങൾക്ക് വോട്ട് നിഷേധിച്ചാലെ അധികാരം നിലനിർത്താൻ കഴിയൂവെന്ന് അധികാരത്തിലുള്ളവർ വിചാരിക്കുകയാണ്. ആർഎസ്എസ് അജൻഡ നടപ്പാക്കാനാണ് ഗ്യാനേഷ്കുമാർ ഒരുമ്പിട്ടിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
ഗ്യാനേഷ് കുമാറിന്റെ നടപടികൾ ചോദ്യം ചെയ്യാനുള്ള എല്ലാവരെയും ഒരുമിപ്പിക്കുക എന്നത് പ്രധാനമാണെന്നും പിണറായി പറഞ്ഞു. ഓരോരുത്തർക്കും ഓരോ തരത്തിൽ ശക്തിയുണ്ടാവും. എല്ലാവരെയും കൂട്ടിയാൽ വലിയ ശക്തിയുണ്ടാകും. ഇത് സിപിഎം തിരിച്ചറിഞ്ഞു.
ജനപ്രതിനിധികൾ പ്രക്ഷോഭത്തിൽ ആക്രമിക്കപ്പെടുന്നുണ്ട്. ചോദ്യം ചെയ്യൽ ശക്തിപ്പെട്ടു വരികയാണ്. അതിന്റെ മുന്നിൽ ഇടതു വിദ്യാർഥി യുവജന സംഘടനകൾ വരുന്നു. എത്ര സംരക്ഷിക്കാൻ ശ്രമിച്ചാലും ബിജെപി സർക്കാരിന് ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ കഴിയില്ലെന്നും പിണറായി പറഞ്ഞു.
Kerala
ആലപ്പുഴ: കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേകടവ്-നേരെക്കടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നാടകീയ രംഗങ്ങൾ. കെ.സി. വേണുഗോപാൽ എംപിയുടെ പേര് പരാമർശിക്കാത്തതിനെച്ചൊല്ലി മന്ത്രി പി.കെ. ബഷീറും സദസും തമ്മിൽ തർക്കമുണ്ടായി. "കെ.സി ഇവിടെ ഇല്ലല്ലോ" എന്ന മന്ത്രിയുടെ മറുപടിയും, "താൻ ഏറനാടുകാരനാണ്, ശൗര്യം മനസിലാകും" എന്ന പ്രസ്താവനയും വേദിയിൽ ചെറിയ തോതിൽ ഉരസലിന് കാരണമായി.
ചടങ്ങിനിടയിൽ സിപിഎം നേതാവ് എ.എം. ആരിഫ് നടത്തിയ പരാമർശങ്ങൾക്കെതിരെയും സദസിൽ നിന്ന് പ്രതിഷേധവും കൂവലുമുയർന്നു. ഇതിനിടെ, വേദിയിൽ വെച്ച് തന്നെ അപമാനിച്ചുവെന്നും മൈക്ക് തട്ടിപ്പറിച്ച് വാങ്ങി എന്ന് ആരോപിച്ചും മുൻ വൈക്കം എംഎൽഎ സി.കെ. ആശ അതൃപ്തി പ്രകടിപ്പിച്ച് ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയി.
Kerala
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് അഴിമതിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വെള്ളിയാഴ്ച ഇഡിയ്ക്ക് മുൻപിൽ ഹാജരാകില്ല. സിപിഎം സംസ്ഥാന സമിതി യോഗവും നിയമസഭാ സമ്മേളനത്തിന്റെ തയാറെടുപ്പുകളും ചൂണ്ടിക്കാട്ടിയാണ് അസൗകര്യം അറിയിക്കുക.
സുപ്രീംകോടതിയിലെ ഹർജി പരിഗണിക്കുന്നത് വരെ ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാധ്യതയില്ല. അടുത്ത വെളളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇഡിയുടെ നിർദേശം.
ശനിയാഴ്ച പിണറായിയുടെ വസതിയിലെത്തിയ ഇഡി ഉദ്യോഗസ്ഥർ വീട്ടിൽ നോട്ടീസ് പതിച്ചിരുന്നു. 21ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇഡി കേസിനെ പ്രതിരോധിക്കുന്ന കാര്യം ചർച്ച ചെയ്യും.
Kerala
തിരുവനന്തപുരം: ബേക്കറികൾ വഴി 15% വീര്യമുള്ള ഹോർട്ടി വൈൻ വിൽപനയ്ക്ക് അനുമതി നൽകിയെന്ന വിവാദത്തിൽ എക്സൈസ് കമ്മീഷണറോട് റിപ്പോർട്ട് തേടി മന്ത്രി എം. ലിജു. മുൻ എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാറിന്റെ കാലത്താണ് ഈ ഉത്തരവിറക്കിയതെന്ന ആരോപണങ്ങൾ ഉയരുന്നതിനിടയിലാണ് സർക്കാരിന്റെ ഈ നടപടി.
