അർജന്റീന- കേപ് വെർദെ മത്സരത്തിൽനിന്നുള്ള ദൃശ്യം
ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്കെതിരെ കേപ് വെർദെ താരം സിഡ്നി ലോപ്പസ് കബ്രാൾ നേടിയ വിസ്മയ ഗോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ പിറന്ന 308 ഗോളുകളിൽ നിന്ന് പൊതുജനങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിലൂടെയാണ് കബ്രാളിന്റെ ലോങ്ങ് റേഞ്ചർ ഷോട്ട് ഈ സവിശേഷ നേട്ടം സ്വന്തമാക്കിയത്.
റൗണ്ട് ഓഫ് 32 മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനയെ അടിമുടി വിറപ്പിച്ച ശേഷമാണ് വെറും അഞ്ച് ലക്ഷം മാത്രം ജനസംഖ്യയുള്ള ചെറിയ ദ്വീപ് രാഷ്ട്രമായ കേപ് വെർദെ ലോകകപ്പിൽ നിന്ന് മടങ്ങിയത്. ആവേശം നിറഞ്ഞ മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് മെസിപ്പട വിജയിച്ചുകയറിയതെങ്കിലും, കേപ് വെർദെയുടെ പോരാട്ടവീര്യം ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ഹൃദയം കീഴടക്കുകയായിരുന്നു.
മത്സരത്തിൽ ലയണൽ മെസിയിലൂടെ അർജന്റീന ലീഡെടുത്തപ്പോൾ, ഡെറോയ് ഡുവാർട്ടെയിലൂടെ കേപ് വെർദെ സമനില പിടിച്ചു. തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 92-ാം മിനിറ്റിൽ ലിസാൺഡ്രോ മാർട്ടിനെസ് അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ തോൽവി സമ്മതിക്കാൻ തയാറാകാതിരുന്ന കേപ് വെർദെ ആധികാരികമായ തിരിച്ചുവരവാണ് നടത്തിയത്.
103-ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ മുന്നേറിയ സിഡ്നി ലോപ്പസ് കബ്രാൾ ബോക്സിന്റെ മൂലയിൽ നിന്ന് തൊടുത്ത തകർപ്പൻ കർലിങ് ലോങ്ങ് റേഞ്ചർ ഷോട്ട് എതിരാളികളെ അമ്പരപ്പിച്ചു. കഴിഞ്ഞ ലോകകപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവ് എമിലിയാനോ മാർട്ടിനെസിന് യാതൊരു അവസരവും നൽകാതെ പന്ത് കൃത്യമായി വലയിലേക്ക് കയറിപ്പറ്റി.
ഗോൾ നേടിയ ഉടൻ ഗാലറിക്കടുത്തേക്ക് ഓടിച്ചെന്ന കബ്രാൾ, തന്റെ കുടുംബത്തെ കെട്ടിപ്പിടിച്ച് ആ സന്തോഷം പങ്കിട്ടത് ആരാധകരുടെ മനസ് നിറയ്ക്കുന്ന നിമിഷമായി മാറിയിരുന്നു. എങ്കിലും മത്സരത്തിൽ ഒരു സെൽഫ് ഗോളിലൂടെ അർജന്റീന വിജയം സ്വന്തമാക്കുകയായിരുന്നു.
Tags : Argentina' Fifa World Cup cabo verde Deepika DeepikaNewspaper NewsUpdate DailyNews NewsFlash