ഹോർട്ടി വൈൻ വിൽപന സർക്കാരിന്റെ അറിവോടെയല്ലെന്ന പരാതികൾ ശക്തമായതിനെത്തുടർന്നാണ് എക്സൈസ് വകുപ്പ് വിഷയം ഗൗരവമായി പരിശോധിക്കുന്നത്. മുൻ എക്സൈസ് കമ്മീഷണറുടെ കാലത്ത് നടന്നുവെന്ന് പറയപ്പെടുന്ന ഈ തീരുമാനത്തിൽ സർക്കാരിന്റെയോ നയപരമായോ ഉള്ള അനുമതി ലഭിച്ചിരുന്നോയെന്നും, ഇതിന് പിന്നിലെ നടപടിക്രമങ്ങൾ എന്തൊക്കെയായിരുന്നുവെന്നും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കും.
15 ശതമാനം വീര്യമുള്ള പഴങ്ങളിൽനിന്ന് നിർമിക്കുന്ന വൈനാണ് വിൽപനയ്ക്കെത്തിയത്. ചാലക്കുടിയിലെ ഒരു ബേക്കറിക്കാണ് ആദ്യമായി വിൽപനാനുമതി ലഭിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഹോർട്ടി വൈൻ വിൽപനയ്ക്ക് അനുമതി നൽകിയിരുന്നത്. നിലവിൽ നാല് സ്ഥാപനങ്ങൾക്കാണ് ഹോർട്ടി വൈൻ നിർമിക്കാൻ അനുമതിയുള്ളത്. എന്നാൽ ഈ നടപടി മന്ത്രിയുടെ അറിവോടെയല്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഹോർട്ടി വൈൻ വിതരണം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് മന്ത്രി പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് നൽകിയ അപേക്ഷയിലാണ് വിൽപനക്ക് അനുമതി നൽകിയത്. തീരുമാനത്തിൽ സർക്കാരിന് ആശങ്കയുണ്ടെന്നും ലിജു കൂട്ടിച്ചേര്ത്തു. ഹോർട്ടി വൈൻ വിൽപനയ്ക്കായി10000 രൂപ വാർഷിക ഫീസ് നൽകി സ്ഥാപനങ്ങൾക്ക് ലൈസൻസ് എടുക്കാം. 20 ശതമാനമാണ് വിൽപനയിലൂടെ കമ്മീഷൻ ലഭിക്കുക.
National
ജമ്മു: ഔദ്യോഗിക ഓൺലൈൻ യോഗത്തിനിടെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വനിതാ കീഴുദ്യോഗസ്ഥയോട് മോശമായി പെരുമാറിയതിനെ തുടർന്ന് സർക്കാർ ജീവനക്കാർക്കായി പുതിയ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ച് ജമ്മു കാഷ്മീർ ഭരണകൂടം. ജോലിസ്ഥലങ്ങളിൽ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ളതോ അധിക്ഷേപകരമായതോ ആയ ഭാഷ ഉപയോഗിക്കുന്നത് കർശനമായി വിലക്കിയാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് പുതിയ സർക്കുലർ ഇറക്കിയത്.
ലേബർ ആൻഡ് എംപ്ലോയ്മെന്റ് സെക്രട്ടറിയായ കുമാർ രാജീവ് രഞ്ജൻ (ഐഎഎസ്) തന്റെ കീഴുദ്യോഗസ്ഥയായ ബിനീഷ് വാണി എന്ന ജെകെഎഎസ് ഉദ്യോഗസ്ഥയോട് ഓൺലൈൻ മീറ്റിംഗിൽ തട്ടിക്കയറുകയും അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. "ഞാനാണ് നിന്റെ ബോസ്" എന്ന് പറഞ്ഞ് ആക്രോശിച്ച ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
സംഭവത്തെ തുടർന്ന് കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ ജമ്മു കാഷ്മീർ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് 1971-ലെ ജമ്മു കാഷ്മീർ ഗവൺമെന്റ് എംപ്ലോയീസ് പെരുമാറ്റച്ചട്ടങ്ങൾ ഓർമിപ്പിച്ചുകൊണ്ട് സർക്കാർ സർക്കുലർ പുറത്തിറക്കിയത്. ഉദ്യോഗസ്ഥർ തങ്ങളുടെ പദവിയും മേലധികാരവും ഉത്തരവാദിത്തത്തോടും നിഷ്പക്ഷതയോടും കൂടി വിനിയോഗിക്കണമെന്നും, സഹപ്രവർത്തകരോടും കീഴുദ്യോഗസ്ഥരോടും മാന്യമായും ബഹുമാനത്തോടെയും പെരുമാറണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഉത്തരവുകൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി.
National
കോൽക്കത്ത: കോൽക്കത്തയിലെ ദുർഗാ പൂജ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സംഘാടകർ ഉൾപ്പെടെ ഏഴുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. സപ്തമി ദിനത്തിൽ പെയ്ത ശക്തമായ മഴയ്ക്കിടെ വൈകുന്നേരം 7:40-ഓടെയാണ് ദുരന്തമുണ്ടായത്. അപാകതകൾ വരുത്തിയതിന് സംഘാടക സമിതി സെക്രട്ടറി രാജ് കുമാർ സെവ്ദ, വൈസ് പ്രസിഡന്റ് ശാന്തനു ദുബെ എന്നിവരുൾപ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്.
ലാൗഡ് സ്പീക്കറിലൂടെയുള്ള അറിയിപ്പും സെക്യൂരിറ്റി ജീവനക്കാരുടെ വിസിലടിയും ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയും തിരക്കും ഉണ്ടാക്കിയതാണ് അപകടത്തിന് കാരണമായതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. സംഭവത്തെ തുടർന്ന് കോൽക്കത്തയിലെ പ്രമുഖ ദുർഗാ പൂജ പന്തലുകൾ താത്കാലികമായി അടച്ചിടാൻ ഭരണകൂടം നിർദേശം നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിപാടികൾ ഉൾപ്പെടെയുള്ള ഔദ്യോഗിക ചടങ്ങുകൾ മാറ്റിവെച്ചിട്ടുണ്ട്.
National
മുംബൈ: രാജ്യം വിടാനുള്ള നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഒസിഐ (ഓവർസീസ് ഇന്ത്യൻ) കാർഡുള്ള താൻ ഒരു 'സാധാരണ വിദേശി അല്ലെ'ന്നും വിശദീകരണം കേൾക്കാതെ ഇത്തരമൊരു ഉത്തരവിറക്കാൻ കഴിയില്ലെന്നുമാണ് ഇമ്രാൻ ഖാന്റെ വാദം.
ഒക്ടോബർ പത്തിന് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്തിന് സമീപം നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾ കാണാനുള്ള ജിജ്ഞാസ കൊണ്ടാണ് താൻ പോയതെന്നും, ഒരു തരത്തിലുള്ള രാഷ്ട്രീയ അക്രമങ്ങളിലും പങ്കാളിയായിട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
അമേരിക്കൻ പൗരത്വമുള്ള ഇമ്രാൻ ഖാൻ രണ്ട് വയസ് മുതൽ ഇന്ത്യയിലാണ് താമസിക്കുന്നത്. കേൾക്കാനുള്ള അവസരം പോലും നൽകാതെയാണ് ഒക്ടോബർ 28-നകം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. തുടർന്ന് സംഭവത്തിൽ പൊലിസ് രജിസ്റ്റർ ചെയ്ത എഫ്ഐആറും തനിക്കെതിരെയുള്ള നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നടൻ കോടതിയെ സമീപിച്ചിരിക്കുന്നത്.
International
സാൻഫ്രാൻസിസ്കോ: ഇന്ത്യയിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സർവീസുകൾ ആരംഭിക്കുന്നത് ചില വ്യവസായികൾ തടസപ്പെടുത്തുന്നതായി ശതകോടീശ്വരൻ ഇലോൺ മസ്ക്. തങ്ങളുടെ കുത്തക നിലനിർത്താൻ ചില കുത്തക മുതലാളിമാർ (ഒലിഗാർക്കുകൾ) ശ്രമിക്കുന്നുണ്ടെന്നും, ഇത് ഇന്ത്യൻ ജനങ്ങളോടുള്ള കുറ്റകൃത്യമാണെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ മസ്ക് ആരോപിച്ചു. പതിനായിരത്തിലധികം ഇന്ത്യൻ ഗ്രാമങ്ങളിൽ മൊബൈൽ കവറേജ് ഇല്ലാത്തത് സംബന്ധിച്ച ഒരു പോസ്റ്റിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയിലെ സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിച്ച് സർവീസുകൾ നൽകാൻ സ്റ്റാർലിങ്ക് പൂർണ സജ്ജമാണെന്ന് സ്പേസ് എക്സ് ഉദ്യോഗസ്ഥ ലാരൻ ഡ്രെയർ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് മസ്കിന്റെ പ്രസ്താവന. കേന്ദ്ര സർക്കാർ ലൈസൻസ് നൽകിയിട്ടുണ്ടെങ്കിലും, സർവീസുകൾ ആരംഭിക്കുന്നതിന് സ്പെക്ട്രവും സുരക്ഷാ അനുമതിയും കൂടി ലഭിക്കേണ്ടതുണ്ട്. നാല് വർഷത്തോളമായി ഇന്ത്യയിൽ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് മസ്ക് പങ്കുവെച്ച പഴയൊരു പോസ്റ്റിൽ പറയുന്നു.
International
പാരിസ്: ഫ്രാൻസിൽ അതിരൂക്ഷമായ വിലക്കയറ്റത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളിൽ വ്യാപകമായ കൊള്ളയും തീവെപ്പും ഉണ്ടായി. മാസ്ക് ധരിച്ചെത്തിയ പ്രക്ഷോഭകാരികൾ അതിക്രമിച്ചുകയറി തീയിട്ടതിനെത്തുടർന്ന്, 140 വർഷത്തിലേറെ പഴക്കമുള്ള ലിമോജ് നഗരസഭാ കാര്യാലയം (ടൗൺ ഹാൾ) പൂർണമായും കത്തിനശിച്ചു.
തലസ്ഥാനമായ പാരീസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ തെരുവുകൾ യുദ്ധഭൂമിയായി മാറി. മാസ്ക് ധരിച്ചെത്തിയ യുവാക്കളുടെ സംഘങ്ങൾ കടകൾ അടിച്ചുതകർക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. അക്രമണവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി 1,200 പേരെ അറസ്റ്റ് ചെയ്തതായും, 150-ലധികം പൊലിസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു അറിയിച്ചു.
പാരീസ്, മാഴ്സെ, നൈസ്, ബോർഡോ, ലിമോജ് തുടങ്ങി വിവിധ നഗരങ്ങളിൽ സൂപ്പർമാർക്കറ്റുകളും ആഡംബര ഷോപ്പുകളും കൊള്ളയടിക്കപ്പെട്ടു. ആറ് മാസിനു ശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്യത്ത് ഈ രാഷ്ട്രീയ അനിശ്ചിതത്വം.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള ഡൽഹിയിലെ മിന്നൽ സമരങ്ങൾ ഇന്നും തുടർന്നേക്കും. നവരാത്രി ആഘോഷങ്ങളിലേക്ക് കടന്നതിനാൽ ഇന്ന് ആരും സമരപ്രഖ്യാപനം നടത്തിയിട്ടില്ല. കർശനമായ വ്യവസ്ഥകളോടെ പുറത്തിറങ്ങിയ സിജെപി നേതാക്കൾ ഏത് തരത്തിലാകും ഇനി മുന്നോട്ടുപോകുക എന്നതാണ് പ്രധാനം.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയില് പ്രതിഷേധം വീണ്ടും ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. ഗ്യാനേഷ് കുമാര് രാജിവച്ച് മാപ്പ് സാക്ഷിയാകണമെന്ന് വോട്ട് ചോരിയുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകള് വിശദീകരിച്ച് പുറത്തിറക്കിയ പോഡ്കാസ്റ്റില് രാഹുല് ഗാന്ധി ആവര്ത്തിച്ചു.
International
ദുബായ്: ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽനിന്നു യാത്രാവിമാനം തലനാരിഴയ്ക്കു രക്ഷപ്പെട്ടു. യെമനിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏദൻ രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിലാണ് വിമാനത്തിന് സമീപം മിസൈൽ പതിച്ചത്.
ഈജിപ്ത് തലസ്ഥാനമായ കയ്റോയിലേക്കു പറക്കാനൊരുങ്ങിനിന്ന യെമനിയ എയർവേയ്സിന്റെ ഐവൈ 612 വിമാനത്തിൽനിന്ന് 500 മീറ്റർ അകലെയാണു മിസൈൽ പതിച്ചത്. പ്രധാന റൺവേയിൽനിന്നു 100 മീറ്റർ അകലെയാണിത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഹൂതികളുടെ ആക്രമണത്തിൽ സൗദി സഖ്യസേനയുടെ ആയുധപ്പുരയും തകർന്നു. റിയാദ് ലക്ഷ്യമിട്ടെത്തിയ ഹൂതികളുടെ നാല് ഡ്രോണുകൾ തകർത്തതായി സൗദി സഖ്യസേന അറിയിച്ചു. പ്രത്യാക്രമണത്തിൽ ഹൂതികളുടെ മിസൈൽ ലോഞ്ചറുകൾ തകർന്നു.
Kerala
കൊച്ചി: കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി (K-RERA) പോർട്ടൽ പണിമുടക്കിയത് റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ ഏജന്റ് രജിസ്ട്രേഷനുകളെയും പുതുക്കലുകളെയും പ്രതിസന്ധിയിലാക്കി. റെറ നിയമ പ്രകാരം രജിസ്ട്രേഷനുള്ള റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കും ബ്രോക്കർമാർക്കും മാത്രമാണ് ഭൂമി വിൽപനയുമായി ബന്ധപ്പെട്ട ധനകാര്യ ഇടപാടുകൾ നടത്താനാകുക.
ഏജന്റ് രജിസ്ട്രേഷൻ ആപ്ലിക്കേഷനുകൾക്ക് പോർട്ടൽ വഴി അപേക്ഷിക്കാനോ അനുമതി കിട്ടാനോ സാധ്യമാകാത്ത സ്ഥിതിയാണു നിലവിലുള്ളത്. രജിസ്ട്രേഷനിലെ പ്രശ്നങ്ങൾ കാരണം ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഭീമമായ നഷ്ടമാണ് ഓരോ ദിവസവും ഉണ്ടാകുന്നതെന്ന് നാഷണൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കൗൺസിൽ ചൂണ്ടിക്കാട്ടി.
പ്രശ്നപരിഹാരത്തിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കൗൺസിൽ പ്രസിഡന്റ് ബിനോയ് തോമസ്, ജനറൽ സെക്രട്ടറി കൃഷ്ണപ്രസാദ് എന്നിവർ ആവശ്യപ്പെട്ടു. തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് വിഷയത്തിൽ കത്ത് നൽകിയതായും അവർ അറിയിച്ചു.
Kerala
കൊച്ചി: വഖഫ് ബോര്ഡില് 2016 കാലഘട്ടത്തില് ഉയര്ന്ന അഴിമതി ആരോപണങ്ങളില് വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില് ഹര്ജി. അന്നത്തെ ബോര്ഡ് നിയമവിരുദ്ധ നിയമനങ്ങളും അധികാര ദുര്വിനിയോഗവും നടത്തുകയും വഖഫ് നിക്ഷേപങ്ങള് വകമാറ്റുകയും ചെയ്തുവെന്നാരോപിച്ചും കേസെടുക്കാന് രണ്ടുതവണ വിജിലന്സ് കോടതി ഉത്തരവിട്ടിട്ടും നടപടിയെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി തൃക്കാക്കര സ്വദേശി ടി.എം. അബ്ദുള് സലാമാണു ഹര്ജി നല്കിയിരിക്കുന്നത്.
ഇതേ ഹര്ജിക്കാരന് മുന്പ് നല്കിയ ഹര്ജിയിലാണു വിജിലന്സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. വര്ഷങ്ങള് കഴിഞ്ഞിട്ടും കേസെടുത്തിട്ടില്ല. ആരോപണവിധേയരില് ഒരാളായ എം.സി. മായിന് ഹാജിയെ വഖഫ് ബോര്ഡ് ചെയര്മാനാക്കാന് തീരുമാനിച്ച സാഹചര്യത്തിലാണ് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്താന് വിജിലന്സിനോടു നിര്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്ന് ഹര്ജിയില് പറയുന്നു.
Kerala
ശബരിമല: തുലാമാസ പൂജകള്ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നടതുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില് മേല്ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശന്, മന്ത്രി കെ. മുരളീധരന്, തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് കെ. ജയകുമാര്, സംസ്ഥാന പൊലിസ് മേധാവി റവാഡാ ചന്ദ്രശേഖര്, എംഎല്എമാരായ പഴകുളം മധു, സി.വി. ശാന്തകുമാര് എന്നിവര് ദര്ശനത്തിനായി സന്നിധാനത്തെത്തിയിരുന്നു.
രാവിലെ 7.30ന് ശബരിമല മേല്ശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. സന്നിധാനത്തെ നറുക്കെടുപ്പിനു ശേഷം മാളികപ്പുറം മേല്ശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് മാളികപ്പുറം ക്ഷേത്രത്തില് നടക്കും. പ്രാഥമിക മേല്ശാന്തി പട്ടികയില് സന്നിധാനത്തേക്ക് ഏഴു പേരും മാളികപ്പുറത്തേക്ക് അഞ്ചു പേരുമാണുള്ളത്. തുലാമാസ പൂജകള് പൂര്ത്തിയാക്കി 22ന് രാത്രി പത്തിന് നടയടക്കും.